"സൂക്ഷിച്ചോ, എന്‍റച്ഛന്‍ രാജാവാകും...’; സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒന്നൊന്നര ഭീഷണിയെക്കുറിച്ച്
Thursday, September 29, 2022 12:53 PM IST
പലതരത്തിലുള്ള ഭീഷണികള്‍ നാം കേള്‍ക്കാറുണ്ടല്ലൊ. പ്രത്യേകിച്ച് ചലച്ചിത്രങ്ങളിലും മറ്റുമായുള്ള ഭീഷണി വാചകങ്ങള്‍ ഏറെ വൈറലാകാറുണ്ട്.

എന്നാല്‍ ഒരു കൊച്ചുകുട്ടി സ്കൂളില്‍ വച്ച് തന്‍റെ കൂട്ടുകാരെ ഭീഷണിപ്പെടുത്തിയതാണ് ഇപ്പോള്‍ ലോകം മുഴുവന്‍ വാര്‍ത്തയായിരിക്കുന്നത്. തെക്കന്‍ ലണ്ടനിലെ തോമസ് ബാറ്റേഴ്സി സ്കൂളിലാണ് സംഭവം.

കളിസ്ഥലത്തെ വഴക്കിനിടയിലാണ് കുട്ടി വേറിട്ടൊരു ഭീഷണി മുഴക്കിയത്. "എന്‍റെ അച്ഛന്‍ രാജാവാകും, അതിനാല്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്’ എന്നായിരുന്നാ ഭീഷണി.

ഭീഷണി മുഴക്കിയ ആള്‍ ഇംഗ്ലണ്ടിലെ നിയുക്ത രാജാവായ ചാള്‍സിന്‍റെ ചെറുമകനായ ജോര്‍ജ് രാജകുമാരനാണ്. ചാള്‍സ് രാജാവിന്‍റെ മകന്‍ വില്യം രാജകുമാരന്‍റെയും കേറ്റ് മിഡില്‍ടണിന്‍റെയും മൂത്ത മകനായ ജോര്‍ജ് തന്‍റെ കുസൃതികള്‍ നിമിത്തം സ്ഥിരമായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ആളാണ്.

മുമ്പ് വിംബിള്‍ഡണ്‍ ടെന്നീസ് മത്സരത്തിനിടെ അദ്ദേഹം മുഖം കൊണ്ട് തമാശകള്‍ കാട്ടിയത് വാര്‍ത്തയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരത്തിനിടെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ നാവ് നീട്ടിയതും വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

ഏതായാലും ഈ ഭീഷണി നെറ്റീസണ്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കയാണ്. ഒരു ഒമ്പതു വയസുകാരന്‍റെ കുസൃതിയായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ജനാധിപത്യ കാലത്ത് ഇത്തരം രാജവാഴ്ച ശൈലികളെയാണ് ചിലര്‍ ഇതിലൂടെ വിമര്‍ശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.