ചീട്ട് കളിക്കണം; 45 ഡിഗ്രി ചൂടില്‍ വായില്‍ ടേപ്പ് ഒട്ടിച്ച് കാറില്‍ നായയെ പൂട്ടി ഉടമ
Saturday, February 25, 2023 3:33 PM IST
മനുഷ്യര്‍ പലതരം മൃഗങ്ങളെ വളര്ത്താറുണ്ടല്ലൊ. ചിലര്‍ പൂച്ചകളെയും കോഴികളെയുമൊക്കെ വളര്‍ത്തുമ്പോള്‍ ഒട്ടുമിക്കവരും വളര്‍ത്തുന്ന ഒന്നാണ് നായകള്‍. മനുഷ്യനുമായി ഇത്ര ഇണങ്ങുന്ന മൃഗം വേറെയില്ല.
തങ്ങളുടെ യജമാനനോടുള്ള നായകളുടെ സ്നേഹം ഏറെ പ്രശസ്തമാണല്ലൊ. എന്നാല്‍ മനുഷ്യര്‍ക്ക് തിരിച്ചങ്ങനെ ആകണമെന്നില്ല. അതിന്റെ ഒരുദാഹരണമാണ് കഴിഞ്ഞിടെ അമേരിക്കയില്‍ സംഭവിച്ചത്.
യുഎസിലെ ലാസ് വെഗാസില്‍ മൂന്ന് മാസം പ്രായമുള്ള ഒരു നായയെ അതിന്റെ ഉടമ കാറില്‍ പൂട്ടിയിടുക ഉണ്ടായി. അതും 45 ഡിഗ്രി ചൂടുള്ള സമയത്താണ് ഇയാള്‍ ഹസ്കി ഇനത്തിലുള്ള നായയെ ഇത്തരത്തില്‍ ഉപേക്ഷിച്ചത്. പോരാഞ്ഞിട്ട് നായയുടെ വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു ഇയാള്‍.
കാസിനോയില്‍ ചൂതാട്ടം നടത്തുന്നതിനായി പോകാനാണ് ഇയാള്‍ ഇത്തരമൊരു ക്രൂരത ചെയ്തത്. ഏതായാലും നായയുടെ ദയനീയാവസ്ഥ കണ്ട നാട്ടുകാര്‍ ലാസ് വെഗാസ് മെട്രോപൊളിറ്റന്‍ പോലീസിനെ ബന്ധപ്പെട്ടു.
സ്ഥലത്തെത്തിയ പോലീസ് കാറിന്റെ സണ്‍റൂഫിലൂടെ നായയെ രക്ഷപ്പെടുത്തി. ഏറെ അവശനായ നായയ്ക്ക് അവര്‍ വെള്ളവും ഭക്ഷണവും നല്കി. ഏതായാലും നായയുടെ ഉടമ റൗള്‍ കാര്ബജലിനെതിനെ പോലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളും മൃഗസംരക്ഷണ സംഘടനകളും ഇയാള്‍ക്കെതിരെ രംഗത്തുവന്നു.
നിലവില്‍ കേസ് നേരിടുകയാണിയാള്. നായയ്ക്ക് പുതിയൊരു ഉടമയെ ലഭിച്ചു. നായയിപ്പോള്‍ ഏറെ സന്തോഷമായി ഇരിക്കുന്നു എന്നത് നെറ്റിസണും ആനന്ദം നല്കുന്നു.