വൈറലായി ഒരു "മെഡിക്കല്‍ കല്യാണക്കുറി’; വിശദാംശങ്ങള്‍ വായിക്കാം
Friday, August 26, 2022 1:16 PM IST
കല്യാണം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട അവസരങ്ങളില്‍ ഒന്നാണല്ലൊ. അതിന്‍റെ മാറ്റ് കൂട്ടാനായി എല്ലാവരും ശ്രമിക്കാറുണ്ട്.

എന്നാല്‍ ഇക്കാലത്ത് കല്യാണവും അതിനോടനുബന്ധിച്ച ചടങ്ങകളും വ്യത്യസ്തമാക്കാന്‍ യുവതലമുറ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു കാര്യമാണ് ഹര്‍ഷ് ഗോയാൻകാ എന്നയാള്‍ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ നിന്നുള്ള എഴിലരസന്‍റെയും വസന്ത കുമാരിയുടെയും കല്യാണക്കുറിയാണ് ഇദ്ദേഹം പങ്കുവച്ചത്. ഒരു ഗുളികയുടെ പിന്‍ കവറിന്‍റെ രൂപത്തിലാണ് ഈ കുറി രൂപകല്‍പന ചെയ്തിരിക്കുന്നത്.

അതിന് കാരണം; ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന ആളാണ് എഴിലരസന്‍. നഴ്സാണ് വസന്തകുമാരി. ഒറ്റനോട്ടത്തില്‍ ഗുളികയുടെ സ്ട്രിപ്പായി തോന്നുന്ന ഈ കല്യാണക്കുറി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സ്നേഹം (ഡയഗണോസിസ്) കണ്ടെത്തിയതിത്തെുടര്‍ന്നാണ് ഈ കല്യാണം മരുന്നാക്കുന്നതെന്നും കുറിയില്‍ രസകരമായി സൂചിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന വിവാഹത്തിന്‍റെ എല്ലാ വിശദാംശങ്ങളും രസകരമായ രീതിയില്‍ ഇതില്‍ എഴുതിയിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന്‍റെ പ്രത്യേകതകളായ അധ്യാപക ദിനം, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍റെ പിറന്നാള്‍, "കപ്പലോട്ടിയ തമിഴന്‍’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര പോരാളി വി.ഓ. ചിദംബരത്തിന്‍റെ പിറന്നാള്‍ വിശുദ്ധ മദര്‍ തെരേസയുടെ ചരമദിനം എന്നിവയൊക്കെ കുറിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ പേര് എഴുതിയ ഇടത്ത് "മാനുഫാക്ച്ചേര്‍ഡ് ബൈ’ എന്നാണ് ചേര്‍ത്തിരിക്കുന്നത്. "വാര്‍ണിംഗ്' നല്‍കുന്ന ഇടത്തായിട്ടാണ് കൂട്ടുകാരോടും പ്രിയപ്പെട്ടവരോടും തങ്ങളുടെ കല്യാണത്തിന് എത്തണമെന്ന് ഇവര്‍ കുറിച്ചിരിക്കുന്നത്.

ഏതായാലും ഏറെ ഭാവനാപരമായി ചെയ്തിരിക്കുന്ന ഈ കല്യാണക്കുറിയിലൂടെ എഴിലരസന്‍റെയും വസന്തകുമാരിയുടെയും കല്യാണം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. അവര്‍ക്കാശംസ നേരുകയാണ് നെറ്റീസണ്‍ ലോകമിപ്പോള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.