ഗുജറാത്തിൽ റോപ്പ്വേ തകർന്ന് ആറ് മരണം
Saturday, September 6, 2025 9:45 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ്വേ തകർന്ന് ആറ് പേർ മരിച്ചു. പാവഗഡിലെ കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ്വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്.
പാവ്ഗഡിലെ പ്രശസ്തമായ ശക്തിപീഢത്തിലാണ് അപകടമുണ്ടായത്. ആറ് പേർ അപകടത്തിൽ മരിച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവം നടന്നയുടൻ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തി.
കാബിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കാളികാ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനായി പ്രദേശത്ത് പാസഞ്ചർ റോപ്പ്വേ ഉണ്ട്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പാസഞ്ചർ ട്രോളി അടച്ചിട്ടിരുന്നു.
ആറന്മുളയിൽ യുവതി ആറ്റിൽ ചാടി മരിച്ചു
Saturday, September 6, 2025 8:37 PM IST
പത്തനംതിട്ട: ആറന്മുളയിൽ യുവതി ആറ്റിൽ ചാടി മരിച്ചു. ഉച്ചയ്ക്കായിരുന്നു സംഭവം.
ആരാണ് മരിച്ചതെന്നോ, മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മദ്യ ലഹരിയിൽ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ
Saturday, September 6, 2025 8:31 PM IST
പാലക്കാട്: തൃത്താലയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറ്. ആനക്കര കുമ്പിടി ടൗണിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. ഇയാളെ തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു.
വിജീഷ് സഹോദരനെ ആക്രമിച്ച കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് തൃത്താല പോലീസ് അറിയിച്ചു.
മദ്യ ലഹരിയിലാണ് വിജീഷ് എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി പോലീസിന് കൈമാറിയിരുന്നു. ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധ മലപ്പുറം സ്വദേശിനിക്ക്
Saturday, September 6, 2025 7:46 PM IST
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസുള്ള സ്ത്രീക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാൾ മരിച്ചിരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്.
അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
കസ്റ്റഡി മർദനം: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
Saturday, September 6, 2025 7:29 PM IST
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന കേസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് മർദനത്തിന് ഇരയായ സുജിത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ പോലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സർക്കാരിന്റെ പോലീസ് നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
നാല് പോലീസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര, സർവീസിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. പിണറായി വിജയൻ പോലീസ് സ്റ്റേഷനുകളെ കോൺസൻട്രേഷൻ ക്യാമ്പുകൾ ആക്കി മാറ്റുകയാണോ എന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് ഡിജിപി അല്ല, മുഖ്യമന്ത്രിയാണ്.
മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് പെൺകുട്ടിയെ കാണാതായി
Saturday, September 6, 2025 7:08 PM IST
കണ്ണൂർ: മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില് വൈകുന്നേരം നാലിനായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്.
അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്കുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോള് വീഴുകയായിരുന്നു.
പെൺകുട്ടിക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
കുന്നംകുളം കസ്റ്റഡി മർദനം: നാല് പോലീസുകാർക്ക് സസ്പെൻഷൻ
Saturday, September 6, 2025 6:44 PM IST
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.
ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി
Saturday, September 6, 2025 6:13 PM IST
ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയാണ് പ്രശാന്ത് അദ്ദേഹത്തെ ക്ഷണിച്ചത്.
ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്ന സാഹചര്യത്തിലും ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകുകയാണ്.
അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി മരിച്ച നിലയിൽ
Saturday, September 6, 2025 6:25 PM IST
കണ്ണൂർ: അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷൈജുവാണ് മരിച്ചത്. ഷൈജുവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ലധികം കേസുകൾ ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
അതേസമയം മരണവും കേസും തമ്മിൽ ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്. കണ്ണൂരില് പ്രവര്ത്തിക്കുന്ന അര്ബന് നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതികള്.
ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര് സിറ്റി ടൗണ് പോലീസ് സ്റ്റേഷനില് 23 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഓച്ചിറയിൽ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു
Saturday, September 6, 2025 5:03 PM IST
കൊല്ലം: ഓച്ചിറ റെയിൽവേ സ്റ്റേഷനു സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65) മകൻ ശ്യാം (45) എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് പ്ലാറ്റ്ഫോമിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.
ജനശതാബ്ദി തട്ടിയാണ് മരിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവിധം ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (23), വിഷ്ണു (20).
ശ്യാം കോയമ്പത്തൂരിൽ ജോലി നോക്കുകയാണ്. വെള്ളിയാഴ്ച നാട്ടിലെത്തിയ ശ്യാം ഭാര്യയെയും മകനെയും മർദിച്ചിരുന്നു. ഇവർ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതിനു പിന്നാലെ ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇരുവിഭാഗത്തോടും ഇന്നു പത്തിന് സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
ഇന്ന് പ്രമീള സ്റ്റേഷനിലെത്തിയെങ്കിലും ശ്യാമും അമ്മയും എത്തിയില്ല. പുലർച്ചെ നാലിന് വസന്തയും ശ്യാമും വീട്ടിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. ശ്യാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ വസന്തയെ പ്രമീള വിളിച്ചപ്പോൾ അടുത്ത ഓണം വരെ ഞങ്ങൾ ഒരിടം വരെ പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.
ട്രെയിൻ തട്ടി മരണമെന്ന ഓച്ചിറ പോലീസിന്റെ സന്ദേശം എത്തിയപ്പോഴാണ് ശാസ്താംകോട്ട പോലീസിനു സംശയം തോന്നി അന്വേഷിക്കുന്നത്. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് ഇരുവരുടെയും ഫോൺ ചിന്നിച്ചിതറിയ നിലയിൽ ലഭിച്ചിട്ടുണ്ട്. ഒരു സിംകാർഡ് ലഭിച്ചത് പോലീസിന്റെ കൈവശമുണ്ട്.
വസന്തയും ശ്യാമിന്റെ ഭാര്യ പ്രമീളയും മക്കളും ഒരുമിച്ചാണു താമസിക്കുന്നത്. നാട്ടിൽ വർക്ക്ഷോപ്പ് നടത്തി വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനെ തുടർന്ന് നാട്ടിൽനിന്നു മാറി കോയമ്പത്തൂരിൽ വർക്ഷോപ്പ് ഇട്ട് പ്രവർത്തിക്കുകയായിരുന്നു ശ്യാം. എന്നാൽ ഇതും നഷ്ടത്തിലായി.
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
Saturday, September 6, 2025 4:52 PM IST
നിനയ്ക്കാത്ത നേരത്തു ശരീരം നിശ്ചലമാകും, ചിലപ്പോൾ ഓർമകൾ പാതിവഴിയിൽ ദിശതെറ്റും...! കൈകൾ അലക്ഷ്യമായി ചലിക്കും, ചിലപ്പോൾ മരവിച്ചപോലെ നിലയ്ക്കും. ഒരുവേള ചുവടുവയ്ക്കുന്പോൾ ഇടറി വീഴും...
പാർക്കിൻസൺസ് രോഗം മൂലം പ്രതിസന്ധിയിലായ 52 വയസുകാരൻ ടി. ഗോപകുമാറിന്റെ ജീവിതം ഒരു പോരാട്ടമാണ്. മനസെത്തുന്നിടത്തു ശരീരവുമെത്തിക്കാനുള്ള പോരാട്ടം. വർഷങ്ങളായി ചികിത്സയും അതിജീവനവുമായി മുന്നോട്ടുപോകുന്പോഴും, അതിനുള്ള ചെലവുകൾ താങ്ങാനാവാതെ തളരുകയാണ് ഈ യുവാവും കുടുംബവും
കൊച്ചി മരട് സ്വദേശിയായ ഗോപകുമാർ സ്വകാര്യ സ്ഥാപനത്തിൽ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്യുന്നുണ്ട്. 10 വർഷത്തോളമായി ചികിത്സയും അനുബന്ധ ആവശ്യങ്ങളും മൂലം ജോലിയിൽ സജീവമാകാനാവുന്നില്ല.
എറണാകുളം മെഡിക്കൽ ട്രസ്റ്റിലാണു ചികിത്സ. രോഗം മൂർച്ചിച്ച ഘട്ടത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ യന്ത്രസഹായത്തോടെ നിയന്ത്രിക്കാനുള്ള ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇതിന്റെ ഭാഗമായി ശരീരത്തിൽ പേസ്മേക്കർ മാതൃകയിലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചു.
ഡിബിഎസിനുൾപ്പെടെ ചികിത്സയ്ക്ക് 24 ലക്ഷത്തോളം രൂപ ചെലവായി. വായ്പയെടുത്തും കുടുംബ സ്വത്ത് വിറ്റുമാണ് ഇതിന്റെ പകുതിയോളം കണ്ടെത്തിയത്. നിശ്ചിത ദിവസങ്ങളെത്തുമ്പോൾ സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾ വേണം.
കൊടുത്തു തീർക്കാനുള്ള കടങ്ങൾ, തുടർ ചികിത്സ, രണ്ടു മക്കളുടെ പഠനച്ചെലവ്, പ്രായമായ അമ്മ ഉൾപ്പടെയുള്ള കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ... സാമ്പത്തികമായി വലിയ ബുദ്ധിമുട്ടു നേരിടുന്ന ഗോപകുമാറിന് ഇനിയുള്ള വഴികളിലും പ്രതിസന്ധികളുടെ നിഴലുകളേറെ...
ചികിത്സയ്ക്കും ബാധ്യതകൾ വീട്ടുന്നതിനുമായുള്ള സാമ്പത്തിക സഹായത്തിന് സുമനസുകളുടെ സഹായം തേടുകയാണ് ഗോപകുമാർ. കരുണയുള്ളവർ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ...
ഗോപകുമാറിനെ സഹായിക്കാൻ താത്പര്യമുള്ളവർ Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം
[email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക് ഓണത്തിന് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം; ചാക്കുകണക്കിന് മദ്യവുമായി കടന്ന പ്രതി പിടിയിൽ
Saturday, September 6, 2025 4:36 PM IST
പാലക്കാട്: കൊല്ലങ്കോട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കൊപ്പം മോഷണത്തിന് സഹായിച്ച പല്ലശ്ശന സ്വദേശി ശിവദാസൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. ഔട്ട്ലെറ്റിനകത്ത് പ്രവേശിച്ചയാളാണ് കൊല്ലങ്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പുറമേനിന്ന് സഹായം നൽകിയവരാണ് ശിവദാസനും രമേഷുമെന്നും പോലീസ് പറയുന്നു.
ഒരാൾ അകത്തുകയറി മദ്യമെടുക്കുകയും രണ്ടു പേർ ഔട്ട്ലെറ്റിന് പുറത്തു നിന്നുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിന്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ പറഞ്ഞു.
ഔട്ട്ലെറ്റിന്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. പത്ത് ചാക്കിലധികം മദ്യമാണ് മോഷണം പോയത്. ഓണ ദിവസം പുലർച്ചെ 2.30 നാണ് ഔട്ട്ലെറ്റിന്റെ പിൻഭാഗത്തെ ചുമർ തുരന്ന് മോഷ്ടാക്കൾ അകത്തു കയറിയത്.
അഞ്ചു മണിക്കൂർ സമയമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ ചെലവഴിച്ചത്. അവസാന ചാക്കുമെടുത്ത് പുറത്തിറങ്ങിയത് രാവിലെ 7.30 നായിരുന്നു. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടുണ്ട്.
സൈനിക താവളത്തിന് സമീപം പാക് ഡ്രോൺ; വ്യാപക തെരച്ചിൽ
Saturday, September 6, 2025 3:51 PM IST
ശ്രീനഗർ: സൈനിക താവളത്തിന് സമീപം പാക് ഡ്രോൺ കണ്ടെത്തിയ സംഭവത്തിൽ വ്യാപക തെരച്ചിൽ ആരംഭിച്ചു. ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ സൈനിക കേന്ദ്രങ്ങൾക്ക് മുകളിലായാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 9.35 ഓടെയാണ് സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് വ്യാപകമായി തെരച്ചിൽ തുടങ്ങിയെന്ന് സൈന്യം അറിയിച്ചു. സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ എന്ന സ്ഥലത്തെ സൈനിക താവളത്തിന് മുകളിലായാണ് ഡ്രോൺ കണ്ടെത്തിയത്.
ഭൂനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഡ്രോൺ ഉണ്ടായിരുന്നത്. പടിഞ്ഞാറ് ദിശയിൽ നിന്ന് കിഴക്കോട്ടേക്ക് നീങ്ങുകയായിരുന്നു ഡ്രോൺ. ഇത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പ്രദേശത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തൊട്ടുപിന്നാലെ സൈന്യത്തിന്റെ ദ്രുത കർമ സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും ഡ്രോൺ കണ്ടെത്താൻ കഴിഞ്ഞില്ല.
ബന്ധുനിയമനത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല; ഖുറാനിൽ പിടിച്ച് സത്യം ചെയ്ത് കെ.ടി.ജലീൽ
Saturday, September 6, 2025 3:29 PM IST
മലപ്പുറം: ബന്ധുനിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഖുറാനിൽ പിടിച്ച് സത്യം ചെയ്ത് കെ.ടി.ജലീൽ എംഎൽഎ. പി.കെ.ഫിറോസ് തനിക്കെതിരെ നടത്തുന്നത് വ്യാജ പ്രചാരണമാണ്. മക്കളുടെ വിവാഹത്തിന് ഭാര്യയുടെ കൈയിൽ നിന്നും 11 ലക്ഷം രൂപ കടം വാങ്ങിയെന്നും ജലീൽ വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ സെയിൽസ് മാനേജരാണ് ഫിറോസ്. പാർട്ടി പദ്ധതികളുടെ മറവിൽ വൻ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും ജലീൽ ആരോപിച്ചു. ദോത്തി ചലഞ്ചെന്ന പേരിൽ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കൾ വാങ്ങിയത്.
ഇത് വൻ തട്ടിപ്പാണ്. ഫോർച്യൂൺ ഹൗസ് ജനറലെന്ന ദുബായി കമ്പനിയുടെ മാനേജരാണ് പി.കെ.ഫിറോസെന്നും മാസം അഞ്ചേകാൽ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകൾ നിരത്തി കെ.ടി.ജലീൽ വെളിപ്പെടുത്തി.
വെള്ളാപ്പള്ളി വര്ഗീയ പരാമര്ശങ്ങള് ഒഴിവാക്കണം: മന്ത്രി കെ.കൃഷ്ണന്കുട്ടി
Saturday, September 6, 2025 3:05 PM IST
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് മന്ത്രി കെ.കൃഷ്ണന്കുട്ടി. വര്ഗീയ പരാമര്ശങ്ങള് നടത്തുന്നത് വെള്ളാപ്പള്ളി ഒഴിവാക്കണം. സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്. അത് തുടരാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്. എൽഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. അതിൽ എല്ലാ വിഭാഗക്കാരുമുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാമത വിഭാഗങ്ങളിലും ജാതിയിലും പ്രയാസങ്ങള് നേരിടുന്നവരുണ്ട്. വര്ഗീയതയ്ക്കെതിരായിട്ട് തന്നെയാണ് മുഖ്യമന്ത്രി നില്ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പുലികളി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി
Saturday, September 6, 2025 3:01 PM IST
തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
കസ്റ്റഡി മർദനം; പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണം: വി.എസ്.സുജിത്ത്
Saturday, September 6, 2025 2:49 PM IST
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനക്കേസിൽ പോലീസുകാർക്കെതിരെ ശക്തമായ നടപടിവേണമെന്ന ആവശ്യവുമായി മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത്. പോലീസുകാരെ സസ്പെൻഡ് ചെയ്യണമെന്ന ശിപാർശയിൽ തൃപ്തിയില്ല.
ഡ്രൈവറായ സുഹൈറിനെതിരെ നടപടിയില്ല. അഞ്ചു പേരെയും സർവീസിൽ നിന്നും പുറത്താക്കണം. പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീംകോടതി കേസിൽ കക്ഷിചേരുമെന്നും ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു.
കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുജിത്ത്. നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് മർദിച്ചത്. അഞ്ചാമത്തെ ആളായ സുഹൈറിനെതിരെ നടപടി എടുക്കാത്തതിനെതിരെ ബ്ലോക്ക് കോൺഗ്രസ് കോടതിയെ സമീപിക്കും.
സുഹൈർ ഇപ്പോൾ പഴയന്നൂരിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ്. ഇയാൾക്കെതിരെ ഉടൻ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കുന്നംകുളം കസ്റ്റഡി മർദനം: നാലു പോലീസുകാരെ സസ്പെൻഡ് ചെയ്യും
Saturday, September 6, 2025 2:38 PM IST
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിന് മര്ദനമേറ്റ സംഭവത്തിൽ നാല് പോലീസുകാര്ക്കെതിരെ നടപടിക്ക് ശിപാര്ശ. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരിക്കുന്നത്.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നാലു പോലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോർട്ടിൽ പറയുന്നു.
നടപടി സംബന്ധിച്ച് പോലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. നടപടി സംബന്ധിച്ച് നിയമ തടസം വന്നതാണ് കാരണം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായ സാഹചര്യത്തിൽ കടുത്ത നടപടി വേണമെന്ന് ഡിഐജി ഹരി ശങ്കർ അടക്കമുള്ള ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു.
എന്നാൽ കസ്റ്റഡി മർദനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിപ്പട്ടികയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ ശശിന്ദ്രന്റെ വീട്ടിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേമാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
ബീഡി ബിഹാർ പോസ്റ്റ്; വി.ടി.ബൽറാം കെപിസിസി മീഡിയ സെൽ ചെയർമാൻ സ്ഥാനമൊഴിഞ്ഞു
Saturday, September 6, 2025 3:09 PM IST
തിരുവനന്തപുരം: കോണ്ഗ്രസ് കേരള ഘടകത്തിന്റെ എക്സ് ഹാന്ഡിലില് പോസ്റ്റ് ചെയ്ത ബീഡി ബിഹാർ പരാമർശത്തെ തുടർന്ന് കോണ്ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം വി.ടി. ബൽറാം ഒഴിഞ്ഞു. ബീഡി ബിഹാർ പോസ്റ്റ് അംഗീകരിക്കാൻ ആകുന്നതല്ലെന്ന് വി.ടി.ബൽറാം പറഞ്ഞു.
ഇത്തരത്തിലുള്ള പോസ്റ്റുകൾ വരുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സമയം തനിക്കില്ലെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷനെ നേരിട്ട് അറിയിച്ചെന്നും ബൽറാം വ്യക്തമാക്കി. പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സ്ഥാനമൊഴിഞ്ഞെന്ന പ്രഖ്യാപനവുമായി വി.ടി.ബൽറാം രംഗത്തെത്തിയത്.
ഇത് നേരത്തെയെടുത്ത തീരുമാനമാണ്. കൂടുതൽ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരെ നിയമിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.
സാങ്കേതിക തകരാർ; ഇൻഡിഗോ വിമാനം തിരിച്ചിറക്കി
Saturday, September 6, 2025 1:36 PM IST
കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി കൊച്ചിയില് നിന്ന് യാത്ര തിരിച്ച ഇന്ഡിഗോ വിമാനമാണ് ശനിയാഴ്ച പുലര്ച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.
വിമാനത്തില് 180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. രണ്ടുമണിക്കൂറിലേറെ സഞ്ചരിച്ച ശേഷമാണ് വിമാനം രാത്രി 1.44 ന് കൊച്ചിയില് സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്ക്കായി മറ്റൊരു വിമാനം സജ്ജമാക്കി നല്കി.
ഈ വിമാനം പുലർച്ചെ 3.30 ന് അബുദാബിയിലേക്ക് യാത്ര തിരിച്ചു. സംഭവത്തെകുറിച്ച് ഇതുവരെ വിമാനക്കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആഗോള അയ്യപ്പ സംഗമം; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്ക്ക് സര്ക്കാര് മറുപടി നൽകണം: വി.ഡി.സതീശന്
Saturday, September 6, 2025 1:18 PM IST
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂര് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് മര്ദിച്ച സംഭവത്തില് മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് . ഈ വിഷയത്തില് ഫേസ്ബുക്ക് കുറിപ്പിടുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ല.
ഇക്കാര്യത്തില് വകുപ്പ് മന്ത്രിയെന്ന നിലയില് പ്രതികരിക്കാന് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വി.ഡി.സതീശന് പറഞ്ഞു. പത്തുവർഷം ഭരിച്ചിട്ട് സർക്കാരിന് ഇപ്പോഴാണ് അയ്യപ്പനോട് സ്നേഹം തോന്നിയത്. വർഗീയവാദികൾക്കും വർഗീയ സംഘടനകൾക്കും ഇടമൊരുക്കുന്ന സമീപനമാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.
ബിജെപി - സിപിഎം നെക്സസ് ആണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. അതുപോലെയാണ് കാര്യങ്ങൾ പോകുന്നത്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്ക്ക് സര്ക്കാര് ആദ്യം മറുപടി പറയട്ടെ. സുപ്രീംകോടതിയില് സര്ക്കാര് കൊടുത്തിരിക്കുന്ന സത്യവാംഗ്മൂലം ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതാണ്.
യുഡിഎഫിന്റെ അഫിഡവിറ്റ് തിരുത്തിയാണ് പുതിയ സത്യവാംഗ്മൂലം ഇടതു സര്ക്കാര് നല്കിയത്. ആ സത്യവാംഗ്മൂലം സര്ക്കാര് പിന്വലിക്കുമോയെന്ന് വ്യക്തമാക്കണം. നാമജപഘോഷയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പേര്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ആ കേസ് പിന്വലിക്കാമെന്ന് ഉറപ്പു നല്കിയിരുന്നു. എന്നാല് പിന്വലിച്ചില്ല. ആ കേസുകള് സര്ക്കാര് പിന്വലിക്കുമോയെന്നും വി.ഡി.സതീശന് ചോദിച്ചു.
സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല: കെ.സുധാകരൻ
Saturday, September 6, 2025 1:04 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് സുധാകരൻ പറഞ്ഞു.
താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല. ബീഡി ബിഹാർ പോസ്റ്റിൽ കെപിസിസി അധ്യക്ഷൻ അഭിപ്രായം പറഞ്ഞ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ ചർച്ചകൾ നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
പുതിയ അധ്യക്ഷൻ വരാത്തത് പോരായ്മയാണ്. കോൺഗ്രസിൽ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹയാത്രികരെ ശല്യപ്പെടുത്തിയാൽ പണി കിട്ടും; പുതിയ മാർഗനിർദേശവുമായി റെയിൽവേ
Saturday, September 6, 2025 12:43 PM IST
എസ്.ആർ.സുധീർ കുമാർ
കൊല്ലം: രാത്രിയാത്രകൾ കൂടുതൽ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിന് ശേഷം ട്രെയിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നതിനും കർശന വിലക്ക് ഉണ്ടാകും.
സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിൽ റീൽസ് കണ്ടാലോ ഫോണിൽ സംസാരിച്ചാലോ പിടിവീഴും. പിടിവീണാൽ പിഴത്തുകയും അടയ്ക്കണം. ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂർണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗരേഖ കൊണ്ട് ലക്ഷ്യമിടുന്നത്.
പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ റെയിൽവേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്. 1984-ലെ റെയിൽവേ നിയമം സെക്ഷൻ 145 അനുസരിച്ച് ശബ്ദമുണ്ടാക്കി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റകരമാണ്.
ഈ നിയമം ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയാണ് പതിവ്. അവഗണിച്ചാൽ 500 മുതൽ 1,000 രൂപ വരെ പിഴ ചുമത്തും. രാത്രി പത്തിന് ശേഷം ഹെഡ് ഫോണുകൾ ഉപയോഗിക്കാതെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ സംസാരിക്കാനോ പാട്ട് കേൾക്കാനോ പറ്റില്ല.
രാത്രി ആവശ്യത്തിനുള്ള ഡിം ലൈറ്റ് ഒഴികെയുള്ള കോച്ചുകളിലെ മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. നിയമലംഘകർക്ക് ഇനി മുതൽ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
വെര്ച്വല് അറസ്റ്റ് ; വീട്ടമ്മയില് നിന്ന് 2.88 കോടി രൂപ തട്ടി
Saturday, September 6, 2025 12:29 PM IST
കൊച്ചി: സൈബർ തട്ടിപ്പില് വീട്ടമ്മയ്ക്ക് 2.88 കോടി രൂപ നഷ്ടപ്പെട്ടു. മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്. രണ്ടു മാസത്തോളമെടുത്തായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.
വെര്ച്വല് അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസില് അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സുപ്രീംകോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള് അടങ്ങിയ സര്ട്ടിഫിക്കറ്റുകള് തെളവായി നല്കിയായിരുന്നു.
പണം നല്കിയില്ലെങ്കില് പിടിയിലാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്ണം പണയം വച്ച പണവും ഉള്പ്പടെ അക്കൗണ്ടിലൂടെ ട്രാന്സ്ഫര് ചെയ്ത് വാങ്ങുകയായിരുന്നു. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുന്നംകുളം കസ്റ്റഡി മർദനം: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Saturday, September 6, 2025 1:53 PM IST
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിന് കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുന്നു. പ്രതിപ്പട്ടികയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ ശശിധരന്റെ തൃപ്പൂരിലെ വീട്ടിലേക്കാണ് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായി പോയ പോലീസ് ജീപ്പ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പ് കിട്ടിയശേഷമാണ് വാഹനം വിട്ടത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു; പവന് 79,560 രൂപ
Saturday, September 6, 2025 12:00 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് 80,000 രൂപയ്ക്ക് അടുത്തെത്തി. ശനിയാഴ്ച ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് സർവകാല റിക്കാർഡിലെത്തി.
ഇതോടെ ഗ്രാമിന് 9, 945 രൂപയും പവന് 79,560 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 8, 165 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6, 355 രൂപയാണ് വിപണി വില. അന്താരാഷ്ട്ര സ്വർണവില എക്കാലത്തെയും ഉയർന്ന റിക്കാർഡ് വിലയായ 3600 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88 ഉം ആയി.
20 കാരറ്റ് സ്വർണക്കട്ടി ഒരു കിലോഗ്രാമിനെ ബാങ്ക് നിരക്ക് ഒരു കോടി അഞ്ചു ലക്ഷം രൂപയായി. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറിയിട്ടുണ്ട്. ദീപാവലിയോടെ സ്വർണവില ഗ്രാമിന് പതിനായിരത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
വീട്ടുമുറ്റത്തുനിന്നയാളെ കാട്ടാന ആക്രമിച്ചു; ഗൃഹനാഥന് ഗുരുതരപരിക്ക്
Saturday, September 6, 2025 11:42 AM IST
കല്പ്പറ്റ: വീട്ടുമുറ്റത്തുനിന്നയാളെ കാട്ടാന ആക്രമിച്ചു. വയനാട് കാട്ടിക്കുളത്തുണ്ടായ സംഭവത്തിൽ മണ്ണുണ്ടി ഉന്നതിയില് ചിന്നൻ (50) ആണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്ച്ചെ രണ്ടിനായിരുന്നു സംഭവം.
കാട്ടാന ആക്രമണത്തില് ചിന്നന്റെ വാരിയെല്ലുകള്ക്കും തോളെല്ലിനും പരിക്കുണ്ട്. ആദ്യം മാനന്തവാടി ആശുപത്രിയിലെത്തിച്ച ചിന്നനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റി.
ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ മൂന്നാഴ്ചയായി കാട്ടിക്കുളം, ചേലൂര് ഭാഗത്ത് കാട്ടാനയിറങ്ങുന്നതായി നാട്ടുകാര് പരാതിപ്പെട്ടിരുന്നു.
മഞ്ഞുരുകുന്നു; ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
Saturday, September 6, 2025 11:29 AM IST
വാഷിംഗ്ടണ്: താരിഫ് യുദ്ധത്തിനിടെ ഇന്ത്യ- അമേരിക്ക ബന്ധത്തിൽ മഞ്ഞുരുകലെന്ന് സൂചന. മോദി എപ്പോഴും സുഹൃത്താണെന്ന ട്രംപിന്റെ പ്രസ്താവനയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യ - യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടിനെ പൂർണമായും അംഗീകരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
ഡോണാൾഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്. ഇന്നലെയാണ് ഇന്ത്യ- യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിന്റെ പരിഹാസം.
മോദിയും ഷി ജിൻപിംഗും പുടിനും ഒന്നിച്ചു നിൽക്കുന്ന ചിത്രം നൽകിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിച്ചത്. ഞാന് എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മില് ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാന് ഒന്നുമില്ല. നമുക്കിടയില് ഇടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങള് ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
അമീബിക് മസ്തിഷ്കജ്വരം; ഒരാൾക്കൂടി മരിച്ചു
Saturday, September 6, 2025 11:12 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയില് കഴിഞ്ഞിരുന്ന വയനാട് സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. കോഴിക്കോട് ഓമശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര് കാപ്പില് കണ്ണേത്ത് റംലയും (52), കോഴിക്കോട് താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയും നേരത്തെ മരിച്ചിരുന്നു.
രോഗം ബാധിച്ച് 11 പേരാണ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
സുഹൃത്തിനെ കുടുക്കാൻ ഭീകരാക്രമണ ഭീഷണി; ജ്യോതിഷി അറസ്റ്റിൽ
Saturday, September 6, 2025 10:44 AM IST
നോയിഡ: മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണിസന്ദേശം അയച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പാടലിപുത്ര സ്വദേശിയായ അശ്വിനി കുമാറാണ് അറസ്റ്റിലായത്. ജ്യോത്സ്യനായ ഇയാൾ കഴിഞ്ഞ അഞ്ചുവർഷമായി നോയിഡയിലാണ് താമസിക്കുന്നത്.
ഫിറോസ് എന്ന സുഹൃത്തിനെ കുടുക്കാനാണ് താൻ ഭീഷണി സന്ദേശം അയച്ചതെന്ന് ഇയാൾ മൊഴി നൽകി. ഇയാളുടെ ഫോണും സിം കാർഡും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച മുംബൈ പോലീസിന്റെ ഔദ്യോഗിക വാട്സ് ആപ്പ് നമ്പരിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്.
നഗരത്തില് പലയിടത്തും വാഹനങ്ങളില് ബോംബുകള് സ്ഥാപിച്ചിട്ടുണ്ടെന്നും 400 കിലോഗ്രാം ആര്ഡിഎക്സ് ഉപയോഗിച്ചുള്ള വലിയൊരു ആക്രമണത്തില് നിരവധി ആളുകള് കൊല്ലപ്പെടുമെന്നും ഇയാൾ അയച്ച സന്ദേശത്തിൽ പറയുന്നു.
ഇതേത്തുടര്ന്ന് മുംബൈയിലുടനീളം കനത്ത ജാഗ്രതാ നിര്ദേശം പുറപ്പെടുവിക്കുകയും സുരക്ഷ വര്ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയില് ഗണേശ ചതുര്ത്ഥി ആഘോഷങ്ങള് നടക്കുന്നതിനിടെയാണ് ഈ ഭീഷണി വന്നത്.
താരിഫ് സംഘര്ഷം; യുഎന് സമ്മേളനത്തില് മോദി പങ്കെടുക്കില്ല
Saturday, September 6, 2025 9:45 AM IST
ന്യൂഡല്ഹി: ന്യൂയോര്ക്കില് നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. പകരം വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് പങ്കെടുത്തേക്കും.
റഷ്യയില് നിന്ന് എണ്ണ വാങ്ങിയതിന് യുഎസ് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ് ഇന്ത്യക്കുമേല് പിഴ തീരുവ ചുമത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഐക്യരാഷ്ട്ര സഭാ വാര്ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവരുടെ താത്കാലിക പട്ടികയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണാള്ഡ് ട്രംപും ഇടംപിടിച്ചിരുന്നു.
എന്നാല് പുതുക്കിയ പട്ടിക പ്രകാരം ഇന്ത്യയെ ഒരു മന്ത്രി പ്രതിനിധീകരിക്കുമെന്നാണ് റിപ്പോര്ട്ട്. യുഎന് പൊതുസഭയുടെ 80-ാം സമ്മേളനത്തിലെ ഉന്നതതല പൊതുചര്ച്ച സെപ്റ്റംബര് 23 മുതല് 29 വരെയാണ് നടക്കുക. യുഎസ് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ് സെപ്റ്റംബര് 23 നാണ് ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുക.
രണ്ടാം തവണ യുഎസ് പ്രസിഡന്റായശേഷം യുഎന് സമ്മേളനത്തില് ട്രംപിന്റെ ആദ്യ പ്രസംഗമായിരിക്കുമിത്. ഇസ്രായേല്, ചൈന, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാര് സെപ്റ്റംബര് 26ന് യുഎന് പൊതുസഭയിലെ പൊതുചര്ച്ചയെ അഭിസംബോധന ചെയ്യും.
പ്രാസംഗികരുടെ മുന് താത്കാലിക പട്ടിക പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര് 26ന് പൊതുചര്ച്ചയെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു.
മുൻവൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Saturday, September 6, 2025 10:49 AM IST
കൊല്ലം: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയിൽ കൊട്ടാരക്കര പുത്തൂരിലുണ്ടായ സംഭവത്തിൽ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. കേസിൽ ധനേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം ഇവര് തമ്മിൽ തര്ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. എന്നാൽ പിന്നീടും ഇവർ തമ്മിൽ വഴക്കുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
ശ്യാം സുന്ദറിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ശ്യാമിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസിക്കുന്നത്. വെള്ളിയാഴ്ച ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു.
ഇതിനുശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമിനെ കൊലപ്പെടുത്തുകയായിരുന്നു. ശ്യം സുന്ദറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തും; നിലപാട് മാറ്റി ട്രംപ്
Saturday, September 6, 2025 9:22 AM IST
വാഷിംഗ്ടൺ: ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറ്റി. നരേന്ദ്ര മോദി മഹാനായ നേതാവും തന്റെ സുഹൃത്തുമാണ്. പക്ഷേ അദ്ദേഹം ഇപ്പോൾ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്.
വിഷമിക്കേണ്ട കാര്യമില്ല. ചില സമയത്തു മാത്രമേ പ്രശ്നങ്ങൾ ഉള്ളൂവെന്നും ട്രംപ് പറഞ്ഞു. റഷ്യയില് നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് വര്ധിപ്പിച്ചതിനെ ട്രംപ് വിമര്ശിച്ചു. ഇന്ത്യ റഷ്യയില് നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില് താന് വളരെ നിരാശനാണ്.
അക്കാര്യം അവരെ അറിയിച്ചു. ഇതേത്തുടര്ന്നാണ് ഇന്ത്യയ്ക്ക് വളരെ ഉയര്ന്ന താരിഫ് ഏര്പ്പെടുത്തിയതെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുമായും റഷ്യയുമായും അടുക്കുന്നതിനെ പരിഹസിച്ച് ട്രംപ് രംഗത്തു വന്നിരുന്നു.
ഇരുണ്ട ദുരൂഹ ചൈനയ്ക്കൊപ്പം ഇന്ത്യയും റഷ്യയും ചേര്ന്നിരിക്കുന്നു. ഇന്ത്യയെയും റഷ്യയെയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത്. എന്തായാലും ഇരു രാജ്യങ്ങള്ക്കും ഭാവുകങ്ങളെന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പരിഹാസം ചൊരിഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വീണ്ടും നിലപാട് മാറ്റമുണ്ടായിരിക്കുന്നത്. അതിനിടെ റഷ്യയില് നിന്നും എണ്ണ വാങ്ങല് വര്ധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റാണെന്ന് അമേരിക്കന് വാണിജ്യ സെക്രട്ടറി ഹോവാര്ഡ് ലുട്നിക് പറഞ്ഞു.
അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
Saturday, September 6, 2025 8:20 AM IST
ന്യൂഡല്ഹി: അജ്ഞാതന്റെ വെടിയേറ്റ് ഡൽഹിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. ഡല്ഹിയിലെ പ്രതാപ് നഗറില് വച്ചുണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
അജ്ഞാതനായ ഒരാൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റുവീണ ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ കൂടുതല് വിവരങ്ങള് അന്വേഷിച്ച് വരികയാണെന്ന് ഡല്ഹി പോലീസ് വ്യക്തമാക്കി.
പാതിവില തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു
Saturday, September 6, 2025 8:44 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില് പ്രത്യേക അന്വേഷണ സംഘത്തെ സര്ക്കാര് പിരിച്ചുവിട്ടു. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജനെ വിജിലന്സിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘത്തെ പിരിച്ചുവിട്ടത്.
കേസ് ക്രൈംബ്രാഞ്ച് യൂണിറ്റുകൾ അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാർ നിലപാട്. കേരളത്തെ ഞെട്ടിച്ച കേസില് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസില് 1400 ലധികം പരാതികള് ലഭിച്ചിട്ടുണ്ട്.
സ്കൂട്ടറും ലാപ്ടോപ്പും മറ്റ് വീട്ടുപകരണങ്ങളും പാതിവിലയ്ക്ക് നല്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. അനന്തുകൃഷ്ണനാണ് കേസിലെ മുഖ്യപ്രതി.
വ്യാപാര കരാർ ; ഇന്ത്യ ക്ഷമ ചോദിച്ച് മടങ്ങിയെത്തും: യുഎസ് വാണിജ്യ സെക്രട്ടറി
Saturday, September 6, 2025 8:11 AM IST
വാഷിംഗ്ടൺ: നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ ക്ഷമ ചോദിച്ച് വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കും.
അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യൻ വ്യാപാരത്തെ തളർത്തും. അവർ തന്നെ കരാർ ആവശ്യപ്പെടും. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്സ് സഖ്യത്തിൽ തുടരരുത്. റഷ്യക്കും ചൈനക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താൽ 50 ശതമാനം തീരുവ തുടരുമെന്നും ലുട്നിക് വ്യക്തമാക്കി.
യുദ്ധത്തിനു മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് തങ്ങളുടെ എണ്ണയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാലിപ്പോൾ ഇന്ത്യ തങ്ങളുടെ എണ്ണയുടെ 40% റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും ലുട്നിക് കുറ്റപ്പെടുത്തി.
ലോകത്തിന്റെ ഉപഭോക്താവ് തങ്ങളാണെന്നും എല്ലാവരും ഉപഭോക്താവിലേക്ക് തിരികെ വരേണ്ടി വരുമെന്നും ലുട്നിക് പറഞ്ഞു.
കുന്നംകുളം കസ്റ്റഡി മര്ദനം; ഡിജിപി നിയമോപദേശം തേടി
Saturday, September 6, 2025 7:56 AM IST
തൃശൂര്: യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകനായ സുജിത്തിനെ കസ്റ്റഡിയില്വച്ച് പോലീസ് മര്ദിച്ച സംഭവത്തില് ഡിജിപി നിയമോപദേശം തേടി. പോലീസുകാര്ക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപി നിയമോപദേശം തേടിയത്.
ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് തീരുമാനം. കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. കോടതി അലക്ഷ്യമാകിലെങ്കിൽ ഉടൻ അച്ചക്കട നടപടി പുനപ്പരിശോധിക്കും.
നിലവിൽ മൂന്നു പോലീസുകാരുടെ രണ്ട് ഇൻഗ്രിമെന്റാണ് റദ്ദാക്കിയത്. എന്നാല് സംഭവത്തിൽ പ്രതിഷേധം തുടരാനാണ് കോണ്ഗ്രസ് തീരുമാനം. സുജിത്തിനെ തല്ലിയ പോലീസുകാരൻ ശശിധരന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്ത്തകര് ഇന്ന് മാർച്ച് നടത്തും.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സുജിത്തിനെ ഇന്ന് നേരിട്ട് കാണും. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുജിത്തിനെ സന്ദർശിച്ചിരുന്നു.
കസ്റ്റഡി മര്ദനം; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
Saturday, September 6, 2025 7:43 AM IST
തൃശൂർ: കുന്നംകുളം കസ്റ്റഡി മര്ദനത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. സുജിത്തിനെ തല്ലിയ പോലീസുകാരൻ ശശിധരന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്ത്തകര് ഇന്ന് മാർച്ച് നടത്തും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സുജിത്തിനെ ഇന്ന് നേരിട്ട് കാണും.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സുജിത്തിനെ കണ്ട് മുന്നോട്ടുള്ള പോരാട്ടത്തിന് പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.
2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത്കോൺഗ്രസ് നേതാവായ സുജിത്തിന് കസ്റ്റഡിയില് മര്ദനമേറ്റത്. രണ്ടുവര്ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മര്ദന ദൃശ്യങ്ങള് ലഭിച്ചത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തൃശൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരായേക്കും
Saturday, September 6, 2025 7:09 AM IST
ബംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും. നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ മനാഫ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു.
ചോദ്യം ജയിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം മനാഫിന് നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും ഓണവും ബലിപെരുനാളും കണക്കിലെടുത്ത് ഇളവ് വേണമെന്ന് മനാഫ് ആവശ്യപ്പെട്ടിരുന്നു. ഇത് എസ്ഐടി അംഗീകരിച്ചിരുന്നു.
ധർമ്മസ്ഥലയിൽ നേരിട്ട് എത്തിയിട്ടുള്ള മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽ നിന്നും തേടും.
ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത് ; പോസ്റ്റിനെതിരെ തേജസ്വി യാദവ്
Saturday, September 6, 2025 3:10 PM IST
ന്യൂഡൽഹി: ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നതെന്ന കോൺഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റിനെതിരെ ആർജെഡി അധ്യക്ഷൻ തേജസ്വി യാദവ്. ജിഎസ്ടി പരിഷ്കരണത്തിൽ ബീഡിക്കും, ബീഡി ഇലയ്ക്കും ജിഎസ്ടി കുറച്ചതിനെ പരിഹസച്ചുകൊണ്ടാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ബീഡിയും ബിഹാറും ബിയിലാണ് തുടങ്ങുന്നത്. അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല എന്ന പോസ്റ്റാണ് വിവാദമായത്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ ബിഹാർ വിരുദ്ധ മനസ് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി വിമർശിച്ചിരുന്നു.
വിവാദമായതിന് പിന്നാലെ പോസ്റ്റ് കോൺഗ്രസ് ഡിലീറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് ഗിമ്മിക്കിനെതിരായ വിമർശനം വളച്ചൊടിക്കപ്പെട്ടു. ആരെയങ്കിലും അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കോൺഗ്രസിന്റെ എക്സ് പോസ്റ്റിൽ പറയുന്നു.
ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റിൽ
Saturday, September 6, 2025 6:32 AM IST
ഒറ്റപ്പാലം: ഡോക്ടറെയും ആശുപത്രി സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ഉമ്മറിന്റെ ഷർട്ട് വലിച്ചു കീറുകയും സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ഭാര്യ പടിയിൽ നിന്ന് വീണ് കാലിന് പരിക്കുപറ്റിയെന്ന് പറഞ്ഞാണ് ഇരുവരും ആശുപത്രിയിലെത്തുന്നത്. ഓപി ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂആർ കോഡ് സ്കാൻ ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറഞ്ഞു.
തുടർന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ടതോടെ എന്തു പറ്റിയെന്ന് ഡോക്ടർ കൂടെയുണ്ടായിരുന്ന ഗോപകുമാറിനോട് ചോദിച്ചു. ഇതോടെ ഡോക്ടറോടും ഇയാൾ ക്ഷുഭിതനായി.
തട്ടിക്കയറിയ ശേഷം ഡോക്ടറുടെ ഷർട്ട് വലിച്ചു കീറുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിന് പരിക്കേറ്റത്.
ലീഗ്സ് കപ്പ് ഫൈനലിലെ കൈയാങ്കളി; മാപ്പു പറഞ്ഞ് ലൂയിസ് സുവാരസ്
Saturday, September 6, 2025 6:15 AM IST
ഫിലാഡെല്ഫിയ: ലീഗ്സ് കപ്പ് ഫൈനലിന് പിന്നാലെ നടന്ന കൈയാങ്കളി മാപ്പു പറഞ്ഞ് ലൂയിസ് സുവാരസ്. കൈയാങ്കളിക്കിടെ സിയാറ്റില് സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില് ഒരാളുടെ മുഖത്ത് തുപ്പിയ സംഭവത്തിലാണ് പരസ്യമായി മാപ്പു ചോദിച്ച് ഇന്റര് മയാമി താരം ലൂയിസ് സുവാരസ് രംഗത്തെത്തിയത്.
സെപ്റ്റംബര് ഒന്നിന് നടന്ന ഇന്റര് മയാമി - സിയാറ്റില് സൗണ്ടേഴ്സ് ഫൈനലിനു പിന്നാലെയായിരുന്നു സംഭവം. ലയണല് മെസിയടക്കമുള്ള സൂപ്പര് താരങ്ങള് അണിനിരന്ന മയാമിയെ കലാശപ്പോരില് എതിരില്ലാത്ത മൂന്നു ഗോളുകള്ക്ക് തകര്ത്താണ് സിയാറ്റില് കിരീടം നേടിയത്.
ഇതിനു പിന്നാലെയാണ് ഇരു ടീമിലെയും താരങ്ങള് മൈതാനത്ത് ഏറ്റുമുട്ടിയത്. ഇതിനിടെ സുവാരസ് സിയാറ്റില് സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില് ഒരാളുടെ മുഖത്ത് തുപ്പി. ഒടുവില് ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച കുറിപ്പിലാണ് തന്റെ പെരുമാറ്റത്തില് സുവാരസ് മാപ്പു പറഞ്ഞത്.
ലീഗ് കപ്പ് വിജയത്തിന് സിയാറ്റില് സൗണ്ടേഴ്സിനെ അഭിനന്ദിക്കാന് ഞാന് ആഗ്രഹിക്കുന്നു. എന്നാല് അതിലും പ്രധാനമായി കളിയുടെ അവസാനം എന്റെ പെരുമാറ്റത്തില് ഞാന് ക്ഷമ ചോദിക്കുന്നുവെന്ന് സുവാരസ് കുറിച്ചു.
മകള്ക്ക് നേരെ ആസിഡ് ആക്രമണം; പിതാവ് ഒളിവിൽ
Saturday, September 6, 2025 5:30 AM IST
കാസർഗോഡ്: മകള്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവിനെ പോലീസ് തെരയുന്നു. കാഞ്ഞങ്ങാട് കരിക്കയിൽ നടന്ന സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 17 വയസുള്ള പ്രതിയുടെ മകളും ഇയാളുടെ സഹോദരന്റെ പത്തു വയസുള്ള കുട്ടിയും ആശുപത്രിയിൽ ചികിത്സതേടി.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന പ്രതി മകളും ഭാര്യയും സഹോദരന്റെ വീട്ടിൽ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പ്രതിയുടെ മകളുടെ കൈക്കും സഹോദരന്റെ മകളുടെ മുഖത്തുമാണ് പരിക്കേറ്റത്.
കർണാടക സ്വദേശിയായ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സിഗ്നല് മനസിലായില്ല; നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിൽ നിര്ത്തിയില്ല
Saturday, September 6, 2025 3:46 AM IST
ചെങ്ങന്നൂര്: ലോക്കോ പൈലറ്റിന് സിഗ്നല് മനസിലാകാത്തതിനാൽ നാഗര്കോവില് - കോട്ടയം എക്സപ്രസ് ചെറിയനാട് സ്റ്റേഷനില് നിര്ത്താതെ പോയി. വ്യാഴാഴ്ച വൈകുന്നേരം 6.50 നായിരുന്നു സംഭവം.
അബദ്ധം മനസിലാക്കിയ ലോക്കോ പൈലറ്റ് സ്റ്റേഷനില്നിന്ന് ഏകദേശം 600 മീറ്റര് മാറ്റി ട്രെയിൻ നിർത്തി. സിഗ്നല് മനസിലാക്കുന്നതില് സംഭവിച്ച പിഴവാകാം സംഭവത്തിനു കാരണമെന്ന് റെയില്വേ അധികൃതര് പറഞ്ഞു.
നേരത്തേയും ചെറിയനാട് സ്റ്റേഷനില് ട്രെയിൻ നിര്ത്താതെ പോയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില് പുതുതായി സ്റ്റോപ്പനുവദിച്ച കൊല്ലം-എറണാകുളം മെമുവിന് നാട്ടുകാര് സ്വീകരണമൊരുക്കിയെങ്കിലും ട്രെയിൻ നിർത്താതെ പോകുകയായിരുന്നു.
യുവാവിനെ ഹണിട്രാപ്പില് കുടുക്കി കവര്ച്ച; ആറുപേര് അറസ്റ്റിൽ
Saturday, September 6, 2025 2:15 AM IST
മംഗളൂരു: ഹണിട്രാപ്പില് കുടുക്കി മലയാളി യുവാവിന്റെ പണംകവര്ന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്ഗോഡ് സ്വദേശിയായ യുവാവിനെ കുന്ദാപുരയിലെ വീട്ടിലെത്തിച്ച് മര്ദിച്ചവശനാക്കി കവര്ച്ച നടത്തിയ കേസിലെ പ്രതികളെയാണ് കുന്ദാപുര പോലീസ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിൽ ബൈന്ദൂര് സ്വദേശി സവാദ് (28), ഗുല്വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര് സ്വദേശി മുഹമ്മദ് നാസിര് ഷരീഫ് (36), അബ്ദുള് സത്താര് (23), അസ്മ (43), ശിവമോഗ സ്വദേശി അബ്ദുള് അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
യുവാവിന്റെ കൈവശമുണ്ടായിരുന്ന 6200 രൂപയും യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും പ്രതികൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്, കവര്ച്ച, മര്ദനമേല്പ്പിക്കല്, ക്രിമിനല് ഗൂഢാലോചന തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് പ്രതികള്ക്കെതിരേ കേസെടുത്തത്.
സ്ഫോടന ഭീഷണി; മുംബൈയിൽ സുരക്ഷ ശക്തമാക്കി
Saturday, September 6, 2025 6:24 AM IST
മുംബൈ: ബോംബ് സ്ഫോടനമുണ്ടാകുമെന്ന വാട്സ് ആപ്പ് സന്ദേശത്തെ തുടർന്ന് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി. മുംബൈ ട്രാഫിക് പോലീസിന്റെ വാട്സാപ്പ് നമ്പറിലാണ് നഗരത്തിൽ 400 കിലോഗ്രാം ആർഡിഎക്സുമായി 34 മനുഷ്യബോംബുകൾ സജ്ജമാണെന്ന ഭീഷണി സന്ദേശമെത്തിയത്.
മുംബൈയിൽ 10 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന്റെ സമാപനത്തിനിടെയാണ് സന്ദേശമെത്തിയത്. തുടർന്ന് ഗണേശോത്സവ റാലികൾക്കും മറ്റുപരിപാടികൾക്കും പോലീസ് സുരക്ഷ ശക്തമാക്കി. ഇത്തരത്തിലുള്ള സന്ദേശം പതിവാണെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
ലഷ്കർ ഇ ജിഹാദി എന്ന സംഘടനയുടെ പേരിലാണ് സന്ദേശമെത്തിയത്. 14 പാക്കിസ്ഥാനി ഭീകരർ രാജ്യത്തേക്ക് കടന്നതായും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ആറു പ്രതികൾ പിടിയിൽ
Saturday, September 6, 2025 1:33 AM IST
പാലക്കാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറു പ്രതികൾ പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്ന് പരിയാരത്ത് ഷിഹാബുദ്ദീനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പൊന്നങ്കോട് പൂളക്കൽ അൻസാർ, പൊറ്റശേരി പുത്തൻപീടിയേക്കൽ റിയാസ്, തിരുവിഴാംകുന്ന് കുപ്പോട്ടിൽ സുജിത്, പാറശേരി പ്ലാച്ചിക്കൽ ഗോകുൽ, തടുക്കശേരി കുന്നൻക്കാട്ടിൽ ജിഷ്ണു, പാറശേരി കിഴക്കേകര വിപിൻ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവിഴാംകുന്ന് തൃക്കളൂരിലെ സ്കൂൾ ഗ്രൗണ്ടിന് സമീപത്തു നിന്നാണ് ഷിഹാബുദ്ദീനെ ആറംഗ സംഘം തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഷിഹാബുദ്ദീനെ ശ്രീകൃഷ്ണപുരത്തെത്തിച്ച് മർദിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെ നാലുവരെ ഇയാളെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രതികളും ഷിഹാബുദ്ദീന്റെ ബന്ധുവായ ഷാഹുലും തമ്മിലുള്ള വാഹന ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മുല്ലപ്പൂവ് വിറ്റതില് തര്ക്കം; നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു, പ്രതി കസ്റ്റഡിയില്
Friday, September 5, 2025 11:59 PM IST
തിരുവനന്തപുരം: നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു. നെടുമങ്ങാട് കച്ചേരി ജംഗ്ഷനില് പ്രവര്ത്തിക്കുന്ന സ്നേഹ ഫ്ളവര് മാര്ട്ടിലാണ് സംഭവം. തെങ്കാശി സ്വദേശി അനീഷ്കുമാറിനാണ് നെഞ്ചില് കുത്തേറ്റത്.
പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര് ആണ് കുത്തിയത്. പൂവിറ്റ പണം വാങ്ങാനെത്തിയപ്പോഴാണ് സംഭവം. മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്ക്കമാണ് സംഘര്ഷത്തില് കലാശിച്ചത്.
തര്ക്കത്തിനിടെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീഷിനെ കുത്തുകയായിരുന്നു. തുടര്ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് എത്തിക്കുകയായിരുന്നു.
സംഭവത്തില് കടയുടമയായ രാജനെയും കട്ടപ്പയെയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം- കൊച്ചി ഫൈനൽ
Friday, September 5, 2025 11:47 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമിയില് കാലിക്കട്ട് ഗ്ലോബ്സ്റ്റാര്സിനെ 15 റണ്സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊച്ചി 20 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 186 റണ്സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കട്ടിന് ഏഴു വിക്കറ്റ് നഷ്ടത്തില് 171 റണ്സെടുക്കാനേ സാധിച്ചുള്ളൂ.
ബ്ലൂ ടൈഗേഴ്സിനായി ബാറ്റിംഗിലും ബൗളിങ്ങിലും തിളങ്ങിയ മുഹമ്മദ് ആഷിഖാണ് പ്ലെയര് ഓഫ് ദി മാച്ച്. ഞായറാഴ്ചയാണ് ഫൈനൽ.
ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ
Friday, September 5, 2025 11:18 PM IST
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയുമായി മിൽമ. പാൽ, തൈര് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ടു. ഉത്രാട ദിനത്തിൽ 38 ലക്ഷത്തിലധികം ലിറ്റർ പാൽ വിറ്റു.
38,03, 388 ലിറ്റർ പാലും 3,97,672 കിലോ തൈരുമാണ് മിൽമ വിറ്റത്. കഴിഞ്ഞവർഷം പാലിന്റെ വിൽപ്പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ കിണറ്റിൽ വീണു
Friday, September 5, 2025 10:55 PM IST
കൊച്ചി: പട്ടിമറ്റത്തിന് അടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡ്രൈവർ കിണറ്റിൽ വീണു. ഓട്ടോ ഡ്രൈവർ ആദിത്യനെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഇന്ന് വൈകുന്നേരം 3.15ഓടെയാണ് അപകടം നടന്നത്.
പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ച് മറിയുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഒരു ഏണി കിണറ്റിലേക്ക് ഇറക്കി നൽകി. അതിൽപിടിച്ച് ആദിത്യൻ നിന്നു. പിന്നീട് പട്ടിമറ്റത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ആദിത്യനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. അപകടത്തിൽ ആദിത്യന് കാര്യമായ പരിക്കുകളൊന്നും തന്നെയില്ല.
യുഎസ് തീരുവ: പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി
Friday, September 5, 2025 10:16 PM IST
ന്യൂഡല്ഹി: യുഎസ് ചുമത്തിയ ഉയര്ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന് പ്രത്യേക ആശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്.
സാഹചര്യം ഉടന് മാറുമെന്നു പറഞ്ഞ് കയറ്റുമതിക്കാരെ ഉപേക്ഷിക്കാന് കഴിയില്ലെന്നും സര്ക്കാര് അവര്ക്കൊപ്പം നില്ക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 27 മുതല് യുഎസ് ഏര്പ്പെടുത്തിയ 50 ശതമാനം താരിഫുകള് ബാധിച്ച വ്യവസായങ്ങള്ക്കുവേണ്ടിയാണ് പാക്കേജ് എന്നും നിർമല സീതാരാമന് വ്യക്തമാക്കി.
കയറ്റുമതിക്കാരെ സഹായിക്കാന് പല ഘടകങ്ങളടങ്ങിയ പാക്കേജാണ് കൊണ്ടുവരുന്നത്. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന് കാത്തിരിക്കുകയാണ്. കയറ്റുമതിക്കാരെ സംബന്ധിച്ച് പുതിയ വിപണികള് പെട്ടെന്ന് കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാരെ സഹായിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം പാക്കേജിന്റെ വിശദാംശങ്ങള് അവര് വെളിപ്പെടുത്തിയില്ല. റഷ്യയില്നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്നും സീതാരാമന് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
മലന്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
Friday, September 5, 2025 9:41 PM IST
പാലക്കാട്: മലന്പുഴയിൽ മദ്യലഹരിയിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മലന്പുഴ ചേന്പന ഉന്നതിയിലായിരുന്നു സംഭവം.
ഉണ്ണികൃഷ്ണൻ ആണ് ഭാര്യ ബിന്ദുവിനെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രി പി. പ്രസാദിന് ദേഹാസ്വാസ്ഥ്യം; ചികിത്സ തേടി
Friday, September 5, 2025 9:26 PM IST
ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു മന്ത്രി പി. പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
ഓണ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിക്ക് ബിപി കൂടിയതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയ്ക്കുശേഷം മന്ത്രി ആശുപത്രിയിൽനിന്നും മടങ്ങി.
കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Friday, September 5, 2025 9:16 PM IST
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് 57 ഗ്രാമിലേറെ എംഡിഎംഎയുമായി പിടികൂടിയത്. പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടിൽ അബ്ദുൾ മഹറൂഫ് (27) ആണ് പിടിയിലായത്.
ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൊച്ചിയിലെ ഇടപാടുകാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കാക്കനാട് അത്താണിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
Friday, September 5, 2025 8:34 PM IST
കാക്കനാട്: അത്താണിയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. അത്താണി മാച്ചോട്ടിൽ വീട്ടിൽ നൗഷാദ് ഉമ്മർ (44) ആണ് മരിച്ചത്.
വീടിനോട് ചേർന്നു കുഴൽ കിണർ പണി നടക്കുന്ന ഭാഗത്ത് ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്
Friday, September 5, 2025 8:05 PM IST
വാഷിംഗ്ടണ് ഡിസി: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും കൂടുതൽ ഇരുണ്ട ചൈനയിലേക്ക് പോയെന്ന് ട്രംപ് പരിഹസിച്ചു.
ചൈനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെയെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്.
അട്ടപ്പാടിയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി
Friday, September 5, 2025 7:25 PM IST
പാലക്കാട്: അട്ടപ്പാടിയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. മുക്കാലി ഉന്നതിയിലാണ് ഒറ്റയാനെത്തിയത്.
ആനയെ ആർആർടി സംഘം കാടുകയറ്റി.
അമ്മക്കൊപ്പം കുളിക്കാനെത്തിയ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷിച്ചു
Friday, September 5, 2025 7:15 PM IST
കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി.
അമ്മക്കൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ടത്.
12 വയസുള്ള മകനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. 10 വയസുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.
ചങ്ങാടത്തിന്റെ കയർ പൊട്ടി; ആദിവാസികൾ ഒഴുക്കിൽപ്പെട്ടു
Friday, September 5, 2025 6:46 PM IST
മലപ്പുറം: നിലന്പൂരിൽ ആദിവാസികൾ ഒഴുക്കിൽപ്പെട്ടു. ചങ്ങാടത്തിന്റെ കയർ പൊട്ടിയാണ് അപകടം.
പുന്നപ്പുഴ കടക്കുന്പോഴായിരുന്നു അപകടം. കുട്ടികൾ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തി. 25 മീറ്ററോളം ആദിവാസികൾ ഒഴുകിപ്പോയി.
ജീപ്പിന് നിയന്ത്രണം നഷ്ടമായി അപകടം; വയോധിക മരിച്ചു
Friday, September 5, 2025 6:29 PM IST
കൊല്ലം: കുളത്തൂപ്പുഴയിൽ ജീപ്പിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില് വയോധിക മരിച്ചു. ഓമന (65) ആണ് മരിച്ചത്. ആര്യങ്കാവ് നെടുമ്പാറ സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടമുണ്ടായത്. അപകടസമയം എട്ട് പേർ ജീപ്പിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം ഫൈനലിൽ
Friday, September 5, 2025 5:44 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ 10 വിക്കറ്റിന് തകർത്താണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് ഫൈനലിലെത്തിയത്.
തുടർച്ചയായ രണ്ടാം തവണയാണ് നിലവിലെ ചാന്പ്യന്മാരായ കൊല്ലം ഫൈനലിൽ എത്തുന്നത്. സ്കോർ: തൃശൂർ 17.1 ഓവറിൽ 86-10 , കൊല്ലം 9.5 ഓവറിൽ 92-0.
കൊല്ലത്തിന്റെ ഭരത് സൂര്യ അർധ സെഞ്ചുറി നേടി. വെറും 87 റണ്സ് എന്ന വിജയ ലക്ഷ്യമാണ് തൃശൂർ മുന്നോട്ടുവച്ചത്. 17.1 ഓവറിൽ തൃശൂരിന്റെ എല്ലാ താരങ്ങളും കൂടാരം കയറിയിരുന്നു. തൃശൂരിന്റെ അഹമ്മദ് ഇമ്രാനും ആനന്ദ കൃഷ്ണനും മാത്രമാണ് രണ്ടക്കം കണ്ടത്.
കസ്റ്റഡി മർദനം: കാക്കി വേഷം ധരിച്ച് അവർ ജോലി ചെയ്യില്ലെന്ന് വി.ഡി. സതീശൻ
Friday, September 5, 2025 5:21 PM IST
തൃശൂർ: കുന്നംകുളത്ത് യൂത്ത് കോണ്ഗ്രസ് നേതാവിനെ മർദിച്ചവർ കാക്കി വേഷം ധരിച്ച് ഇനി പോലീസിൽ ജോലി ചെയ്യാമെന്ന് കരുതേണ്ടന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാക്കി വേഷം ധരിച്ച് അവർ ജോലി ചെയ്യില്ലെന്നും സതീശൻ വ്യക്തമാക്കി.
കസ്റ്റഡി മർദനമേറ്റ കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ വീട്ടിലെത്തി കണ്ടശേഷമായിരുന്നു സതീശന്റെ പ്രതികരണം. സുജിത്തിനെ മർദിച്ചവർ വീടിനു പുറത്തിറങ്ങില്ല. ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും സതീശൻ പ്രതികരിച്ചു.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്. സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.
400 കിലോ ആർഡിഎക്സ്, ഒരു കോടി ആളുകളെ കൊല്ലാൻ കഴിയും; മുംബൈയിൽ ബോംബ് ഭീഷണി
Friday, September 5, 2025 4:43 PM IST
മുംബൈ: ഗണേശോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്
പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പോലീസിന്റെ കൺട്രോൾ റൂമിലെ ഹെൽപ്പ്ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചത്.
‘ലഷ്കർ-ഇ-ജിഹാദി’ എന്നാണ് സന്ദേശം അയച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
സ്ഫോടനത്തിലൂടെ ‘‘ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുമെന്നും’’ സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ മുംബൈയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ആന്റി ടെററിസം സ്ക്വാഡിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാ മുൻകരുതലകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുകയാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൊവ്വാഴ്ച മുതൽ മഴ ശക്തമാകും; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
Friday, September 5, 2025 3:54 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തെ മഴസാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം, മധ്യ കിഴക്കൻ അറബിക്കടൽ- വടക്കു കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ , തെക്കൻ തമിഴ്നാട് തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്ന്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
"പോലീസ് ആളുകളെ തല്ലിക്കൊല്ലുന്നു': ഡിഐജി ഓഫിസിനു മുന്നിൽ കൊലച്ചോറ് സമരവുമായി യൂത്ത് കോണ്ഗ്രസ്
Friday, September 5, 2025 3:28 PM IST
തൃശൂര്: കുന്നംകുളത്തെ കസ്റ്റഡി മര്ദനത്തില് പ്രതിഷേധിച്ച് തിരുവോണ ദിവസം യൂത്ത് കോൺഗ്രസിന്റെ കൊലച്ചോറ് സമരം. തൃശൂരില് ഡിഐജി ഓഫീസിന് മുന്നിലാണ് പ്രതീകാത്മക സമരം.
മര്ദിച്ച പോലീസുകാരുടെ മുഖംമൂടിയണിഞ്ഞ് പോലീസ് വേഷവും ധരിച്ചെത്തിയ സമരക്കാര് ഡിഐജി ഓഫിസിനു മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തുകയായിരുന്നു.
പോലീസ് സ്റ്റേഷനുകളില് ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് യൂത്ത് കോണ്ഗ്രസ് ആരോപിച്ചു.
തിരുവോണ ദിനത്തില് അമ്മത്തൊട്ടിലില് പുതിയ കുഞ്ഞതിഥി; പേര് തുമ്പ
Friday, September 5, 2025 3:13 PM IST
തിരുവനന്തപുരം: തിരുവോണ ദിനത്തില് അമ്മത്തൊട്ടിലില് പുതിയ അതിഥിയെത്തി. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇന്ന് ഉച്ചയോടെയാണ് നാലുദിവസം മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ഐക്യത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകം: ഓണാശംസകള് നേര്ന്ന് പ്രധാനമന്ത്രി
Friday, September 5, 2025 2:08 PM IST
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
മനോഹരമായ ഉത്സവം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെ. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഓണം. ഓണാഘോഷം ഐക്യവും പ്രകൃതിയുമായുള്ള ബന്ധവും ശക്തിപ്പെടുത്തട്ടെ എന്നും പ്രധാനമന്ത്രി ഓണാശംസയില് അറിയിച്ചു.
ധര്മസ്ഥല വിവാദം: ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ ചോദ്യം ചെയ്യും
Friday, September 5, 2025 1:57 PM IST
ബംഗളൂരു: ധര്മസ്ഥല കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും.
അന്വേഷണസംഘത്തിന് മുന്നില് ഹാജരാകാനും കേസുമായി ബന്ധപ്പെട്ട് കൈയിലുള്ള തെളിവുകളും ഡിജിറ്റല് രേഖകളും ഹാജരാക്കാന് നിർദേശിച്ച് അന്വേഷണ സംഘം നോട്ടീസയച്ചു. ഹാജരായില്ലെങ്കില് തുടര് നടപടി സ്വീകരിക്കുമെന്നും നോട്ടീസില് വ്യക്തമാക്കുന്നുണ്ട്.
ധര്മസ്ഥലയിലെ കൊലപാതക പരമ്പരകളെക്കുറിച്ചുള്ള ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള് മനാഫ് പങ്കുവെച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ പേരില് അന്വേഷണം നേരിടുന്ന ടി. ജയന്തിനൊപ്പം ചേര്ന്നാണ് മനാഫ് വീഡിയോകള് പോസ്റ്റ് ചെയ്തിരുന്നത്.
വെളിപ്പെടുത്തലുകള് വ്യാജമാണെന്ന വാര്ത്ത വന്നതിന് പിന്നാലെ ഇയാള് ഒളിവില്പ്പോയെന്ന റിപ്പോര്ട്ടുകള് ഉണ്ടായിരുന്നെങ്കിലും മനാഫ് തന്നെ അത് തള്ളിയിരുന്നു.
മല്ലപ്പള്ളിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
Friday, September 5, 2025 1:43 PM IST
പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി ചെയ്തു. ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന പുലിയിടശേരിൽ രഘുനാഥൻ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുധ കുത്തേറ്റ് രക്തം വാർന്ന് വീടിന് മുറ്റത്തു കിടക്കുകയായിരുന്നു. രഘുനാഥൻ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന മകന് മാതാപിതാക്കളെ ഫോണില് വിളിച്ചപ്പോള് ആരും എടുത്തില്ല. തുടര്ന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാന് പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില് കണ്ടത്.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കീഴ്വായ്പുർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓണക്കാല റിക്കാർഡിട്ട് ബെവ്കോ; ഉത്രാടദിനത്തിൽ മാത്രം വിറ്റഴിച്ചത് 137 കോടിയുടെ മദ്യം
Friday, September 5, 2025 1:33 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടി റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്.
ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്.
കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (ഒരു കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
രാഹുലിനെതിരായ ലൈംഗികാരോപണക്കേസ്: തെളിവെടുപ്പിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക്
Friday, September 5, 2025 12:19 PM IST
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലേക്ക്. നിര്ബന്ധിച്ച് ഗര്ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകുക. യുവതി ചികിത്സ തേടിയ ബംഗളൂരുവിലെ ആശുപത്രിയിലെത്തുന്ന സംഘം ആശുപത്രി രേഖകള് പരിശോധിച്ച് യുവതി ചികിത്സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്ന്ന് ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നല്കി രേഖകള് കസ്റ്റഡിയിലെടുക്കും.
രാഹുല് മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് എഫ്ഐആര് സമര്പ്പിച്ചിട്ടുണ്ട്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല് മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്.
"ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ': ഓണാശംസകൾ നേർന്ന് എം.കെ. സ്റ്റാലിൻ
Friday, September 5, 2025 11:13 AM IST
ചെന്നൈ: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന ഉത്സവമാണെന്നും ഇത് നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
എം.കെ. സ്റ്റാലിന്റെ ഓണാശംസയുടെ പൂർണരൂപം
എന്റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ! ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ്. നമ്മുടെ ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശമാണ് നമ്മുടെ ആഘോഷങ്ങളിൽ പ്രതിധ്വനിക്കുന്നത്.
ഓണം പൂക്കളങ്ങളും സദ്യയും ആഘോഷങ്ങളും മാത്രമല്ല, എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന, സ്വാഭിമാനം എല്ലാവർക്കും തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ്.
ഒരു നാടിന്റെ സമൃദ്ധി എല്ലാവരോടും കൂടെ തുല്യമായി പങ്കിടുമ്പോൾ മാത്രമാണ് അർഥവത്താകുന്നത് എന്ന ഓർമപ്പെടുത്തലുമാണ്. ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ, എല്ലാ കുടുംബങ്ങളും സന്തോഷത്താൽ നിറയട്ടെ, ഒരുമിച്ച് തുല്യവും നീതിയുക്തവും മാന്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ!
കസ്റ്റഡി മർദനം: തിരുവോണനാളിൽ പ്രതിഷേധവുമായി കോൺഗ്രസ്, സുജിത്തിന്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് എത്തും
Friday, September 5, 2025 10:38 AM IST
തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ തിരുവോണനാളിലും പ്രതിഷേധം തുടരാൻ കോണ്ഗ്രസ്. പ്രതികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് തൃശൂർ ഡിഐജി ഓഫീസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.
അതേസമയം, മർദനമേറ്റ സുജിത്തിനെ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നെത്തും. കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രതികളായ ഉദ്യോഗസ്ഥരെ സര്വീസില് നിന്നും പുറത്താക്കണമെന്നും ഇവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഉള്പ്പെടെയുള്ള നടപടികള് അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് സതീശൻ ആവശ്യപ്പെട്ടത്.
തൃശൂരിലെ കസ്റ്റഡി മർദനം: കടുത്ത നടപടി ഉണ്ടാകും, പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണമെന്ന് ഡിജിപി
Friday, September 5, 2025 1:34 PM IST
തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ കർശന നടപടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി ഒരു വാർത്താ ചാനലിനോടു പ്രതികരിച്ചു.
കസ്റ്റഡി മർദനം സംബന്ധിച്ച് തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. പരാതി ഉയർന്ന അന്നു തന്നെ നടപടിയെടുത്തെന്നും കോടതി ഉത്തരവ് വന്ന ശേഷം തുടർനടപടി ആകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
പൂവിളി പൂവിളി പൊന്നോണമായി! പൂക്കളമിട്ട്, സദ്യയൊരുക്കി മലയാളികൾ; നാടെങ്ങും ആഘോഷം
Friday, September 5, 2025 1:34 PM IST
കോട്ടയം: ഇന്ന് കാത്തുകാത്തിരുന്ന തിരുവോണം. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം.
അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജനക്കടകളിലും തെരുവു കച്ചവട സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്റെ തിരക്കായിരുന്നു ഉത്രാടദിനം രാത്രി വരെ.
ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കി രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽ ഉണ്ട് തിരുവോണനാൾ അവിസ്മരണീയമാക്കുകയാണ് മലയാളികൾ. സദ്യയ്ക്കു ശേഷം തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.
തിരുവോണം പ്രമാണിച്ച് ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും പ്രത്യേക ചടങ്ങുകൾ നടക്കും. ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. വ്യാഴാഴ്ച വൈകുന്നേരം കാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയിൽ പുറപ്പെട്ടത്.
കെസിഎല്ലില് ഇന്ന് സെമിയോണം
Friday, September 5, 2025 9:09 AM IST
തിരുവനന്തപുരം: തിരുവോണദിനത്തില് കേരള ക്രിക്കറ്റിനു സെമിയോണം... കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്) ട്വന്റി-20 പോരാട്ടത്തിന്റെ രണ്ടാം എഡിഷന് സെമി ഫൈനല് പോരാട്ടങ്ങള് ഇന്നു നടക്കും. ലീഗ് റൗണ്ടില് തങ്ങളുടെ അവസാന മത്സരം ജയിച്ച്, നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ് ഇന്നലെ സെമി ടിക്കറ്റ് കരസ്ഥമാക്കി.
എന്നാല്, ഇന്നലെ നടന്ന അവസാന ലീഗ് മത്സരത്തില് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും തൃശൂര് ടൈറ്റന്സും ഏറ്റുമുട്ടിയതോടെയാണ് സെമി ചിത്രം പൂര്ണമായത്. ആലപ്പി റിപ്പിള്സിനെ ഇന്നലെ നടന്ന ആദ്യ ലീഗ് പോരാട്ടത്തില് നാലു വിക്കറ്റിനു കീഴടക്കി കൊല്ലം സെയ്ലേഴ്സ് പോയിന്റ് ടേബിളില് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നെറ്റ് റണ്റേറ്റ് (+0.441) പ്ലസ് ആയതാണ് ഏരീസ് കൊല്ലത്തിനു മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാന് സഹായകമായത്.
കൊല്ലം x തൃശൂർ
ഇന്നു നടക്കുന്ന ആദ്യ സെമിയില് കൊല്ലം സെയ്ലേഴ്സ് തൃശൂർ ടൈറ്റൻസിനെ നേരിടും. ഉച്ചകഴിഞ്ഞ് 2.30നാണ് ഈ പോരാട്ടം. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ് രണ്ടാം സ്ഥാനം ഉറപ്പാക്കിയതോടെയാണ് സെമി ചിത്രം പൂർണമായത്. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലാണ് ഒന്നാം സെമി. 10 മത്സരങ്ങളിൽ ആറ് ജയം നേടിയാണ് തൃശൂരിന്റെ സെമിയിലേക്കുള്ള മുന്നേറ്റം. കൊച്ചി ബ്ലൂ ടൈഗേഴ്സിനു ശേഷം ലീഗ് റൗണ്ടിൽ ഏറ്റവും ജയം നേടിയതും തൃശൂർ ടൈറ്റൻസ് ആണ്.
ലീഗ് റൗണ്ടിലെ 10 മത്സരങ്ങളില് അഞ്ച് ജയം, അഞ്ച് തോല്വി എന്ന പ്രകടനത്തിലൂടെ 10 പോയിന്റാണ് കൊല്ലം സ്വന്തമാക്കിയത്. നെറ്റ് റണ്റേറ്റ് +0.441.
2024ല് നടന്ന പ്രഥമ കെസിഎല് ഫൈനലില് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ ആറ് വിക്കറ്റിനു കീഴടക്കിയായിരുന്നു കൊല്ലം സെയ്ലേഴ്സ് ചാമ്പ്യന്മാരായത്. അന്ന് 20 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 213 റണ്സ് നേടിയ കാലിക്കട്ടിനെ, 19.1 ഓവറില് ആറ് വിക്കറ്റ് കൈയിലിരിക്കേ കൊല്ലം കീഴടക്കുകയായിരുന്നു. തുടര്ച്ചയായ രണ്ടാം സീസണിലും ഫൈനല് എന്നതാണ് സച്ചിന് ബേബിയുടെ ക്യാപ്റ്റന്സിയില് ഇറങ്ങുന്ന കൊല്ലത്തിന്റെ ലക്ഷ്യം.
കൊച്ചി x കാലിക്കട്ട്
2025 സീസണില് ലീഗ് റൗണ്ടില് ഏറ്റവും സ്ഥിരതയാര്ന്ന പ്രകടനം നടത്തിയ കൊച്ചി ബ്ലൂ ടൈഗേഴ്സും കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും തമ്മിലാണ് രണ്ടാം സെമി. രാത്രി 6.45നാണ് ഫൈനലിലെ രണ്ടാമത്തെ ടീം ഏതെന്നു നിര്ണയിക്കുന്ന ഈ പോരാട്ടം.
2025 സീസണ് ലേലത്തില് കേരള സൂപ്പര് താരമായ സഞ്ജു സാംസണിനെ 26.80 ലക്ഷം രൂപയ്ക്കു സ്വന്തമാക്കിയപ്പോള് മുതല് കൊച്ചി ബ്ലൂ ടൈഗേഴ്സ് വാര്ത്തകളില് നിറഞ്ഞിരുന്നു. ആ നിശ്ചയദാര്ഢ്യം ലീഗ് റൗണ്ടിലെ മത്സരങ്ങളിലും കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രകടിപ്പിച്ചപ്പോള് ലീഗ് ചാമ്പ്യന്മാരായി അവര് സെമിയിലെത്തി. ലീഗ് റൗണ്ടിലെ അവസാന അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കിയ കൊച്ചി, 10 മത്സരങ്ങളില് രണ്ട് തോല്വി മാത്രമാണ് വഴങ്ങിയത്. എട്ട് ജയത്തിലൂടെ 16 പോയിന്റുമായി ലീഗ് ടേബിളില് ഒന്നാം സ്ഥാനത്ത്. ആദ്യ റൗണ്ട് ഏറ്റുമുട്ടലില് തൃശൂര് ടൈറ്റന്സിനോടും (5 വിക്കറ്റിന്) കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനോടും (33 റണ്സ്) മാത്രമാണ് കൊച്ചി തോല്വി വഴങ്ങിയത്.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ തൃശൂർ ടൈറ്റൻസിനോട് പരാജയപ്പെട്ട കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് പോയിന്റ് പട്ടികയിൽ രണ്ടിൽനിന്ന് നാലിലേക്കു പതിച്ചു. അഞ്ച് ജയം, അഞ്ച് തോൽവി എന്നിങ്ങനെ 10 പോയിന്റാണ് കാലിക്കട്ടിന്. തുടർച്ചയായ രണ്ടാം ഫൈനലാണ് കാലിക്കട്ട് ലക്ഷ്യംവയ്ക്കുന്നത്.
തൃശൂര് ജയം
കാര്യവട്ടം: കെസിഎല് സീസണ് 2025ലെ അവസാന ലീഗ് മത്സരത്തില് തൃശൂര് ടൈറ്റന്സ് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ തോല്പ്പിച്ചു. നാല് വിക്കറ്റിനാണ് തൃശൂരിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയില് രണ്ടാം സ്ഥാനത്തും തൃശൂര് ഫിനിഷ് ചെയ്തു. സ്കോര്: കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് 20 ഓവറില് 165/9. തൃശൂര് ടൈറ്റന്സ് 18.1 ഓവറില് 169/6. തൃശൂരിന്റെ അനന്ദ് കൃഷ്ണനാണ് (34 പന്തില് 60) പ്ലെയര് ഓഫ് ദ മാച്ച്.
സെയ്ലേഴ്സ് സെമി
കാര്യവട്ടം: കെസിഎല് ട്വന്റി-20 രണ്ടാം സീസണില് തങ്ങളുടെ അവസാന ലീഗ് മത്സരത്തില് ആലപ്പി റിപ്പിള്സിനെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്ലേഴ്സ് സെമി ഫൈനല് ബെര്ത്ത് സ്വന്തമാക്കി. നാലു വിക്കറ്റിനാണ് കൊല്ലം സെയ്ലേഴ്സിന്റെ ജയം. സ്കോര്: ആലപ്പി റിപ്പിള്സ് 20 ഓവറില് 137/9. ഏരീസ് കൊല്ലം സെയ്ലേഴ്സ് 17 ഓവറില് 139/6.
ശബരിമലയില് ആചാര ലംഘനം നടത്തിയതിനു മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: ചെന്നിത്തല
Friday, September 5, 2025 8:03 AM IST
തിരുവനന്തപുരം: ശബരിമല വിഷയത്തില് ആചാരലംഘനം നടത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസികളോടു മാപ്പു പറയണമെന്നു മുതിര്ന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അത് ചെയ്യാതെ ശബരിമലയില് സര്ക്കാര് നടത്തുന്ന ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നില്ക്കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. ഉമ്മന് ചാണ്ടി സര്ക്കാര് നല്കിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സര്ക്കാര് യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു.
ശബരിമലയില് സ്ത്രീകളെ നിര്ബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിന്വലിക്കാന് സര്ക്കാര് തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില് വരുന്ന ഭക്തരെ പ്രിവിലേജ്ഡ് ക്ലാസ് എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയില് ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത.
ആയിരക്കണക്കിനു ഭക്തര്ക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരില് എടുത്ത കേസുകള് പിന്വലിക്കാന് സര്ക്കാര് തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തതിന് തനിക്കും ഉമ്മന് ചാണ്ടി അടക്കമുള്ളവര്ക്കുമെതിരെ കേസ് ഉണ്ടായിരുന്നു. ഒടുവില് റാന്നി കോടതി ആണ് അത് തള്ളിയത്. ഭക്തജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ സര്ക്കാരാണിത്. അതില് ജനങ്ങളോട് മാപ്പു പറയാതെ എന്തു കാണിക്കുന്നതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
വീടിനുള്ളിൽ സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ
Friday, September 5, 2025 7:34 AM IST
പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനുള്ളിൽ സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ പറഞ്ഞു. എസ്ഡിപിഐ വിജയിച്ച വാർഡിനോട് ചേർന്നാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും പ്രദേശത്ത് സ്ഫോടനം നടന്ന് പശുവിന് പരിക്കേറ്റിരുന്നു. അന്നുതന്നെ തങ്ങൾ വിശദമായ അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടതാണെന്നും കൃഷ്ണകുമാർ പറഞ്ഞു. മൂത്താൻതറ സ്കൂളിന് മുന്നിൽ സ്ഫോടനം നടന്നപ്പോൾതന്നെ ബിജെപി സംശയം ഉന്നയിച്ചതാണ്.
മൂന്നു സ്ഫോടനങ്ങൾക്ക് പിന്നിലും എസ്ഡിപിഐയാണ്. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറിക്കും കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും മിണ്ടാട്ടമില്ലെന്നും ജില്ലയെ കലാപഭൂമി ആക്കാനുള്ള എസ്ഡിപിഐ ശ്രമമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും സി. കൃഷ്ണകുമാർ പ്രതികരിച്ചു.
ശബരിമല വികസനത്തിന് ഏറ്റവുമധികം പ്രവര്ത്തനങ്ങള് നടത്തിയത് യുഡിഎഫ്: ഹസന്
Friday, September 5, 2025 7:28 AM IST
തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിനായി ഏറ്റവും കുടുതല് പ്രവര്ത്തനങ്ങള് നടത്തിയത് യുഡിഎഫ് സര്ക്കാരെന്നു കോണ്ഗ്രസ് നേതാവ് എം.എം. ഹസന്. കഴിഞ്ഞ നാലഞ്ചു വര്ഷക്കാലമായി ശബരിമലയുടെ വികസനത്തിനായി കാര്യമായി ഒന്നും നടക്കാത്ത സാഹചര്യത്തില് രാഷ്ട്രീയ പ്രചാരണത്തിനാണ് സര്ക്കാര് ആഗോള അയ്യപ്പ സംഗമത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സേവാ സംഗമം എന്നല്ല, മറിച്ച് ആഗോള അയ്യപ്പാ സേവാ മതേതര സംഗമം എന്നാണ് അതിന് പേരിടേണ്ടത്. അങ്ങനെയങ്കില് ഹൈക്കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരമായി.
പരിപാടി യുഡിഎഫ് ബഹിഷ്കരിക്കാന് തീരുമാനിച്ചിട്ടില്ല. ശബരിമലയെ ഏറ്റവും കൂടുതല് സംഘര്ഷ ഭൂമിയാക്കിയ സംഭവം മറക്കാറായിട്ടില്ലെന്നും ഹസന് പറഞ്ഞു.