ജോലിയില്‍ നിന്ന് പുറത്താക്കിയതിന് കാറുകളില്‍ ആസിഡൊഴിച്ച് പ്രതികാരം; വീഡിയോ
Friday, March 17, 2023 3:30 PM IST
പ്രതികാരം എന്നതിന്റെ ബാക്കിയെക്കുറിച്ച് നമുക്ക് കൃത്യമായി പറയാനൊക്കില്ലല്ലൊ. പല കാരണങ്ങളാല്‍ പലര്‍ക്കും പലരോടും വെെരാഗ്യമുണ്ടാകുന്നു. വൈകാതെ പ്രതികാരചിന്ത ഉടലെടുക്കുകയും അതിനായി ചിലര്‍ ഏതറ്റംവരെ പോകുകയും ചെയ്യുന്നു.
ഇപ്പോഴിതാ ജോലി നഷ്ടമായൊരു യുവാവിന്റെ പ്രതികാരമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. റൂബി അരുണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ കാര്‍ ക്ലീനറായി ജോലി ചെയ്യുന്ന യുവാവിന്റെ ചെയ്തികളാണുള്ളത്.
രാംരാജ് എന്ന് പേരുള്ള ഇയാള്‍ 2016 മുതല്‍ അപ്പാര്ട്ട്മെന്റിലേതടക്കമുള്ള കാറുകള്‍ വൃത്തിയാക്കാറുണ്ട്. എന്നാല്‍ രാംരാജ് കാറുകള്‍ ശരിയായി വൃത്തിയാക്കുന്നില്ലെന്ന് പലരും പരാതിപ്പെടാന്‍ തുടങ്ങി. തത്ഫലമായി ഇയാളെ ഹൗസിംഗ് സൊസൈറ്റി ജോലിയില്‍ നിന്നും നീക്കംചെയ്തു.
ഇതില്‍ പ്രകോപിതനായ രാംരാജ് കഴിഞ്ഞദിവസം അപ്പാര്‍ട്ട്മെന്റില്‍ ആസിഡുമായി എത്തി. തുടര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിടത്തെത്തുകയും അവയുടെ മുകളില്‍ ആസിഡ് ഒഴിക്കുകയും ചെയ്തു.
ഏതാണ്ട് 12ല്‍ അധികം വാഹനങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ നശിപ്പിച്ചു. ഇതിനുശേഷം ഇയാള്‍ ഓടിപോവുകയുമുണ്ടായി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ ചെയ്തികള്‍ ഉണ്ടായിരുന്നു. കാര്യം മനസിലാക്കിയ കാറുടമകള്‍ ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി. പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഈ സംഭവത്തില്‍ നിരവധിപേര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. "ലോകം ഇതെങ്ങോട്ടണ്. പേടി തോന്നുന്നു' എന്നാണൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.