ഇത് തേനൂറും കാലം
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്‍റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്. ഓഗസ്റ്റ്-ഡിസംബര്‍ മാസങ്ങളില്‍ തേനീച്ചയുടെ പ്രകൃതിദത്തമായ വളര്‍ച്ചക്കാലമാണ്. ഇക്കാലത്ത് കര്‍ഷകര്‍ കോളനി വിഭജിച്ചു തേനീച്ച പെട്ടികള്‍ പൂമ്പൊടി സുലഭമായി ലഭിക്കുന്ന തെങ്ങിന്‍ തോപ്പിലോ വനപ്രദേശങ്ങളിലോ സ്ഥാപിച്ചിരിക്കുകയായിരുന്നു.

കൂടുമാറ്റി സ്ഥാപിക്കല്‍

പൂമ്പൊടി ലക്ഷ്യമാക്കി തെങ്ങിന്‍ തോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന തേനീച്ച കൂടുകളെ തേന്‍ ശേഖരിക്കാനായി തേനിന്റെ അക്ഷയഖനിയായ റബര്‍ തോട്ടങ്ങളില്‍ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. റബര്‍ തോട്ടങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ 10 വര്‍ഷത്തിലധികം പ്രായമുള്ളതും ധാരാളം ഇലകളുള്ളതുമായ തോട്ടങ്ങളാണെന്ന് ഉറപ്പുവരുത്തണം. ഒരു ഹെക്ടറില്‍ 10 കോളനികള്‍ പരത്തി വച്ചാല്‍ മെച്ചപ്പെട്ട തേന്‍ ഉത്പാദനമുണ്ടാകും.

ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ റബര്‍ മരങ്ങളിലെ സ്വാഭാവിക ജലപൊഴിച്ചിലിനെ തുടര്‍ന്നു പുതിയ തളിരിലകള്‍ ഉണ്ടാകുന്നു. പുതിയ തളിരുവരുന്ന സമയത്ത് ചാറ്റല്‍ മഴയോ മഞ്ഞുമഴയോ ഉണ്ടായാല്‍ ഒയ്ഡിയം ഹീവിയെ എന്നറിയപ്പെടുന്ന കുമിള്‍ ഇലകളില്‍ വളര്‍ന്ന് പൂപ്പല്‍ രോഗമുണ്ടാകും. തന്മൂലം ഇലകള്‍ അകാലമായി പൊഴിയും. ഇത്തരം റബര്‍ തോട്ടങ്ങളില്‍ നിന്നു കൂടുകളെ ഉടനടി മാറ്റി രോഗബാധയില്ലാത്ത ഇലനിബിഡമായ തോട്ടങ്ങളില്‍ സ്ഥാപിക്കണം.

തളിരിലകള്‍ മഞ്ഞനിറം മാറി പച്ചനിറത്തിലേക്കു കടക്കുന്നതോടെ റബറിന്റെ ഇലത്തണ്ടില്‍ ദളങ്ങള്‍ ചേരുന്ന ഭാഗത്ത് മൂന്നു ഗ്രന്ഥികളില്‍ നിന്നു ഊറുന്ന തേന്‍ വലിയ തുള്ളിയായി മാറും. ഇത് തേനീച്ചകള്‍ ഉത്സാഹത്തോടെ ശേഖരിക്കും. രാവിലെ 6-11 വരെയും ഉച്ചകഴിഞ്ഞ് 3-5 വരെയുമാണു ഗ്രന്ഥികള്‍ തേന്‍ ചുരത്തുന്നത്.

തളിരിലകള്‍ വിരിഞ്ഞ് 20-25-ാം ദിവസം ഗ്രന്ഥികള്‍ തേന്‍ ചൊരിയാന്‍ തുടങ്ങും. അനുകൂല കാലാവസ്ഥയില്‍ 3-4 ആഴ്ചവരെ തുടരും. ഇലകള്‍ മൂപ്പെത്തുന്നതോടെ തേനുത്പാദനം ക്രമേണ കുറയുകയും റ്റാനില്‍ പോലുള്ള നിറം നല്‍കുന്ന ദ്രാവകം ഊറി വരുകയും ചെയ്യും. തുടര്‍ന്നു ഗ്രന്ഥികള്‍ ഉണങ്ങി തേനുത്പാദനം നിലയ്ക്കും. തേനീച്ച ഇവ ശേഖരിക്കുന്നതുകൊണ്ടാണ് റബര്‍ തേനിന്റെ അവസാന വിളവെടുപ്പില്‍ ലഭിച്ച തേനില്‍ കറുത്ത നിറം കാണുന്നത്. ഈ തേന്‍ പ്രത്യേകം ശേഖരിച്ച് ഒരു മാസം സംഭരണികളില്‍ സൂക്ഷിക്കുമ്പോള്‍ മുകള്‍ഭാഗത്തടിയുന്ന കറുത്ത റ്റാനില്‍ മാറി ശുദ്ധമായ തേന്‍ എടുക്കാം.

മാറ്റി സ്ഥാപിക്കേണ്ട കൂടുകള്‍ പരിശോധിച്ച് പുഴു അറയിലെ മുഴുവന്‍ ചട്ടങ്ങളും രോഗകീടബാധ ഇല്ലെന്ന് ഉറപ്പുവരുത്തുക.സൂര്യാസ്തമയത്തിനുശേഷം കൂടുകളെ മാറ്റുന്നതു വഴി തേന്‍/പൂമ്പൊടി ശേഖരണത്തിന് പോയിരിക്കുന്ന ഈച്ചകള്‍ മുഴുവന്‍ മടങ്ങിവന്നു കൂട്ടില്‍ പ്രവേശിച്ചു എന്ന് ഇറപ്പാക്കാനാവും. കൂടിന്റെ പ്രവേശന കവാടം പേപ്പര്‍/ഉണങ്ങിയ വാഴയില ഉപയോഗിച്ചു അടച്ചശേഷം കൂടുകള്‍ കയറുകൊണ്ട് നെടുകയും കുറുകെയും കെട്ടി ബലപ്പെടുത്തുക.

കോളനികള്‍ വാഹനത്തില്‍ അടുക്കുമ്പോള്‍ പ്രവേശന കവാടം വാഹനത്തിന്റെ മൂന്‍വശത്തേക്കു അഭിമുഖികരിക്കാന്‍ ശ്രദ്ധിക്കണം. അമിത വേഗതയും മോശമായ റോഡും ഒഴുവാക്കണം. പുലരും മുന്‍പ് കൂടുകളെ പുതിയ സ്ഥലത്തെത്തിച്ച് ഉലച്ചില്‍ തട്ടാതെ സാവധാനം ഇറക്കി നേരത്തെ സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ കെട്ടി ഉറപ്പിക്കണം.

അടച്ചിരിക്കുന്ന വാതില്‍ തുടന്നു കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അടുത്തദിവസം തന്നെ കൂടുകള്‍ തുറന്നു പരിശോധിച്ചു യാത്രയില്‍ അടകള്‍ക്കു കേടുപാടു സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കണം. കേടു സംഭവിച്ചതും അടര്‍ന്നു വീണതുമായ അടകളെ ചട്ടങ്ങളുമായി ചേര്‍ത്തു വാഴനാരുകൊണ്ട് കെട്ടി ഉറപ്പിക്കുക. ആവശ്യമെങ്കില്‍ പഞ്ചസാര നല്‍കി കോളനികളെ ശക്തിപ്പെടുത്തണം. പൂമ്പൊടിക്കൂട്ടു നല്‍കി ധാരാളം പൂമ്പൊടി ലഭ്യത ഉറപ്പാക്കണം.

കോളനി സംയോജനം

എല്ലാ പെട്ടികളിലും ഒരേപോലെ വളര്‍ച്ചയില്ലാത്ത സാഹചര്യത്തില്‍ ശക്തി കുറഞ്ഞ രണ്ടു കൂടുകളെ തമ്മില്‍ സംയോജിപ്പിക്കണം. റാണിയുടെ അഭാവം, റാണി പുതുക്കല്‍ വിജയകരമാകാതിരിക്കുക ഇവയാണ് ഇതിനു കാരണം. ന്യൂസ് പേപ്പര്‍ രീതിയാണ് വിജയകരം. സംയോജിപ്പിക്കേണ്ട കൂടുകളെ അടുപ്പിക്കുക. ശക്തിയില്ലാത്ത കൂടിലെ റാണിയെ നീക്കം ചെയ്യണം. ന്യൂസ് പേപ്പറില്‍ പഞ്ച് കൊണ്ടു സുക്ഷിരം ഇട്ടശേഷം മെച്ചപ്പെട്ട കൂടിന്റെ അടിത്തട്ടിന് മുകളില്‍ ടാല്‍കം പൗഡര്‍ വിതറിയശേഷം സ്ഥാപിക്കണം. രണ്ടു കൂടിന്റെയും വ്യത്യസ്ഥമായ മണം ഒഴിവാക്കാനാണിത്.


അടിപ്പലക മാറ്റിയശേഷം റാണിയെ നീക്കം ചെയ്ത കൂട് പേപ്പറിന് മുകളിലായി സ്ഥാപിക്കണം. രണ്ടു കൂടിലെയും വാതിലുകള്‍ അടക്കാന്‍ ശ്രദ്ധിക്കണം. രണ്ടു കൂട്ടിലെയും ഈച്ചകള്‍ മണിക്കൂറുകള്‍ക്കകം പേപ്പറിലെ ദ്വാരങ്ങള്‍ വലുതാക്കും. ശേഷിച്ച മേല്‍ത്തട്ടിലെ ഈച്ചകള്‍ റാണിയുള്ള അടിത്തട്ടില്‍ പ്രവേശിക്കും. ഈച്ചയില്ലാത്ത മുകള്‍ തട്ട് മാറ്റി അടിത്തട്ടില്‍ സംരക്ഷിച്ചാല്‍ മികച്ച റാണിയാണെങ്കില്‍ അധിവേഗം വേലക്കാരി ഈച്ചയുടെ എണ്ണം വര്‍ധിച്ച് കാര്യക്ഷമമായ കൂടായി മാറും തേന്‍ തട്ടുകള്‍ സ്ഥാപി ച്ച് മെച്ചപ്പെട്ട അളവില്‍ തേനും സംഭരിക്കാം.

തേന്‍ തട്ട് രൂപപ്പെടുത്തല്‍

വര്‍ധിച്ച തോതില്‍ തേന്‍ ലഭ്യമാക്കാന്‍ തേന്‍സംഭരിക്കാന്‍ കഴിവുള്ള ധാരാളം വേലക്കാരി തേനീച്ചകള്‍ ആവശ്യമാണ്. പുഴുവളര്‍ത്തല്‍ സുഗമമായി നടക്കുന്ന അടിത്തട്ടിനു മുകളില്‍ 1-5 തേന്‍ തട്ടുകള്‍ സ്ഥാപിച്ച് വേലക്കാരികളെ പ്രവേശിപ്പിച്ച് ശക്തമാക്കുകയാണ് വേണ്ടത്. ഇതിനായി അടിത്തട്ടില്‍ പുതുതായി കെട്ടിയ അട തെരഞ്ഞെടുത്ത് ഈച്ചയെ മാറ്റി അട മുഴുവനായി ചട്ടത്തില്‍ നിന്നു തേനടക്കത്തി കൊണ്ട് വേര്‍പ്പെടുത്തുക.

അടിത്തട്ടിന്റെ മേല്‍മൂടിയിടെ ഉള്ളില്‍ വച്ച് ഈ അടയെ നെടുകെ നീളത്തില്‍ മൂന്നു തുല്യകഷണങ്ങളായി മുറിക്കുക. മേല്‍ മൂടിക്ക് ഉള്ളില്‍ പതിക്കുന്ന തേന്‍തുള്ളികള്‍ വേലക്കാരികള്‍ ശേഖരിക്കും.

മേല്‍തട്ടില്‍ രൂപപ്പെടുത്തുന്ന തേനറയിലെ 3 ചട്ടത്തിന്റെ താഴെഭാഗത്ത് ഇവ സ്ഥാപി ച്ചശേഷം വാഴനാരുകൊണ്ട് കെട്ടി ഉറപ്പിച്ച് തേന്‍ തട്ടിന്റെ മധ്യഭാഗത്ത് ഇട്ടുകൊടുക്കണം. രണ്ടുവശത്തായി ഓരോ ഒഴിഞ്ഞ ചട്ടങ്ങളും സ്ഥാപിച്ച ശേഷം മേല്‍ മൂടി സ്ഥാപിച്ച് അടിത്തട്ടിനു മുകളിലായി വയ്ക്കുക.

പുഴുത്തട്ടില്‍ നിന്നു വിരിഞ്ഞിറങ്ങുന്ന വേലക്കാരികള്‍ മുകള്‍ തട്ടില്‍ പ്രവേശിച്ചു 3-5 ദിവസം കൊണ്ട് അട കെട്ടി പൂര്‍ത്തിയാക്കും. ഇരുവശത്തുമുള്ള ഒഴിഞ്ഞ ചട്ടത്തിലും പുതുതായി അടകള്‍ നിര്‍മിക്കുന്നതായി കാണാം.

എല്ലാ ചട്ടങ്ങളും പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നേരത്തെ ചെയ്ത പ്രകാരം പുതിയ മേല്‍ത്തട്ട് നല്‍കണം. മേല്‍ത്തട്ടുകള്‍ നല്‍കുമ്പോള്‍ പുതുതായി സ്ഥാപിക്കുന്നവ പുഴുത്തട്ടിനുതൊട്ടു മുകളിലായി വേണം നല്‍കാന്‍.

സംസ്‌കരിച്ചു സൂക്ഷിച്ചിരുന്ന കഴിഞ്ഞ വര്‍ഷത്തെ ഒഴിഞ്ഞ തേനടകള്‍ നല്‍കുന്നത് തേന്‍ തട്ടു നിര്‍മാണം ത്വരിതപ്പെടുത്തും.

രണ്ടാമത്തെ തട്ടിലും പുതിയ അട നിര്‍മിച്ചു കഴിഞ്ഞാല്‍ മൂന്നാമത്തെ തേന്‍ തട്ട് സ്ഥാപിക്കാം. ഇത്തരത്തില്‍ അഞ്ചു തേന്‍ തട്ടുവരെ രൂപപ്പെടുത്താം.

വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം നടത്തിയ ഗവേഷണ നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ച ഈ സാങ്കേതിക വിദ്യയിലൂടെ ഒരു തേനീച്ച കൂടില്‍ നിന്നു 15-20 കിലോ തേന്‍ സംഭരിക്കാന്‍ കഴിയും.

ഉത്തമ പരിചരണ മുറകള്‍

* തേന്‍ കാലത്ത് തേനീച്ച കൂടുകള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്.

* അഞ്ചു ദിവസത്തിനൊരിക്കല്‍ ക്രമമായ കൂടുപരിശോധന നടത്തണം.

* പുതിയ റാണിയുടെ സാന്നിധ്യം ഉണ്ടാകാനും കൂടു പിരിഞ്ഞു പോകാ നും ഏറെ സാധ്യതയുള്ള ഘട്ടമാണിത്. കൂടുകള്‍ നിരീക്ഷിച്ചു റാണിയെ നശിപ്പിച്ചു കളയുന്നത് കൂടുപിരിഞ്ഞു പോകുന്നതിന് ഉത്തമ പരിഹാരമാണ്.

* പുഴുത്തട്ടിലെ അടകളില്‍ ദൃശ്യമാകുന്ന ആണീച്ച മുട്ടകളെ നശിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

* പുതുതായി രൂപപ്പെടുത്തിയ തേന്‍ത്തട്ടുകളില്‍ റാണി ഈച്ച പ്രവേശിച്ച് മുട്ടയിടാതിരിക്കാന്‍ പുഴുത്തട്ടിന് മുകളില്‍ റാണി ബഹിഷ്‌കരണി സ്ഥാപിക്കേണ്ടതാണ്.

* തേന്‍ത്തട്ടുകളില്‍ നിന്നുമാത്രമേ തേന്‍ ശേഖരിക്കാവൂ എന്ന തത്വം കര്‍ഷകര്‍ പാലിക്കേണ്ടതാണ്.
ഫോണ്‍ : 9400185001

ഡോ. സ്റ്റീഫന്‍ ദേവനേശന്‍
മുന്‍ മേധാവി, ഡീന്‍, തേനീച്ച പരാഗണ ഗവേഷണകേന്ദ്രം, കേരള കാര്‍ഷിക സര്‍വകലാശാല