കുന്നിന്ചെരുവില് നിന്നും വീഞ്ഞൊഴുകി ! മദ്യപ്പുഴയായി തെരുവുകള്‍
Tuesday, September 12, 2023 5:01 PM IST
പോര്‍ച്ചുഗലിലെ സാവോ ലോറന്‍സോ ദേ ബെയ്റോ നിവാസികള്‍ ഞായറാഴ്ച പുലര്‍ച്ചെ സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ ഒരു കാഴ്ചയ്ക്കാണ്. ചുവന്ന വീഞ്ഞ് തെരുവുകളെ വിഴുങ്ങി ഒഴുകുന്ന ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു അത്.
ഒരു കുന്നിന് ചരുവില്‍ നിന്ന് ഒഴുകിയിറങ്ങിയ ദശലക്ഷക്കണക്കിന് ലിറ്റര്‍ വീഞ്ഞാണ് തെരുവുകളെ ചുവപ്പിച്ചത്. ഏകദേശം 2.2 ദശലക്ഷം ലിറ്റര്‍ അഥവാ 600,000 ഗാലണ്‍ വീഞ്ഞ് ഒഴുകിപ്പോയെന്നാണ് ഒരു പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഏറെക്കുറെ 2,933,333 കുപ്പികളില്‍ നിറയ്ക്കാന്‍ ഉള്ളത്ര അളവുണ്ട് ഇത്.
ഒളിമ്പിക്സില്‍ ഉപയോഗിക്കുന്ന ഭീമന് സ്വിമ്മിംഗ് പൂളില്‍ നിറയ്ക്കാന്‍ മാത്രമുള്ള വീഞ്ഞ് ഉണ്ടായിരുന്നുവെന്നാണ് ദി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രദേശത്ത് വീഞ്ഞ് നിറഞ്ഞത് പാരിസ്ഥിതിക ദുരന്തമുണ്ടാക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഈ അപ്രതീക്ഷിത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ലെവിരയിലെ ഡിസ്റ്റില്ലറി രംഗത്തു വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പട്ടണനിവാസികളോടു മാപ്പു ചോദിച്ചത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വീടുകള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടായതില്‍ ഖേദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വീഞ്ഞൊഴുകി സെര്ട്ടിമാ നദിയില്‍ പതിക്കാതിരിക്കാന്‍ ഇതിന്റെ ഒഴുക്ക് തിരിച്ചു വിടാന്‍ അനാഡിയ ഫയര്‍ ഡിപ്പാര്‍മെന്റ് ശ്രമം തുടരുന്നുണ്ട്.
വീഞ്ഞ് വീണ കുതിര്‍ന്ന മണ്ണ് പ്രത്യേക പ്ലാന്റിലേക്ക് മാറ്റി ട്രീറ്റ് ചെയ്യും. സമാനമായ സംഭവം മൂന്നു വര്‍ഷം മുമ്പ് സ്പെയിനിലെ വിയ്യമാലിയയിലും സംഭവിച്ചിരുന്നു. അന്ന് 50,000 ലിറ്റര്‍ വീഞ്ഞാണ് ഒഴുകിപ്പോയത്.