"അധ്വാനിക്കാനുള്ള ആ മനസ്...’; വൈറലായി അംഗപരിമിതനായ സൊമാറ്റൊ ഭക്ഷണ വിതരണക്കാരന്‍
Thursday, July 28, 2022 2:44 PM IST
മുന്നേറുവാന്‍ കഴിയാതെ വരുമ്പോള്‍ പലരും അവരവരുടെ സാഹചര്യത്തെയൊ പരിമിതികളെയൊ വിധിയെയൊ കാരണമാക്കാറുണ്ട്. എന്നാല്‍ ചിലര്‍ ഇത്തരം എല്ലാ പ്രതിസന്ധികളെയും തങ്ങളുടെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് നമ്മുടെയെല്ലാം കൈയടി നേടാറുണ്ട്.

അത്തരത്തിലൊരാളുടെ കാഴ്ചയാണ് നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഗ്രോമിഗ് ബുള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്നിട്ടുള്ള വീഡിയോയില്‍ മുച്ചക്ര വാഹനത്തില്‍ ആഹാരവുമായി പോകുന്ന ഒരാളെ കാണാം. സൊമാറ്റൊയുടെ യൂണിഫോമും ആള്‍ ധരിച്ചിട്ടുണ്ട്.

ചെന്നൈയിലുള്ള 37 കാരനായ ഗണേശ് മുരുകനാണ് ഈ വീഡിയോയിലുള്ളത്. ആറ് വര്‍ഷം മുമ്പ് ഗണേശ് മുരുകന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഭാഗികമായി തളര്‍ന്നു പോയിരുന്നദ്ദേഹം. എന്നാല്‍ തന്‍റെ ശാരീരിക അവശതകളെ വകവയ്ക്കാതെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജോലി ചെയ്യുകയാണ് അദ്ദേഹമിപ്പോള്‍.

ഐപിഎസ് ഉദ്യോഗസ്ഥനായ ദിപന്‍ഷു കബ്രയും ഗണേശിന്‍റെ വാര്‍ത്ത കഴിഞ്ഞ മാസം തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. മദ്രാസ് ഐഐടി യിലെ ഒരു സ്റ്റാർട്ട് അപ്പാണ് ഗണേശിന് സഞ്ചരിക്കാനുള്ള വാഹനം രൂപകല്‍പന ചെയ്ത് നല്‍കിയത്.

ഇന്ത്യയിലെ ആദ്യത്തെ വീല്‍ചെയര്‍ ഭക്ഷണ വിതരണ ജീവനക്കാരനാണ് ഗണേശ്. സ്വന്തം പരിമിതികളെ മാറ്റി നിര്‍ത്തി മറ്റുള്ളവരെ ആശ്രയിക്കാതെ അധ്വാനിക്കുന്ന ഗണേശ് ഏതായാലും സമൂഹ മാധ്യമങ്ങളുടെ ഹൃദയം തൊട്ടിരിക്കുകയാണ്.

ഒന്നര ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് നിരവധി കമന്‍റുകളും ലഭിക്കുന്നുണ്ട്. മിക്കവരും ഗണേശിന്‍റെ ഈ മനോഭാവത്തെ പുകഴ്ത്തുകയാണ്. മറ്റ് കാര്യങ്ങള്‍ കണക്കിലെടുക്കാതെ ഗണേശിന് ജോലി നല്‍കിയ സൊമാറ്റൊയുടെ സൂപ്പര്‍വൈസറിനെയും ആളുകള്‍ അഭിനന്ദിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.