"ബെസ്റ്റ് ബേബിസിറ്റർ'; വെല്ലുവിളി സ്വീകരിച്ച് പെയ്ന്‍റെ കുട്ടികളെ കൈയിലെടുത്ത് പന്ത്
Tuesday, January 1, 2019 4:52 PM IST
മെൽബണ്‍ ടെസ്റ്റിലെ വാക്പോര് പോലെ അതു പോലെ തന്നെ സംഭവിച്ചു. ഓസ്ട്രേലിയൻ നായകൻ ടിം പെയിന്‍റെ കുട്ടികളെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് കുറച്ചു നേരമെങ്കിലും നോക്കേണ്ടി വന്നു... പെയിന്‍റെ കുട്ടിയുമായി പന്ത് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് മറ്റാരുമല്ല, ഓസ്ട്രേലിയൻ നായകൻ ഭാര്യ ബോണി പെയിൻ തന്നെ. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇരു ടീമുകൾക്കും നൽകിയ അത്താഴ വിരുന്നിനിടെയാണ് ഇന്ത്യൻ യുവതാരം ഓസീസ് നായകന്‍റെ കുടുംബത്തെ കണ്ടത്. കളിക്കളത്തിലെ വാക്പോരൊന്നും പെയിന്‍റെ കുട്ടികളെ കണ്ടപ്പോൾ പന്തിന് തോന്നിയില്ല. ഒരു കുട്ടിയെ കൈയിലെടുത്ത് പെയിന്‍റെ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന പന്തിന്‍റെ ചിത്രമാണ് വൈറലായിരിക്കുന്നത്. "ബെസ്റ്റ് ബേബിസിറ്റർ' എന്നാണ് ചിത്രത്തിന് പെയിന്‍റെ ഭാര്യ നൽകിയിരിക്കുന്ന വിശേഷണം.




മെൽബണ്‍ ടെസ്റ്റിനിടെയാണ് ഇരുവരും തമ്മിലുള്ള വാക്പോരിനിടെ പെയിൻ തന്‍റെ കുട്ടികളെ നോക്കാൻ പന്തിനെ ക്ഷണിച്ചത്. ഏകദിന ടീം പ്രഖ്യാപിച്ചപ്പോൾ പന്തിനെ തഴഞ്ഞ് എം.എസ്.ധോണിയെ ടീമിലെടുത്തത് പരാമർശിച്ചായിരുന്നു ഓസീസ് നായകന്‍റെ പരിഹാസം. ഭാര്യയുമായി സിനിമയ്ക്ക് പോകുന്പോൾ നിനക്ക് ഇനി എന്‍റെ കുട്ടികളെ നോക്കാമെന്ന് ഓസീസ് നായകൻ പന്തിനോട് പറയുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ബാറ്റിംഗിനിടെ പെയിൻ വന്നപ്പോൾ പന്തും വിട്ടുകൊടുത്തില്ല. എവിടെയെങ്കിലും താത്കാലിക ക്യാപ്റ്റനെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ എന്നും ഇവന് വാചകമടി മാത്രമേ അറിയാവൂ എന്നുമൊക്കെ പന്തും പരിഹാസം ചൊരിഞ്ഞു. സംഭാഷണങ്ങളെല്ലാം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ സംഭവം വാർത്തയാകുകയും ചെയ്തിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.