മത്സര പരീക്ഷകളുടെ കാലമാണിത്. ഉപരിപoനത്തിനായാലും തൊഴിൽ നേടാനായാലും നമ്മുടെ കുട്ടികൾ നിരവധി മത്സര പരീക്ഷകളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് . ഈ പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ എപ്പോൾ തുടങ്ങണം എന്നതിനെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആശയക്കുഴപ്പങ്ങളേറെയുണ്ട്. പരീക്ഷകൾക്ക് ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ മുമ്പു മാത്രം തുടങ്ങുന്ന പരിശീലനം ഫലപ്രാപ്തിയിലെത്തണമെന്നില്ല.
ഐഐടി മത്സരപ്പരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ കോഴ്സിന് അഞ്ചാം ക്ലാസ്മുതൽ കുട്ടികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്! കേരളത്തിലും നിരവധി വിദ്യാർഥികൾ ഒമ്പത് , പത്ത് ക്ലാസുകൾ മുതൽ തന്നെ ഐഐടി, നീറ്റ് പരിശീലന ക്ലാസുകളിൽ ചേരുന്നവരാണ്. ചിലർ എൻജിനിയറിംഗ്/ മെഡിക്കൽ എൻട്രൻസ് പരിശീലനം 11-ാം ക്ലാസിന്റെ തുടക്കത്തിലാരംഭിക്കുമ്പോൾ മറ്റു ചിലർ 12-ാം ക്ലാസിന്റെ തുടക്കത്തിലോ 12-ാം ക്ലാസ് കഴിഞ്ഞോ തുടങ്ങുന്നവരാണ്. എപ്പോൾ പരിശീലനമാരംഭിക്കണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയുക എളുപ്പമല്ല. ഓരോ പരീക്ഷയുടെയും സ്വഭാവമനുസരിച്ച് തയാറെടുപ്പുകൾക്ക് മാറ്റി വയ്ക്കേണ്ട സമയവും വ്യത്യസ്തമാവും. കുട്ടിയുടെ കഴിവും പ്രധാന ഘടകം തന്നെ. താരതമ്യേന ബുദ്ധിമുട്ടേറിയ ഐഐടി - ജെഇഇ പരീക്ഷകൾക്ക് ഒന്നോ രണ്ടോ വർഷത്തെ ചിട്ടയായ തയാറെടുപ്പുകൾ വേണ്ടിവന്നേക്കും .അതേസമയം CMAT, KLEE തുടങ്ങിയ പരീക്ഷകൾക്ക് മൂന്നോ നാലോ മാസത്തെ തയാറെടുപ്പും മതിയാവും. എത്ര മാസം മുമ്പേ പരിശീലനം ആരംഭിക്കുന്നു എന്നതിലും പ്രധാനമാണ് ലഭ്യമായ സമയത്തെ എങ്ങനെ അടുക്കും ചിട്ടയോടും കൂടെ ക്രമീകരിക്കുന്നു എന്നുള്ളത്.
സിവില് സര്വീസ്, IES, ISS പോലുള്ള പരീക്ഷകൾ ജൂണിലാണ് നടക്കുക. NDA, NA , CDS തുടങ്ങി ഡിഫൻസ് മേഖലയുമായി ബന്ധപ്പെട്ട പരീക്ഷകൾ ഏപ്രിലിലും സെപ്റ്റംബറിലും നടക്കും. പരീക്ഷകൾ മുൻവർഷങ്ങളിൽ നടന്ന തിയതികൾ നോക്കി ഇനി പരീക്ഷ നടക്കാനിടയുള്ള ഏകദേശ സമയമേതെന്ന് മനസിലാക്കുന്നതും നന്ന്. സിവിൽ സർവീസ്, IIT-JEE, NEET, JAM എന്നിവയ്ക്ക് ഒന്നോ രണ്ടോ വര്ഷം മുന്പുതന്നെ തയാറെടുപ്പ് തുടങ്ങുന്നത് നന്നാവും. പക്ഷേ, ഓരോ പരീക്ഷയും ചില പ്രത്യേക മേഖലകളിലുള്ള വൈദഗ്ദ്യവും അറിവും പരി പരിശോധിക്കുന്നവയായതു കൊണ്ട് ആ മേഖലകളിലെ അടിസ്ഥാനാശയങ്ങൾ നേരത്തേ ഹൃദ്വിസ്ഥമാക്കണം. ഗണിതം, വെർബൽ, പൊതുവിജ്ഞാനം എന്നിവയിലുള്ള മികവ് ഏതാനും മാസങ്ങൾ കൊണ്ട് ആർജിക്കാനാവുന്നവയല്ല. പല മത്സര പരീക്ഷകളുടേയും അവിഭാജ്യ ഘടകങ്ങളാണിവ. എൻജിനിയറിംഗ് /മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ പ്ലസ് ടു സിലബസിനെ ആധാരമാക്കിയാണെങ്കിലും ഹൈസ്കൂൾ ക്ലാസുകളിലെ പാഠ്യവസ്തുക്കൾ ശരിയാംവണ്ണം പഠിക്കാത്തവരെ സംബന്ധിച്ചിടത്തോളം അടിസ്ഥാനാശയങ്ങളിൽ വ്യക്തതക്കുറവുണ്ടാവും; ഇത് തയാറെടുപ്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ടൈം മാനേജ്മെന്റ്
തയാറെടുപ്പൊന്നുമില്ലാതെ ഭാഗ്യം പരീക്ഷിക്കാൻ വേണ്ടി പരീക്ഷകളെഴുതുന്നവരുണ്ട്. സമയം നഷ്ടപ്പെടുത്താമെന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനം ഇതുകൊണ്ടുണ്ടാവില്ല. മത്സരപരീക്ഷകള് വിജയിക്കാൻ കൃത്യമായ പ്ലാനോടെ, ചിട്ടയോടെ പഠിക്കണം.
പഠനത്തിന് ലഭ്യമായ കാലയളവിനെ എല്ലാ വിഷയങ്ങൾക്കും ആവശ്യമായ സമയം കിട്ടും വിധം കൃത്യമായ ടൈംടേബിൾ തയാറാക്കുകയാണ് ആദ്യ പടി. ടൈം ടേബിൾ യുക്തിസഹവും പ്രായോഗികവുമാവണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുൻ വർഷങ്ങളിൽ പരീക്ഷയെഴുതി വിജയിച്ചവരുമായി സംസാരിക്കുന്നത് പoനതന്ത്രങ്ങളാവിഷ്കരിക്കാൻ സഹായിക്കും.
കൂടുതൽ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം മാറ്റിവയ്ക്കണം. ഓരോ മാസവും ഓരോ ആഴ്ചയിലും പഠിച്ചുതീര്ക്കേണ്ട ഭാഗങ്ങൾ ടൈംടേബിളിൽ ഉൾപ്പെടുത്തണം. മാതൃകാ പരീക്ഷകൾ പരിശീലിക്കുകയും ഏതെല്ലാം മേഖലകളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിലയിരുത്തി അനുയോജ്യമായ ക്രമീകരണങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തണം. പലർക്കും തയാറാക്കിയ ടൈംടേബിളനുസരിച്ച് പഠനം മുന്നോട്ടു കൊണ്ടുപോകാനാവണമെന്നില്ല. എവിടെയാണ് പിഴവുകൾ സംഭവിക്കുന്നതെന്ന് പരിശോധിക്കുകയും ഉചിതമായ തിരുത്തലുകൾ വരുത്തുകയും വേണം.
ഏകാഗ്രത വേണം
ഏകാഗ്രതക്കുറവും ഉത്ക്കണ്ഠയും പലപ്പോഴും കുട്ടികളുടെ പരീക്ഷാ തയാറെടുപ്പുകളെ ദോഷകരമായി ബാധിക്കാറുണ്ട്.’’ ടെൻഷൻ കുറയ്ക്കുന്നതിലും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ പങ്കുവഹിക്കാനാവും.
പoന സ്ഥലത്ത് ഏകാഗ്രത നഷ്ടപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അവ ഒഴിവാക്കണം. ഫോണും വിനോദോപാധികളുമെല്ലാം പഠനമുറിയിൽ നിന്നും മാറ്റി വയ്ക്കുന്നത് നന്ന്.
ആവർത്തനംഓരോ ദിവസവും പഠിച്ചു തീർത്ത ഭാഗങ്ങൾ അടുത്ത ദിവസം റിവൈസ് ചെയ്യാൻ അൽപ്പസമയം മാറ്റിവയ്ക്കണം. പഠന സമയത്തു തന്നെ നോട്ടുകൾ കുറിക്കാനും മറക്കരുത്. പ്രധാന ആശയങ്ങൾ ചുരുക്കിയെഴുതി വച്ചിട്ടുണ്ടെങ്കിൽ റിവിഷൻ സമയത്ത് പ്രയോജനപ്രദമാവും. മത്സരപരീക്ഷകൾ പ്രധാനമായും പരിശോധിക്കുന്നത് നമ്മുടെ അറിവിനെയാണെങ്കിലും ഓര്മ, വേഗത, കൃത്യത എന്നിവ പരമപ്രധാനമാണ്. ആഴ്ചയുടെ അവസാനം, പുതിയ ഭാഗങ്ങൾ പഠിക്കുന്നതിനു പകരം അതുവരെ പഠിച്ച ഭാഗങ്ങൾ ഒന്നുകൂടി പഠിക്കാൻ വേണ്ടി മാറ്റി വയ്ക്കുക.
ഉത്ക്കണ്ഠകൾ നിങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിൽ പഠനത്തിന് ഒരു ചെറിയ ഇടവേള നൽകാം. അൽപ്പസമയം നിങ്ങൾക്കേറ്റവുമിഷ്ടപ്പെട്ട ഒരു വിനോദത്തിനു വേണ്ടി മാറ്റി വച്ചോളൂ. അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ കൂടെ അൽപ്പസമയം ചെലവഴിക്കൂ. ഒരു പക്ഷേ, ഒന്നാമത്തെ അവസരത്തിൽ തന്നെ വിജയിക്കാനായില്ലെന്നു വരാം. വീണ്ടും ഒരുങ്ങുന്നതിൽ ഒരു തെറ്റുമില്ല. എത്ര ആത്മാർഥതയോടെയാണ് ഈ ആവർത്തനം എന്നതേ നോക്കേണ്ടതുള്ളൂ.
മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുകയും പ്രധാനം. ഒരു പക്ഷേ മാതൃകാപരീക്ഷകളിൽ നിങ്ങളുടെ സുഹൃത്ത് കൂടുതൽ സ്കോർ നേടുന്നുണ്ടാവും. അയാൾ ഒരു പക്ഷേ കൂടുതൽ നേരത്തെ തയാറെടുപ്പുകൾ ആരംഭിച്ചു കാണും. നിങ്ങൾ അയാളോടല്ല മത്സരിക്കുന്നത് എന്നോർക്കുക. നിങ്ങൾ തയാറെടുപ്പുകൾ തുടങ്ങിയിട്ടേ ഉള്ളൂ. ഒരാൾ മാത്രം വിജയിക്കുന്ന ഓട്ടമത്സരത്തിലല്ല നമ്മൾ പങ്കെടുക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ചിട്ടയായി പരിശീലിക്കുക. സ്ഥിരോത്സാഹികൾക്കുള്ളതാണ് വിജയം.
അഡ്വൈസ് കരിയർ കൺസൾട്ടിംഗ്, തൃശൂർ
ഫോൺ: 9400610478