യാത്ര വൈകിക്കോട്ടെ, പക്ഷേ ആയുസ് വർധിക്കും: രാത്രിയിൽ വാഹനമോടിക്കുന്നവരോട് കേരളാ പോലീസിനു പറയാനുള്ളത്..
Wednesday, September 26, 2018 5:44 PM IST
സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും അപകടത്തിൽപെട്ട വാർത്ത ഏവരും ഞെട്ടലോടെയാണ് കേട്ടത്. അപകടത്തിൽ അദ്ദേഹത്തിന്‍റെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഈ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ രാത്രികാല ഡ്രൈവിംഗ് നടത്തുന്നവർക്ക് മാർഗനിർദേശങ്ങൾ നല്കുകയാണ് കേരള പോലീസ്. രാത്രിയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

ഉറക്കംതൂങ്ങുന്ന ഡ്രൈവർ മദ്യപിച്ചു വാഹനം ഓടിക്കുന്നയാളുടെ അത്രയും തന്നെ അപകടകാരിയായിരിക്കാമെന്നാണ് പോസ്റ്റിൽ പറയുന്നത്. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഏഴോ എട്ടോ മണിക്കൂർ‍ ഉറങ്ങിയതിനു ശേഷം മാത്രം നീണ്ട ഡ്രൈവിംഗ് തുടരുക.

കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത്‌ രാത്രിയിലാണ്‌. അതിനു പ്രധാന കാരണം ഡ്രൈവറുടെ ഉറക്കമാണ്. വാഹനം ഓടിക്കുമ്പോൾ‍ ഉറക്കം തോന്നിയാൽ അപ്പോൾ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക.

കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രമിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം തൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്..രാത്രിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നതെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു..

കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.