സ്കൂളില്‍ വെള്ളക്കെട്ട്; നനയാതിരിക്കാന്‍ വിദ്യാര്‍ഥികളെ കൊണ്ട് കസേര നിരത്തിച്ച് "സസ്പെന്‍ഷനിലേക്ക്’ നടന്ന ടീച്ചര്‍
Thursday, July 28, 2022 3:32 PM IST
രാജ്യത്ത് മിക്കയിടത്തും മഴക്കെടുതികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമയമാണല്ലൊ ഇപ്പോള്‍. ഓവു ചാലുകളുടെ കുറവുള്ള ഇടങ്ങളിലെല്ലാം വെള്ളം കെട്ടികിടക്കുന്നത് പതിവ് കാഴ്ചയാണ്. മാത്രമല്ല ഇത്തരം മലിന ജലം രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

എന്നാല്‍ ഇത്തരമൊരു വെള്ളക്കെട്ട് കാരണം പുലിവാല്‍ പിടിച്ചിരിക്കുയാണ് ഉത്തര്‍പ്രദേശിലുള്ള ഒരു അധ്യാപിക. പായല്‍ മൊഹീന്ദ്ര എന്ന യുവതി തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഒരു സ്കൂളിന്‍റെ കാഴ്ചയാണുള്ളത്.

ദൃശ്യങ്ങളില്‍ ഒരു സ്കൂളിന്‍റെ മുറ്റമാകെ വെളളം നിറഞ്ഞിട്ടുള്ളതായി കാണാം. എന്നാല്‍ വെള്ളത്തില്‍ കുറേ പ്ലാസ്റ്റിക് കസേരകള്‍ വിദ്യാര്‍ഥികള്‍ നിരത്തുകയാണ്. ഒരു അധ്യാപിക ആ കസേരകളുടെ മുകളിലൂടെ നടന്നു വരുന്നതതായി കാണാം.

കുറച്ച് വിദ്യാര്‍ഥികള്‍ കസേരകള്‍ വീഴാതെ പിടിച്ചു കൊടുക്കുന്നുണ്ട്. മറ്റു ചിലര്‍ പുതിയ കസേരകള്‍ വച്ചു നല്‍കുന്നുണ്ട്. അധ്യാപിക വെള്ളക്കെട്ട് കടന്ന് താഴെയിറങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ അധ്യാപികയ്ക്ക് സസ്പെന്‍ഷനും ലഭിച്ചു. കാരണം അധ്യാപിക മുകളിലൂടെ നനയാതെ വരുകയാണെങ്കിലും സഹായിക്കാനെത്തിയ കുട്ടികളെല്ലാം ഈ മലിന ജലത്തില്‍ നില്‍ക്കേണ്ടി വന്നിരുന്നു. അതിനാല്‍ത്തന്നെ ഒരുപാടു പേര്‍ ഈ സംഭവത്തില്‍ പ്രതിഷേധിച്ച് രംഗത്തുമെത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.