ചലഞ്ച് മാത്യു
ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ​ല്ലാം ശാ​സ്ത്ര​ജ്ഞ​രോ എ​ൻ​ജി​നിയ​റോ ആ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. ആ​ശ​യ​വും പ്രാ​യോ​ഗി​ക​ത​യും മ​ന​സി​ലു​ണ്ടാ​യാ​ൽ മ​തി പ്ര​തി​ഭാ​ശാ​ലി​ക​ൾ​ക്ക് അ​പാ​ര​മാ​യ സാ​ധ്യ​ത​ക​ളെ സ​മ്മാ​നി​ക്കാ​ൻ. ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്ക് 30 പേ​റ്റ​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ പാ​ലാ മൂ​ഴു​ർ​പ​ള്ളി മാ​ട​പ്പ​ള്ളി​മ​റ്റം സ​ഖ​റി​യാ​സ് മാ​ത്യു ആ​റാം ക്ലാ​സ് വ​രെ​യേ പ​ഠി​ച്ചി​ട്ടു​ള്ളു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​പ്പ​ട്ടി​ക അ​റി​യു​ന്പോ​ൾ ആ​ർ​ക്കും തോ​ന്നും അ​ഭി​മാ​നം.

എ​ന്തും വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ത്ത് പ്രാ​യോ​ഗി​ക ബു​ദ്ധി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ സ​ഖ​റി​യാ​സ് മാ​ത്യു വി​ക​സി​പ്പി​ച്ച സം​വി​ധാ​ന​ങ്ങ​ളി​ൽ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ലെ മ​ട​ക്കി വ​യ്ക്കാ​വു​ന്ന ഉ​രു​ക്കു​പാ​ല​വും തെ​ങ്ങി​ൽ ക​യ​റി തേ​ങ്ങ​യി​ടു​ന്ന യ​ന്ത്ര​വും മ​ദം​പൊ​ട്ടി​യ ആ​ന​യെ റി​മോ​ട്ടി​ലൂ​ടെ നി​യ​ന്ത്രി​ക്കാ​വു​ന്ന ആ​ന​പ്പൂ​ട്ടും, റ​ബ​ർ ടാ​പ്പിം​ഗി​നു​ള്ള യ​ന്ത്ര​വും ഒ​ക്കെ ഉ​ൾ​പ്പെ​ടു​ന്നു. ആ​വ​ശ്യ​വും സാ​ഹ​ച​ര്യ​വും അ​നു​സ​രി​ച്ച് ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കാ​യി മും​ബൈ​യി​ൽ മൂ​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി​ക​ൾ ന​ട​ത്തു​ക​യാ​ണ് സ​ഖ​റി​യാ​സ് മാ​ത്യു.

സ്വിച്ചിട്ടാൽ പാലം മടങ്ങും

തി​രു​പ്പ​തി ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ൽ നി​ർ​മി​ച്ചു​ന​ൽ​കി​യ മ​ട​ക്കു​പാ​ലം ഒ​രു വി​സ്മ​യം ത​ന്നെ. ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള പാ​ത​യി​ലെ തി​ര​ക്ക് തീ​ർ​ഥാ​ട​ക​ർ​ക്കു ദു​രി​ത​മാ​കാ​തി​രി​ക്കാ​ൻ ഒ​രു മ​ട​ക്കു​പാ​ലം രൂ​പ​ക​ൽ​പ​ന ചെ​യ്തു. ആ​ഘോ​ഷ​വേ​ള​ക​ളി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യെ​യും റോ​ഡി​നു മ​റു​ഭാ​ഗ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യെ​യും ബ​ന്ധി​ച്ച് എ​ല്ലാ വ​ർ​ഷ​വും താ​ൽ​ക്കാ​ലി​ക പാ​ലം പ​ണി​യാ​റു​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്രം ചു​റ്റി​യു​ള്ള ര​ഥ​യാ​ത്ര​യ്ക്കാ​യി അ​പ്പോ​ഴെ​ല്ലാം പാ​ലം അ​ഴി​ച്ചു​പ​ണി​യ​ണം. ഇ​ത്ത​ര​ത്തി​ൽ പാ​ലം പൊ​ളി​ക്കാ​നും പു​നഃ​സ്ഥാ​പി​ക്കാ​നും ദി​വ​സ​ങ്ങ​ളു​ടെ അ​ധ്വാ​നം വേ​ണ്ടി​യി​രു​ന്നു.

പ​രി​ഹാ​രം​തേ​ടി ക്ഷേ​ത്രം അ​ധി​കാ​രി​ക​ൾ സ​ക്ക​റി​യാ​സ് മാ​ത്യു​വി​നെ വി​ളി​ച്ചു​വ​രു​ത്തി. മ​ട​ക്കു​പാ​ലം എ​ന്ന ഒ​രു ആ​ശ​യം ഇ​ദ്ദേ​ഹം മു​ന്നോ​ട്ടു​വ​ച്ചു. പ​ത്ത​ര മീ​റ്റ​ർ നീ​ള​വും ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​മു​ള്ള മ​ട​ക്കു​പാ​ലം. ഒ​രു സ്വി​ച്ചി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ന്ന പാ​ലം മൂ​ന്നു മി​നി​റ്റി​ന​കം മ​ട​ങ്ങി ക്ഷേ​ത്ര​ത്തി​നു മ​റു​ഭാ​ഗ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ സ​മീ​പ​ത്തു​ള്ള മു​റി​യി​ലേ​ക്കു ചു​രു​ങ്ങും. പാ​ല​ത്തി​ന് 40 ല​ക്ഷം രൂ​പ​യേ ചെ​ല​വു​ണ്ടാ​യു​ള്ളു.

റ​ബ​ർ ടാ​പ്പിം​ഗി​ന് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​തെ തോ​ട്ട​ങ്ങ​ൾ വെ​റു​തെ കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത​യി​ടെ​യാ​ണ് ര​ണ്ടു കി​ലോ തൂ​ക്കം വ​രു​ന്ന റ​ബ​ർ ടാ​പ്പിം​ഗ് യ​ന്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഇ​ൻ​ബി​ൽ​റ്റ് സെ​ൻ​സ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു മി​ല്ലീ​മീ​റ്റ​ർ മു​ത​ൽ മൂ​ന്നു മി​ല്ലി​മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ൽ പ​ട്ട​യി​ലെ തൊ​ലി ചെ​ത്താ​വു​ന്ന യ​ന്ത്രം. ടാ​പ്പിം​ഗ്കാ​ലം 15 വ​ർ​ഷം വ​രെ അ​ധി​ക​മാ​ക്കാം. പ​ട്ട​യോ​ടു ചേ​ർ​ത്ത് യ​ന്ത്രം പി​ടി​ച്ചു​കൊ​ടു​ത്താ​ൽ മ​തി​യാ​കും. മ​ണി​ക്കൂ​റി​ൽ 300 മ​ര​ങ്ങ​ൾ ടാ​പ്പിം​ഗ് ന​ട​ത്താം. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മൊ​ക്കെ ഈ​സി​യാ​യി ടാ​പ്പിം​ഗ് ന​ട​ത്താം. വൈ​കാ​തെ സ്വ​ന്തം പേ​റ്റ​ന്‍റി​ൽ ഇ​ത് വി​പ​ണി​യി​ലെ​ത്തും.

ആനയെ പൂട്ടാൻ റിമോട്ട്

കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ മ​ദ​മി​ള​കി​യ ആ​ന മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ദാ​രു​ണ സം​ഭ​വ​മാ​ണ് റി​മോ​ട്ട് സം​വി​ധാ​ന​മു​ള്ള ആ​ന​പ്പൂ​ട്ട് എ​ന്ന സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ആ​ന അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന​താ​യി തോ​ന്നി​യാ​ൽ പാ​പ്പാ​ന് റി​മോ​ട്ട് ക​ണ്‍​ട്രോ​ളി​ലൂ​ടെ ആ​ന​യെ നി​യ​ന്ത്രി​ക്കാം. ആ​ന​യു​ടെ പി​ൻ​കാ​ലു​ക​ളി​ൽ ഘ​ടി​പ്പി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ സം​വി​ധാ​നം. ആ​ന മു​ന്നോ​ട്ടാ​ഞ്ഞാ​ൽ കാ​ലു​ക​ളി​ലെ പൂ​ട്ടു​ക​ളും കാ​ലി​ലെ നൈ​ലോ​ണ്‍ ബെ​ൽ​റ്റും മു​റു​കും. നൈ​ലോ​ണ്‍ ബെ​ൽ​റ്റ് സ്ഥി​ര​മാ​യി ആ​ന​യു​ടെ കാ​ലി​ൽ കി​ട​ന്നാ​ൽ സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​കി​ല്ല. 75 മീ​റ്റ​ർ ദൂ​ര​ത്തു​നി​ന്ന് റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് ബെ​ൽ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണി​ത്.

ക​രി​ന്പി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു പ​രി​ശോ​ധി​ച്ചാ​ണ് പ​ഞ്ച​സാ​ര ഫാ​ക്ട​റി​ക​ൾ വി​ല ന​ൽ​കു​ന്ന​ത്. ഒ​രു ലോ​ഡ് ക​രി​ന്പ് ഫാ​ക്ട​റി​യി​ലെ​ത്തി​യാ​ൽ കൃ​ത്യ​മാ​യി പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ക​ണ്ടു​പി​ടി​ക്കു​ക ഏ​റെ ദു​ഷ്ക​മാ​യി​രു​ന്നു. മോ​ശം ക​രി​ന്പു ന​ൽ​കി ക​ർ​ഷ​ക​ർ ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി മി​ല്ലു​കാ​രും ന​ല്ല ക​രി​ന്പ് എ​ത്തി​ച്ചാ​ലും ന്യാ​യ​വി​ല ഫാ​ക്ട​റി​ക്കാ​ർ ന​ൽ​കു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​രും പ​രാ​തി ഉ​യ​ർ​ത്തു​ന്പോ​ഴാ​ണ് ഇ​ന്ത്യ​യി​ലെ മി​ല്ലു​കാ​ർ​ക്ക് സ​ഖ​റി​യാ​സ് മാ​ത്യു പ​രി​ഹാ​ര​മു​ണ്ടാ​ക്കി​ക്കൊ​ടു​ത്തത്. ചെ​റി​യ ലി​ഫ്റ്റു​പോ​ലെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ഒ​രു ഡ്രി​ല്ല​ർ.

ലോ​ഡു​മാ​യി ഫാ​ക്ട​റി​യി​ൽ എ​ത്തേ​ണ്ട താ​മ​സം. ക​രി​ന്പു​കെ​ട്ടു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഡ്രി​ല്ല​റു​ക​ൾ താ​ഴ്ന്നി​റ​ങ്ങി സാ​ന്പി​ൾ വ​ലി​ച്ചെ​ടു​ക്കും. സാ​ന്പി​ളു​ക​ൾ ഫാ​ക്ട​റി​യി​ലെ ല​ബോ​റ​ട്ട​റി​യി​ലെ​ത്തിച്ച് അ​പ്പോ​ൾ​ത​ന്നെ പ​രി​ശോ​ധ​ന. മ​ധു​ര​ത്തി​ന്‍റെ ശ​രാ​ശ​രി അ​ള​വ് കൃ​ത്യ​മാ​യി യ​ന്ത്രം കു​റി​ച്ചു​ന​ൽ​കു​ന്ന​തോ​ടെ ക​രി​ന്പി​ന്‍റെ നി​ല​വാ​ര​മ​നു​സ​രി​ച്ച് പ്ര​തി​ഫ​ലം കി​ട്ടും. ക​ർ​ഷ​ക​നും ഫാ​ക്ട​റി​ക്കാ​രും​പ​രാ​തി​യു​മു​ണ്ടാ​കി​ല്ല.


നാ​ളി​കേ​ര​ള വി​ക​സ​ന ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തെ​ങ്ങി​ൽ ക​യ​റി തേ​ങ്ങ​യി​ടു​ന്ന റോ​ബട്ട് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രു​ന്നു. ജ​ന​റേ​റ്റ​ർ സ​ഹാ​യ​ത്താ​ൽ റോ​ബോ​ട്ട് തെ​ങ്ങി​നു മു​ക​ളി​ലെ​ത്തി അ​തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് നാ​ളി​കേ​രം ഇ​ടു​ന്ന യ​ന്ത്രം 2011ൽ ​കൊ​ച്ചി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചെ​ങ്കി​ലും റോ​ബട്ട് ആ​ശ​യം ആ​രും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ താ​ത്പ​ര്യ​പ്പെ​ട്ടി​ല്ല.

ആത്മവിശ്വാസം മൂലധനം

സ​ഖ​റി​യാ​സ് മാ​ത്യു​വി​ന് പ​തി​നാ​റാം വ​യ​സി​ൽ തു​ട​ങ്ങി​യ​താ​ണ് ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി രൂ​പ​ക​ൽ​പ​ന ന​ട​ത്തു​ക​യെ​ന്ന സ്വ​ഭാ​വം. വീ​ടി​നു സ​മീ​പം കു​ന്നി​ൻ​ചെ​രു​വി​ലു​ള്ള മ​ണ്ണ് തൊ​ഴി​ലാ​ളി​ക​ൾ ത​ല​ച്ചു​മ​ടാ​യി റോ​ഡി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത് ക​ണ്ട​പ്പോ​ൾ അ​ധ്വാ​ന​ത്തി​നൊ​രു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​കു​മോ എ​ന്നാ​യി ചി​ന്ത. കു​ന്നി​ൻ​മു​ക​ളി​ൽ​നി​ന്നു കേ​ബി​ളി​ൽ ഉ​റ​പ്പി​ച്ച കു​ട്ട​ക​ളി​ൽ മ​ണ്ണ് നി​ക്ഷേ​പി​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ധ്വാ​ന​മി​ല്ലാ​തെ താ​ഴെ എ​ത്തി​ക്കാ​മെ​ന്ന് ഇ​ദ്ദേ​ഹം തെ​ളി​യി​ച്ചു.

ട്രാ​ക്ട​ർ അ​ഴി​ച്ച് സ്വ​ന്ത​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത് പാ​ട​ങ്ങ​ളി​ൽ വ​ര​ന്പ് നി​ർ​മി​ക്കാ​നു​ള്ള ആ​ശ​യം വി​ജ​യി​ച്ച​തോ​ടെ അ​തും പു​തു​മ​യു​ള്ള ഒ​രു ക​ണ്ടു​പി​ടി​ത്ത​മാ​യി. ഇ​ത്ത​ര​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​വും ആ​ശ​യ​ങ്ങ​ളും മൂ​ല​ധ​ന​മാ​ക്കി 23-ാം വ​യ​സി​ൽ സ​ഖ​റി​യാ​സ് മാ​ത്യു പാ​ലാ​യി​ൽ​നി​ന്നു വ​ട​ക്കേ ഇ​ന്ത്യ​യി​ലേ​ക്കു വ​ണ്ടി​ക​യ​റി​യ​താ​ണ്. ജോ​ലി അ​ന്വേ​ഷി​ച്ചു​ള്ള യാ​ത്ര​യി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​ർ അ​ദാ​ർത്താ​ലിലെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി.

അ​വി​ടെ വി​ത്തു​ക​ളും വ​ള​ങ്ങ​ളും വെ​വ്വേ​റെ ക​ർ​ഷ​ക​ർ കൃ​ഷി​ഭൂ​മി​യി​ൽ വി​ത​യ്ക്കു​ന്ന​ത് കാ​ണാ​നി​ട​യാ​യി. ഇ​ത് ഒ​ന്നി​ച്ചാ​ക്കി​യാ​ൽ ജോ​ലി​ഭാ​രം കു​റ​യും. സ​മ​യ​വും ലാ​ഭി​ക്കാം. പ്ര​തി​ഫ​ലം വാ​ങ്ങാ​തെ സ​ഖറി​യാ​സ് മാ​ത്യു ഒ​രു​മി​ച്ചു വി​ത്തും വ​ള​വും നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള യ​ന്ത്രം നി​ർ​മി​ച്ചു​ന​ൽ​കി. ബി​രു​ദ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ചെ​ന്ന സ​ഖ​റി​യാ​സി​ന് യൂ​ണി​വേ​ഴ്സിറ്റി വി​ദ​ഗ്ധ​നാ​യ മെ​ക്കാ​നി​ക്ക് എ​ന്നൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി മും​ബൈ​യി​ലെ ഒ​രു ക​ന്പ​നി​യി​ലേ​ക്ക് അ​യ​ച്ചു. മും​ബൈ​യി​ലെ​ത്തു​ന്പോ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത് വെ​റും ആ​റു രൂ​പ 80 പൈ​സ. സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ണി​ച്ച​പ്പോ​ൾ ഫാ​ക്ട​റി​യി​ൽ കേ​ടാ​യി കി​ട​ക്കു​ന്ന വി​ദേ​ശ ഓ​ഫ്സെ​റ്റ് പ്ര​സ് ന​ന്നാ​ക്കാ​ൻ പ​റ്റു​മോ എ​ന്നാ​യി മാ​നേ​ജ​രു​ടെ ചോ​ദ്യം. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ യ​ന്ത്രം ന​ന്നാ​ക്കി​ക്കൊ​ടു​ത്തു. ര​ണ്ടാ​യി​രം രൂ​പ കി​ട്ടി പ്ര​തി​ഫ​ലം.

അ​തേ കാ​ല​ത്തു സീ​മെ​ൻ​സ് ക​ന്പ​നി നി​ർ​മി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ പാ​ന​ലി​ൽ റി​ലേ റീ​സെ​റ്റ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഫ്ളെ​ക്സി​ബി​ൾ കോ​ഡ് നി​ർ​മി​ക്കാ​ൻ അ​വ​സ​രം കി​ട്ടി. ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന ഈ ​കേ​ബി​ൾ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച് ന​ൽ​കി​യ​തോ​ടെ അ​തും നേ​ട്ട​മാ​യി. പി​ന്നീ​ട് ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും പേ​റ്റ​ന്‍റു​ക​ളു​ടെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും ലോ​കം ഇ​ദ്ദേ​ഹ​ത്തി​നു സ്വ​ന്ത​മാ​വു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ൽ സെ​ൻ​സോ എ​ൻ​ജി​നിയ​റിം​ഗ് സ്ഥാ​പ​നം തു​ട​ങ്ങി രാ​ജ്യ​ത്തെ അ​റി​യ​പ്പെ​ടു​ന്ന ക​ണ്ടു​പി​ടി​ത്ത​ക്കാ​ര​നാ​യി സ​ഖ​റി​യാ​സ് വ​ള​ർ​ന്നു.

വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ നാ​ടെ​ങ്ങും ഉ​പ​യോ​ഗി​ക്കു​ന്ന ക്രാ​ഷ് ബാ​രി​യ​റു​ക​ൾ, ഹൈ​മാ​സ്റ്റ് തൂ​ണു​ക​ളി​ൽ ക​യ​റാ​തെ​ത​ന്നെ ബ​ൾ​ബ് മാ​റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ളി​ക് പോ​ൾ, ക​ശു​വ​ണ്ടി പൊ​ളി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം തു​ട​ങ്ങി ഒ​ട്ടേ​റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ.

മു​ൻ​രാ​ഷ്‌ട്രപ​തി​യും ശാ​സ്ത്ര​പ്ര​തി​ഭ​യു​മാ​യ ഡോ. ​എ​പി​ജെ അ​ബ്ദു​ൾ​ക​ലാം മാ​ത്യു​വി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ നേ​രി​ൽ ക​ണ്ട് ഏ​റെ​ത്ത​വ​ണ അ​നു​മോ​ദി​ച്ചി​ട്ടു​ണ്ട്. ഏ​ഴു ത​വ​ണ ഇ​രു​വ​രും നൂ​ത​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യി​ട്ടു​മു​ണ്ട്.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ശാ​സ്ത്രാ​ഭി​രു​ചി സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഖ​റി​യാ​സ് ക്ലാ​സെ​ടു​ക്കാ​റു​ണ്ട്. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ 30 പേ​റ്റ​ന്‍റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ സ​മ്മാ​നി​ച്ച പേ​രാ​ണ് ച​ല​ഞ്ച് മാ​ത്യു.

കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി കോ​ള​ജി​ൽ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​റാ​യി സേ​വ​മ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​ക്കാ​ല​ത്ത് കോ​ള​ജ് പേ​ട്ര​ണ്‍ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റ​ബ​ർ ടാ​പ്പിം​ഗ് യ​ന്ത്രം വി​ക​സി​പ്പി​ച്ച​തും ചി​റ​ക്ക​ട​വ് ഗ്രാ​മ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു​കാ​ണി​ച്ച​തും.

മാ​ട​പ്പ​ള്ളി​മ​റ്റം മാ​ത്യു- ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ 11 മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ് മും​ബൈ​യി​ലെ വ​ൻ എ​ൻ​ജി​നിയ​റിം​ഗ് സം​രം​ഭ​ക​നാ​യ സ​ഖ​റി​യാ​സ് എ​ന്ന 70 കാ​ര​ൻ. ഭാ​ര്യ ത​ങ്ക​മ്മ. മ​ക​ൻ സെ​ൻ​സോ അ​മേ​രി​ക്ക​യി​ൽ നി​ന്ന് എ​ൻ​ജി​നിയ​റിം​ഗ് ക​ഴി​ഞ്ഞ് ക​ന്പ​നി​യു​ടെ ചു​മ​ത​ല നോ​ക്കു​ന്നു. മ​ക​ൾ സൈ​നോ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ബി​സി​ന​സി​ൽ പി​താ​വി​നെ സ​ഹാ​യി​ക്കു​ന്നു.

അടിയന്തിര സാഹചര്യങ്ങളെ മറികടക്കാനുള്ള സാധ്യതകളാണ് പുതിയ കണ്ടുപിടിത്തങ്ങളിലൂടെ സഖറിയാസ് മാത്യു അവതരിപ്പിക്കുന്നത്. തിരുപ്പതിയിലെ മടക്കുന്ന പാലവും റബർ ടാപ്പിംഗ് യന്ത്രവും ക്രാഷ് ബാരിയറുമൊക്കെ അങ്ങനെയുണ്ടായതാണ്. ഇദ്ദേഹം രൂപപ്പെടുത്തിയ ക്രാഷ് ബാരിയർ ഇന്നു ലോകമെന്പാടും ഉപയോഗത്തിലുണ്ട്.

ഒഴിവാക്കാമായിരുന്ന അപകടം
അടുത്തയിടെ സംഗീതജ്ഞൻ ബാലഭാസ്കറും മകളും കാറപകടത്തിൽ ദാരുണമായി മരണമടഞ്ഞ സംഭവത്തിനുശേഷം ഇത്തരം അപകടത്തിൽ എങ്ങനെ മരണം ഒഴിവാക്കാം എന്നതായി സഖറിയാസിന്‍റെ ചിന്ത. വാഹനത്തിൽ എയർബാഗ് ഉണ്ടെങ്കിൽപ്പോലും അപകടവേളയിൽ പലപ്പോഴും രക്ഷയാകാത്ത സാഹചര്യം തരണം ചെയ്യാൻ ഇദ്ദേഹം പുതിയൊരു ആശയം പ്രമുഖ കാർ കന്പനിയുമായി ചർച്ച ചെയ്തുകഴിഞ്ഞു. ഇടിയുടെ ആഘാതമുണ്ടായാൽ കാറിന്‍റെ ബോഡിയും എൻജിൻ കാബിനും രണ്ടായി പിളർന്നു മാറുന്ന സാധ്യതയാണ് ഇദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്. മുൻസീറ്റിൽ ഇരിക്കുന്നവർ മുതലുള്ളവരെ മരണത്തിൽ നിന്നും രക്ഷിക്കാൻ ഇതുവഴിയാകുമെന്നാണ് ഇദ്ദേഹത്തിന്‍റെ ആശയം.
കേരളമുൾപ്പെടെ എടിഎം കൗണ്ടറുകളിലെ മോഷണം തടയാൻ എന്താണ് മാർഗമെന്നായിരുന്നു അടുത്ത കാലത്തെ മറ്റൊരു ചിന്ത. എടിഎം കുത്തിപ്പൊളിക്കുകയോ എടുത്തുമാറ്റുകയോ ചെയ്താൽ മോഷ്ടാക്കളെ ആ നിമിഷം ഒരു വലയോ എയർബാഗോ പൊതിയുകയും അലാറം മുഴങ്ങുകയും ചെയ്യുന്ന സംവിധാനമാണ് ഇദ്ദേഹം തയാറാക്കിവരുന്നത്. രണ്ടു സാധ്യതകളും ഉടൻ വികസിപ്പിച്ച് അവയ്ക്ക് പേറ്റന്‍റ് നേടാനുള്ള ഒരുക്കത്തിലാണ് സഖറിയാസ് മാത്യു.

റെ​ജി ജോ​സ​ഫ്