വിവാഹവാർഷികത്തിൽ പ്രിയതമയ്ക്ക് ആഡംബരത്തിന്‍റെ അവസാനവാക്കായ റോൾസ് റോയ്സ് കള്ളിനൻ സമ്മാനിച്ച് മലയാളി സംവിധായകൻ
Friday, December 28, 2018 2:48 PM IST
ഇരുപത്തിയഞ്ചാം വിവാഹവാർഷികദിനത്തിൽ പ്രിയപത്നിക്ക് ഏഴുകോടി രൂപയുടെ റോൾസ് റോയ്സ് കള്ളിനൻ‌ സമ്മാനിച്ച് മലയാളി സംവിധായകൻ. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് മേധാവിയും സംവിധായകനും നിർമാതാവുമായ സോഹന്‍ റോയി ആണ് ഭാര്യ അഭിനി സോഹന് വിലപ്പെട്ട സമ്മാനം നല്കിയത്.

ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്‍റെ ആദ്യ എസ്‌യുവി മോഡലായ കള്ളിനന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയായി അഭിനി. ഈ വര്‍ഷം ജൂണിലാണ് വാഹനം ബുക്ക് ചെയ്തത്.ഡിസംബര്‍ 12നായിരുന്നു ഇരുവരുടെയും 25ാം വിവാഹ വാര്‍ഷികം.



മുമ്പ് ഇന്ത്യന്‍ വിപണിയിലും കള്ളിനന്‍ അവതരിപ്പിച്ചിരുന്നു. 6.95 കോടി രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറും വില. പൂര്‍ണമായും കസ്റ്റമൈസ്ഡ് രീതിയില്‍ നിര്‍മ്മിച്ച വാഹനം ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ വാഹനം കാണുവാനും ആവശ്യമായ ഭേദഗതികള്‍ വരുത്താനും കമ്പനി അവസരമൊരുക്കിയിട്ടുണ്ട്.

6.75 ലിറ്റര്‍ വി-12 എൻജിനാണ് കള്ളിനന് കരുത്ത് പകരുന്നത്. എന്‍ജിന് 563 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. 5.341 മീറ്റര്‍ നീളവും 2.164 മീറ്റര്‍ വീതിയുമുള്ള കാറിന്‍റെ വീല്‍ബേസ് 329.5 സെന്‍റിമീറ്ററാണ്.



ഓള്‍ വീല്‍ ഡ്രൈവിലുള്ള ആദ്യ റോള്‍സ് റോയ്‌സാണ് കള്ളിനന്‍. ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 8-സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് ഉയര്‍ത്താന്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. 54 സെന്‍റിമീറ്റര്‍ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും.

പൂര്‍ണ്ണമായും ലെതര്‍ സീറ്റുകള്‍, വുഡന്‍ ഇന്‍റീരിയര്‍, മള്‍ട്ടി ഡ്രൈവിംഗ് മോഡ്, സ്വയം നിയന്ത്രിത സസ്‌പെന്‍ഷന്‍ സംവിധാനം, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോര്‍ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, സീറ്റ് മസ്സാജര്‍, സ്റ്റാര്‍ലിറ്റ് റൂഫ്‌ലൈന്‍, കസ്റ്റമൈസ്ഡ് ടയര്‍ തുടങ്ങി ഒട്ടേറെ ആഡംബരങ്ങളോടു കൂടിയതാണ് പുതിയ റോള്‍സ് റോള്‍സ് റോയ്‌സ് കള്ളിനന്‍.



വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാണിംഗ് സിസ്റ്റം, അലേര്‍ട്ട്‌നെസ് അസിസ്റ്റ്, ആക്ടീവ് ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിംഗ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്‌സുകളില്‍ ഏറ്റവും മികച്ച മോഡലാണിത്. അഞ്ചു സീറ്ററാണ് ഈ എസ്‌യുവി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം.

വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്‍റീരിയറിലാണ്. ഡാഷ്‌ബോർഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്‍റ് സ്‌ക്രീനുകള്‍, ബ്ലൂറേ ഡിസ്‌പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകള്‍, ലതര്‍ ഫിനിഷ്ഡ് ഇന്‍റീരിയര്‍, ഫാബ്രിക് കാര്‍പ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഉൾ‌വശത്തെ പ്രത്യേകതകള്‍.



വ്യൂയിംഗ് സ്യൂട്ടാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്‌യുവിയാണ് കള്ളിനന്‍.

ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണ് പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് നല്‍കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.