മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്‍സി റെയ്ന്‍ കോട്ട് നല്‍കിയപ്പോള്‍ തിരികെയെത്തി; വീഡിയോ
Wednesday, September 7, 2022 12:36 PM IST
സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വൈറലാകാറുള്ളത് മൃഗങ്ങളുടെ രസകരമായ വീഡിയോ ആണല്ലൊ. ഇത്തരത്തില്‍ ഒരു ചിമ്പാന്‍സിയുടെ വീഡിയോ ആണ് ഇപ്പോള്‍ നെറ്റീസണ്‍ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകയായ ഹന്ന ലിയു ബാക്കോവ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു ചിമ്പാന്‍സിയും കുറച്ച് മൃഗശാല ജീവനക്കാരുമാണുള്ളത്. ഉക്രൈനിലെ ഖാര്‍കീവിലുള്ള ഒലക്സാണ്ടര്‍ ഫെല്‍ഡ്മാന്‍റെ ഉടമസ്ഥതയിലുള്ള ഒരു മൃഗശാലയിലെ ചിമ്പാന്‍സി അവിടെ നിന്ന് ചാടിപ്പോയിരുന്നു.

നഗരത്തിലൂടെ യഥേഷ്ടം വിഹരിക്കുന്ന ചിമ്പാന്‍സിയെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. ചിച്ചി എന്ന് പേരിട്ടിരിക്കുന്ന ഈ ചിമ്പാന്‍സിയുടെ അരികിലേക്ക് ഏറെ ശ്രദ്ധാപൂര്‍വമാണ് അവരെത്തുന്നത്.

ഇതിനിടെ ഒരു സ്ത്രീ ചിച്ചിയുടെ അരികില്‍ ഇരുന്നു തിരികെ വരാന്‍ അവളെ പ്രേരിപ്പിക്കുന്നെങ്കിലും അതത്ര വിജയിക്കുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി മഴ പെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഒരു വനിതാ ജീവനക്കാരി ചിച്ചിക്ക് അവളുടെ തിളങ്ങുന്ന മഞ്ഞ റെയിന്‍കോട്ട് വാഗ്ദാനം ചെയ്തു. ചിച്ചി അത് വാങ്ങി. ആ ജീവനക്കാരി കോട്ട് ഇട്ട് കൊടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മാത്രമല്ല ചിച്ചി ആ ജീവനക്കാരിയെ ആലിംഗനം ചെയ്യുന്നുമുണ്ട്.

ഒടുവില്‍ ജീവനക്കാര്‍ ചിച്ചിയെ ഒരു സൈക്കിളില്‍ കയറ്റി മൃഗശാലയിലേക്ക് തിരികെ കൊണ്ടു പോവുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈകാതെ തന്നെ വൈറലായി മാറുകയായിരുന്നു.

ഏതായാലും ചിച്ചിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് മൃഗശാല ഡയറക്ടര്‍ ഒലെക്സി ഗ്രിഗോറിയേവ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.