ഓണ്‍ലൈന്‍ വഴി ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണല്ലൊ സൊമാറ്റൊ. നിരവധി പേരാണ് സൊമാറ്റൊ വഴിയുള്ള ആഹാര വിതരണ ജോലി തങ്ങളുടെ ഉപജീവന മാര്‍ഗമാക്കിയിട്ടുള്ളത്.

എന്നാല്‍ തനിക്ക് ആഹാരവുമായി എത്തിയ വേറിട്ട വിതരണക്കാരനെ കണ്ട് ഞെട്ടിയിരിക്കുകയാണ് രാഹുല്‍ മിത്തല്‍ എന്നയാള്‍. കാരണം ഏഴുവയസുള്ള ഒരു ബാലനാണ് ഭക്ഷണവുമായി എത്തിയത്. ഈ കുട്ടിയുടെ വാര്‍ത്ത ഉടന്‍തന്നെ രാഹുല്‍ തന്‍റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

കുട്ടിയുടെ പിതാവായിരുന്നു സൊമാറ്റയില്‍ ഏജന്‍റായി ചേര്‍ന്നിരുന്നത്. എന്നാല്‍ അദ്ദേഹത്തിനൊരു അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാതെയായി. തന്‍റെ പിതാവിനെ സഹായിക്കാനായിട്ടാണ് കുട്ടി ജോലിക്കിറങ്ങിയത്.

പകല്‍ സ്കൂളില്‍ പോകുന്ന കുട്ടി വെെകിട്ട് ആറിന് ശേഷം ഡെലിവറി ജോലിയുമായി ഇറങ്ങും. തന്‍റെ സൈക്കിളിലാണ് കുട്ടി ആഹാരവുമായി പോകാറ്. പിതാവിന്‍റെ പ്രൊഫൈലിലേക്ക് വരുന്ന ബുക്കിംഗുകളാണ് കുട്ടി ഇത്തരത്തില്‍ എത്തിക്കുന്നത്.

രാഹുല്‍ മിത്തല്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ ഈ ഏഴുവയസുകാരനും രാഹുലും തമ്മിലുള്ള സംഭാഷണമാണുള്ളത്. ദൃശ്യങ്ങളില്‍ കുട്ടിയുടെ കൈയില്‍ നിരവധി ചോക്ലേറ്റുകളും കാണാനാകും.

ഈ കുട്ടിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വെെറലായതിനെത്തുടര്‍ന്ന് സൊമാറ്റൊയും വിഷയത്തില്‍ ഇടപെടാനൊരുങ്ങുകയാണ്. കുട്ടിക്ക് 14 വയസുണ്ടെന്നും കുടുംബത്തിന്‍റെ അവസ്ഥ ഇപ്പോഴാണ് തങ്ങളറിഞ്ഞതെന്നും അവര്‍ പറഞ്ഞു. ഏതായാലും പിതാവിനെതിരെ തങ്ങള്‍ നടപടികള്‍ക്ക് മുതിരുന്നില്ലെന്നും മാത്രമല്ല കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും സൊമാറ്റൊ അധികൃതര്‍ വ്യക്തമാക്കി.