"മയക്ക യാത്ര'; ഒരു ലോക്കല്‍ ട്രെയിന്‍ കാഴ്ചാവിശേഷം
Monday, September 25, 2023 12:44 PM IST
കാഴ്ചകളെ ഇരുവശങ്ങളിലേക്കായി വകഞ്ഞുമാറ്റി കടന്നുപോകുന്ന ഒരു തീവണ്ടിയാത്ര മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ജനലരികില്‍ ആണെങ്കില്‍ കാറ്റിനൊപ്പം ചിന്തകളും നമ്മിലേക്ക് വന്നിട്ടുമറയും.
ചിലപ്പോള്‍ ഒരു ചെറുമയക്കത്തിലേക്കും യാത്രക്കാരന് വഴുതിവീഴും. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ എത്തിയ ഒരു ട്രെയിന്‍ യാത്രയുടെ കാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുകാരണം നിരവധി യാത്രക്കാരുടെ വേറിട്ട ഉറക്കമാണ്.
വീഡിയോ ക്രിയേറ്റര്‍ ഹാത്തിം ഇസ്മയില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ ഒരു ലോക്കല്‍ കമ്പാര്‍ട്ടുമെന്റിന്റെ ദൃശ്യങ്ങളാണുള്ളത്. വീഡിയോയില്‍ ഈ കൂപ്പയിലായി നിരവധിപേര്‍ ഉറങ്ങുകയാണ്.
ചിലര്‍ വെറും നിലത്തും ചിലര്‍ സീറ്റിലുമൊക്കെ ആയി ഉറങ്ങുന്നു. വേറെ ചിലരുടെ ഉറക്കം നിന്നനില്‍പ്പിലാണ്. എന്നാല്‍ ഏറ്റവും വ്യത്യസ്തമായ ഉറക്കം ഒരു യുവാവിന്റേതാണ്. കാരണം മുകളിലെ രണ്ട് സീറ്റുകളിലായി ബെഡ്ഷീറ്റ് കെട്ടിയശേഷം അതില്ക്കിടന്നാണ് ഈ ഉറക്കം.
വൈറലായി മാറിയ ഈ കാഴ്ചയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. "ട്രെയിനിനേക്കാള്‍ അയാള്‍ തന്റെ ബെഡ്ഷീറ്റിനെ വിശ്വസിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്. "ഇതപകടം പിടിച്ച പരിപാടിയാണ്. കെട്ടുപൊട്ടിയാല്‍ എത്രപേരാകും ഉറങ്ങുക' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.