180 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിയിട്ടും ഒട്ടും തുളുമ്പാതെ വെള്ളം നിറച്ച ഗ്ലാസ്; വന്ദേഭാരതിന്റെ വിശേഷങ്ങള്‍
Wednesday, September 7, 2022 3:17 PM IST
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര സൗകര്യത്തിനായി ആശ്രയിക്കുന്നത് ട്രെയിനിനെ ആണല്ലൊ. നിരവധി ഘട്ടങ്ങളിലായി ഈ മേഖല അതിന്‍റെ പുരോഗതി കൈവരിച്ചിട്ടുമുണ്ട്.
അത്തരത്തില്‍ റയില്‍വേയെ സംബന്ധിച്ച ഏറ്റവും പുതിയ വികസനങ്ങളില്‍ ഒന്നാണ് വന്ദേ ഭാരത് ട്രെയിന്‍. വന്ദേ ഭാരത് ഇന്ത്യന്‍ റെയില്‍വേ നടത്തുന്ന ഒരു സ്വയം പ്രവര്‍ത്തിക്കുന്ന ഇഎംയു ഗതാഗതമാണ്. മേക്ക് ഇന്‍ ഇന്ത്യ കാമ്പെയ്നിന്‍റെ ബാനറില്‍ ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ആണ് ഇത് രൂപകല്‍പന ചെയ്ത് നിര്‍മിച്ചത്.
അടുത്തിടെ സെമി-ഹൈ സ്പീഡില്‍ ഓടുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതിന്‍റെയൊരു വീഡിയോ റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
180 കിലോമീറ്ററിലധികം വേഗത്തില്‍ പായുന്ന ട്രെയിനില്‍ ഒരു ഗ്ലാസില്‍ നിറച്ച് വെള്ളം വച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിന്‍ അതിവേഗം പാഞ്ഞിട്ടും ഒരുതുള്ളി വെള്ളം പോലും താഴെ വീഴുന്നില്ല. ഈ ട്രെയിനിന്‍റെ ഗുണമേന്മ എടുത്തുകാട്ടുന്ന വീഡിയോയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിക്കുന്നുണ്ട്.