"എടൊ എഴുന്നേക്കെടോ അതെന്‍റെ കിടപ്പാടമാ’ ചിരിപടര്‍ത്തി ആനക്കുട്ടിയും പരിപാലകനും
Tuesday, May 17, 2022 5:18 PM IST
കുട്ടിക്കുറുമ്പുകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുംതന്നെ ഉണ്ടാവുകയില്ലല്ലൊ. ഇവിടെയിതാ ഒരു കുട്ടിയാനയും പരിപാലകനും തമ്മിലുള്ള കുസൃതി കാഴ്ചക്കാരെ മുഴുവന്‍ ചിരിപ്പിച്ച് വൈറലായിരിക്കുകയാണ്.

തന്‍റെ കിടക്കയില്‍ കിടക്കുന്ന പരിപാലകനെ വേലി ചാടിക്കടന്നുവന്നു എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയും ഉറക്കം നടിച്ച് ആനക്കുട്ടിയെ കബളിപ്പിക്കുന്ന പരിപാലകനുമാണ് വീഡിയോയിലുള്ളത്.

വീഡിയൊ തുടങ്ങുമ്പോള്‍ വേലി ചാടിക്കടന്ന് "ബുദ്ധിമുട്ടി’ കിടക്കയ്ക്കരികിലെത്തുന്ന ആനക്കുട്ടി അവിടെ ഉറക്കം നടിച്ച് കിടക്കുന്ന പരിപാലകനെ എഴുന്നേല്‍പ്പിക്കുന്നതാണ് കാഴ്ച.

ആനക്കുട്ടിയോടൊപ്പം കുസൃതിയില്‍ പെരുമാറുന്ന പരിപാലകനും ഒട്ടുംതന്നെ വിട്ടു കൊടുക്കുന്നില്ല. തിരിഞ്ഞുംമറിഞ്ഞും ഉന്തിയും തള്ളിയും അവര്‍ മത്സരിക്കുന്പോൾ കാഴ്ചക്കാര്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിയില്ല.

ഒടുവില്‍ കഷ്ടപ്പെട്ട് കിടക്ക സ്വന്തമാക്കുന്ന ആനക്കുട്ടി അതില്‍ വിശാലമായി കിടക്കുന്നു. വീഡിയോ അവസാനിക്കുന്നിടത്ത് ആനക്കുട്ടിയും പരിപാലകനും കിടക്കയില്‍ ഒരുമിച്ച് കെട്ടിപ്പിടിച്ചുറങ്ങുന്നതായി കാണാം.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ ഡോ. സാമ്രാട്ട് ഗൗഡയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. "ഹേയ് അതെന്റെ കിടക്കയാണ്. എഴുന്നേല്‍ക്ക്’ എന്ന തലക്കെട്ടോടെ കൊടുത്തിരിക്കുന്ന വീഡിയൊ ഇതിനോടകം 150,000 പേരാണ് കണ്ടിരിക്കുന്നത്.

ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും വീഡിയോ പങ്കുവച്ച് പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.