ഇതല്ലേ കളി
സെബി മാളിയേക്കൽ
Saturday, September 6, 2025 10:58 PM IST
തൃശൂർ ജില്ലയിലെ മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളിലും ഇതിനോടുചേർന്നുകിടക്കുന്ന എറണാകുളം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും മാത്രമുള്ള ജനകീയമായ കളിയാണ് ഓണംകളി. ഓണം മുതൽ ദീപാവലിവരെ ഈ പ്രദേശങ്ങളിൽ ഓണംകളി അരങ്ങേറും. അത്യുത്സാഹത്തോടെ ആയിരങ്ങൾ ഒഴുകിയെത്തും...
2024 ഒക്ടോബർ 27. സമയം ഉച്ചകഴിഞ്ഞ് രണ്ടര. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ കൊരട്ടി ജംഗ്ഷൻ കഴിഞ്ഞ് കോനൂർ വഴിയിലേക്കുതിരിഞ്ഞ വാഹനം ഇഴഞ്ഞിഴഞ്ഞുനീങ്ങാൻ തുടങ്ങി. റോഡ് തിങ്ങിനിറഞ്ഞ് ജനം ഒഴുകുകയാണണ്, സ്ത്രീപുരുഷ ഭേദമില്ലാതെ.
എല്ലാവരുടെയും ലക്ഷ്യം കോനൂർ പഞ്ചായത്ത് ഗ്രൗണ്ട്. അവിടെയാണ് കോനൂർ പൗരാവലിയുടെ അഖിലകേരള ഒാണംകളി മത്സരം. വേദിക്ക് ഏതാണ്ട് ഒരു കിലോമീറ്റർ മുന്‍പേതന്നെ ദ്രുതതാളത്തിലുള്ള ഗാനം കേട്ടുതുടങ്ങി: തകർക്കണം പട തടുക്കണം തലയെടുത്ത് പോരിനി തുടങ്ങണം കരുത്തരായവരെല്ലാവരുമിനി വീഴണം ഈ ഉദിച്ച സൂര്യനു മുന്നിൽ എല്ലാമൊടുങ്ങണം
"വിനോദേട്ടന്റെ സ്വരാണല്ലോ. നാദം നെല്ലായി ഇത്തവണ പൊരിക്കും' -നടക്കുന്ന കൂട്ടത്തിലൊരാൾ പറയുന്നു. ഗ്രൗണ്ടിൽ എത്തിയതോടെ പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീര വൈബ്. വന്പൻ പന്തൽ. മധ്യഭാഗത്തായി ഓണംകളി കസറുന്നു. ആയിരക്കണക്കിനാളുകൾ കസേരയിലിരുന്ന് കളി ആസ്വദിക്കുന്നു. അതിലിരട്ടിപ്പേർ നിൽക്കുന്നു. ഏതാണ്ട് പതിനയ്യായിരത്തോളം കാണികൾ.
പാട്ടും ചുവടും മുറുകുന്നതോടെ കാണികളിലും ആവേശം നിറയുകയാണ്. വരിവരിയായി നിരവധിപേർ പാട്ടുകാരന്റെ ഷർട്ടിൽ 20 മുതൽ 500 രൂപയുടെവരെയുള്ള നോട്ടുകൾ കുത്തുന്നു. കളിക്കാർക്കും കിട്ടുന്നുണ്ട് നോട്ടുകൾ.
20 മിനിറ്റിലധികംനീണ്ട കളിയുടെ അവസാനഭാഗമായപ്പോൾ പാട്ടും ഈണവും ദ്രുതതാളത്തിന്റെ പാരമ്യത്തിലെത്തി. അതിനനുസരിച്ച് ചുവടുകളുടെ വേഗവും കൂടി. കാണികളുടെ ആവേശവും കരഘോഷവും അണപൊട്ടുന്നു. പെരുമഴ പെയ്തൊഴിയുംപോലെ ആ ഗാനം തീർന്നതോടെ കാണികളിൽ പലരും വിനോദിനെയും ചില കളിക്കാരെയും വാരിപ്പുണർന്നു.
ചിലർ തലയിൽ റിബണ്‍ ബലൂണുകൾ കൊണ്ടുള്ള കിരീടം ധരിപ്പിക്കുന്നു, നോട്ടുമാല അണിയിക്കുന്നു, ആകപ്പാടെ ആഹ്ലാദം അലതല്ലുന്ന നിമിഷം. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ തുടങ്ങി ദൂരദേശങ്ങളിൽനിന്നു കളികാണാനെത്തിയ പല ഗ്രൂപ്പുകളെയും അവിടെ കണ്ടു. ഇതാണ് ഓണംകളിയുടെ നേർച്ചിത്രം.
ഓണംകളി
തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളിലും ഇതിനോടുചേർന്നു കിടക്കുന്ന എറണാകുളം ജില്ലയുടെ അതിർത്തിഗ്രാമങ്ങളിലും മാത്രമുള്ള ഏതാണ്ട് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ജനകീയമായ കളിയാണ് ഓണംകളി. ഓണം മുതൽ ദീപാവലിവരെ നീണ്ടുനിൽക്കുന്ന ഓണംകളിയും മത്സരവും കാണാൻ നാട്ടിൻപുറങ്ങളിൽനിന്നെല്ലാം ജനം ഒഴുകിയെത്തും.
പാട്ടും ചുവടും തന്നെയാണ് ഓണംകളിയുടെ ജീവനാഡി. ഒരു സംഗീതോപകരണത്തിന്റെയും അകന്പടിയില്ല. പാട്ടിന്റെയും ചുവടുകളുടെയും ആരോഹണ അവരോഹണങ്ങൾക്കൊപ്പം കാണികൾ സഞ്ചരിക്കും; ആവേശക്കൊടുമുടിയിലെത്തും.
പ്രാരംഭകാലങ്ങളിൽ തിരുവോണനാളിലെ സദ്യ കഴിഞ്ഞശേഷം വീട്ടുകാരും ബന്ധുമിത്രാദികളുമെല്ലാം മുറ്റത്ത് വിളക്കുതെളിച്ച് അതിനുചുറ്റും രാമായണ കഥകൾ പാടി കളിച്ചിരുന്ന കളിയാണ് കാലാന്തരത്തിൽ ഇന്നത്തെ രൂപത്തിലേക്കെത്തിയത്.
ആദ്യം 10-12 പേർ ഒരൊറ്റ വട്ടത്തിൽ കളിച്ചിരുന്ന ഈ കളി പിന്നീട് 20-25 അംഗങ്ങളുടെ കളിയായി. ഇന്ന് ഒരേ നിറത്തിലുള്ള ഷർട്ടും നിറപ്പകിട്ടുള്ള കൈലിമുണ്ടും ധരിച്ച് 60 പുരുഷന്മാർവരെയാണ് ഓരോ ടീമിലും കളിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നു വട്ടങ്ങളിലായാണ് കളിക്കാർ അണിനിരക്കുക. വിവിധ ജോലികൾ ചെയ്യുന്ന കളിക്കാർ ഓണത്തിനു രണ്ടുമൂന്നുമാസംമുന്പ് വൈകുന്നേരങ്ങളിൽ ഒരുമിച്ചുകൂടിയാണ് പരിശീലനം നടത്തുന്നത്.
തരളിയും ട്യൂണ്‍ ഗാനങ്ങളും
രണ്ടുതരം പാട്ടുകളാണ് ഓണംകളിക്കുള്ളത്. പരന്പരാഗത ശൈലിയിലുള്ള തരളിപ്പാട്ടും മറ്റൊന്ന് ട്യൂണ്‍ പാട്ടും. തരളിപ്പാട്ടിലുള്ള ഒരു കളിതീരാൻ അരമണിക്കൂറിലേറെ എടുക്കുന്പോൾ ട്യൂണ്‍ പാട്ടിലെ കളി 20 മിനിറ്റുകൊണ്ട് തീരും.
തരളിപ്പാട്ടിന്റെ പരന്പരാഗത സംഗീതത്തിനനുസരിച്ച് പുതിയ വരികൾ ഒരുക്കുന്പോൾ ട്യൂൺ പാട്ടിൽ കഥയ്ക്കനുസരിച്ച് വരികൾ എഴുതുകയും അവയ്ക്കനുസരിച്ചുള്ള സംഗീതം ഒരുക്കുകയുമാണു ചെയ്യുന്നത്. രാമായണ മഹാഭാരത കഥകളും കേരളത്തിലെ പഴയകാല കവിതകളും കഥകളും നാടൻ കഥാസന്ദർഭങ്ങളുമാണ് പാട്ടിന്റെ ഇതിവൃത്തമായി എടുക്കുന്നത്. തരളിപ്പാട്ടുകളിൽ ഭൂരിഭാഗവും രാമ-രാവണപക്ഷം പിടിച്ചുള്ള പോരുവിളികളാണ്.
ഓണംകളിപ്പാട്ടിലെ ഗന്ധർവൻ
ഓണംകളിപ്പാട്ടിലെ ഗന്ധർവനായി അറിയപ്പെടുന്നത് തുടക്കത്തിൽ പറഞ്ഞ, നാദം നെല്ലായിക്കുവേണ്ടി പാടുന്ന വിനോദ് നെല്ലായിയാണ്. കനമുള്ള ശബ്ദം, ഉച്ചാരണശുദ്ധി, ശ്രുതി, ഉയർന്ന സ്ഥായിയിൽ അനായാസം പാടാനുള്ള കഴിവ് എന്നിവ വിനോദിനെ അനന്യനാക്കുന്നു.
പകരം വയ്ക്കാനില്ലാത്ത പാട്ടുകാരൻ എന്നാണ് ഓണംകളി ആശാൻ വിൽസണ്‍ നായരങ്ങാടി ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. വിനോദിന്റെ രണ്ടോ മൂന്നോ പാട്ടുകഴിയുന്പോഴേക്കും ഷർട്ട് നിറയെ നോട്ടുകൾ സ്ഥാനംപിടിക്കും. ഒരുവേദിയിൽ മൂന്നു പാട്ടുകൾ കഴിഞ്ഞ് നോട്ട് എണ്ണി നോക്കിയപ്പോൾ 7,000 രൂപ! പാടുന്ന ഒട്ടുമിക്ക പാട്ടുകൾക്കും ഈണമൊരുക്കുന്നത് വിനോദ് സ്വയമാണ്.
സുകേഷ് മോഹൻ പൂപ്പത്തി എഴുതിയ "കണ്ണിൽചേർന്ന് കാർമുകിലോരം' "കല്യാണം കളിത്തോഴിവന്ന്', അനി ഇരിങ്ങാലക്കുടയുടെ "തകർക്കണം പട തടുക്കണം' എന്നിവയാണ് വിനോദിന്റെ പുതിയ പാട്ടുകൾ. അകാലത്തിൽ പൊലിഞ്ഞ പ്രദീപ് ഇരിങ്ങാലക്കുട എഴുതിയ "പട പൊരുതണം, കടലിളകണം', "പേറ്റു നോവിൻ മാത്രകളിൽ' എന്നീ പാട്ടുകളാണു വിനോദിന്റെ എവർഗ്രീൻ ഹിറ്റുകൾ.
വിനോദിന്റെ ജ്യേഷ്ഠൻ വിനയനും വിനയന്റെ മകൻ വിവേകും ഈ രംഗത്ത് ശ്രദ്ധേയരാണ്. രചനയും സംഗീതവും ആലാപനവും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന ഇരിങ്ങാലക്കുടക്കാരനായ മുരളിയാശാനാണ് ഈ രംഗത്ത് ഇപ്പോഴത്തെ കാരണവർ.
രാഘവനാശാൻ, ഭാസ്ക്കരനാശാൻ, ടി.സി. പുരുഷോത്തമൻ, രാജൻ എടതിരിഞ്ഞി, നായരങ്ങാടി മോഹനൻ തുടങ്ങിയവരായിരുന്നു ആദ്യകാല പാട്ടെഴുത്തുകാർ. ബിജു പുലിപ്പാറക്കുന്ന്, സജീഷ് നടവരന്പ്, വിനോജ് നടന, പി.പി. മോഹനൻ നായരങ്ങാടി, മനു യുവധാര, പ്രസന്നൻ പൂപ്പത്തി, സുമൻ ഇരിങ്ങാലക്കുട എന്നിവരാണു ഗായകരിൽ ശ്രദ്ധേയർ.
ചുവടുകളും പ്രധാനം
പാട്ടിനൊപ്പം ചവിട്ടിക്കളിക്കുന്ന കലാരൂപമായതിനാൽ ചുവടുകൾക്ക് ഓണംകളിയിൽ വളരെ പ്രാധാന്യമുണ്ട്. ചെന്പട, മുക്കണ്ണൻ, രൂപകം, തെന്നാളം എന്നിങ്ങനെ നാലുതരം ചുവടുകളാണുള്ളത്. ഇതിൽ ചെന്പടയും മുക്കണ്ണനും 56 ചുവടുവീതം ഉണ്ട്. ഇതിലൊന്നിൽവേണം കളി തുടങ്ങാൻ. രൂപകത്തിൽ പാട്ടിന്റെ താളത്തിനൊത്ത് പുതിയ ചുവടുകൾ ഉണ്ടാക്കാം.
കുന്പിട്ടും ഇടതു വലതുതിരിഞ്ഞും വായുവിൽ ഉയർന്നും കുമ്മിയടിച്ചുമെല്ലാം കളി കൊഴുപ്പിക്കും. പുത്തൻ പാട്ടുകൾ അനുസരിച്ച് തനിമയാർന്ന ചുവടുകൾ ചിട്ടപ്പെടുത്തുന്നതിൽ അഗ്രഗണ്യൻ 50 വർഷമായി ഓണംകളിക്കാരനായ വിൽസൻ നായരങ്ങാടിയാണ്.
ക്രൈസ്തവ സമുദായത്തിൽനിന്ന് ആദ്യമായി ഒരാൾ ഓണംകളിയാശാൻ ആവുന്നതും ഇദ്ദേഹമാണ്. ഇതിനുമുന്‍പ് ഇട്ടീര എന്നൊരാൾ മാത്രമാണ് ഒാണംകളി കളിച്ചതായി ഇന്നുജീവിച്ചിരിക്കുന്ന ആശാന്മാർക്ക് അറിവുള്ളൂ.
പുത്തൻ ചുവടുകളുമായി വിൽസൻ ആശാൻ
നായരങ്ങാടി പാലയ്ക്കൽ അന്തോണിയുടെയും മറിയത്തിന്റെയും നാലുമക്കളിൽ മൂന്നാമനായ വിൽസൻ എങ്ങനെ ഓണംകളിക്കാരനായെന്ന് അദ്ദേഹംതന്നെ പറയട്ടെ: ""പത്തു വയസുള്ളപ്പോഴാണ് ഞാൻ ആദ്യമായി കളി തുടങ്ങുന്നത്. അഞ്ചാറു വയസുമുതൽ വീടിനടുത്ത് അപ്പുക്കുട്ടി ആശാന്റെ നേതൃത്വത്തിലുള്ള ഓണംകളി പരിശീലനം കാണാൻ പോകാറുണ്ട്.
അങ്ങനെ ഈ കളിയോടു വല്ലാത്തൊരാവേശമായി. അവർ കളിക്കുന്ന ചുവടുകളെല്ലാം വീട്ടിൽവന്നുകാണിക്കുന്നത് അപ്പനും അമ്മയ്ക്കും വലിയ ഇഷ്ടമായിരുന്നു. അപ്പന് അന്ന് നായരങ്ങാടി സെന്ററിൽ ഒരു ചായക്കടയുണ്ട്. അവിടെയാണ് ആശാനും മറ്റുള്ള കളിക്കാരുമെല്ലാം ചായ കുടിക്കാൻവരിക.
അപ്പോൾ അപ്പനാണ് ആശാനോട് എന്നെ കളിയിൽചേർക്കാൻ പറഞ്ഞത്. അന്നൊക്കെ 20 പേരായാൽ ഗംഭീര ടീമായി. അങ്ങനെ പത്താം വയസിൽ അപ്പുക്കുട്ടി ആശാന്റെ ശിഷ്യനായി നായരങ്ങാടി കൈരളി കലാഭവനിൽ കളിതുടങ്ങി. ഇപ്പോൾ 50 വർഷം കഴിഞ്ഞു.
പിന്നെ യുവധാര കോൾക്കുന്ന്, വൈഎസ്കെ കാവനാട്, രചന പോങ്കോത്ര, ട്യൂണ്‍സ് ഇരിങ്ങാലക്കുട, ഉഷസ് പുലിപ്പാറക്കുന്ന്, നാദം നെല്ലായി എന്നിങ്ങനെ ടീമുകളിൽ കളിച്ചു. അതിനിടെ 30 വർഷത്തോളമായി ആശാനുമായി. ഇന്നിപ്പൊ ആയിരത്തിലധികം ശിഷ്യന്മാർ ഉണ്ട്. ഇപ്പോൾ നാലഞ്ചു വർഷമായി സ്ത്രീകളുടെ ടീം തുടങ്ങിയപ്പോൾ മോതിരക്കണ്ണി ഉദയകേരള ടീമിനെ പരിശീലിപ്പിക്കുന്നു. ഒപ്പം പല മത്സരങ്ങളിലും ജഡ്ജായും പോകുന്നുണ്ട്.
തുടക്കത്തിലൊന്നും മത്സരമില്ലായിരുന്നു. 86-87 കാലഘട്ടത്തിലാണ് ആദ്യമായി കുറ്റിച്ചിറ സ്കൂൾ ഗ്രൗണ്ടിൽ ഒരു മത്സരം നടക്കുന്നത്. അന്ന് എന്റെ ടീമായിരുന്നു വിജയികൾ. മത്സരം വന്നതോടെ ടീമുകൾ തമ്മിൽ വീറും വാശിയുമായി. തരളിക്കൊപ്പം പുതിയ ട്യൂണ്‍ പാട്ടുകളും വന്നു. പാട്ടുകേൾക്കുന്പോഴേ പുതിയ ചുവടുകൾ മനസിൽ വരും.
അതനുസരിച്ച് ചിട്ടപ്പെടുത്തും. പരിശീലിപ്പിക്കും. നാട്യം ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല, ദൈവം തോന്നിപ്പിക്കും. അതങ്ങ് പരീക്ഷിക്കും. പിന്നെയിതു രക്തത്തിൽ അലിഞ്ഞു. മരണംവരെ പരിശീലിപ്പിക്കണമെന്നാണു മോഹം.''
മത്സരവും സ്ത്രീകളുടെ ടീമും
40 വർഷം മുൻപ് കുറ്റിച്ചിറയിൽ ആരംഭിച്ച മത്സരക്കളി ഇന്ന് ഈ പ്രദേശങ്ങളിൽ വ്യാപകമാണ്. രണ്ടോ മൂന്നോ ടീമാണ് മത്സരത്തിന് ഉണ്ടാവുക. രണ്ടു ടീമുകളുള്ള ഇടങ്ങളിൽ എട്ടോ ഒന്‍പതോ പാട്ടുവീതവും മൂന്നു ടീമുള്ള ഇടങ്ങളിൽ ആറോ ഏഴോ പാട്ടുവീതവും ആണ് കളിക്കുണ്ടാവുക.
ഇതി ൽത്തന്നെ മൂന്ന് തരളി. ബാക്കി ട്യൂൺ എന്നു നിഷ്കർഷി ച്ചിട്ടുണ്ടാകും. മികച്ച പാട്ടുകാരൻ, കളിക്കാരൻ, ഭാവി വാഗ്ദാനം എന്നിവർക്കും സമ്മാനമുണ്ട്. ചുവട്, പാട്ട്, അവതരണം, അച്ചടക്കം എന്നിങ്ങനെയാണ് ഓരോപാട്ടിന്റെ കളിക്കും മാർക്കിടുക. കോടാലി ചന്ദ്രൻ, അന്നനാട് അയ്യപ്പൻ, കനകമല നാരായണൻ, മുരിയാട് ബാലൻ തുടങ്ങിയ പഴയകാല അശാന്മാരാണ് ഇപ്പോഴുള്ള വിധികർത്താക്കളിൽ മറ്റു പ്രമുഖർ.
നാദം ആർട്സ് നെല്ലായി, യുവധാര കോൾക്കുന്ന്, ബ്രദേഴ്സ് കലാഭവൻ പൂപ്പത്തി, നടനകലാവേദി കാട്ടൂർ, നിസരി കലാഭവൻ നടവരന്പ്, തരംഗം കലാവേദി മറ്റത്തൂർ, ട്യൂണ്‍സ് ഇരിങ്ങാലക്കുട എന്നിവയാണ് പുരുഷന്മാരിലെ പ്രഗത്ഭ ടീമുകൾ.
അഞ്ചാറു വർഷമായി സ്ത്രീകളുടെ ടീം ആരംഭിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും പ്രദർശനക്കളിയാണ്. ഈ ടീമുകളിൽ ഇപ്പോൾ 20 -30 അംഗങ്ങളാണ് ഉള്ളത്. മൈഥിലി കുറ്റിച്ചിറ, ഉദയകേരള മോതിരക്കണ്ണി, വൈദേഹി കുറ്റിച്ചിറ, മിഥില അതിരപ്പിള്ളി, കാവിലമ്മ പൂലാനി, സംഗമേശ്വര ഇരിങ്ങാലക്കുട, ശ്രീഭദ്ര മതിലകം തുടങ്ങിയവയാണ് സ്ത്രീകളുടെ പ്രശസ്ത ടീമുകൾ.
കോനൂർ ഓണംകളിയുടെ ലോഡ്സ്
ക്രിക്കറ്റിന് ലോഡ്സ് ഗ്രൗണ്ടുപോലെ പ്രധാനമാണ് ഓണംകളിക്ക് കോനൂർ പഞ്ചായത്ത് ഗ്രൗണ്ട്. കഴിഞ്ഞ 15 വർഷമായി കേരളത്തിലെ ഏറ്റവും വലിയ ഓണംകളി മത്സരം നടക്കുന്നത് ഇവിടെയാണ്. കഴിഞ്ഞതവണ നാദം ആർട്സ് ആയിരുന്നു ജേതാക്കൾ. ഇത്തവണ സെപ്റ്റംബർ 28നാണ് ഇവിടെ ഓണംകളി മത്സരം.
"ഭാരിച്ച ചെലവു വരുന്നതാണ് ഈ ഓണംകളി മത്സരം. ഓരോ ടീമിനും 60,000 രൂപയെങ്കിലും നൽകണം. പിന്നെ 20000 വാട്സ് സൗണ്ട് സിസ്റ്റം, വലിയ പന്തൽ, കളിക്കാർക്ക് ഭക്ഷണം, കസേര, ലൈറ്റ് എന്നിങ്ങനെ കുറഞ്ഞത് ആറുലക്ഷം രൂപ ചെലവുവരും. ഇതെല്ലാം കണ്ടെത്തുന്നത് നാട്ടുകാരിൽനിന്നും സ്പോണ്സർമാരിൽനിന്നുമാണ്.
സർക്കാർ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയോ സാംസ്കാരിക - ടൂറിസം വകുപ്പ് സഹായം നൽകിയോ ഓണംകളിയെ പ്രോത്സാഹിപ്പിക്കണം. കൂടാതെ കളിക്കാർക്ക് ഫോക്ലോർ പെൻഷൻ ഏർപ്പെടുത്തണം'- ആഘോഷക്കമ്മിറ്റി ചെയർമാനും കൊരട്ടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ നും മുൻ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ.ആർ. സുമേഷ് പറയുന്നു.
നേരേ പടിഞ്ഞാറ് സൂര്യനും ചെണ്ടുമല്ലികപ്പൂവും
അകാലത്തിൽ പൊലിഞ്ഞ പ്രദീപ് ഇരിങ്ങാലക്കുടയുടെ പാട്ടുകളാണ് ഓണംകളി പാട്ടുകളിൽ ഏറ്റവും ഹിറ്റുകൾ. ഇതിൽ ഭൂരിഭാഗവും സംഗീതവും ആലാപനവും വിനോദ് നെല്ലായിയാണ്. "ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലേ്ല കരളേ' എന്ന പ്രശസ്തഗാനം പ്രദീപിന്റെ രചനയിൽ വിനോദ് സംഗീതം ചെയ്ത് ബിജു പുലിപ്പാറക്കുന്ന് ആലപിച്ചിരിക്കുന്നതാണ്.
"നേരേ പടിഞ്ഞാറ് സൂര്യൻ താനേ മറയുന്ന സൂര്യൻ' എന്ന പ്രദീപ് ഇരിങ്ങാലക്കുട എഴുതി വിനോദ് സംഗീതം ചെയ്ത് കലാഭവൻ മണി ആലപിച്ച ഗാനം മണിയുടെ വേർപാടോടെ സോഷ്യൽ മീഡിയയിൽ വൈറലായി.
നിരവധി ചിന്തുപാട്ടുകൾക്കും വിനോദ് നെല്ലായി എന്ന പെയിന്റിംഗ് - പോളീഷിംഗ് തൊഴിലാളിയാണ് സംഗീതസംവിധായകൻ.