ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി
വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും വീണ്ടും കണ്ടുമുട്ടി. മുംബൈയിൽ, പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്ത ശേഷം കാംബ്ലിയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ഇരുവരുമൊത്തുള്ള ചിത്രങ്ങളും കാംബ്ലി ട്വിറ്ററിൽ പങ്കുവച്ചു. ''മാസ്റ്റർ ബ്ലാസ്റ്റർ ഐ ലൗവ് യൂ' എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ഇത് ഞങ്ങളൊരുമിച്ചുള്ള ആദ്യ സെൽഫിയാണെന്നും കാംബ്ലി കുറിച്ചു.


രാജ്യത്തെ ക്രിക്കറ്റ് ആരാധകർ‌ എക്കാലവും മനസിൽ ഓർത്തുവയ്ക്കുന്ന കൂട്ടുകെട്ടാണ് ഇരുവരുടേതും. 1988ൽ നടന്ന സ്കൂൾതല ക്രിക്കറ്റ് മത്സരത്തിൽ ഇരുവരും ചേർന്ന് 664 റൺസിന്‍റെ റിക്കാർഡ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇതോടെയായിരുന്നു ഇവർ വാർത്തകളിലെ താരങ്ങളായത്. പിന്നീട്, സച്ചിൻ ലോകക്രിക്കറ്റിലെ അതികായനായി വളർന്നു. എന്നാൽ മോശം ഫോമും സ്ഥിരതയില്ലായ്മയും കാംബ്ലിക്ക് അവസരങ്ങൾ നഷ്ടപ്പെടുത്തി.

അതിനിടെ, തനിക്ക് ക്രിക്കറ്റ് ലോകത്ത് വളരാൻ യൊതൊരു സഹായവും തന്‍റെ കളിക്കൂട്ടുകാരനായ സച്ചിൻ ചെയ്തിട്ടില്ലെന്ന് കാംബ്ലി ആരോപിച്ചു. എട്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്.എന്നാൽ, സുഹൃത്തിന്‍റെ ഈ ആരോപണങ്ങളോട് സച്ചിൻ പ്രതികരിച്ചിരുന്നില്ല ഇതോടെ ഇരുവരും തമ്മിൽ അകന്നുവെന്ന് വാർത്തകൾ വന്നു. എന്നാൽ ആ വാർത്തകളോടൊന്നും ഇരുവരും പ്രതികരിക്കുകയോ, വാർത്തകൾ നിഷേധിക്കുകയോ ചെയ്തില്ല. ഇതോടെ വാർത്തകൾ സത്യമാണെന്ന് ആരാധകരും ഉറപ്പിച്ചു.

പ്രശസ്തമായ തന്‍റെ വിടവാങ്ങൽ പ്രസംഗത്തിലും സച്ചിൻ കാംബ്ലിയെ പരാമർശിച്ചിരുന്നില്ല. ഇതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതിനു ശേഷവും ഇരുവരും മൗനം തുടരുന്നതിനിടെയാണ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.