"അമ്മയെന്നാല്‍ ഇങ്ങനെയൊക്കെയാണ്'; സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ജീവന് പണയംവെച്ച് ഓടയിലിറങ്ങിയ ഒരമ്മയെക്കുറിച്ച്
Friday, May 27, 2022 1:00 PM IST
ഈ ലോകത്ത് പകരംവയ്ക്കാന്‍ കഴിയാത്ത ഒന്നാണല്ലൊ അമ്മയുടെ സ്നേഹം. ആ സ്നേഹത്തിന്‍റെ ഉദാഹരണങ്ങള്‍ എത്ര എഴുതിയാലും തീരില്ല എന്നതാണ് വാസ്തവം. സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി അഴുക്കുചാലില്‍ ഇറങ്ങിയ ഒരമ്മയുടെ കഥയാണിത്.
ഇംഗ്ലണ്ടിലെ കെന്‍റിലുള്ള ടെന്‍റേര്‍ഡന്‍ നഗരത്തിലാണ് സംഭവം നടന്നത്. ആമി ബ്ലിത്ത് എന്ന 23കാരി തന്‍റെ 18 മാസം പ്രായമുള്ള മകന്‍ തിയോ പ്രിയറുമായി ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തിരിഞ്ഞു നടന്ന കുഞ്ഞ് വഴിയിലുണ്ടായിരുന്ന ഓവു ചാലിലേക്ക് വീഴുകയായിരുന്നു.
20 അടിയോളം താഴ്ചയുണ്ടായിരുന്നു ആ അഴുക്കു ചാലിന്. എന്നാല്‍ ഒരു നിമിഷംപോലും അമാന്തിക്കാതെ ആമി ഓവു ചാലിലേക്ക് എടുത്ത് ചാടി. ഒടുവില്‍ വളരെ സാഹസികമായിത്തന്നെ അവര്‍ തന്‍റെ കുഞ്ഞിനെ രക്ഷിക്കുകയും ചെയ്തു.
ഞായറാഴ്ച പകല്‍ നടന്ന ഈ സംഭവം അയല്‍പക്കത്തുള്ള ഒരു വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. വീഡിയോ ആമി ബ്ലിത്ത് തന്‍റെ ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു.
താനും മരിക്കുമെന്നാണ് കരുതിയത്. പക്ഷെ മകന്‍റെ നിലവിളി മാത്രമാണ് അന്നേരം കാതുകളിലുണ്ടായിരുന്നതെന്ന് ആമി കുറിക്കുന്നു. നിരവധി പേരാണ് അവരുടെ മാതൃസ്നേഹത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുള്ളത്.