അധ്യാപക"വൃത്തി’;വൃത്തിയെ ചൊല്ലി കുട്ടികള്‍ക്ക് മുന്നില്‍ അധ്യാപികമാര്‍ വഴക്കുണ്ടാക്കിയപ്പോള്‍
Wednesday, October 5, 2022 10:26 AM IST
പണ്ടുകാലം തൊട്ടേ ഏറ്റവും ശ്രേഷ്ഠകരമായി കണ്ടുവരുന്ന ഒരു ജോലിയാണ് അധ്യാപനം. അതൊരു സാധാരണ ജോലി ആയിട്ടല്ല വരും തലമുറയെ നല്ല പൗരന്മാരായി വാര്‍ത്തെടുക്കുന്ന ഉത്തരവാദിത്തമായിട്ടാണ് സമൂഹം കണക്കാക്കാറുള്ളത്.

അതിനാല്‍തന്നെ സമൂഹത്തില്‍ അധ്യാപകര്‍ക്കുള്ള സ്ഥാനവും വലിയതാണ്. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ ഈ ജോലിയൊരു ഉപജീവനമാര്‍ഗം മാത്രമായി കാണുന്ന നിരവധി പേരുണ്ട്. അത്തരത്തിലുള്ള ചിലയാളുകളുടെ വഴക്കിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റിസണ്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

അഹമ്മദ് കബീര്‍ എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലെ ഗേള്‍സ് പ്രീസെക്കന്‍ഡറി സ്കൂളില്‍ അധ്യാപികമാരും ജീവനക്കാരിയും തമ്മിലുള്ള വഴക്കാണുള്ളത്.

സ്കൂളില്‍ ഗാന്ധി ജയന്തി ആഘോഷത്തിനിടെയാണ് സംഭവം. വൃത്തിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഒടുവില്‍ വഴക്കായി മാറിയത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നാണ് ഇവര്‍ തമ്മില്‍ കലഹിച്ചത്. വിദ്യാര്‍ഥികളും മറ്റ് ചിലരും ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. വീഡിയോ വൈറലായതോടെ സംഘര്‍ഷത്തിന്‍റെ പേരില്‍ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

നിരവധി വിമര്‍ശനങ്ങളും തമാശകളും ഈ വിഷയത്തില്‍ കമന്‍റുകളായി വന്നിരുന്നു. മിക്ക അധ്യാപകരും തങ്ങളുടെ ജോലിയുടെ ഗൗരവം ഇപ്പോഴും മനസിലാക്കുന്നുണ്ടെന്നും ചിലര്‍ മാത്രമാണ് ഇത്തരത്തില്‍ മോശമായി പെരുമാറുന്നതുമെന്നാണ് അതിലൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.