ബ്രിട്ടീഷ് കൗൺസിൽ ഉദ്യോഗം വിട്ട് തെരുവിലേക്ക്; ഡല്‍ഹിയിലെ ചായക്കാരി എംഎ ഇംഗ്ലീഷ്..!
Tuesday, January 17, 2023 12:54 PM IST
ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡല്‍ഹിയിലെ കന്‍റോൺമെന്‍റ് ഏരിയയിലെ ഗോപിനാഥ് ബസാറില്‍ ഊര്‍ജസ്വലയായ ഒരു യുവതിയെ പരിചയപ്പെടാം. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുകളോട് ഇടപെടുന്ന ആ യുവതിയുടെ പേര് ശര്‍മിഷ്ഠ ഘോഷ് എന്നാണ്.

തൊഴില്‍ ഉന്തുവണ്ടിയില്‍ ചായക്കച്ചവടം. എന്നാല്‍, ചായക്കച്ചവടം ചെയ്യുന്ന ശര്‍മിഷ്ഠ ഷോഷ് ആരാണെന്ന് അറിഞ്ഞാല്‍ ഒന്നന്പരക്കും!

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദമുള്ള യുവതിയാണ് അവര്‍. ബ്രിട്ടീഷ് കൗണ്‍സിലിലെ മികച്ച ഉദ്യോഗം ഉപേക്ഷിച്ചാണ് ശര്‍മിഷ്ഠ തന്‍റെ സഞ്ചരിക്കുന്ന ചായക്കട തുടങ്ങുന്നത്. ചായക്കടയും ലഘുഭക്ഷണവും വിളമ്പുന്ന കടകളുടെ ഒരു ശൃംഖലതന്നെ തുടങ്ങുകയാണ് ശര്‍മിഷ്ഠയുടെ ലക്ഷ്യം.

അതിനായുള്ള കഠിനാധ്വാനത്തില്‍ ശര്‍മിഷ്ഠ ഒറ്റയ്ക്കല്ല, അടുത്ത കൂട്ടുകാരി കൂടിയായ ഭാവന റാവുവുമുണ്ട്. ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ജീവനക്കാരിയാണ് വിദ്യാസമ്പന്നകൂടിയായ ഭാവന. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങളും സഹായിത്തിനായി എത്താറുണ്ട്. ചായക്കടയില്‍നിന്നുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം തന്‍റെ കുടുംബത്തിനു നല്‍കുകയും ചെയ്യുന്നു ശര്‍മിഷ്ഠ.

നാല് ദിവസം മുമ്പാണ് ശര്‍മിഷ്ഠ ഘോഷിന്‍റെ കഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇന്ത്യന്‍ കരസേനയിലെ ബ്രിഗേഡിയര്‍ സഞ്ജയ് ഖന്നയാണ് ശര്‍മിഷ്ഠയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ എഴുതിയത്. കുറിപ്പു പങ്കുവച്ച് മൂന്നുദിവത്തിനുള്ളില്‍ മുപ്പതിനായിരത്തിലേറെ ലൈക്ക് ലഭിച്ചു. ആയിരക്കണക്കിന് കമന്‍റുകളും നൂറുകണക്കിന് റീപോസ്റ്റുകളും ലഭിക്കുകയുണ്ടായി.

ശര്‍മിഷ്ഠയുടെ ചിത്രം സഹിതമാണ് ഖന്ന പോസ്റ്റ് പങ്കുവച്ചത്. ജോലിയുടെ വലിപ്പ-ചെറുപ്പമല്ല എന്നാല്‍, ഒരാള്‍ വലിയ സ്വപ്നം കാണുന്നു- എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ബ്രിഗേഡിയര്‍ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഒരാളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള കഠിനാധ്വാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ഖന്ന പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.