ചായകപ്പ് ഇല്ലാത്ത വീടുകളുണ്ടോ? സംശയിക്കാതെ തന്നെ പറയാം ഇല്ല. എന്നാൽ 24 കോടി രൂപ വിലമതിക്കുന്ന ചായകപ്പ് ഉണ്ടെന്ന് കേട്ടാലോ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് അല്ലേ? വിശ്വസിച്ചേ പറ്റൂ. കാരണം ​ഗിന്നസ് വേൾഡ് റിക്കാർഡ്സാണ് ഈ വിലയേറിയ കപ്പിന്‍റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

ദി ഈ​ഗോയിസ്റ്റ് എന്ന് പേരുള്ള ഈ കപ്പ് 2016ൽ ​ഗിന്നസ് റിക്കാർഡ്സിൽ കയറിയെങ്കിലും ഇപ്പോഴാണ് ഇതിന്‍റെ ചിത്രങ്ങൾ പുറത്ത് വരുന്നത്. 18 കാരറ്റ് സ്വർണം കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. കപ്പിന് ചുറ്റും വജ്രം ഉപയോ​ഗിച്ച് പൊതിഞ്ഞിരിക്കുകയാണ്. മാത്രമല്ല കപ്പിന്‍റെ മധ്യത്തിൽ 6.67 കാരറ്റുള്ള മാണിക്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.



യുകെയിലെ എൻ സെതിയ ഫൗണ്ടേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പ്. മാമത്തിന്‍റെ ഫോസിലിൽ നിന്നും ലഭിച്ച കൊമ്പിന്‍റെ ഭാ​ഗം കൊണ്ടാണ് കപ്പിലെ പിടി നിർമിച്ചിരിക്കുന്നത്. ഇറ്റാലിയൻ ജ്വല്ലറി നിർമാതാവായ ഫുൾവിയോ സ്കാവിയയാണ് ഇത് രൂപകൽപന ചെയ്തത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ ​ഗിന്നസ് റിക്കാർഡ്സ് അധികൃതർ കപ്പിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനോടകം എൺപതിനായിരത്തിലധികം പേർ ചിത്രങ്ങൾ കണ്ടു.