ചൈനക്കാരുടെ കഥകളിലെ തീ തുപ്പുന്ന ഡ്രാഗണിനെ നാം സിനിമയിലും വെബ് സീരിസിലും ഒക്കെ കണ്ടിട്ടുണ്ട്. അതിന് പിന്നിൽ ഗ്രാഫിക്‌സാണെന്ന് കരുതാം. ശരിക്കും തീ തുപ്പുന്ന മയിലുണ്ടെന്ന് കേട്ടാലോ? ഏവര്‍ക്കും അമ്പരപ്പ് തോന്നും അല്ലേ.

എന്നാല്‍ ഇത്തരത്തില്‍ വായ് തുറക്കുമ്പോള്‍ തീജ്വാല വരുന്ന മയിലിന്‍റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. വീഡിയോ ഗ്രാഫിക്സ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതല്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അങ്ങനെയെങ്കില്‍ ഇത് എന്ത് അത്ഭുതമെന്ന് നെറ്റിസണ്‍സിനിടയില്‍ നിന്നും വന്ന ചോദ്യത്തിന് അവര്‍ക്കിടയില്‍ നിന്നും തന്നെ ഉത്തരവും വന്നു. ഇതോടെ ഈ ഡ്രാഗണ്‍ മയിലിന്‍റെ പിന്നിലെ സത്യവും ചര്‍ച്ചാ വിഷയമായി.

"ഇന്‍സൈഡ് ഹിസ്റ്ററി' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ജൂലൈ ആദ്യ വാരമാണ് വീഡിയോ വന്നതെങ്കിലും കഴിഞ്ഞ ഏതാനും ദിവസത്തിനിടെയാണ് ഇത് വൈറലായത്. അന്‍പത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോയ്ക്ക് ഇതിനോടകം പന്ത്രണ്ട് ലക്ഷം ലൈക്കും ലഭിച്ചു.



തണുപ്പ് കൂടിയ പ്രദേശത്ത് സൂര്യപ്രകാരം ലഭിക്കുന്ന ഒരു സ്ഥലത്താണ് മയില്‍ നില്‍ക്കുന്നത്. മയിലിന്‍റെ പുറം ഭാഗത്തും സമീപത്തുള്ള കല്ലിലുമടക്കം കടും ഓറഞ്ച് നിറത്തില്‍ സൂര്യപ്രകാശമടിക്കുന്നത് കാണാം. മയില്‍ തല മുകളിലേക്ക് ഉയര്‍ത്തി വായ തുറക്കുമ്പോള്‍ ഈ നിശ്വാസത്തിലേക്കും സൂര്യപ്രകാശം ഏല്‍ക്കുകയാണ്.

ഇതാണ് വീഡിയോയില്‍ അഗ്നിജ്വാലയായി തോന്നിക്കുന്നത്. പ്രത്യേക ആങ്കിളില്‍ നിന്നുകൊണ്ട് ഷൂട്ട് ചെയ്തതിനാലാണ് ഈ ദൃശ്യവിസ്മയം കാണാന്‍ സാധിച്ചതെന്നും നെറ്റിസണ്‍സിനിടയില്‍ നിന്നും അഭിപ്രായം വന്നിരുന്നു.