അക്ഷരങ്ങളിൽ വിരിയുന്നത് മനോഹരചിത്രങ്ങൾ; ഐഡയ്ക്ക് റിക്കാർഡിന്റെ തിളക്കം
Monday, December 13, 2021 3:02 PM IST
പഠനത്തിനൊപ്പം വരയും കുറുന്പനാടം സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഐഡ അന്ന അനീഷ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം നേടി. അക്ഷരങ്ങൾക്കൊണ്ട് ചിത്രങ്ങൾ വരച്ച ഐഡ സ്റ്റെൻസിൽ ഡ്രോയിംഗ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.
ചിത്രരചനയോട് താത്പര്യമുണ്ടായിരുന്ന ഐഡയ്ക്ക് അതിൽ വ്യത്യസ്തത ഉണ്ടാക്കണം എന്ന ആഗ്രഹമാണ് അക്ഷരചിത്രരചനയിലേക്ക് നയിച്ചത്. ഇതിനോടകം നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ഐഡയുടെ വിരൽത്തുന്പിലൂടെ പിറവിയെടുത്തു കഴിഞ്ഞു. അവയിൽ ചില ചിത്രങ്ങൾ അവർക്കായി സമ്മാനിക്കുകയും ചെയ്തു.
ലോക്ഡൗണ്‍ കാലത്താണ് അക്ഷരങ്ങൾകൊണ്ട് ചിത്രം പൂർത്തിയാക്കണമെന്ന ആശയം രൂപപ്പെടുന്നത്. വരയ്ക്കേണ്ട വ്യക്തിയുടെ സെക്ച്ച് രൂപപ്പെടുത്തിയശേഷം അവരുടെ പേരിലെ അക്ഷരങ്ങൾ കൊണ്ടുതന്നെയാണ് ചിത്രം പൂർത്തിയാക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ വരച്ചതാണ് ഐഡയെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക് നയിച്ചത്. വാകത്താനം നാലുന്നാക്കൽ കൊച്ചുവീട്ടിൽ അനീഷ് കെ. ആൻഡ്രൂസിന്റെയും ജിഷ ജോയിയുടെയും മൂത്തമകളാണ്. അദായി ആൻഡ്രൂസ് അനീഷ് സഹോദരനാണ്.
സ്റ്റെൻസിൽ ഡ്രോയിംഗ് പഠിക്കാൻ താത്പര്യമുള്ളവർക്കായി ഓണ്‍ലൈൻ ക്ലാസുകളും സ്വന്തമായി യൂടൂബ് ചാനലും ഈ കൊച്ചുമിടുക്കി സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിൽ ഇന്ത്യൻ ആർമിയിൽ ചേരണമെന്നാണ് ഐഡയുടെ ആഗ്രഹം.