വിദേശ വ്യാപാര നയം പ്രഖ്യാപിച്ചു
മുംബൈ: 2023-28 കാലയളവിലെ ഇന്ത്യയുടെ വിദേശ വ്യാപാര നയം പുറത്തിറക്കി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. പുതിയ നയം രൂപയിൽ വ്യാപാരം നടത്തുന്നത് അന്താരാഷ്ട്രവത്കരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സബ്സിഡിയുടെയോ ക്രച്ചസിന്റെയോ സഹായത്താൽ മാത്രം ഒരു വ്യവസായവും വിജയിക്കില്ലെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
കറൻസി തകർച്ച നേരിടുന്ന അല്ലെങ്കിൽ ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ തയാറാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാളും പറഞ്ഞു. പുതിയ വ്യാപാരനയം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രൂപ പേമെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും വാണിജ്യ സെക്രട്ടറി പറഞ്ഞു. രൂപയെ ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര സെറ്റിൽമെന്റ് അനുവദിക്കുന്നതിനാവശ്യമായ മാറ്റങ്ങൾ പുതിയ നയത്തിൽ വരുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ മൊത്തം കയറ്റുമതി 2021-22 വർഷത്തെ 676 ബില്യണ്‍ ഡോളറിൽ നിന്ന് 2023 സാന്പത്തിക വർഷത്തിൽ 760 ബില്യണ്‍ ഡോളർ കടക്കുമെന്നാണ് പ്രവചനമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് സന്തോഷ് സാരംഗി പറഞ്ഞു. ഈ നയത്തിന് സമയപരിധി ഉണ്ടാകില്ലെന്നും ഇത് കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുമെന്നും നിലവിലെ വ്യാപാര സാഹചര്യത്തിനനുസരിച്ചാണ് പുതിയ വ്യാപാരനയം രൂപകൽപന ചെയ്തിരിക്കുന്നതെന്നും സന്തോഷ് സാരംഗി വ്യക്തമാക്കി. പുതിയ നയം ഇ-കൊമേഴ്സ് കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2030 ഓടെ ഇ-കൊമേഴ്സ് കയറ്റുമതി 200300 ബില്യണ്‍ ഡോളറിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
കയറ്റുമതി ബാധ്യതയിൽ ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള പൊതുമാപ്പ് പദ്ധതിയും പുതിയ വിദേശ വ്യാപാര നയത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കയറ്റുമതി ബാധ്യത നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിന്റെ തീർപ്പാകാത്ത കേസുകളും പൂർത്തീകരിക്കാത്ത പ്രവർത്തികളുടെ ആനുപാതികമായി ഒഴിവാക്കിയ കസ്റ്റംസ് തീരുവകകളും ഒഴിവാക്കിയ അത്തരം തീരുവകകളുടെ 100 ശതമാനം നിരക്കിലും ഓതറൈസേഷൻ ഹോൾഡർക്ക് (ഉടമ) ക്രമപ്പെടുത്താം. ക്ഷീരമേഖലയെ ശരാശരി കയറ്റുമതി ബാധ്യതയിൽ നിന്ന് ഒഴിവാക്കും.
പുതിയ വ്യാപാരനയത്തിൽ ഫരീദാബാദ്, മൊറാദാബാദ്, മിർസാപൂർ, വാരണാസി എന്നിവയെ പുതിയ കയറ്റുമതി മികവ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. പുതിയ നയത്തിൽ കൊറിയർ സേവനങ്ങൾ വഴിയുള്ള കയറ്റുമതിയുടെ മൂല്യപരിധി ഒരു ചരക്കിന് അഞ്ചു ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായും ഉയർത്തിയിട്ടുണ്ട്.
ഒാഹരി വിപണി മുന്നേറ്റം തുടരുന്നു
മുംബൈ: ആഗോള വിപണികളിലെ അനുകൂല സാഹചര്യങ്ങളെത്തുടർന്ന് സെൻസെക്സും നിഫ്റ്റിയും 2023 സാന്പത്തിക വർഷത്തിന്റെ അവസാന ദിവസം രണ്ടു ശതമാനം കുതിപ്പോടെയാണ് അവസാനിച്ചത്. പുതിയ വിദേശ ഫണ്ട് വരവും ഇക്വിറ്റി വിപണിയിലെ പോസിറ്റീവ് പ്രവണതയും മാർക്കറ്റിനെ ഉണർത്തി.
സെൻസെക്സ് 1,031.43 പോയിന്റ് (1.78 ശതമാനം) ഉയർന്ന് 58,991.52 ൽ എത്തി. ഇടയ്ക്ക് 1108.38 പോയിന്റ് (1.91 ശതമാനം) വരെ ഉയർന്ന് 59,068.47 വരെയെത്തിയിരുന്നു. നിഫ്റ്റി 279.05 പോയിന്റ് (1.63 ശതമാനം)ഉയർന്ന് 17,359.75 ൽ അവസാനിച്ചു.
സെൻസെക്സ് സ്ഥാപനങ്ങളിൽ, റിലയൻസ് ഇൻഡസ്ട്രീസ് നാലു ശതമാനത്തിലധികം ഉയർന്ന് വലിയ നേട്ടമുണ്ടാക്കി. നെസ്ലെ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവയാണ് മറ്റ് പ്രധാന നേട്ടമുണ്ടാക്കിയവർ. സണ്‍ ഫാർമ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ടൈറ്റൻ എന്നിവയാണ് പിന്നിലുള്ളത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഉയർച്ചയിൽ അവസാനിച്ചു. യൂറോപ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികളും മുന്നേറി. രാമനവമി പ്രമാണിച്ച് വ്യാഴാഴ്ച ഇന്ത്യൻ ഓഹരി വിപണികൾക്ക് അവധിയായിരുന്നു. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.11 ശതമാനം ഇടിഞ്ഞ് ബാരലിന് 79.18 ഡോളറിലെത്തി.
സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക്; മൂന്നു മാസം കൂടി സാവകാശം
കൊച്ചി : സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതിന് മൂന്നുമാസം കൂടി സമയം അനുവദിച്ചു ഹൈക്കോടതി ഉത്തരവായി. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സിൽവർ മര്‍ച്ചന്റ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ സാഹചര്യത്തിലാണു പഴയ സ്വര്ണത്തിലുള്പ്പെടെ എച്ച്യുഐഡി പതിപ്പിക്കുന്നതിനു കോടതി സമയം അനുവദിച്ചത്.
നിലവിലെ മുദ്ര മായ്ച്ചുകളഞ്ഞ് പുതിയതു പതിപ്പിക്കുമ്പോള്‍ ഓരോ ആഭരണത്തിലും രണ്ടു മുതല്‍ അഞ്ചു മില്ലിഗ്രാം വരെ സ്വര്‍ണത്തിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
കേരളത്തിനായി പേടിഎമ്മിന്റെ പ്രത്യേക ക്യുആർ കോഡുകൾ
കൊച്ചി: ഇന്ത്യയിലെ ക്യുആർ കോഡിന്റെയും മൊബൈൽ പേമെന്റുകളുടെയും തുടക്കക്കാരായ പേടിഎം കേരളത്തിനായി പ്രത്യേക ക്യുആർ കോഡുകൾ രൂപകല്പന ചെയ്തു.
ഇതു സംസ്ഥാനത്തെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകൾ, ഹോട്ടലുകൾ, പ്രാദേശിക കടകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് കടകളിലും ഭക്ഷണശാലകളിലും പേടിഎം ക്യുആർ കോഡുകൾ സ്കാൻ ചെയ്തു പണമിടപാട് നടത്താനാകും.
പേടിഎം വാലറ്റ്, പേടിഎം യുപിഐ ലൈറ്റ്, പേടിഎം യുപിഐ, പേടിഎം പോസ്റ്റ്പെയ്ഡ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, നെറ്റ്ബാങ്കിംഗ് എന്നിവയിൽനിന്നുള്ള പേമെന്റുകൾ തടസമില്ലാതെ സ്വീകരിക്കാൻ ക്യുആർ കോഡ് വ്യാപാരികളെ സഹായിക്കും.
സ്വര്‍ണവ്യാപാരികള്‍ മാര്‍ച്ച് നടത്തി
കൊച്ചി : ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍(എച്ച് യുഐഡി) നടപ്പാക്കാനുള്ള തീരുമാനത്തിനെതിരേ ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടവന്ത്രയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐഎസ്) ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സക്കീര്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.
ഹോണ്ട എസ്പി 125 പുറത്തിറക്കി
കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ എസ്പി 125 മോഡൽ പുറത്തിറക്കി.
ആഗോളനിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും മികച്ച 125സിസി പിജിഎം-എഫ്ഐ എൻജിനാണു പുതിയ മോഡലിലുള്ളതെന്ന് കന്പനി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റര്‍ ഐപിഒയ്ക്ക്
കൊച്ചി: അപ്ഡേറ്റര്‍ സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി . 10 രൂപ മുഖവിലയുള്ള 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1.33 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊച്ചി: സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണു വര്‍ധിച്ചത്. ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമായി.
ഐസിഐസിഐ പ്രു ഗോള്‍ഡ് സേവിംഗ്സ് പദ്ധതി
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പുതിയ സേവിംഗ്സ് പദ്ധതിയായ ഐസിഐസിഐ പ്രു ഗോള്‍ഡ് അവതരിപ്പിച്ചു. ആജീവനാന്ത വരുമാനത്തിനു പുറമെ സാമ്പത്തിക സുരക്ഷിതത്വവും പദ്ധതി ഉറപ്പാക്കുന്നു.
ഇമ്മീഡിയറ്റ് ഇന്‍കം, ഇമ്മീഡിയറ്റ് ഇന്‍കം വിത്ത് ബൂസ്റ്റര്‍, ഡിഫേര്‍ഡ് ഇന്‍കം എന്നിങ്ങനെ പ്രു ഗോള്‍ഡ് മൂന്നു വേരിയന്റുകളില്‍ ലഭ്യമാണ്. തൊഴിലില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിനു പുറമെ ഉറപ്പുള്ള അധിക വരുമാനം ലഭിക്കുന്നതിനുള്ള ഉറവിടം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നതാണ് ഐസിഐസിഐ പ്രു ഗോള്‍ഡ് എന്ന് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.
എംഎസ്എംഇ ഉച്ചകോടി ഇന്ന്
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ഇന്ന് എംഎസ്എംഇ ഉച്ചകോടി സംഘടിപ്പിക്കുന്നു.
കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലു വരെയാണ് ഉച്ചകോടി. ഐസിഎഐ ന്യൂഡല്‍ഹിയുടെ എംഎസ്എംഇ ആന്‍ഡ് സ്റ്റാര്‍ട്ടപ്പ് കമ്മിറ്റിയും ഐസിഎഐയുടെ കേരളത്തിലെ ഒമ്പതു ശാഖകളും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
യുപിഐ ഇടപാടുകൾക്കു നാളെ മുതൽ സർവീസ് ചാർജ്
ന്യൂഡൽഹി: രാജ്യത്ത് യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്കും ഇനി ഫീസ് (സർവീസ് ചാർജ്) നൽകേണ്ടി വരും. അക്കൗണ്ടിൽനിന്ന് മുൻകൂറായി പണം അടച്ച് ഉപയോഗിക്കുന്ന ഓണ്‍ലൈൻ വാലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ പോലുള്ളവയ്ക്കാണ് ഇത് ബാധകമാകുക. യുപിഐ വഴി നടത്തുന്ന വ്യപാര ഇടപാടുകൾക്കാണ് (മർച്ചന്റ് പേമെന്റ്) പ്രീപെയ്ഡ് പേമെന്റ് ഇൻസ്ട്രുമെന്റ്സ് (പിപിഐ) ഫീസ് ഏർപ്പെടുത്തുന്നത്.
2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം വരെയാകും സർവീസ് ചാർജ്. ഏപ്രിൽ ഒന്നുമുതൽ ഈ ഇടപാടുകൾ സൗജന്യമായിരിക്കില്ലെന്ന് യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്ന നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
പിപിഐ, ഗൂഗിൾ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ ആപ്പുകളിൽ ചെയ്യുന്നതുപോലുള്ള പിയർ-ടു-പിയർ, പിയർ-ടു-പിയർ മർച്ചന്റ് ഇടപാടുകൾക്ക് ഇത് ബാധകമല്ല. രാജ്യത്തു 99.9% യുപിഐ ഇടപാടുകളും ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ളവയായതിനാൽ സർവീസ് ചാർജ് സാധാരണക്കാരെ ബാധിക്കില്ല.
ഇടപാടുകൾ സ്വീകരിക്കുക, അംഗീകാരം നൽകുക തുടങ്ങിയവയുടെ ചെലവുകൾക്കുള്ള ഇന്റർചേഞ്ച് ഫീസായാണ് ഇത് ഈടാക്കുന്നത്. വ്യാപാരികൾക്ക് അവരുടെ വ്യവസായത്തെ അടിസ്ഥാനമാക്കി കുറഞ്ഞ ഇന്റർചേഞ്ച് ഫീസിന് അർഹതയുണ്ട്. ബിസിനസിന്റെ തരം അനുസരിച്ച് ഇന്റർചേഞ്ച് ഫീസ് മാറും. ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികൾ/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പർമാർക്കറ്റിന് 0.9 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ, റെയിൽവേ, ഇൻഷ്വറൻസ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണു ചാർജ്.
സാധാരണ യുപിഐ ഇടപാടുകൾക്ക് ചാർജില്ല: എൻപിസിഐ
യുപിഐ ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇതുതെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഒരു ഉപഭോക്താവും ഇന്റർചേഞ്ച് ഫീസ് നൽകേണ്ടതില്ല. വ്യാപാര ഇടപാടുകൾക്ക് മാത്രമേ ഇന്റർചേഞ്ച് ഫീസ് ബാധകമാകൂവെന്നും എൻപിസിഐ പുതിയ സർക്കുലറിൽ അറിയിച്ചു.
കൂടാതെ, ബാങ്ക് ടു ബാങ്ക് യുപിഐ ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീ ഇല്ല. അതേസമയം, പേമെന്റുകൾക്കായി ക്യൂആർ കോഡോ യുപിഐ ഐഡിയോ നൽകുന്ന വ്യാപാരിക്ക് ഇന്റർചേഞ്ച് ഫീസ് ബാധകമായിരിക്കും.
ഒരു ബാങ്കിനും പ്രീ പെയ്ഡ് വാലറ്റിനും ഇടയിലുള്ള വ്യക്തിഗത ഇടപാടുകൾക്കോ വ്യക്തിയും വ്യാപാരികളും തമ്മിലുള്ള ഇടപാടുകൾക്കോ ഉപയോക്താക്കൾക്ക് അധികബാധ്യത വരില്ലെന്ന് എൻപിസിഐ പറയുന്നുണ്ടെങ്കിലും വൈകാതെ ഉപയോക്താക്കളും ഓരോ ഇടപാടിനും ഫീസ് നൽകേണ്ടിവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ബാങ്കിംഗ് വിദഗ്ധർ പറയുന്നത്.
ബോണസ് പേമെന്റുകൾക്കായി ഫേസ്ബുക്ക് അവലോകന സംവിധാനം കൊണ്ടുവരുന്നു
കലിഫോർണിയ: ഫേസ്ബുക്ക് തൊഴിലാളികളുടെ പ്രവർത്തനം വിലയിരുത്താനായി പുതിയ റേറ്റിംഗ് സംവിധാനം കൊണ്ടുവരുന്നു.
പുതിയ സിസ്റ്റത്തിലൂടെ നടത്തുന്ന റേറ്റിംഗിനനുസരിച്ചായിരിക്കും ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുക. നേരത്തെ, ഗൂഗിൾ ’ഗൂഗിൾ റിവ്യൂസ് ആൻഡ് ഡെവലപ്മെന്റ്’ (ജിആർഎഡി) എന്ന റേറ്റിംഗ് സംവിധാനം അവതരിപ്പിച്ചടിരുന്നു.
ഇതിനോടു സമാനമായ റേറ്റിംഗ് സംവിധാനമാണു ഫേസ്ബുക്കും നടപ്പിലാക്കുന്നത്. ഇതു കുറഞ്ഞ പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്കു ബോണസും സ്റ്റോക്ക് ഗ്രാന്റുകളും നൽകുന്നത് ഒഴിവാക്കാൻ മാനേജർമാരെ സഹായിക്കും. ജീവനക്കാരുടെ പ്രകടനം ഇടയ്ക്കിടെ വിലയിരുത്താനും പുതിയ റേറ്റിംഗ് സംവിധാനം സഹായിക്കും. ഗൂഗിൾ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ജിആർഎഡി അവതരിപ്പിച്ചു.
ആക്സിസും ശ്രീറാം ഫിനാന്‍സും സഹകരിക്കും
കൊച്ചി: യുബി കോ ലെന്റ് പ്ലാറ്റ്ഫോമിലൂടെ വായ്പകള്‍ ലഭ്യമാക്കാനായി ആക്സിസ് ബാങ്കും ശ്രീറാം ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും (എസ്എച്ച്എഫ്എല്‍ ) സഹകരിക്കും.
ഇതിലൂടെ ഗ്രാമീണ, അര്‍ധ നഗര പ്രദേശങ്ങളിലെ ഇടത്തരം, താഴ്ന്ന വരുമാന വിഭാഗത്തില്‍നിന്നുള്ള വായ്പക്കാര്‍ക്ക് സുരക്ഷിതമായ എംഎസ്എംഇ വായ്പകളും ഭവനവായ്പകളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വണ്ടർലായിൽ ‘ഹാൾ ടിക്കറ്റ് ഓഫർ’
കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ ഹോളിഡേയ്സ് ഈ വർഷം 10,11,12 ക്ലാസുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കായി ‘ഹാൾ ടിക്കറ്റ് ഓഫറി’ലൂടെ പ്രവേശനനിരക്കിൽ ഡിസ്കൗണ്ട് നൽകും.
വിദ്യാർഥികൾ ഒറിജിനൽ പരീക്ഷാ ഹാൾടിക്കറ്റുകൾ ഹാജരാക്കിയാൽ വണ്ടർലാ പാർക്കിലെ പ്രവേശന ടിക്കറ്റിന് 35 ശതമാനം കിഴിവ് നേടാം. ഓഫർ ഓൺലൈൻ, ഓഫ്ലൈൻ ബുക്കിംഗുകളിൽ ലഭിക്കും.
ഐഡി കാർഡുമായി വരുന്ന 22 വയസിൽ താഴെയുള്ള കോളജ് വിദ്യാർഥികൾക്കും പ്രവേശനനിരക്കിൽ പ്രത്യേക ഇളവുണ്ട്. വണ്ടർലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാർക്കുകളിലും ഓഫറുകൾ ലഭിക്കും.
റിലയന്‍സ് ഡിജിറ്റല്‍ മുംബൈ ഇന്ത്യന്‍സ് പങ്കാളി
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ റിലയന്‍സ് ഡിജിറ്റല്‍ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പങ്കാളിയായി. ടീമിലെ താരങ്ങളുടെ ജഴ്സിയില്‍ ഇനി റിലയന്‍സ് ഡിജിറ്റലിന്റെ പേരുണ്ടാകും.
യുപിഐ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താം
മുംബൈ: റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാൻ ആർബിഐ അനുമതി നൽകിയ പശ്ചാത്തലത്തിൽ നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) യുപിഐയും റുപേ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള വ്യാപാര ഇടപാടുകൾ സാധ്യമാക്കുന്നതിന് വിവിധ പേയ്മെന്റ് അഗ്രഗേറ്ററുകളുമായി കൈകോർക്കുന്നു.
നേരത്തെ, യുപിഐ ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് അക്കൗണ്ടുകൾ എന്നിവയിലൂടെ മാത്രമേ ഇടപാടുകൾ നടത്താൻ കഴിയുമായിരുന്നുള്ളൂ. ഇന്ത്യൻ വിപണിയിൽ യുപിഐ റുപെ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള വ്യാപാരി ഇടപാടുകൾ സാധ്യമാക്കാൻ എൻപിസിഐ, ഭാരത്പേ, ക്യാഷ്ഫ്രീ പേമെന്റ്സ്, ഗൂഗിൾ പേ, റേസർപേ, പേടിഎം, പേയു, പൈൻ ലാബ്സ് തുടങ്ങിയ പ്രധാന അഗ്രഗേറ്ററുകളെയാണ് പ്രവർത്തനക്ഷമമാക്കിയത്. ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ എല്ലാ അവസരങ്ങളിലും കൈവശം വയ്ക്കേണ്ട കാര്യമില്ല.
പേമെന്റുകൾക്കായി ഉപഭോക്താക്കൾക്ക് ഇനി ക്രെഡിറ്റ് കാർഡുകൾ കൈവശംവെക്കേണ്ടതില്ലെന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നു എൻപിസിഐ പറഞ്ഞു. ഈ തീരുമാനം വ്യാപാരികളെ ലക്ഷ്യമിട്ടാണെന്ന് എൻപിസിഐ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് കാർഡ് റീഡർ (പോയിന്റ് ഓഫ് സെയിൽ-പിഒഎസ്) വ്യാപകമായി ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും അർധ നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ഈ തീരുമാനം വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് എൻപിസിഐയുടെ നിഗമനം.
ബിഎംഡബ്ല്യു എക്സ് 3 ഡീസല്‍ വേരിയന്റുകള്‍ അവതരിപ്പിച്ചു
കൊച്ചി: ബിഎംഡബ്ല്യു എക്സ് 3 എക്സ് ഡ്രൈവ് 20 ഡി എക്സ്ലൈന്, എക്സ് 3 എക്സ് ഡ്രൈവ് 20 ഡി എംസ്പോര്‍ട്ട് എന്നീ രണ്ടു ഡീസല്‍ വേരിയന്റുകള്‍ അവതരിപ്പിച്ചു.
ഇന്ത്യയില്‍ നിര്‍മിച്ച ഇരു മോഡലുകളും എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും ലഭിക്കും. എക്സ് 3 എക്സ് ഡ്രൈവ് 20 ഡി എക്സ്ലൈന്- 67,50,000 രൂപയും എക്സ് 3 എക്സ് ഡ്രൈവ് 20 ഡി എംസ്പോര്‍ട്ട്- 69,90,000 രൂപയുമാണ് എക്സ് ഷോറൂം വില.
സ്കോഡയിൽ 1.5 ടി എസ് ഐ എൻജിന്
കൊച്ചി: സ്കോഡയുടെ കുഷാഖ്, സ്ലാവിയ അംബീഷന്‍ മോഡലുകളില്‍ 1.5 ടിഎസ് ഐ എൻജിന് ലഭ്യമാക്കുമെന്ന് കന്പനി അധികൃതർ അറിയിച്ചു. നിലവിൽ വിലകൂടിയ വേരിയന്റുകളില്‍ മാത്രമാണ് 1.5 ടിഎസ് ഐ എൻജിനുള്ളത്. കരുത്ത്, ടോര്‍ക്ക്, സാങ്കേതികത, കാര്യക്ഷമത എന്നിവയ്ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളതാണ് 1.5 ടി എസ് ഐ എൻജിൻ.
ബേക്കും കാർഗിലും ധാരണാപത്രം ഒപ്പിട്ടു
കൊച്ചി: ആരോഗ്യപ്രദമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനായി ബേക്കേഴ്സ് അസോസിയേഷന് കേരളയും (ബേക്ക്) ഭക്ഷ്യ ഉത്പാദന രംഗത്തെ പ്രമുഖരായ കാര്‍ഗിലും തമ്മിൽ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഇതിലൂടെ ഭക്ഷ്യ ചേരുവകള്‍, സാങ്കേതികവിദ്യ, നവീകരണം എന്നിവയില്‍ കാര്ഗിലിനുള്ള ആഗോള വൈദഗ്ധ്യം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
കേരളത്തില്‍നിന്ന് ഇ-കൊമേഴ്സ് കയറ്റുമതി വര്‍ധിപ്പിക്കാൻ ആമസോണ്‍
കൊച്ചി: ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല് സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിന്റെ (പ്രൊപ്പല് എസ് 3) മൂന്നാം സീസണ് പ്രഖ്യാപിച്ചു ആമസോണ്‍ ഇന്ത്യ.
കേരളത്തില്‍നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വര്‍ധിപ്പിക്കാനും ഉയര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും പിന്തുണ നല്‍കുന്നതാണു പദ്ധതി.
പ്രൊപ്പല് എസ് 3 അന്താരാഷ്ട്ര വിപണിയില്‍ 50 ഡി2സി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ഇന്ത്യയില്‍നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപേന് വകാങ്കര്‍ പറഞ്ഞു.
പ്രൊപ്പലിന്റെ മുന്‍ സീസണുകളില്‍ കേരളത്തില്‍നിന്ന് 50 ലധികം അപേക്ഷകള്‍ ലഭിച്ചിരുന്നു.
ടെക്നോപാർക്കിൽ ജോബ് ഫെയർ
തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഏപ്രിൽ ഒന്നിന് കോഴിക്കോട് ജില്ലയിലെ കാരാപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫയർ ആരംഭിക്കും.
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. (ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന ബിരുദധാരികളല്ലാത്തവരേയും പരിഗണിക്കും)
വിശദവിവരങ്ങൾക്ക് www.knowledgemission.Kerala.gov.in സന്ദർശിക്കുകയോ പ്ലേസ്റ്റോറിൽ DWMS connect app ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ 0471-2737883 എന്ന നമ്പറിൽ മിസ്ഡ് കാൾ ചെയുക.
കൂടുതൽ നിക്ഷേപവും തൊഴിലവസരവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ നയം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിക്ഷേപവും കൂടുതൽ തൊഴിൽ അവസരവും ലക്ഷ്യമിട്ടുള്ള വ്യവസായ നയം 2023 ന് അംഗീകാരം. സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ളതാണു നയമെന്നു വ്യവസായ മന്ത്രി പി.രാജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെതന്നെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബ് ആക്കി കേരളത്തെ മാറ്റാനാണു നയം ലക്ഷ്യമിടുന്നത്.
നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ, ഡേറ്റാ മൈനിംഗ് , അനാലിസിസ് തുടങ്ങിയ സംരംഭങ്ങൾ ചെലവാക്കുന്ന തുകയുടെ 20 ശതമാനമോ പരമാവധി 25 ലക്ഷം രൂപയോ തിരിച്ച് സംരംഭകർക്കു നല്കുന്ന പദ്ധതി, എംഎസ്എംഇ വ്യവസായങ്ങൾക്ക് അഞ്ചു വർഷത്തേക്കു വൈദ്യുതി ഇളവ്, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ സംരംഭകർക്ക് സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്, എംഎസ്എംഇ ഇതര സംരംഭങ്ങൾക്കു സ്ഥിരമൂലധനത്തിന്റെ 100 ശതമാനം സംസ്ഥാന ജിഎസ്ടി വിഹിതം അഞ്ചുവർഷത്തേക്കു തിരികെ നല്കുന്ന പദ്ധതി എന്നിവയും 2023 ലെ വ്യവസായ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
വ്യവസായ നയത്തിലെ മറ്റു പ്രധാന നിർദേശങ്ങൾ
=50 ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികളെ സ്ഥിര ജോലിക്കെടുക്കുന്ന വൻകിട ,മെഗാ സംരംഭങ്ങളിൽ അത്തരത്തിലുള്ള തൊഴിലാളികൾക്ക് നല്കുന്ന മാസ വേതനത്തിന്റെ 25 ശതമാനമോ പരമാവധി 5000 രൂപയോ തൊഴിലുടമയ്ക്കു സംരംഭം ആരംഭിച്ച് ഒരു വർഷത്തേക്ക് തിരികെ നല്‍കും
=ട്രാൻസ് ജൻഡർ തൊഴിലാളികൾക്ക് നല്കുന്ന പ്രതിമാസ വേതനത്തിന്റെ 7500 രൂപ സ്ഥാപനം ആരംഭിച്ച് ഒരു വർഷം വരെ തൊഴിലുടമയ്ക്ക് തിരികെ നല്‍കും
=മെഡിക്കൽ അനുബന്ധ വ്യവസായങ്ങൾ ശക്തമാക്കാൻ മെഡിക്കൽ ഡിവൈസ് പാർക്കിൽ ഡിസൈനിംഗിനും നിർമാണത്തിനും സൗകര്യം ഒരുക്കും
=ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിംഗിലും നിർമാണ മേഖലയിലും നേട്ടമുണ്ടാക്കാൻ ഇലക്ട്രോണിക് മാനുഫാക്ച്ചറിംഗ് ക്ലസ്റ്ററും ഇലക്ട്രോണിക് ഹാർഡ്വേർ പാർക്കും സ്ഥാപിക്കും
=ഇലക്ട്രിക് വാഹനരംഗത്തെ മുന്നേറ്റം ഉപയോഗപ്പെടുത്താനായി അഡ്വാൻസ്ഡ് ബാറ്ററി നിർമാണ ഇവി പാർക്കുകൾ സ്ഥാപിക്കും. ഈ മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രത്യേകം ഗ്രാന്റ് അനുവദിക്കും.
=ഫുഡ് ടെക്നോളജി മേഖലയിൽ ഫുഡ് ടെക് ഇൻകുബേറ്ററുകൾ സ്ഥാപിക്കും
=ലോജിസ്റ്റിക് കണക്ടിവിറ്റി വർധിപ്പിക്കാൻ മിനി-മൾട്ടി ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും
= നാനോ ടെക്നോളജി ഉപയോഗിക്കാൻ പിപിപി മാതൃകയിൽ നാനോ ഫാബ് ആരംഭിക്കും
= സംസ്ഥാനത്തെ എയ്റോസ്പേസ്, ഡിഫൻസ് ടെക്നോളജി ഹബ്ബ് ആക്കി മാറ്റുന്നതിനായി കേരളാ സ്പേസ് പാർക്ക് പദ്ധതിയുടെ ഭാഗമായി വ്യവസായ പാർക്ക് സ്ഥാപിക്കും.
വ്യവസായ നയം ലക്ഷ്യമിടുന്നത് മുൻഗണന
വ്യവസായ നയം 2023 ലക്ഷ്യമിടുന്നത് മുൻഗണനാ മേഘലകളിലൂന്നിയുള്ള വ്യവസായ വത്കരണം. എയ്റോസ്പേസ് ആൻഡ് ഡിഫൻസ് നിർമിത ബുദ്ധി, റോബോട്ടിക്, മറ്റ് ബ്രേക്ക്ത്രൂ സാങ്കേതികവിദ്യകൾ, ആയുർവേദം, ബയോടെക്നോളജി ആൻഡ് ലൈഫ് സയൻസ്, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകല്പനയും ഉത്പാദനവും എൻജിനിയറിംഗ് ഗവേഷണവും വികസനവും എന്നിവ മുൻഗണനാ പട്ടികയിൽ പെടുന്നു. കൂടാതെ ഭക്ഷ്യസാങ്കേതിക വിദ്യകൾ, ഗ്രാഫീൻ, ഉയർന്ന മൂല്യവർധിത റബർ ഉത്പന്നങ്ങൾ, ഹൈടെക് ഫാമിങ്ങും മൂല്യവർധിത തോട്ടവിളയും മെഡിക്കൽ ഉപകരണങങൾ നാനോ ടെക്നോളജി ഫാർമസ്യൂട്ടിക്കൽസ്, റീസൈക്ലിംഗും മാലിന്യസംസ്കരണവും പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളും വ്യവസായ നയം 2023 ന്റെ മുൻഗണനാ പട്ടികയിൽ വരുന്നു. അക്കാദമിക് സ്ഥാപനങ്ങളുമായി ചേർന്ന് ഗവേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിനു മുൻഗണന നല്കുന്ന വ്യവസായ പാർക്കുകൾ ആരംഭിക്കാനും ഗ്രഫീൻ പോലെയുള്ള നവീന മേഖലകളിൽ ഗവേഷണത്തിന് സഹായം നല്‍കാനും സർക്കാർ ലക്ഷ്യമിടുന്നു,. സംസ്ഥാനത്തെ ഉത്പന്നങ്ങൾക്ക് കേരളാ ബ്രാൻഡ് ലേബലിൽ വിപണനം ചെയ്യുന്നതിന് സൗകര്യം ഒരുക്കുമെന്നും വ്യവസായ നയം വ്യക്തമാക്കുന്നു.
നാലു ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെയുള്ള വായ്പ
10 ലക്ഷം രൂപ വരെ മുതൽമുടക്കുവരുന്ന സൂക്ഷ്മ, ചെറുകിട ഇടത്തര വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനു നാലു ശതമാനം പലിശയ്ക്ക് വായ്പകൾ ലഭ്യമാക്കുമെന്നു വ്യവസായനയം 2023. കൂടാതെ ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്പോൾ മൂലധന സബ്സിഡി ഇൻസെന്റീവും നല്‍കും. സംരംഭം ആരംഭിച്ച് ആദ്യ അഞ്ചുവർഷം ഇലക്ട്രിസിറ്റി ഡ്യൂട്ടി പൂർണമായും ഒഴിവാക്കും. വൻകിട, മെഗാ സംരംഭങ്ങൾക്കു സ്ഥിരമൂലധന നിക്ഷേപത്തിന്റെ 10 ശതമാനം നിക്ഷേപ സബ്സിഡി നല്‍കും. ഇത് പരമാവധിയായി 10 കോടി രൂപയായി നിജപ്പെടുത്തി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്നു കോടി നല്‍കും. സംസ്ഥാനത്തെ സർവകലാശാലകളുമായി ഗവേഷണ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭങ്ങൾക്ക് ഗവേഷണ വികസന ചെലവിന്റെ 20 ശതമാനം ധനസഹായം നല്‍കും. ഇത് പരമാവധി ഒരു കോടി രൂപ വരെയാകാം.
ഗൂഗിളിനു പിഴ: നടപടി ശരിവച്ചു
ന്യൂഡൽഹി: ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ (സിസിഐ) 1,337.76 കോടി രൂപയുടെ പിഴ ചുമത്തിയ നടപടി നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ ശരിവച്ചു. 30 ദിവസത്തിനകം പിഴയടയ്ക്കാനും നിർദേശിച്ചു. സിസിഐ അന്വേഷണത്തിൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണൽ നടപടി. സിസിഐയുടെ വിധിയിൽ ചില നിർദേശങ്ങൾ ട്രൈബ്യൂണൽ റദ്ദാക്കിയിട്ടുണ്ട്.
വൻ തുക പിഴ ചുമത്തിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഗൂഗിൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതിയും ഇക്കാര്യം നിരാകരിച്ചു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു മേൽ മറ്റാർക്കും സാധിക്കാത്തവിധം ആധിപത്യം പുലർത്തിയതാണ് ഗൂഗിളിനെതിരായ നടപടി ക്ഷണിച്ചുവരുത്തിയത്. ഇന്ത്യയിലെ സാങ്കേതിക മേഖലയ്ക്ക് കൂടുതൽ ഗുണകരമാകുന്ന വിധിയാണിതെന്നാണു വിലയിരുത്തൽ.
ആൻഡ്രോയ്ഡ് ഫോണുകളിൽ തങ്ങളുടെ ആപ്ലിക്കേഷനുകൾ ഒഴിവാക്കാനാകാത്ത വിധം ഉൾപ്പെടുത്തിയതിനാണ് ഗൂഗിൾ പിഴയടയ്ക്കേണ്ടിവരുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനുകൾ ഇനി ഇന്ത്യക്കാരുടെ അടുത്തേക്ക് എത്തുമെന്നാണ് മാപ് മൈ ഇന്ത്യ തലവൻ രോഹൻ വർമ വിധിയോടു പ്രതികരിച്ചത്.
പക്ഷേ, ഇന്ത്യയിൽ ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന സേവനങ്ങൾക്ക് വില കൂടാൻ ഈ വിധി കാരണമാകുമെന്നും വിലയിരുത്തലുണ്ട്.
നിപ്പോൺ ടൊയോട്ടയിൽ യൂസ്ഡ് കാർ മേള
കൊച്ചി: നിപ്പോൺ ടൊയോട്ട നെട്ടൂർ ഷോറൂമിന് മുന്നിൽ പഴയ കാർ എക്സ്ചേഞ്ച് ചെയ്യാനും യൂസ്ഡ് കാറുകൾ വാങ്ങാനും ഇന്നു മുതൽ മൂന്നു ദിവസങ്ങളിൽ സൗകര്യമുണ്ടാകും. ഫിനാൻസ് ഓപ്ഷനുകളും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ക്വിന്റിന്റെ 49 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കി
ന്യൂഡൽഹി: മാധ്യമരംഗത്ത് കൂടുതൽ നിക്ഷേപവുമായി ഗൗതം അദാനി. അദാനി എന്റർപ്രൈസസിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് അദാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വർക്സ് രാഘവ് ബഹലിന്റെ നേതൃത്വത്തിലുള്ള ഡിജിറ്റൽ ബിസിനസ് ന്യൂസ് പ്ലാറ്റ്ഫോമായ ക്വിന്റില്യണ്‍ ബിസിനസ് മീഡിയയുടെ ഏകദേശം 49 ശതമാനം ഓഹരികൾ 47.84 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂർത്തിയാക്കി.
കഴിഞ്ഞ വർഷം മേയിൽ പ്രഖ്യാപിച്ച ഏറ്റെടുക്കൽ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ക്വിന്റില്യണ്‍ ബിസിനസ് മീഡിയ നടത്തുന്ന മാധ്യമസ്ഥാപനമാണ് ബ്ലൂംബെർഗ് ക്വിന്റ്. ഇത് നിലവിൽ ബിക്യു പ്രൈം എന്നാണറിയപ്പെടുന്നത്.
മുതിർന്ന മാധ്യമപ്രവർത്തകനായ സഞ്ജയ് പഗാലിയയാണ് അദാനി മീഡിയ വെഞ്ചേഴ്സിനെ നയിക്കുന്നത്. 2021 സെപ്റ്റംബറിലാണ് സഞ്ജയ് അദാനി മീഡിയ വെഞ്ചേഴ്സിന്റെ നേതൃസ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ വർഷം എൻഡിടിവിയുടെ 27.26 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ ഡിസംബർ 30 ന് ഡയറക്ടർ സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. മാധ്യമ സംരംഭത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള അദാനിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു സ്ഥാപനം റെയ്ഡ് ചെയ്യപ്പെടുന്പോഴെല്ലാം അത് അദാനി വാങ്ങുന്നുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടക്കത്തിൽ ചാഞ്ചാട്ടത്തിലായിരുന്നുവെങ്കിലും അനുകൂലമായ ആഗോള സൂചനകൾക്കിടയിൽ നേട്ടത്തോടെയാണ് അവസാനിച്ചത്. ആർബിഐ നയതീരുമാനങ്ങൾ വരും ആഴ്ചകളിൽ വിപണിയെ നയിക്കും.
ആർബിഐയുടെ മൂന്നു ദിവസത്തെ മോണിറ്ററി പോളിസി മീറ്റിംഗ് ഏപ്രിൽ മൂന്നിന് ആരംഭിക്കും. പ്രധാന നിരക്കുകളുടെ മാറ്റം ഏപ്രിൽ ആറിനു പ്രഖ്യാപിക്കും. ബാങ്കിംഗ് മേഖലയിലെ അപകടസാധ്യതകളെക്കുറിച്ചുള്ള ഭയം ശാന്തമായതാണ് ഇന്ത്യൻ ഓഹരികൾ ഉയരാൻ കാരണം.
സെൻസെക്സ് 58,000 ലും നിഫ്റ്റി 17,000 ലും എത്തി. സെൻസെക്സ് 346.37 പോയിന്റ് (0.6 ശതമാനം) ഉയർന്ന് 57,960.09 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 129 പോയിന്റ് (0.76 ശതമാനം) ഉയർന്ന് 17,080.70 ൽ ക്ലോസ് ചെയ്തു.
അദാനി എന്റപ്രൈസസും അദാനി പോർട്ട്സും യഥാക്രമം 9%, 7% കുതിച്ചു. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് എന്നിവയാണ് മറ്റ് പ്രധാന നേട്ടക്കാർ. ഇന്നത്തെ സെഷനിൽ യുപിഎല്ലും ഭാരതി എയർടെലും ഇടിഞ്ഞു. ഏഷ്യൻ പെയിന്റ്സ്, റിലയൻസ് എന്നിവയും നഷ്ടം രേഖപ്പെടുത്തി. എണ്ണ-പ്രകൃതിവാതക മേഖലയിലെ മന്ദഗതിയിലുള്ള പ്രകടനം ഒഴികെ, മറ്റെല്ലാ സൂചികകളും ഉയർച്ചയിലാണ് അവസാനിച്ചത്.
ബാങ്കിംഗ് ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു. ഓട്ടോ, ഐടി ഓഹരികളും ക്യാപിറ്റൽ ഗുഡ്സ്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ സ്റ്റോക്കുകൾ എന്നിവയും ഉയർന്നു. ബാങ്ക് നിഫ്റ്റി 342 പോയിന്റ് ഉയർന്നപ്പോൾ ബിഎസ്ഇ ബാങ്ക്സ് 479 പോയിന്റിലധികം മുന്നേറി.
പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഓട്ടോ, മീഡിയ, റിയാലിറ്റി എന്നിവയുമായി 13 പ്രധാന മേഖലാ സൂചികകളിൽ 12 എണ്ണം മുന്നേറി. എനർജി ഇൻഡക്സ് മാത്രമാണ് ഇന്നല ത്തെ സെഷനിൽ നഷ്ടത്തിൽ അവസാനിച്ച പ്രധാന മേഖല.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തൺ മേയ് ഒന്നിന്
കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ മേയ് ഒന്നിന് കൊച്ചിയിൽ നടക്കും. ക്ലിയോനെറ്റ്, സ്പോര്ട്സ്പ്രോ എന്നിവയുടെ സംയുക്ത സംരംഭമായ ക്ലിയോസ്പോര്‍ട്സിന്റെ ആഭിമുഖ്യത്തിലുള്ള മാരത്തണിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ഫ്ളാഗ് ഓഫ്. 42.195 കിലോമീറ്റര്‍ മാരത്തണ്‍, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ റണ്‍, 3 കിലോമീറ്റര്‍ ഗ്രീന്‍ റണ്‍ എന്നീ നാലു വിഭാഗങ്ങളിലായാണ് മത്സരം . വിനോദ ഓട്ടമായ ഗ്രീന്‍ റണ്ണില്‍ സ്കൂളുകള്‍, കോളജുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍, വനിതാ സംഘടനകള്‍, കോര്‍പറേറ്റ് ജീവനക്കാര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവർ പങ്കെടുക്കും.
കൊച്ചിയെ സ്പോര്‍ട്സ് ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക എന്നതാണ് മാരത്തണിന്റെ ദീര്‍ഘകാല ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് മാരത്തണിന്റെ ലോഗോ പ്രകാശനം ചെയ്തു.
കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമൻ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജിന്‍ എംഎല്‍എ, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കട്ടരാമന് വെങ്കിടേശ്വരന് തുടങ്ങിയവർ പങ്കെടുത്തു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.kochimarathon.in സന്ദര്‍ശിക്കുക.
അദാനി ഓഹരികളിൽ ഇപിഎഫ്ഒ വീണ്ടും നിക്ഷേപം നടത്തും
മുംബൈ: റിട്ടയർമെന്റ് ഫണ്ട് ബോഡിയായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) രണ്ട് അദാനി ഗ്രൂപ്പ് ഓഹരികളിൽ തുടർന്നും നിക്ഷേപം നടത്താൻ തീരുമാനിച്ചു.
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് 100 ബില്യണിലധികം യുഎസ് ഡോളറിന്റെ നഷ്ടം അദാനി ഗ്രൂപ്പിനുണ്ടായിരുന്നു. നിരവധി വലിയ നിക്ഷേപകർ അദാനി ഗ്രൂപ്പിൽനിന്നു തങ്ങളുടെ നിക്ഷേപം പിൻവലിക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഇപിഎഫ്ഒയുടെ നടപടി വലിയ വിമർശനത്തിനു വിധേയമായി.
അദാനി ഗ്രൂപ്പിന്റെ പ്രധാന കന്പനിയായ അദാനി എന്റർപ്രൈസസിലും അദാനി പോർട്സ് & സ്പെഷൽ ഇക്കണോമിക് സോണിലുമാണ് ഇപിഎഫ്ഒ നിക്ഷേപം നടത്തുന്നത്. അദാനി ഗ്രൂപ്പും ഓഹരികളും മുന്‍പെങ്ങുമില്ലാത്ത വിധം നഷ്ടം നേരിടുന്പോഴാണ് ഇത്. ഈ വർഷം സെപ്റ്റംബർ വരെയെങ്കിലും ഇപിഎഫ്ഒ, അദാനി ഓഹരികളിൽ ഇത്തരത്തിൽ നിക്ഷേപം നടത്തുമെന്നുമാണ് പുറത്തു വരുന്ന വിവരം. അദാനി ഓഹരികൾ തുടർച്ചയായി അസ്ഥിരമാണ്്.
അതിനിടെ ഇന്നലെ അദാനിയുടെ ഒാഹരികൾക്കു റിക്കാർഡ് തകർച്ചയുണ്ടായി. 50000 കോടിരൂപയുടെ നഷ്ടമാണ് അദാനിക്ക് ഇന്നലെ ഉണ്ടായിരിക്കുന്നത്. അദാനിയുടെ എല്ലാ ഒാഹരികളും ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് 7.06 ശതമാനമാണ് ഇടിഞ്ഞത്. അദാനി പോർട്സ് 5.66 ശതമാനം, അദാനി പവർ അഞ്ച് ശതമാനം, അദാനി ട്രാൻസ്മിഷൻ അഞ്ച് ശതമാനം, അദാനി ഗ്രീൻ എനർജി അഞ്ചു ശതമാനം, അദാനി ടോട്ടൽ ഗ്യാസ് അഞ്ച് ശതമാനം, അദാനി വിൽമർ 4.9 ശതമാനം, എൻഡി ടിവി 4.99 ശതമാനം എസിസിക്ക് 4.22 ശതമനം, അംബുജ സിമന്റ് 2.91 എന്നിങ്ങനെയാണ് അദാനിയുടെ മറ്റ് ഒാഹരികൾക്കുണ്ടായ തകർച്ച.
വിമർശിച്ച് രാഹുൽ
ഇപിഎഫ്ഒയുടെ തീരുമാനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ജനങ്ങളുടെ പണം എന്തിനാണ് അദാനിക്കു നൽകുന്നതെന്നാണ് രാഹുൽ ചോദിച്ചത്. ഇതിൽ നിന്നുതന്നെ മോദി-അദാനി കൂട്ടുകെട്ടു വ്യക്തമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. അതേസമയം, അദാനി കന്പനികളുടെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടില്ലെന്നു കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് വിവരങ്ങൾ പരസ്യപ്പെടുത്താത്തതെന്നും കേന്ദ്രം രേഖാമൂലം അറിയിച്ചു.
പുളിമൂട്ടിൽ സിൽക്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം 31ന്
തൃശൂർ: പുളിമൂട്ടിൽ സിൽക്സിന്റെ നവീകരിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം 31ന് മേയർ എം.കെ. വർഗീസ് നിർവഹിക്കുമെന്ന് ഡയറക്ടർമാരായ ജേക്കബ് എബ്രഹാം, ജേക്കബ് ജോൺ, ജേക്കബ് സ്റ്റീഫൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പാലസ് റോഡിലെ പഴയ ഷോറൂമിനോടു ചേർന്ന് 50,000 സ്ക്വയർഫീറ്റ് കെട്ടിടത്തിലാണു പുതിയ ഷോറൂം പ്രവർത്തിക്കുക. നിലവിലെ ഷോറൂമിന്റെ പകുതിയിലധികം വലിപ്പമുണ്ട് പുതിയഷോറൂമിന്.
ജയന്റ് വീൽ പാർക്കിംഗ്, വാലറ്റ് പാർക്കിംഗ്, അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് എന്നിങ്ങനെ വിശാലമായ പാർക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു വിവാഹ പർച്ചേസുകൾക്കു പ്രതേ്യക ആനൂകൂല്യങ്ങളും നൽകും.
ആദ്യമായി ഡൈയിംഗ് ഫാബ്രിക്സ് എക്സ്ക്ലൂസീവ് സെലക്ഷൻ, ഡിസൈൻ റണ്ണിംഗ് മെറ്റീരിയലുകൾ, സിൽക്ക്, ഷീഫോൺ, കോട്ടൺ മെറ്റീരിയലിൽ റെഡിമെയ്ഡ് സൽവാറുകൾ, ബ്രൈജൽ ലെഹംഗ, ഗൗൺ, വിപുലമായ സാരി ഫ്ലോറിൽ വെഡിംഗ് സാരികൾക്കു മാത്രമായി ബ്രൈഡൽ ലൗഞ്ച്, ഡിസൈനർ, സിൽക്ക്, കോട്ടൺ, ജ്യൂട്ട്, ടസർ സാരികളുടെ ശേഖരങ്ങൾ, പുരുഷന്മാർക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രതേ്യക ഗ്രൂം സ്റ്റുഡിയോയും, ബ്രാന്റഡ് തുണിത്തരങ്ങൾ, കുഞ്ഞുങ്ങൾക്കായി വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും ശേഖരം തുടങ്ങിയവ പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നാല് ശതമാനം ഓഹരികള്‍കൂടി സ്വന്തമാക്കി ഡോ. ആസാദ് മൂപ്പന്റെ കുടുംബം
കൊച്ചി: ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത വന്‍കിട സ്വകാര്യ ഇക്വിറ്റി നിക്ഷേപിത സ്ഥാപനങ്ങളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നാലു ശതമാനം ഓഹരികള്‍കൂടി ഡോ. ആസാദ് മൂപ്പന്റെ കുടുംബം സ്വന്തമാക്കി.
460 കോടി രൂപയുടെ അധിക നിക്ഷേപത്തിലൂടെ കമ്പനിയിലെ ഓഹരി പങ്കാളിത്തം 37.88 ശതമാനത്തില്‍നിന്ന് 41.88 ശതമാനമായി വര്‍ധിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഈ രംഗത്തെ വളര്‍ച്ചയിലുള്ള ആത്മവിശ്വാസവും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച രോഗികളോടും ജീവനക്കാരോടും തുടരുന്ന പ്രതിബദ്ധതയും കണക്കിലെടുത്താണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ ഓഹരികള്‍ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഉടമസ്ഥരെന്ന നിലയിലും മാനേജ്മെന്റ് തലത്തിലും ജിസിസി, ഇന്ത്യ എന്നിവിടങ്ങളിലെ ബിസിനസുകളില്‍ തുടര്‍ച്ചയായ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജോസ് ആലുക്കാസ്: മാധവൻ പാൻ ഇന്ത്യൻ അംബാസിഡർ
മുംബൈ: ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ പാൻ ഇന്ത്യൻ അംബാസിഡറായി നടൻ മാധവൻ . കീർത്തി സുരേഷാണ് മറ്റൊരു ബ്രാൻഡ് അംബാസഡർ. ഇരുവരും ബ്രാൻഡ് അംബാസിഡർമാരായ കരാർ മുംബൈയിൽ ഒപ്പു വെച്ചു.
ജോസ് ആലുക്കാസ് ബ്രാൻഡ് ഫിലോസഫിയുടെ ആശയം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനാണ് മാധവനെ തെരഞ്ഞെടുത്തതെന്നും സ്വർണത്തിലും ഡയമണ്ടിലുമുള്ള ജോസ് ആലുക്കാസിന്റെ ബ്രാൻഡുകളെ കീർത്തി സുരേഷ് തുടർന്നും പ്രതിനിധീകരിക്കുമെന്നും ചെയർമാൻ ജോസ് ആലുക്ക അറിയിച്ചു.
മുംബൈയിൽ നടന്ന ചടങ്ങിൽ ജോസ് ആലുക്കാസ് മാനേജിങ് ഡയറക്ടർമാരായ വർഗ്ഗീസ് ആലുക്ക, പോൾ ജെ ആലുക്ക, ജോണ്‍ ആലുക്ക എന്നിവർ ആർ. മാധവനും കീർത്തി സുരേഷുമായുള്ള കരാർ കൈമാറി.
മില്‍മ പാൽ ലിറ്ററിന് ഒരു രൂപ അധികം നല്‍കും
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്റെ ഹെല്പ് ടു ഫാര്‍മേഴ്സ് പദ്ധതിയുടെ ഭാഗമായി ക്ഷീര സംഘങ്ങളില്‍നിന്നു സംഭരിക്കുന്ന പാലിന് ലിറ്ററിന് ഒരു രൂപ വീതം അധികം നല്‍കും.
ഈസ്റ്റര്‍, വിഷു, റംസാന് പ്രമാണിച്ച് ഏപ്രില്‍ ഒന്നു മുതല്‍ മേയ് 15 വരെയാണ് ഈ പ്രോത്സാഹനവില നല്‍കുന്നതെന്ന് മേഖലാ യൂണിയന് ചെയര്മാന് എം.ടി.ജയന് അറിയിച്ചു.
എറണാകുളം, തൃശൂര്‍, ഇടുക്കി കോട്ടയം ജില്ലകളിലെ ആയിരത്തിലധികം ക്ഷീരസംഘങ്ങളിലെ കർഷകർക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയിലൂടെ പ്രതിദിനം 3.5 ലക്ഷം രൂപ പാല്‍വിലയില്‍ അധികമായി വിതരണം ചെയ്യും. 20 ഓളം കര്‍ഷക സഹായപദ്ധതികളും യൂണിയന് സംഘങ്ങള്‍ വഴി നടപ്പിലാക്കുന്നുണ്ടെന്നും ചെയര്മാന് പറഞ്ഞു.
ഒണീക്സ് എഡിഷന് വിപണിയില്‍
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ കുഷാഖിന്റെ ഒണീക്സ് എഡിഷന് വിപണിയിലിറക്കി. കുഷാഖിന്റെ നിലവിലെ വില കൂടിയ മോഡലുകളിലെ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഒണീക്സ്. വില 12,39,000 രൂപയാണ്.
‘ഡൈസണ്‍ പ്യൂരിഫയറുകൾ വായുമലിനീകരണം ചെറുക്കുമെന്ന് ’
കൊച്ചി: ഡൈസണ്‍ എയര്‍ പ്യൂരിഫയറുകൾക്ക് വായുവിലെ 99.95 ശതമാനം മലിനീകരണ കണങ്ങളെ പിടിച്ചെടുത്ത് ശുദ്ധവായു നല്‍കാനുള്ള ശേഷിയുണ്ടെന്ന് അധികൃതര്‍ അവകാശപ്പെട്ടു.
ഫോര്മാല്ഡിഫൈഡ് പോലുള്ള സാധാരണ മലിനീകരണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള സാങ്കേതിക വിദ്യയും ഇതിലുണ്ട്. വോയ്സ് കമാന്‍ഡ് വഴി ഡൈസണ്‍ പ്യൂരിഫയറുകള്‍ നിയന്ത്രിക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.
പള്‍സര്‍ എന്‍എസ് സീരീസ് അവതരിപ്പിച്ചു
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, പള്‍സര്‍ എന്‍എസ് സീരീസിൽ പുതിയ രണ്ടു ബൈക്കുകൾ അവതരിപ്പിച്ചു. പള്‍സര്‍ എന്‍എസ്200, പള്‍സര്‍ എന്‍എസ്160 എന്നിവയാണു അവതരിപ്പിച്ചത്. മെറ്റാലിക് പേള്‍ വൈറ്റ്, ഗ്ലോസി എബോണി ബ്ലാക്ക്, സാറ്റിന് റെഡ്, പ്യൂറ്റര്‍ ഗ്രേ എന്നീ നിറങ്ങളില്‍ ബൈക്കുകൾ ലഭിക്കും. രണ്ടു ബൈക്കുകളിലും ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിട്ടുണ്ട്.
ചൂട് തടയുന്ന ജനലുകളുമായി സ്റ്റാർട്ടപ്
കൊച്ചി : വീടുകളിലേയും കെട്ടിടങ്ങളിലേയും ചൂട് കുറയ്ക്കാനും അതിലൂടെ ഊർജ ഉപഭോഗം നിയന്ത്രിക്കാനും കഴിയുന്ന പ്രത്യേക ചില്ല് ജനലുകൾ വികസിപ്പിച്ച് സ്റ്റാർട്ടപ് കമ്പനിയായ യെസ് വേള്‍ഡ്. ഇരട്ട പാളികളുള്ള ഗ്ലാസും സാൻഡ്വിച്ച് ഗ്ലാസും ഉൾപ്പെടുന്ന ജനലിന് സൂര്യതാപത്തെ തടയുന്നതിൽ പേറ്റന്റുണ്ട്.
ബ്ലോക് ചെയിൻ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് ടെക് സ്റ്റാർട്ടപ്പാണു യെസ് വേള്‍ഡ്.
സെല്‍ഫി ഷാമ്പൂ ഹെയര്‍ കളറുമായി ഗോദ്റെജ്
കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് 15 രൂപ വിലയില്‍ ഗോദ്റെജ് സെല്‍ഫി ബ്രാന്‍ഡില്‍ ഷാമ്പൂ ഹെയര്‍ കളര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേകം അവതരിപ്പിക്കുന്ന ഇത് 5-മിനിറ്റ് അതിവേഗ ഷാമ്പൂ ബ്രാന്‍ഡാണ്.
പെപ്സിയെയും കോക്കിനെയും വെല്ലുവിളിച്ച് കാന്പ കോളയുമായി റിലയൻസ്
മുംബൈ: ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുടെ റിലയൻസ് ശീതളപാനീയ ബ്രാൻഡുകളായ പെപ്സികോയ്ക്കും കൊക്കകോളയ്ക്കും വെല്ലുവിളി ഉയ ർത്തി കാന്പ കോളയെ പുനരുജീവിപ്പിക്കാൻ തീരുമാനിച്ചു.
നേരത്തേ ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്യുവർ ഡ്രിങ്ക്സ് ഗ്രൂപ്പിൽ നിന്ന് ശീതളപാനീയ ബ്രാൻഡായ കാന്പയെ റിലയൻസ് ഏറ്റെടുത്തിരുന്നു.
കൂടാതെ ഗുജറാത്തിൽ പ്രവർത്തിക്കുന്ന സോസ്യോ ഹജൂരി ബിവറേജസിന്റെ 50 ശതമാനം ഓഹരിയും റിലയൻസ് വാങ്ങിയിരുന്നു. കാന്പ കോള, കാന്പ ലെമണ്‍, കാന്പ ഓറഞ്ച് എന്നീ ഫ്ളേവറുകളിലാണ് ഇവ വിപണിയിൽ എത്തുക.
പെപ്സിയും കൊക്കകോളയും അടക്കിവാഴുന്ന വിപണിയിൽ നിന്ന് 4.6 ബില്യണ്‍ ഡോളർ വരെ വരുമാനം നേടാനും 2027 വരെ പ്രതിവർഷം അഞ്ചുശതമാനം വളർച്ച കൈവരിക്കാനുമാകുമെന്ന് റിലയൻസ് കണക്കു കൂട്ടുന്നു.
പയറ്റുന്നത് വിലകുറയ്ക്കൽ തന്ത്രം
അമേരിക്കൻ ബ്രാൻഡുകൾ അരങ്ങുവാഴുന്ന ശീതളപാനീയ വിപണിയെ കൈപ്പിടിയിലൊതുക്കാൻ ടെലികോം മേഖലയിലെ മുന്നേറ്റത്തിന് തിരഞ്ഞെടുത്ത അതേ മാർഗമാണു റിലയൻസ് ഇത്തവണയും സ്വീകരിക്കുന്നത്. അതേ പഴയ തന്ത്രംതന്നെ. വില കുറയ്ക്കൽ.
കാന്പ കോള ഉത്പാദിപ്പിക്കുന്നതിന് സ്വന്തമായി ചില ഫാക്ടറികൾ സ്വന്തമായും സംയുക്ത സംരംഭങ്ങൾ എന്ന നിലയിലും തുറക്കാനും ഹോട്ടലുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും ഇൻഫ്ലൈറ്റ് വില്പനയിലേക്കും കാന്പ കോളയെ കൊണ്ടുപോകാനുമാണ് റിലയൻസിന്റെ പദ്ധതി.
ഇൻസ്റ്റോർ വിലകളിൽ റിലയൻസ് വലിയ ഇളവ് നൽകും.
രണ്ട് ലിറ്റർ കാന്പ കോള ബോട്ടിലിന് കടകളിൽ 49 രൂപയാണ് റിലയൻസ് കണക്കുകൂട്ടുന്നത് (60 യുഎസ് സെന്റ്). ബോട്ടിലിൽ പതിച്ചിരിക്കുന്ന ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ ഏകദേശം 50 ശതമാനം കിഴിവ്, 2.25 ലിറ്റർ കോക്ക്, പെപ്സി ബോട്ടിലുകളേക്കാൾ മൂന്നിലൊന്ന് കുറവാണ്. കാന്പ കോളയുടെയും കൊക്കകോളയുടെയും ഏറ്റവും ചെറിയ കുപ്പികൾക്ക് 10 രൂപയും പെപ്സിക്ക് 12 രൂപയുമാണ് നിലവിലെ വില.
ഐപിഎൽ ടീമുകളെ പങ്കാളികളാക്കും
വരാനിരിക്കുന്ന ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ കാന്പ കോളയുടെ വിപുലമായ ബ്രാൻഡ് പ്രൊമോഷനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. കുറഞ്ഞത് മൂന്നു ടീമുകളെ ബ്രാൻഡ് പ്രൊമോഷനിൽ പങ്കാളിയാക്കാനും ചർച്ചകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വിപണിയിൽ പുതിയ എതിരാളികൾ ഉള്ളത് ഉത്പാദനം കൂടുതൽ വികസിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് കന്പനി വ്യക്തമാക്കിയിട്ടുണ്ട്.
റിലയൻസിന്റെ കോള, കണ്‍സ്യൂമർ ഗുഡ്സ് വിഭാഗങ്ങളെ നയിക്കുന്നത് ടി. കൃഷ്ണകുമാറാണ്. മുൻപ് കൊക്ക കോള കന്പനിയിലായിരുന്ന കൃഷ്ണകുമാർ 17 വർഷത്തോളം വിവിധ ഉർന്ന പദവികൾ വഹിച്ച ശേഷം 2021 ൽ റിലയൻസിൽ ചേരുകയായിരുന്നു.
വില കുറയ്ക്കുന്ന തന്ത്രം ഹോം കെയർ വിഭാഗത്തിലും
വ്യക്തിഗത, ഹോം കെയർ വിഭാഗത്തിലും വിലകുറയ്ക്കൽ തന്ത്രം പയറ്റാൻ റിലയൻസ്. റിലയൻ ലക്ഷ്യംവയ്ക്കുന്നത് ഹിന്ദുസ്ഥാൻ യുണിലിവർ, റെക്കിറ്റ്, നെസ്ലെ തുടങ്ങിയ ബ്രാൻഡുകളെയാണ്. ഉത്പന്നങ്ങൾ 30 മുതൽ 35 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് റിലയൻസ് വാഗ്ദാനം ചെയ്യുന്നു.
ജിയോ മാർട്ടിലൂടെയാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുക. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഗുഡ്സ് വിഭാഗത്തിലുൾപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ, വ്യക്തിഗത പരിചരണം, ഹോം കെയർ സ്പേസ് എന്നീ വിഭാഗങ്ങളിലാണ് വിലക്കുറവ് ലഭിക്കുക.
നിലവിൽ ഈ മേഖല ഭരിക്കുന്നത് ഹിന്ദുസ്ഥാൻ യുണിലിവറാണ് (എച്ച്യുഎൽ). രാജ്യത്തെ ഏറ്റവും വലിയ ബ്യൂട്ടി സോപ്പും ഡിഷ് ബാർ ബ്രാൻഡുകളും എച്ച് യുഎലിനു സ്വന്തമാണ്. എച്ച് യുഎലിന്റെ ലക്സ്, ഡോവ്, പിയേഴ്സ്, ലൈഫ്ബോയ് എന്നിവ സൗന്ദര്യ സോപ്പ് വിപണിയിൽ ആധിപത്യം പുലർത്തുന്നു. ഡിഷ് വാഷർ രംഗത്ത് വിം ബാറും ഒന്നാമതാണ്.
ഇവിടേയ്ക്കാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് (ആർആർവിഎൽ) തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തുന്നത്. റിലയൻസ് തങ്ങളുടെ ഉത്പന്നങ്ങളായ ഗ്ലിമ്മർ ബ്യൂട്ടി സോപ്പുകൾ, ഗെറ്റ് റിയൽ നാച്ചുറൽ സോപ്പുകൾ, പ്യൂരിക് ഹൈജീൻ സോപ്പുകൾ എന്നിവയ്ക്ക് 25 രൂപയാണ് വിലയിട്ടിരിക്കുന്നത്. വിപണിയിൽ ഇവയോട് മത്സരിക്കുന്ന ലക്സ് സോപ്പിന്റെ വില 100 ഗ്രാമിന് 35 രൂപയും ഡെറ്റോൾ സോപ്പിന് 75 ഗ്രാമിന് 40 രൂപയും സന്തൂർ സോപ്പിന് 100 ഗ്രാമിന് 34 രൂപയുമാണ് വില.
ഹോ കെയർ വിഭാഗത്തിലും വിലകുറച്ച് ഉത്പന്നങ്ങൾ റിലയൻസ് മാർക്കറ്റിലെത്തിക്കും. വാഷിംഗ് മെഷിനിൽ ഉപയോഗിക്കുന്ന സർഫ് എക്സൽ മാറ്റിക്കിന്റെ രണ്ടു ലിറ്റർ പായ്ക്കിന് വില 325 രൂപയാണെങ്കിൽ ജിയോ മാർട്ടിൽ ലഭിക്കുന്ന ആർആർവിഎല്ലിന്റെ എൻസോ രണ്ടു ലിറ്റർ ഡിറ്റർജന്റിന്റെ വില 250 രൂപ മാത്രമാണ്.
എൻസോയുടെ സാധാരണ സോപ്പുപൊടിക്ക് ജിയോ മാർട്ടിൽ 149 രൂപയാണ് വില. ഡിഷ് വാഷ് വിഭാഗത്തിലും റിലയൻസ് മത്സരത്തിനിറങ്ങുന്നു. ഡിഷ് വാഷ് വിഭാഗത്തിൽ, 5, 10, 15 രൂപയ്ക്ക് സോപ്പുകളും 10, 30, 45 രൂപയ്ക്ക് ലിക്വിഡ് ജെൽ പായ്ക്കുകളും റിലയൻസ് പുറത്തിറക്കിയിട്ടുണ്ട്. എച്ച് യു എലിന്റെ വിം ബാർ, ജ്യോതി ലാബിന്റെ എക്സോ, പ്രിൽ എന്നിവയുമായാണ് റിലയൻസ് മത്സരിക്കുന്നത്. എൻസോ ഡിറ്റർജന്റ് ബാറുകളുടെ വില റിലയൻസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,475 രൂപയും പവന് 43,800 രൂപയുമായി.
സ്വര്‍ണവ്യാപാരികള്‍ സമരത്തിലേക്ക്
കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ നിലവിലുള്ള നാല് ഹാള്‍ മാര്‍ക്കിംഗ് മുദ്ര മായ്ച്ച് പുതിയ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍(എച്ച് യുഐഡി) നമ്പര്‍ പതിക്കണമെന്ന കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സ്വര്‍ണ വ്യാപാരികള്‍ സമരത്തിന്.
ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ആല്‍ഫ ന്യൂമറിക്ക് നമ്പര്‍ (എച്ച് യുഐഡി) പതിച്ചത് മാത്രമേ വില്പന നടത്താന്‍ പാടുള്ളൂ എന്ന് കേന്ദ്ര ഉപഭോക്ത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിലുള്ള നാല് മുദ്രകള്‍ പതിച്ച ആഭരണങ്ങള്‍ വില്‍ക്കാനാവില്ല . ഇത് വ്യാപാരത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ടാറ്റ റെഡ് ഡാര്‍ക്ക് എസ്യുവികൾ അവതരിപ്പിച്ചു
കൊച്ചി: മുന്‍നിര ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് പ്രീമിയം എസ്യുവികളായ നെക്സണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ റെഡ് ഡാര്‍ക്ക് ശ്രേണി അവതരിപ്പിച്ചു.
സഫാരി, ഹാരിയര്‍, നെക്സോണ്‍ എന്നിവയുടെ റെഡ് ഡാർക്ക് മോഡലുകൾക്ക് യഥാക്രമം 15.65 ലക്ഷം, 14.99 ലക്ഷം, 7.79 ലക്ഷം എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.ബിഎസ് 6 ഫേസ് 2 ശ്രേണിയിലുള്ള വാഹനമാണ് അവതരിപ്പിച്ചിട്ടുള്ളത്.
എയര്‍ടെല്‍ 5ജി പ്ലസ് 500 നഗരങ്ങളില്‍
കൊച്ചി: മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ 235 നഗരങ്ങളില്‍ കൂടി അള്‍ട്രാ ഫാസ്റ്റ് 5ജി സേവനങ്ങള്‍ അവതരിപ്പിച്ചു. ഇതോടെ രാജ്യത്ത് എയര്‍ടെല്‍ 5ജി പ്ലസ് സേവനം ലഭിക്കുന്ന നഗരങ്ങളുടെ എണ്ണം 500 ആയി. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ഇപ്പോള്‍ ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
മെര്‍സിലീസ് ഫ്രൂട്ട് ഡിവിഷന് ആരംഭിച്ചു
കൊച്ചി: ഐസ്ക്രീം ബ്രാന്‍ഡായ മെര്‍സിലീസ് ഗ്രൂപ്പ് ഒരു വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി പഴങ്ങളുടെ പള്‍പ്പ് തയാറാക്കി വിപണിയിലെത്തിക്കുന്ന മെര്‍സിലീസ് ഫ്രൂട്ട് ഡിവിഷന് പ്രവര്‍ത്തനം ആരംഭിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മെര്‍സിലീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് എം. കടമ്പുകാട്ടില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചസാര ചേര്‍ക്കാത്ത 100 ശതമാനം ഫ്രൂട്ട് പള്‍പ്പും ഫ്രോസണ്‍ ഫ്രൂട്ടുകളുമാണ് ഇതിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തും ഉത്പന്നങ്ങള്‍ സുലഭമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊപ്രയും വെളിച്ചെണ്ണയും വിലത്തകർച്ചയിൽത്തന്നെ; സ്വർണ വിപണിയിൽ ചാഞ്ചാട്ടം
നാളികേരക്കർഷകർ മുപ്പതു ലക്ഷത്തിലധികമുണ്ടെങ്കിലും അവരുടെ ഉന്നമനത്തിനു പ്രാഥമിക പരിഗണനപോലും ഭരണകൂടം നൽകുന്നില്ല. ഈ അനാസ്ഥ തുടങ്ങിയിട്ടു വർഷം രണ്ടായി. കർഷകർക്ക് അവരുടെ ഉത്പന്നത്തിനു മികച്ച വില ലഭിക്കാൻ അവകാശമുണ്ട്. അതിനുള്ള സാഹചര്യവും നിലവിലുണ്ട്. കർഷകപ്രേമം വാക്കിൽ മാത്രമായി ഒതുങ്ങുന്നതാണ് പ്രശ്നം. നിലവിൽ ഉയരുന്ന രണ്ടു ചോദ്യങ്ങളുണ്ട്. എന്തടിസ്ഥാനത്തിലാണ് കൃഷി വകുപ്പ് കൊപ്ര സംഭരണം ഉടനാരംഭിക്കാൻ ഡിസംബറിൽ കേന്ദ്ര കൃഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടത് ? പുതുക്കിയ വിലയ്ക്കു കർഷകരിൽനിന്നു ചരക്കു സംഭരിക്കാനായിരുന്നോ? അതോ കർഷകനെ മുൻനിർത്തി രാഷ്ട്രീയം പയറ്റിയതോ?
കഴിഞ്ഞ വർഷം ആറു ജില്ലകളിലായി വിവിധ ഏജൻസികൾ പച്ചത്തേങ്ങ സംഭരിച്ചിരുന്നു. സംഭരണം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാനുള്ളത് ലക്ഷങ്ങളാണ്. കുടിശിക തീർക്കാതെ വീണ്ടും സംഭരിക്കാനുള്ള തീരുമാനം ഫലത്തിൽ ഗുണം ചെയ്യില്ല. കഴിഞ്ഞ തവണത്തെ കൊപ്ര സംഭരണം വലിയ പരാജയമായിരുന്നു. കുടിശിക നിലനൽക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിൽ കർഷകർക്കു പ്രതീക്ഷയേയില്ലെന്നു പറയാം. കാര്യങ്ങൾ ഇത്തരത്തിലാണു പോകുന്നതെങ്കിൽ ഒന്നുറപ്പിക്കാം; ബഹുരാഷ്ട്ര കൊപ്രയാട്ട് വ്യവസായികളുടെ ലോബി ഭരണകൂടത്തിലും പിടിമുറുക്കുന്നു. അവർക്ക് താഴ്ന്നവിലയ്ക്കു ചരക്കു കൈക്കലാക്കാൻ അവസരം ലഭിച്ചിരിക്കുന്നു.
എതാണ്ട് എല്ലാ വിപണികളിലും വെളിച്ചെണ്ണയും കൊപ്രയും വിലത്തകർച്ചയിൽത്തന്നെയാണ്. ഉത്സവദിനങ്ങൾ മുന്നിലുള്ളപ്പോഴും ഉയർത്തെഴുന്നേൽക്കാൻ നാളികേര മേഖലയ്ക്കു കഴിഞ്ഞിട്ടില്ല. താങ്ങുവിലയേക്കാൾ താഴെയാണ് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വിലയെന്നോർക്കണം.
വെളിച്ചെണ്ണ 13,000 രൂപയായും കൊപ്ര 8350 രൂപയായും താഴ്ന്നു. അയായത് താങ്ങ് വിലയിലും 2510 രൂപ കുറവ്.
തേയില
തേയില കയറ്റുമതിരംഗത്തു പുതിയ പ്രതിസന്ധി തലയുയർത്തുന്നു. ഇറക്കുമതിക്കാർ കരാറുകളിൽ നിന്നു പിൻവലിയുന്നു. ഇത് സ്ഥിതിഗതികൾ സങ്കീർണമാക്കുമെന്ന ആശങ്കയിലാണു കയറ്റുമതിസമൂഹം. ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങി. കൊച്ചി ലേലത്തിൽ ഓർത്തഡോക്സ് ഇനങ്ങളുടെ വില കിലോഗ്രാമിന് ഏഴു മുതൽ പത്തു രൂപവരെ ഇടിഞ്ഞു.
കാലാവസ്ഥയിലെ മാറ്റങ്ങളെത്തുടർന്നു കേരളത്തിൽ തേയില ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലുള്ള വിലയിടിവ് ചെറുകിട കർഷകരെ കുറച്ചൊന്നുമല്ല സമ്മർദത്തിലാക്കുന്നത്.
കൊളുന്ത് വില കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞത് ഇടുക്കിയിലെ കർഷകരെ സാന്പത്തിക പ്രതിസന്ധിയിലേക്കു തള്ളിവിടും. ഏറ്റവും മികച്ച തേയില ഉത്പാദിപ്പിച്ചിട്ടും ഉയർന്ന വില ലഭിക്കാതെ സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനിടെ, അയൽസംസ്ഥാനത്തനിന്നു നിലവാരം കുറഞ്ഞ കൊളുന്ത് ഇടുക്കിയിൽ വില്പനയ്ക്കിറങ്ങുന്നുമുണ്ട്. പുതുവർഷാരംഭത്തിലെ മഞ്ഞുവീഴ്ചയിലും പകലത്തെ കനത്ത വെയിലിലും കൊളുന്ത് കരിഞ്ഞതു ചെറിയ നഷ്ടമൊന്നുമല്ല കർഷകർക്കു വരുത്തിയത്.
റബർ
ഒറ്റപ്പെട്ട വേനൽമഴയ്ക്കു ഭൂമിയെ തണുപ്പിക്കാനായില്ല. കാത്തിരുന്ന കർഷകർ നിരാശയിലായി. ഉത്പാദന കേന്ദ്രങ്ങളിൽ റബർ സ്റ്റോക്കില്ലെന്ന് വ്യവസായികൾക്കു നന്നായി അറിയാം. എന്നിരുന്നാലും നിരക്ക് ഉയർത്താതെ സ്റ്റോക്കിസ്റ്റുകളെ വിപണിയിലെത്തിക്കാനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. മാസാരംഭം മുതൽ 14,300 റേഞ്ചിൽ നാലാം ഗ്രേഡ് റബറിനെ അവർ തളച്ചിട്ടിരുന്നു. ഈ വിലയ്ക്ക് ചരക്കു ലഭിക്കില്ലെന്നു ബോധ്യപ്പെട്ടതോടെ 14700 രൂപവരെ ഉയർത്തി. എന്നാൽ, ഈ വിലയ്ക്കും വില്പനക്കാരുടെ പ്രതികരണം കുറവാണ്.
നാലാം ഗ്രേഡിനു പിന്നാലെ അഞ്ചാം ഗ്രേഡ് റബർ 14,500 ലേയ്ക്കും ഉയർന്നു. ഇതിനിടയിൽ ഒട്ടുപാലിനു വില ഉയർന്നു. 9000 രൂപയിൽനിന്ന് 9800 വരെ ഉയർന്നു. ഇതിനിട നിരക്ക് 10,000 മറികടക്കുമെന്ന പ്രചാരണം വിപണിയിൽ പരന്നു. എന്നാൽ, ആ പ്രചാരണത്തിനു പിന്നിലും ചില വൻശക്തികൾ തന്നെ. ലക്ഷ്യം വൻതോതിലുള്ള ഒട്ടുപാൽ ശേഖരണം. ഉത്പാദകരിൽ പരിഭ്രാന്തി പരത്തി കിട്ടാവുന്ന ചരക്കത്രയും അവർ വാങ്ങിക്കഴിഞ്ഞു. ഇനി സ്റ്റോക്ക് വ്യവസായികൾക്ക് മറിച്ചാൽമതി. അതിനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ലാറ്റക്സിനു് വില ഉയർന്നു. മാസാരംഭത്തിൽ 8800 രൂപയായിരുന്നത് ഇതിനകം 9400 വരെ ഉയർന്നു.
സ്വർണം
സ്വർണവില വീണ്ടും കയറി. ഇറങ്ങി. പവൻ റെക്കോർഡായ 44,240 രൂപയിൽ നിന്നും 43,840 വരെ താഴ്ന്ന ശേഷമുള്ള തിരിച്ചു വരവിൽ 44,000 ലേയ്ക്ക് ഉയർന്നെങ്കിലും ശനിയാഴ്ച പവൻ 43,880 ലേക്ക് താഴ്ന്നു. രണ്ടുതവണ കൂടി അത്രയും തവണ കുറഞ്ഞു.
മൂന്നാമത്തെ ആഴ്ചയും ഒാഹരിവിപണി തകർച്ചയിൽ
നിക്ഷേപകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഓഹരി സൂചിക തകർച്ചയിൽത്തന്നെ. വിപണിയിലെ തകർച്ച തടയാൻ എല്ലാ ശ്രമങ്ങളും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നടത്തി. പക്ഷേ, അതൊന്നും ഫലവത്തായില്ല. തുടർച്ചയായ മൂന്നാം വരത്തിലും സെൻസെക്സ് 462 പോയിന്റും നിഫ്റ്റി 155 പോയിന്റും ഇടിഞ്ഞു.
നിഫ്റ്റി 16,790 ലെ നിർണായക താങ്ങ് നിലനിർത്തിയെങ്കിലും മുൻവാരത്തിലെ 17,100 ൽ നിന്നു 17,204 വരെയെ എത്തിയുള്ളൂ. കഴിഞ്ഞവാരം സൂചിപ്പിച്ച 17,340 പോയിന്റിലേക്കെത്താൻ വില്പനക്കാർ അനുവദിച്ചില്ല. ഒരവസരത്തിൽ 16,839 വരെ തകർന്നിരുന്നു. പിന്നീട് നിഫ്റ്റി 16,945 വരെയെത്തി ക്ലോസ് ചെയ്തു. അതായത് 17,000 ലെ താങ്ങ് നിലനിർ
ത്തുന്നതിൽ ബുൾ ഇടപാടുകാർക്കു നേരിട്ട തിരിച്ചടിയിൽ 155 പോയിന്റ് പ്രതിവാര നഷ്ടം. ഈ വാരം 17,153 ലെ പ്രതിരോധം മറികടക്കാനുള്ള നീക്കം വിജയിച്ചാൽ ഏപ്രിലിൽ സൂചിക 17,361 നെ ലക്ഷ്യമാക്കും. അതേസമയം ആദ്യ താങ്ങായ 16,788 ൽ കാലിടറിയാൽ 16,631-16,266 ലേക്ക് തകരുകയും ചെയ്യാം. ഫ്യൂച്ചർ ആൻഡ് ഓപ്ഷനിലെ ഇടപാടുകാർ വലിയതോതിലുള്ള തിരുത്തൽ പ്രതീക്ഷിക്കുന്നുണ്ട്. മാർച്ച് ഫ്യൂച്ചേഴ്സ് ഒരു ശതമാനത്തിലധികം താഴ്ന്നു 16,955 ലാണ്.
മൂല്യം കുറഞ്ഞതിനൊപ്പം ഒരാഴ്ചയിൽ ഓപ്പണ്‍ ഇന്ററസ്റ്റ് 153 ലക്ഷത്തിൽ നിന്നും 169 ലക്ഷം കരാറായി ഉയർന്നുകഴിഞ്ഞു. അതായത് ഷോർട്ട് പൊസിഷനുകളുടെ വർധന സമ്മർദം സൃഷ്ടിക്കാം.
സെൻസെക്സ് 57,989 പോയിന്റിൽ നിന്നു 57,080 റേഞ്ചിലേക്ക് ആദ്യം വീണെങ്കിലും പിന്നീട് 58,400 പോയിന്റുവരെ തിരിച്ചുവന്നു. ഇതിനിടയിൽ വിദേശത്ത്നിന്നുള്ള പ്രതികൂല വാർത്തകൾ (ബാങ്കുകളുടെ തകർച്ചകൾ) ഓപ്പറേറ്റർമാരെ വില്പനത്തോത് ഉയർത്താൻ പ്രേരിപ്പിച്ചു. ഇതോടെ തകർച്ചയുടെ തോത് ഉയർന്നു. 57,422 പോയിന്റുവരെ താഴ്ന്നു. 57,527 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 56,934 പോയിന്റിലെ ആദ്യ താങ്ങ് നിലനിർത്തി 58,268 വരെ ഉയരാനുള്ള സാധ്യതയുണ്ട്. സാഹചര്യം പ്രതികൂലമായാൽ 56,341 വരെയെത്താം.
വിദേശ ഫണ്ടുകൾ 6716 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞ വാരം വിറ്റു. ആഭ്യന്തര ഫണ്ടുകളാകട്ടെ 9432 കോടി രൂപയുടെ ഓഹരികൾ വാങ്ങി വിപണിയെ ഉയർത്താൻ ശ്രമിച്ചു. പക്ഷേ, പ്രതീക്ഷിച്ചയത്ര ഉയർന്നില്ലെന്നു മാത്രം.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 82.55 ൽ നിന്നും 82 വരെ ഉയർന്നു കരുത്തുകാട്ടി. എന്നാൽ, അമേരിക്ക-ഇംഗ്ലണ്ട്-ഗൾഫ് രാജ്യങ്ങൾ പലിശ ഉയർത്തിയതോടെ 82.30 ലേക്ക് മൂല്യം താഴ്ന്നു. വരുന്ന ആഴ്ചയിൽ 82.86 ലേക്കും തുടർന്ന് 83.40 വരെയും മൂല്യം തകരാം. പിന്നിട്ടവർഷം ഡോളറിനുമുന്നിൽ പത്തു ശതമാനം മൂല്യത്തകർച്ച നേരിട്ട രൂപ ഈ വർഷം അലപം മികവിലാണെന്നു പറയാം. ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ ആശങ്കകളെ മുൻനിർത്തി ഇന്ത്യൻ ബാങ്കുകളും കരുതിയിരിക്കണമെന്നും ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്നും ധനമന്ത്രാലയം നൽകിയ സൂചന കണക്കിലെടുത്താൽ രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടത്തിനുള് സാധ്യതയുണ്ട്. സർക്കാർ ബോണ്ടുകളിലുള്ള നിക്ഷേപങ്ങളെക്കുറിച്ച്് ധനമന്ത്രാലയം ഇതിനകംതന്നെ മുൻനിര ബാങ്കുകളോട് വിശദീകരണം ചോദിച്ചുകഴിഞ്ഞു.
യുഎസ് ഫെഡറൽ റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തിയതിനു പിന്നാലെ ഏപ്രിൽ മൂന്നിന് തുടങ്ങുന്ന വായ്പാ അവലോകനത്തിൽ ആർബിഐയും പലിശനിരക്കിൽ ഭേദഗതി വരുത്താനുള്ള സാധ്യതയുണ്ട്. നാണയപ്പെരുപ്പം ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യം കണക്കിലെടുത്താൽ ജൂണിനു മുന്‍പുതന്നെ ലോകത്താകമാനം പലിശനിരക്കുയർത്താനുള്ള സാധ്യതയാണ് കാണുന്നത്.
ആഗോള സ്വർണവിപണിയിലെ തിളക്കം നിലനിൽക്കുകയാണെങ്കിലും ഫണ്ടുകൾ പുതിയ ബയിംഗിനുള്ള ആവേശം കുറച്ചിട്ടുണ്ട്. ന്യൂയോർക്കിൽ 1990 ഡോളറിൽ നീങ്ങിയ സ്വർണം 1934 ഡോളറിൽ എന്നിനിൽക്കുകയാണ്. പിന്നീട്, ബുൾ ഇടപാടുകാർക്ക് വിപണിയെ 2004 ഡോളർ വരെയേഎത്തിക്കാനായുള്ളൂ. തൊട്ട് മുൻവാരത്തിലെ ഉയർന്ന വില 2014 ഡോളറായിരുന്നു എന്നോർക്കണം. അതായത് 2000 ഡോളറിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഫണ്ടുകൾ നീക്കം തുടങ്ങിയെന്നു കരുതാം. പിന്നിട്ടവാരം 12 ഡോളർ നഷ്ടം ട്രോയ് ഒൗണ്‍സിന് നേരിട്ട സ്വർണം ക്ലോസ് ചെയ്തത് 1978 ഡോളറിലാണ്. 1924 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം 2014 ലെ പ്രതിരോധവും തകർത്ത് 2080 വരെ സഞ്ചരിക്കാനുള്ള സാധ്യതയുമുണ്ട്.
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക്) മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ നിന്നു കിഴിവായി അവകാശപ്പെടാം. 60 വയസിൽ താഴെയുള്ള വ്യക്തികൾക്ക് 25000 രൂപ കിഴിവു ലഭിക്കും. സ്വന്തം മെഡിക്കൽ ചെലവുകൾക്കും കുടുംബാംഗങ്ങളുടെ ചെലവിലേക്കുമുള്ള പോളിസികൾ ഒരുമിച്ചെടുക്കാവുന്നതാണ് ഗവണ്മെന്റിന്റെ ഹെൽത്ത് സ്കീമിലേക്ക് അടക്കുന്ന പണവും മെഡിക്കൽ പോളിസിയിൽ ഉൾപ്പെടുത്താം.
മാതാപിതാക്കൾക്കു വേണ്ടിയുള്ള പോളിസികൾ
മാതാപിതാക്കൾക്കുവേണ്ടി പ്രത്യേക പോളിസി എടുത്താൽ അധികമായി 25000 രൂപയുടെ കൂടി കിഴിവ് ലഭിക്കും. ഇതിന് മാതാപിതാക്കൾ ആശ്രിതരാവണമെന്നില്ല. മാതാപിതാക്കളിൽ ആർക്കെങ്കിലും 60 വയസ് കഴിഞ്ഞിട്ടുണ്ടെങ്കിൽ 50000 രൂപ വരെ കിഴിവ് ലഭിക്കും. ഇവർ ഇന്ത്യയിൽ റെസിഡന്റ് ആയിരിക്കണം.
ഹെൽത്ത് ചെക്കപ്പിന് 5000 രൂപ കിഴിവ്
സ്വന്തമായിട്ടുള്ളതോ കുടുംബാംഗങ്ങളുടെയോ മാതാപിതാക്കളുടെയോ പ്രിവന്റീവ് മെഡിക്കൽ ചെക്കപ്പുകൾക്ക് 5000 രൂപ വരെ നികുതിക്കുമുന്പുള്ള വരുമാനത്തിൽ കിഴിവ് ലഭിക്കും. എന്നാൽ ഇത് നേരത്തെ സൂചിപ്പിച്ച 25000 - 50000 രൂപയിൽ ഉൾപ്പെടുത്തിയാണു കിഴിവ്. മേൽതുകയിൽ അധികമായി കിഴിവ് ലഭിക്കില്ല. പ്രിവന്റീവ് ചെക്കപ്പിനായി ചെലവഴിക്കുന്ന തുക കാഷായോ ചെക്കായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ നടത്താം. 80 ഡി വകുപ്പിൽ കാഷായി ചെലവാക്കാവുന്ന ഏക തുക പ്രിവന്റീവ് ചെക്കപ്പിന് വേണ്ടി മാത്രമാണ്. മറ്റുള്ള ചെലവുകൾ ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ നടത്തിയിരിക്കണം. അല്ലാത്തപക്ഷം കിഴിവ് ലഭിക്കില്ല.
മുതിർന്ന പൗരന്മാരുടെ മെഡിക്കൽ ചെലവുകൾ
ആരോഗ്യ ഇൻഷ്വറൻസ് എടുത്തിട്ടില്ലാത്ത മുതിർന്ന പരന്മാർക്ക് 50,000 രൂപ വരെയുള്ള മെഡിക്കൽ ചെലവുകൾക്ക് ആദായനികുതി നിയമം 80 ഡി അനുസരിച്ച് കിഴിവ് ലഭിക്കും. മരുന്നുകൾക്കും ചികിത്സക്കും കണ്‍സൾട്ടേഷനും വേണ്ടിവരുന്ന തുക മെഡിക്കൽ ചെലവുകളിൽ ഉൾപ്പെടുത്താം. മെഡിക്കൽ ചെലവുകൾക്കായി ചെലവാക്കുന്ന പണം ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ നൽകാവൂ.
ഹിന്ദു അവിഭക്ത കുടുംബത്തിന്
കൂട്ടുകുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യസുരക്ഷക്കുവേണ്ടി പോളിസി എടുത്താലും പ്രീമിയം തുക വരുമാനത്തിൽ നിന്നു കുറയ്ക്കാം. 60 വയസിൽ താഴെയാണു പായമെങ്കിൽ 25000 രൂപയും 60 വയസിൽ കൂടുതലാണെങ്കിൽ 50000 രൂപയും കിഴിവ് ലഭിക്കും. അതുപോലെ മെഡിക്ലെയിം പോളിസി ഇല്ലാത്ത മുതിർന്ന പൗര·ാരുടെ മെഡിക്കൽ ചെലവിൽ 50000 രൂപയുടെ കിഴിവിന് കുടുംബം അർഹമാണ്. മെഡിക്ലെയിം പോളിസിയുണ്ടെങ്കിൽ കിഴിവിന് അർഹതയുണ്ടാവില്ല. കൂടാതെ ഇത് ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ പേമെന്റ് നടത്താവൂ. പല വർഷങ്ങളിലേക്ക് ഒരുമിച്ചുള്ള മെഡിക്ലെയിം പോളിസികൾക്കു പ്രോറേറ്റ അനുപാതത്തിൽ ഓരോ വർഷത്തേക്കും തുല്യമായി വീതിച്ച് അതാതു വർഷങ്ങളിൽ കിഴിവിനായി അപേക്ഷിക്കാം.
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ച് 60 വയസിൽ കുറവുള്ള ഒരു വ്യക്തിക്ക് പരമാവധി 75,000 രൂപയുടെ വരെ കിഴിവ് ലഭിക്കും. സ്വന്തമായുള്ളത് 25000 രൂപയും 60 വയസ് കഴിഞ്ഞ മാതാപിതാക്കൾക്ക് വേണ്ടിയുള്ള പോളിസിക്ക് 50,000 രൂപ വരെയും കിഴിവ് ലഭിക്കും. മെഡിക്കൽ ചെലവുകളിലേക്കും ഹെൽത്ത് ചെക്കപ്പിനായുള്ള 5000 രൂപയും ഉൾപ്പടെയുള്ള പരമാവധി തുകയാണിത്. വ്യക്തിയും മാതാപിതാക്കളും മുതിർന്ന പൗര·ാർ ആണെങ്കിൽ പരമാവധി 1,00,000 രൂപ വരെയുള്ള കിഴിവിന് അർഹതയുണ്ട്. മാതാപിതാക്കളുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്പോൾ കിഴിവ് ലഭിക്കുന്നതിന് വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്നവരാകണമെന്നില്ല. മാതാപിതാക്കളിൽ വ്യക്തിയുടെ ഫാദർ ഇൻലോയും മദർ ഇൻലോയും ഉൾപ്പെടില്ല. മാതാപിതാക്കളിൽ ഒരാളെങ്കിലും 60 വയസിൽ കൂടുതലുണ്ടെങ്കിൽ സിനിയർ സിറ്റിസണിന്റെ ആനുകൂല്യം ലഭിക്കും.
എന്നാൽ മാതാപിതാക്കൾ നോണ്‍ റെഡിഡന്റാണെങ്കിൽ സീനിയർ സിറ്റിസണിന് ലഭിക്കുന്ന അധിക ആനുകൂല്യം ലഭിക്കില്ല. എന്നാൽ, മാതാപിതാക്കളിൽ ഒരാൾമാത്രം നോണ്‍ റെസിഡന്റും മറ്റേ ആൾ ഇന്ത്യയിൽ റെഡിസന്റും ആണെങ്കിൽ കൂടിയ ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ, പുതിയ സ്കീം അനുവർത്തിക്കുന്നവർക്കു ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിനു കിഴിവ് ലഭിക്കില്ല.
വിഐപി ഫ്രെഞ്ചിയുടെ യു 19 വിപണിയിൽ
കൊച്ചി: വിഐപി ഫ്രെഞ്ചി 13 വയസ് മുതൽ 19 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കായി ‘യു 19’ ഇന്നര്‍വെയര്‍ എന്ന കാറ്റഗറിയിൽ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി.
ഫ്രെഞ്ചി അണ്ടര്‍-19 എല്ലാ പ്രമുഖ റീട്ടെയില്‍ മാര്‍ക്കറ്റുകളിലും എല്ലാ വിഐപി ഇന്നേഴ്സ് സ്റ്റോറിലും ഇ-കൊമേഴ്സ് വിപണികളിലും ലഭ്യമാണ്.
മലബാർ ഇന്റർനാഷണൽ ഹബ് ദുബായിലെ ഗോൾഡ് സൂഖിൽ ആരംഭിച്ചു
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ പുതിയ ആസ്ഥാനം ‘മലബാർ ഇന്റർനാഷണൽ ഹബ്’ ദുബായിലെ ഗോൾഡ് സൂഖിൽ കാബിനറ്റ് അംഗവും യുഎഇ ധനകാര്യ മന്ത്രിയുമായ ഹിസ് എക്സലൻസി അബ്ദുള്ള ബിൻ തൂഖ് അൽമാരി ഉദ്ഘാടനം ചെയ്തു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ്, ഡയറക്ടർമാർ മറ്റു മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിലവിൽ കന്പനിക്ക് പത്ത് രാജ്യങ്ങളിലായി 310 ഷോറൂമുകളാണുള്ളത്. യുകെ, ഓസ്ട്രേലിയ, കാനഡ, തുർക്കി, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുൾപ്പടെ 30 രാജ്യങ്ങളിൽ താമസിയാതെ പുതിയ ഷോറൂമുകൾ ആരംഭിക്കും.
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,485 രൂപയും പവന് 43,880 രൂപയുമായി.
തകർച്ചഭീതിയിൽ പാശ്ചാത്യബാങ്കുകൾ; ഡോയിഷെ ബാങ്ക് ഓഹരി ഇടിഞ്ഞു
ഫ്രാങ്ക്ഫർട്ട് /ന്യൂയോർക്ക്: ബാങ്കിംഗ് പ്രതിസന്ധിയെപ്പറ്റിയുള്ള ഭീതി വീണ്ടും വർധിച്ചു. യൂറോപ്പിലെ വലിയ ബാങ്കുകൾക്ക് വിപണിയിൽ അപ്രതീക്ഷിത തിരിച്ചടി. യുഎസിൽ തകർച്ച ഭീതി ഇടത്തരം ബാങ്കുകളെ വേട്ടയാടുന്നു.
ജർമനിയിലെ ഡോയിഷെ ബാങ്കും സ്വിറ്റ്സർലൻഡിലെ യുബിഎസും ഇന്നലെ ഓഹരി വിപണിയിൽ വലിയ തകർച്ച നേരിട്ടു. ഒപ്പം യൂറോപ്യൻ, യുഎസ് ഓഹരി വിപണികളും ആടിയുലഞ്ഞു.
ജർമനിയിലെ ഏറ്റവും വലിയ ബാങ്കായ ഡോയിച്ച് ബാങ്കിന്റെ ഓഹരികൾ ഇന്നലെ 15 ശതമാനം ഇടിഞ്ഞു. ബാങ്ക് ഇറക്കിയ കടപ്പത്രങ്ങളുടെ വില കുത്തനേ താണു. കുഴപ്പത്തിലായ ക്രെഡിറ്റ് സ്വീസിനെ ഈയാഴ്ച ആദ്യം ഏറ്റെടുത്ത യുബിഎസിന്റെ ഓഹരി എട്ടു ശതമാനം വരെ താണു. ക്രെഡിറ്റ് സ്വീസ് ഏഴു ശതമാനം ഇടിവിലായി.
യൂറോപ്യൻ ബാങ്കുകൾ എല്ലാം ഇന്നലെ താഴ്ചയിലാണ്. ജർമനിയിലെ കൊമേഴ്സ് ബാങ്ക് ഒൻപതു ശതമാനം ഇടിഞ്ഞിട്ടു നഷ്ടം കുറച്ചു.
മൂന്നാഴ്ച മുൻപ് അമേരിക്കയിലെ ഇടത്തരം ബാങ്കുകളിലാരംഭിച്ച കുഴപ്പങ്ങൾ രണ്ടാഴ്ച മുന്‍പ് യൂറോപ്പിലേക്കു വ്യാപിച്ചു. കുറേ വർഷങ്ങളായി പ്രശ്നങ്ങളിൽ പെട്ടു വലഞ്ഞെ ക്രെഡിറ്റ് സ്വീസ് തകർച്ചയുടെ വക്കിലെത്തി. സ്വിസ് ഗവണ്മെന്റ് ഇടപെട്ട് അവിടത്തെ വലിയ ബാങ്കായ യുബിഎസിനെക്കൊണ്ട് അതിനെ ഏറ്റെടുപ്പിച്ചു.
ഡോയിഷെ ബാങ്കും നാലഞ്ചു വർഷങ്ങളായി പ്രശ്നങ്ങളിലാണ്. നാലു വർഷം നീണ്ട ചെലവുചുരുക്കലും അഴിച്ചു പണിയും കഴിഞ്ഞ ഡിസംബറിലാണു തീർന്നത്. യുബിഎസിന്റെ 30 മടങ്ങ് വിപണിമൂല്യം (1.8 ലക്ഷം കോടി ഡോളർ) ഡോയിഷെയ്ക്കുണ്ട്. ബാങ്ക് വിറ്റ കടപ്പത്രങ്ങൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള നിരക്ക് (ക്രെഡിറ്റ് ഡിഫോൾട്ട് സ്വാപ്) പെട്ടെന്നു കുതിച്ചുയർന്നതാണ് ഓഹരിവില തകരാൻ വഴി തെളിച്ചത്.
അമേരിക്കയിലെ ഇടത്തരം ബാങ്കുകളുടെ കാര്യത്തിലും ആശങ്ക അകന്നിട്ടില്ല. ഫസ്റ്റ് റിപ്പബ്ലിക്, പാക് വെസ്റ്റ്, സയണ്സ് തുടങ്ങി അര ഡസനോളം ഇടത്തരം ബാങ്കുകൾ ഫെഡറൽ റിസർവിൽ നിന്ന് ലഭിക്കുന്ന അടിയന്തര വായ്പകൾ പരമാവധി ഉപയോഗിച്ചാണ് മുന്നോട്ടു പോകുന്നത്. ഇവയുടെ ഓഹരികൾ ഇന്നലെ മൂന്നു മുതൽ ഏഴു വരെ ശതമാനം ഇടിഞ്ഞു.
സുരക്ഷിതമെന്നു കണക്കാക്കി സർക്കാർ കടപ്പത്രങ്ങളിൽ നടത്തിയ വലിയ നിക്ഷേപമാണ് ഇവയ്ക്കു വിനയായിരിക്കുന്നത്. കടപ്പത്രങ്ങൾ വാങ്ങിയപ്പോൾ പലിശ കുറവായിരുന്നു. പലിശ കുറവെങ്കിൽ കടപ്പത്ര വില ഉയർന്നു നിൽക്കും. പലിശ കൂടുന്പോൾ വില കുറയും. കഴിഞ്ഞ വർഷം മാർച്ച് മുതൽ പലിശ വർധിക്കുകയാണ്, ഒപ്പം കടപ്പത്രവില ഇടിയുകയും ചെയ്യുന്നു. വിലയിൽ 10 ശതമാനത്തിലധികം ഇടിവുണ്ട്.
യുഎസ് ബാങ്കിംഗ് മേഖല കടപ്പത്രവിലയിലെ ഇടിവു മൂലം 1.7 ലക്ഷം കോടി ഡോളർ നഷ്ടത്തിലാണു നിൽക്കുന്നതെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ കണ്ടു. ഇതത്രയും ബാങ്കിനു നഷ്ടമായി വരേണ്ടതില്ല. കുറച്ചു വർഷം കഴിഞ്ഞു പലിശ താഴ്ന്നാൽ കടപ്പത്ര വില ഉയരും. നഷ്ടം മറയും. അത്രയ്ക്കു സാവകാശം കിട്ടിയില്ലെങ്കിൽ പ്രശ്നമാകും.
സാവകാശം കിട്ടാതിരുന്നതാണ് സിലിക്കണ്‍ വാലി ബാങ്കിനെ വീഴ്ത്തിയത്. നിക്ഷേപകർക്കു പണം മടക്കി നൽകാൻ 2100 കോടി ഡോളറിന്റെ കടപ്പത്രങ്ങൾ വിൽക്കേണ്ടി വന്നു. ആ വിൽപനയിലെ നഷ്ടം 180 കോടി ഡോളർ. നഷ്ടം നികത്താൻ ഓഹരി വിൽക്കാൻ ശ്രമിച്ചു. ബാങ്ക് തകർച്ചയിലാണെന്ന പ്രചാരണത്തിനാണ് അതു വഴിതെളിച്ചത്. പിന്നെ താമസിച്ചില്ല. രണ്ടാം ദിവസം ബാങ്ക് തകർന്നു.