"ലൈവ് ചെസ്’; ജീവനുള്ള കരുക്കളായി വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍
Wednesday, July 27, 2022 2:53 PM IST
ബുദ്ധിപരമായ നീക്കത്തിലൂടെ എതിരാളിയെ തളയ്ക്കുന്ന ചെസ് കളി മിക്കവര്‍ക്കും അറിയാവുന്ന ഒന്നാണല്ലൊ. പലരും ഈ കളിയ്ക്കായി വേറിട്ട കളങ്ങളും കരുക്കളും ഉപയോഗിക്കാറുണ്ട്.

എന്നാല്‍ മനുഷ്യര്‍ തന്നെ കരുക്കളായെത്തുന്ന ചെസ് കളി മുമ്പ് ആരും തന്നെ കാണാനിടയില്ല. അത്തരത്തിലൊരു രസകരമായ ചെസ് മത്സരം ഒരുക്കിയിരിക്കുകയാണ് ചെന്നെെയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍.

ചെന്നൈയിലെ പെരമ്പൂരിലെ ഒരു സ്വകാര്യ സ്കൂളാണ് 6,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വലിയ് ചെസ് ബോര്‍ഡ് സ്ഥാപിച്ചത്. അവരൊരുക്കിയ ലൈവ് ചെസ് ബോര്‍ഡില്‍ രാജാവും മന്ത്രിയും കുതിരയും തേരുമൊക്കെയായി വിദ്യാര്‍ഥികള്‍ തന്നെ അണിനിരന്നു. ചെസ് ചിഹ്നങ്ങളാകാന്‍ വിദ്യാര്‍ഥികളുടെ മുഖത്ത് കറുപ്പും വെളുപ്പും ഛായം പൂശിയിരുന്നു. മാത്രമല്ല വേഷവിധാനങ്ങളും കരുതിയിരുന്നു.

44ാമത് ചെസ് ഒളിമ്പ്യാഡിനെ പ്രതിനിധീകരിച്ചാണ് ഇത്തരമൊന്ന് സംഘടിപ്പിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ റോയിറ്റേഴ്സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരുന്നു. അതോടെ വീഡിയോ വൈറലായി മാറി.

വീഡിയോയില്‍ വിദ്യാര്‍ഥികള്‍ കളങ്ങളിലൂടെ സഞ്ചരിച്ച് എതിര്‍ "കരുവിനെ' വെട്ടുന്നതായി കാണാം. പുറത്താകുന്ന "കരു' പിന്നീട് ബോര്‍ഡില്‍ നിന്നും നടന്ന് പുറത്തു പോവുകയാണ്.

14 അടി ഉയരവും 6 അടി വീതിയുമുള്ള ചെസ് ഒളിമ്പിക്സ് ലോഗോ തമ്പിയുടെ എട്ട് കട്ട് ഔട്ടുകളും ഈ ഭീമാകാരമായ ചെസ് ബോര്‍ഡിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല തമ്പി ചിഹ്നമുള്ള ടീ ഷര്‍ട്ടും മുഖംമൂടിയും ധരിച്ചും നിരവധി വിദ്യാര്‍ഥികളെ വീഡിയോയില്‍ കാണാം.

ചെസ് ഒളിമ്പ്യാഡിന്‍റെ 44ാമത് പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് ചെന്നൈയിലെ മാമല്ലപുരത്താണ്. ജൂലൈ 28, 29 തീയതികളില്‍ ചെന്നൈയിലെ ജെഎല്‍എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 44ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ലോകത്തിലെ ഏറ്റവും വലിയ ചെസ് മത്സരം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ നടക്കും. ആകെ 187 രാജ്യങ്ങള്‍ പങ്കെടുക്കും. ഓപ്പണ്‍ വിഭാഗത്തില്‍ 188 ടീമുകളും വനിതാ വിഭാഗത്തില്‍ 162 ടീമുകളും ഉള്‍പ്പെടുന്നു. എക്കാലത്തെയും ഉയര്‍ന്ന പങ്കാളിത്തത്തിനാകും 44ാമത് ഒളിമ്പ്യാഡ് സാക്ഷ്യം വഹിക്കുക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.