സ്ത്രീകളിലെ തലവേദന
സ്ത്രീകളിലെ തലവേദന
"ഇത് വലിയ തലവേദനയായല്ലോ'... നാം പലപ്പോഴും ഉപയോഗിക്കുന്ന വാചകമാണിത്. ഇതില്‍ നിന്നുതന്നെ വ്യക്തമാണ് മനുഷ്യന് ഏറ്റവും വലിയ ശല്യക്കാരില്‍ ഒന്നാണ് തലവേദന എന്ന്. മനുഷ്യരില്‍ മാത്രമായി കണ്ടുവരുന്ന പ്രതിഭാസമാണ് തലവേദന. മിക്കവര്‍ക്കും ഇത് വളരെ വിരളമായി എന്തെങ്കിലും അണുബാധ മൂലമോ തലയ്‌ക്കേല്‍ക്കുന്ന പരിക്കുമൂലമോ ഉണ്ടാകുന്നതാണ്. എന്നാല്‍ മറ്റു പലര്‍ക്കും തലവേദന പ്രത്യേകിച്ചു കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ഒരു സ്ഥിരം ശല്യക്കാരനാകും. ഇത് അവരുടെ നിത്യജീവിതത്തെയും ജോലിയെയും പ്രതികൂലമായി ബാധിച്ചേക്കാം.

മൈഗ്രെയിനാണ് ഇത്തരം തലവേദനകളുടെ ഉത്തമ ഉദാഹരണം. ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം തലവേദനകള്‍ കാഠിന്യമേറിയതാകാമെങ്കിലും അവ ജീവനു ഭീഷണിയാകുന്നില്ല. ഇവയ്ക്ക് അതിന്റെ സ്വഭാവം അനുസരിച്ചുള്ള താല്‍കാലിക ചികിത്സയോ ദീര്‍ഘകാല പ്രതിരോധ ചികിത്സയോ എടുക്കാവുന്നതാണ്.

ചില തലവേദനകള്‍ ഗുരുതരമായതാണെന്നും അവ അടിയന്തര സ്വഭാവത്തോടെ ചികിത്സിക്കേണ്ടതാണെന്നും നാം മറന്നുകൂടാ. പെട്ടെന്നുള്ളതും കാഠിന്യമേറിയതുമായ തലവേദനകള്‍ എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. കാരണം തലച്ചോറിലെ ഗുരുതര രക്തസ്രാവമോ ട്യൂമറിലെ ബ്ലീഡിങ്ങോ മെനിഞ്ചൈറ്റിസോ അല്ലെങ്കില്‍ ഞരമ്പുകളിലുണ്ടാകുന്ന ബ്ലോക്കോ മൂലമാകാം ഇത്തരം തലവേദനകള്‍. ഇവയെല്ലാം തന്നെ അടിയന്തര ചികിത്സ ആവശ്യമായ അതീവ ഗുരുതര പ്രശ്‌നങ്ങളാണ്. ഉദാഹരണത്തിന് ഒരു വശത്ത് മാത്രമായി കുറച്ചു നാളായി ഉണ്ടാകുന്ന കടുത്ത തലവേദന ബ്രെയിന്‍ ട്യൂമര്‍ അല്ലെങ്കില്‍ സബ്ഡ്യൂറല്‍ ഹെമടോമ എന്നിവയുടെ ആദ്യ ലക്ഷണങ്ങളാകാം. ഇവയ്ക്ക് അടിയന്തര ചികിത്സ അനിവാര്യമാണ്.

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന തലവേദന

മൈഗ്രെയിന്‍

പുരുഷന്‍മാരേക്കാള്‍ കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്ന തലവേദനയാണ് മൈഗ്രെയിന്‍. ഇത് മിക്കപ്പോഴും പാരമ്പര്യമായി കൈമാറപ്പെടുന്ന അസുഖമാണ്.

മൈഗ്രെയിന് പല കാരണങ്ങളുമുണ്ടാകാം. അത് ഓരോരുത്തര്‍ക്കും പ്രത്യേകമാകാം. ഉറക്കമില്ലായ്മ, വെയിലത്ത് പുറത്തു പോകുന്നത്, സമയത്തിന് ആഹാരം കഴിക്കാതിരിക്കുന്നത്, റെഡ് വൈന്‍, ചീസ്, ഡാര്‍ക് ചോക്കലേറ്റ്, പഴം തുടങ്ങിയ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുന്നത് തുടങ്ങിയവ ചിലരില്‍ മൈഗ്രെയിനു കാരണമായേക്കാം.

സ്ത്രീകളില്‍ ആര്‍ത്തവകാലത്ത് മൈഗ്രെയിനിന്റെ കാഠിന്യം കൂടുതലായിരിക്കും. ഇതിനെ കാറ്റാമിനിയല്‍ മൈഗ്രെയിന്‍ എന്ന് പറയുന്നു. ആര്‍ത്തവകാലത്തു മാത്രം ഉണ്ടാകുന്ന മൈഗ്രെയിന്‍ പൊതുവേ വളരെ വിരളമാണ്. ആര്‍ത്തവ സമയത്ത് ഈസ്ട്രജന്റെ അളവില്‍ പെെട്ടന്നുണ്ടാകുന്ന കുറവാണ് കാറ്റാമിനിയല്‍ മൈഗ്രെയിനു കാരണമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ഈസ്ട്രജന്‍ സമ്പുഷ്ടമായ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിക്കുന്നത് മൈഗ്രെയിനു കാരണമായേക്കാം. ഈസ്ട്രജന്റെ അളവു കുറഞ്ഞ ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിക്കാന്‍ ഇത്തരം ആളുകള്‍ ശ്രദ്ധിക്കണം.

ടെന്‍ഷന്‍ തലവേദന

സ്ത്രീകളില്‍ ടെന്‍ഷന്‍ തലവേദന പലപ്പോഴും മൈഗ്രെയിനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇവ സാധാരണ മൈഗ്രെയിന്റെ അത്ര കഠിനമായ വേദനയായിരിക്കില്ല. മാനസിക സംഘര്‍ഷം, ഉറക്കമില്ലായ്മ, വെയിലേല്‍ക്കുന്നത്, ഡിപ്രഷന്‍ തുടങ്ങിയവയാണ് ഇതിനു സാധാരണ കാരണങ്ങള്‍. ചിലരില്‍ മൈഗ്രെയിനും ടെന്‍ഷന്‍ മൂലമുള്ള തലവേദനയും ഉണ്ടാകാം. ഇവ വേര്‍തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതാണ്.


ക്ലസ്റ്റര്‍ തലവേദന

മൈഗ്രെയിന്റെ മറ്റൊരു പരിവേഷമാണ് ക്ലസ്റ്റര്‍ തലവേദന. ഇവ സാധാരണയായി സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് കണ്ടുവരുന്നത്. മൈഗ്രെയിന്‍ പോലെ തോന്നിപ്പിക്കാമെങ്കിലും ഇത് മൈഗ്രെയിനെക്കാള്‍ കാഠിന്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിനെ സ്യുസൈഡ് ഹെഡേക്ക് അഥവാ ആഹത്യ തലവേദനയെന്നും വിശേഷിപ്പിക്കുന്നു. ഇത് ഇടവിട്ടു രണ്ടു മൂന്ന് ആഴ്ചകള്‍ നിലനില്‍ക്കുന്നു. അതിനുശേഷം ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ ഈ തലവേദന ഉണ്ടായെന്ന് വരില്ല. ഇതിനു സാധാരണയായി സ്റ്റിറോയ്ഡുകളോ ട്രിപ്റ്റാന്‍ ഗണത്തില്‍പ്പെട്ട വേദനസംഹാരികളോ ആണ് നല്‍കുന്നത്.

ആര്‍ത്തവവിരാമത്തിനു മുമ്പും ശേഷവുമുള്ള തലവേദന

ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ സാധാരണയായി സ്ത്രീകളില്‍ സ്വാഭാവികമായ അണ്ഡവിക്ഷേപം പതുക്കെ കുറഞ്ഞുവരുന്നു. ഇക്കാലയളവില്‍ ഈസ്ട്രജന്റെ അളവില്‍ കാര്യമായ വ്യതിചലനം കാണപ്പെടും. ഈസ്ട്രജന്‍ അളവിലെ വ്യതിചലനമാണ് ആര്‍ത്തവവിരാമത്തിന് മുന്നോടിയായി സ്ത്രീകളില്‍ കാഠിന്യമേറിയ തലവേദനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാപ്പെടുന്നത്.

ആര്‍ത്തവവിരാമത്തോടെ സാധാരണയായി മൈഗ്രെയിന്‍ തലവേദന ഉണ്ടാകുന്നത് കുറയുകയും അതിന്റെ കാഠിന്യത്തിനു ശമനമുണ്ടാവുകയും ചെയ്യുന്നു. ഇക്കാലയളവിലെ ഈസ്ട്രജന്റെ അളവിലുള്ള കുറവാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. സാധാരണ മൈഗ്രെയിന്‍ രോഗികളിലാണ് ഇതു കാണപ്പെടുന്നത്. ഈ കാലയളവില്‍ പല സ്ത്രീകളിലും മൈഗ്രെയിനുപകരം ടെന്‍ഷന്‍ മൂലമുള്ള തലവേദനയാണു കൂടുതലായി കാണപ്പെടുക. ആര്‍ത്തവവിരാമ സമയത്തുണ്ടാകുന്ന ഡിപ്രഷനാണ് ഇതിനു പ്രധാന കാരണം. ആര്‍ത്തവ വിരാമത്തിനുശേഷവും സ്ത്രീകളില്‍ മൈഗ്രെയിന്‍ ഉണ്ടാകാമെങ്കിലും അതിന്റെ കാഠിന്യത്തിനും ഇടവേളകള്‍ക്കും വ്യത്യാസമുണ്ടാകും.

മുന്‍ കാലങ്ങളില്‍ ആര്‍ത്തവവിരാമ സമയത്ത് സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ഹോര്‍മോണ്‍ റിപ്ലേസ്‌മെന്റ് തെറാപ്പി മൈഗ്രെയിനു കാരണമായിരുന്നു. ഇതിന്റെ ഉപയോഗം കുറഞ്ഞിട്ടുണ്ട്.

ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകളില്‍ ടെന്‍ഷന്‍ തലവേദന കൂടുന്നതായി കാണപ്പെടുന്നു. തലവേദനയുടെ രീതിക്കു മാറ്റം തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇതു ചിലപ്പോള്‍ തലച്ചോറിലെ ട്യൂമറോ മറ്റെന്തെങ്കിലും രോഗത്തിന്റെയോ ലക്ഷണമാകാം. തലയുടെ ഒരു വശം മാത്രമായുള്ള വേദന ചിലപ്പോള്‍ ടെമ്പറല്‍ ആര്‍റൈറ്റിസ് മൂലമാകാം. ഇവ യഥാസമയം തന്നെ ചികിത്സിക്കേണ്ടതാണ്. ചികിത്സ വൈകുന്നതുമൂലം പൂര്‍ണ അന്ധത ബാധിക്കാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ട് ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള തലവേദനയുണ്ടാകുമ്പോള്‍ ഡോക്ടറെ സമീപിക്കണം. എന്തു തലവേദനയായാലും ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ മരുന്ന് കഴിക്കാന്‍ പാടുള്ളൂ.

ഡോ. മാത്യു എബ്രഹാം
സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ന്യൂറോളജിസ്റ്റ്, ഹെഡേക്ക് ക്ലിനിക്ക്,
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി