മൈക്കലാഞ്ചലോയുടെ 500 വര്‍ഷം പഴക്കമുള്ള പെയിന്‍റിംഗ് കണ്ടെത്തി; വരച്ചത് 21-ാം വയസിൽ
Friday, May 13, 2022 11:35 AM IST
വിഖ്യാത ചിത്രകാരന്‍ മൈക്കലാഞ്ചലോ 500 വര്‍ഷം മുന്‍പ് വരച്ച ചിത്രം കണ്ടെത്തി. തവിട്ടു നിറത്തിലുള്ള ചിത്രത്തില്‍ നഗ്നനായ ഒരു മനുഷ്യനെ വേറെ രണ്ടുപേര്‍ വളഞ്ഞു നില്‍ക്കുന്നതാണുള്ളത്.

13x8 ഇഞ്ചിലുള്ള ഈ ചിത്രം 1496ല്‍, മൈക്കലാഞ്ചലോ തന്‍റെ ഇരുപത്തിയൊന്നാം വയസില്‍ വരച്ചതാണെന്നാണ് കരുതപ്പെടുന്നത്. പ്രശസ്ത ഫ്രെഞ്ച് പിയാനിസ്റ്റ് ആല്‍ഫ്രെഡ് കോര്‍ടോട്ട് 1907ല്‍ പാരിസില്‍ നിന്ന് ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

എന്നാലിത് മൈക്കലാഞ്ചലോയുടെ ശിഷ്യന്‍മാരില്‍ ഒരാള്‍ വരച്ച ചിത്രം എന്നായിരുന്നു അദ്ദേഹം കരുതിയിരുന്നത്. 1962ല്‍, കോര്‍ടോട്ടിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ കൈയിലായിരുന്നു ഈ ചിത്രം.

2019ല്‍ ചിത്രകലാ മേഖലയിലെ വിദഗ്ധരാണ് ചിത്രം മൈക്കലാഞ്ചലോ വരച്ചതാണെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായിരുന്ന ഇറ്റാലിയന്‍ ചിത്രകാരന്‍ മസാസിയോയുടെ ഒരു ചുവര്‍ചിത്രത്തിന്‍റെ സ്വാധീനത്തില്‍ നിന്നാണ് മൈക്കലാഞ്ചലോ ഇതു വരച്ചതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ലേലത്തില്‍ ചിത്രത്തിന് 26 മില്യണ്‍ പൗണ്ട് ലഭിക്കുമെന്നാണ് ലേല സംഘാടകരായ ക്രിസ്റ്റീസ് കണക്കാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.