ലോകത്തിന് മുൻപിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്ന ദിനങ്ങളിലൂടെയാണ് നാം ക‌ടന്നു പോകുന്നത്. ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 സുരക്ഷിതമായി സോഫ്റ്റ് ലാൻഡിം​ഗ് നട‌ത്തിയതോടെ ബഹിരാകാശ ​ഗവേഷണത്തിൽ ഇന്ത്യ മുൻപന്തിയിലെത്തിയിരിക്കുകയാണ് എന്നതിൽ സംശയമില്ല.

കോടിക്കണക്കിന് ഇന്ത്യക്കാർക്ക് പുറമേ ആ​ഗോളതലത്തിൽ നിന്നും ഒട്ടേറെ പേർ ഇന്ത്യയ്ക്ക് ആശംസകളുമായി എത്തി. അക്കൂട്ടത്തിൽ ഏറെ ഹൃദയഹാരിയായ ആശംസ ഐഎസ്ആർഒയ്ക്ക് നൽകിയിരിക്കുകയാണ് മുംബൈയിലെ പോലീസ് വകുപ്പ് ഉദ്യോ​ഗസ്ഥർ.

അല്ലാമാ മുഹമ്മദ് ഇക്ബാൽ രചിച്ച സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി​ഗാനം സം​ഗീതോപകരണങ്ങൾ ഉപയോ​ഗിച്ച് വായിക്കുന്ന വീഡിയോ ഇറക്കിയിരിക്കുകയാണ് മുംബൈ പോലീസിന്‍റെ ഓർക്കസ്ട്ര.

"മഹത്തായ നേട്ടം, മഹത്തായ സ്തുതി! ഞങ്ങളുടെ അതിരുകടന്ന വികാരങ്ങൾ ഇപ്പോൾ വാക്കുകളിൽ വിവരിക്കാനാവില്ല', അതിനാൽ ഞങ്ങൾ സംഗീതം തിരഞ്ഞെടുത്തു എന്ന ക്യാപ്ഷനോടെ എക്സിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



ചന്ദ്രയാൻ 3ന്‍റെ വിവിധ ഘട്ടങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസിന്‍റെ വ്യത്യസ്തമായ ട്രിബ്യൂട്ട് വീഡിയോയ്ക്ക് ഒട്ടേറെ പേരാണ് ആശംസയുമായി എത്തിയത്. പോലീസ് ഓർക്കസ്ട്ര വളരെ ഭംഗിയായി പാട്ട് വായിച്ചുവെന്ന് ഒട്ടേറെ കമന്‍റുകളെത്തി.

വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങിയതിന് പിന്നാലെ പ്ര​ഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന വീഡിയോ ഐഎസ്ആർഓ പുറത്ത് വിട്ടിരുന്നു. റോവർ ഇറങ്ങുന്ന കളർ വീഡിയോ ദൃശ്യങ്ങളാണ് ഔദ്യോ​ഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്നത്.