എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു കൂടിനുള്ളില്‍ കഴിയുന്ന അവ ശല്യക്കാരുമല്ല.

വളരെ നീളമുള്ള വാലുള്ളവ, വാലില്ലാത്തവ, തടിച്ചുരുണ്ടവ, പട്ട് തൂവലുകളോടു കൂടിയവ, ചുണ്ടിനും പൂവിനും വേറെ വേറെ നിറമുള്ളവ, കാലിലും കഴുത്തിലും കൂടുതല്‍ തൂവലുള്ളവ, അങ്ങനെയെത്രയെത്ര ഇനങ്ങള്‍. ആലപ്പുഴ പുളിങ്കുന്നിനടുത്ത് പുന്നക്കുന്നം കോയിപ്പള്ളി ഷിബു ആന്റണിയുടെ പെറ്റ്‌സ് ഫാമില്‍ മുപ്പത്തഞ്ചോളം ഇനം അലങ്കാര കോഴികളുടെ ശേഖരമുണ്ട്.

ചെറുതെങ്കിലും അതിമനോഹരമാണ് പെസന്റ് ഇനങ്ങളില്‍പ്പെട്ട കോഴികള്‍. വളരെ നീളമുള്ള വാലുകളോടുകൂടിയ ഇവയുടെ പലവര്‍ണ തൂവലുകള്‍ ആരേയും ആകര്‍ഷിക്കും. വൈറ്റ്, ഗോള്‍ഡന്‍, സില്‍വര്‍, ലേഡി ആംറസ്റ്റ്, റിംഗ് നെക്ക്, യെല്ലോ ഗോള്‍ഡന്‍, മെലനിസ്റ്റിക് എന്നിങ്ങനെ ഏഴിനം പെസന്റുകള്‍ ഷിബുവിന്റെ ശേഖരത്തിലുണ്ട്.

തെല്ലും അടങ്ങിയിരിക്കാത്ത ഇക്കൂട്ടര്‍ കൂടിനുള്ളില്‍ സദാ പറന്നു കളിച്ചുകൊണ്ടിരിക്കും. സമീപത്തെ വെള്ളം നിറഞ്ഞ പാടശേഖരത്തില്‍ നിന്നുള്ള തണുത്ത കാറ്റു കൂടി ഏറ്റാല്‍ ആവേശം ഇരട്ടിയാകും.

തടിച്ചുരുണ്ട ഇനങ്ങളായ കൊളം ബിയന്‍ ബ്രഹ്മ, ഓര്‍പിംഗ്ടണ്‍ തുടങ്ങിയവയുടെ കുണുങ്ങിക്കുണുങ്ങിയുള്ള നടപ്പും ഭാവങ്ങളും കണ്ണിനും മനസിനും കുളിര്‍മ പകരും. നടക്കാന്‍ തീരെ ഇഷ്ടമില്ലാത്ത അമേരിക്കന്‍ സില്‍ക്കികള്‍ ഫാമിന്റെ അഴകാണ്. പട്ടുപോലെ നനുത്ത തൂവലോടുകൂടിയ ഇവയ്ക്ക് വലിയ വലുപ്പമില്ല. കൂടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മരക്കൊമ്പുകളിലും മറ്റും കഴിയാനാണ് ഇഷ്ടം. മനുഷ്യന്റെ കൈത്തണ്ടയില്‍ എത്ര സമയം വേണമെങ്കിലും ഇരിക്കും.

എപ്പോഴും കഴുത്തിറുക്കി മേലോട്ട് നോക്കി നടക്കുന്ന സിറാമ കോഴികളില്‍ നിന്നു കണ്ണു പറിക്കാനേ പറ്റില്ല. ഒണഗാഡോറി, ജാപ്പനീസ് ബാന്റാംസ്, അമേരിക്കന്‍ ബാന്റാംസ്, സിനമോന്‍ കൊനൂറും തുടങ്ങിയ ആത്യാകര്‍ഷകങ്ങളായ ഇനങ്ങളും ഷിബുവിനുണ്ട്.

അലങ്കാര കോഴികളോട് ഇഷ്ടം കൂടി 10 വര്‍ഷം മുമ്പാണു ഷിബു ഫാം തുടങ്ങിയത്. കൗതുകത്തിനു വേണ്ടി മാത്രമായിരുന്നില്ല അത്. മറിച്ച്, അതുവഴി ഒരു ജീവിത മാര്‍ഗംകൂടി വെട്ടിത്തെളിക്കുകയായിരുന്നു ഉദ്ദേശ്യം. ഏറെക്കാലം ഗള്‍ഫിലായിരുന്ന ഷിബുവിനു നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹം കൂടിയായപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.

അലങ്കാര കോഴികള്‍ക്കായി ദിനംപ്രതി നിരവധിപ്പേരാണു നേരിട്ടും അല്ലാതെയും ഷിബുവിനെ തേടിയെത്തുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും ഇവയെ കയറ്റി അയയ്ക്കുന്നുമുണ്ട്. പ്രത്യേക കൂടുകളില്‍ തീറ്റയും വെള്ളവും ക്രമീകരിച്ച് ട്രെയിനുകളിലാണ് സാധാരണ കയറ്റി വിടുന്നത്. അഞ്ചു ദിവസം യാത്രയുള്ള ജമ്മു- കാഷ്മീര്‍ വരെ ഇങ്ങനെ ട്രെയിനില്‍ അലങ്കാര കോഴികളെ സുരക്ഷിതമായി അയച്ചിട്ടുണ്ട്. ഇതുവഴി മാന്യമായി ജീവിക്കാനുള്ള വരുമാനവും കിട്ടുന്നുണ്ടെന്നു ഷിബു പറഞ്ഞു.


ജനുവരി മുതല്‍ ജൂലൈ വരെയാണ് അലങ്കാര കോഴികള്‍ മുട്ടയിടുന്നത്. സാധാരണ ഒരു കോഴി വര്‍ഷത്തില്‍ 30-35 മുട്ടകള്‍ വരെയിടും. റിംഗ് നെക്ക് ഇനത്തില്‍പ്പെട്ടവ 60 വരെ മുട്ടകളിടാറുണ്ട്. അമേരിക്കന്‍ സില്‍ക്കികള്‍ നൂറു വരെയും. മുട്ടകള്‍ വില്‍ക്കാറില്ല. ഇന്‍കുബേറ്ററില്‍ വച്ചു വിരിയിച്ച് കുഞ്ഞുങ്ങളെയാണു വില്‍ക്കുന്നത്. അലങ്കാര കോഴികള്‍ പൊരുന്നാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. 4-5 മാസം പ്രായമാകുന്നതോടെ പെസന്റുകളുടെ കുഞ്ഞുങ്ങളെ വില്‍ക്കാനാകും.

മറ്റുള്ളവയുടെ കുഞ്ഞുങ്ങളെ തീരെ ചെറുപ്പത്തില്‍ തന്നെ കൊടുക്കാം. വൈറ്റമിന്‍സ്, മിനറല്‍സ്, കാത്സ്യം എന്നിവയാണ് കുഞ്ഞുങ്ങളുടെ പ്രധാന തീറ്റ. ആഴ്ചയില്‍ ഒന്നു വച്ചു മാറി മാറി കൊടുക്കുന്നതാണു രീതി. ഒപ്പം സ്റ്റാര്‍ട്ടറുകളും കൊടുക്കും. കുഞ്ഞുങ്ങള്‍ക്കുള്ള തീറ്റയും വെള്ളവും വൃത്തിയായ പാത്രങ്ങളില്‍ നല്‍കണം. വെള്ളം എല്ലാ ദിവസവും മാറിക്കൊണ്ടുമിരിക്കണം. തണുപ്പടിക്കാതെ വേണം കുഞ്ഞുങ്ങളെ വളര്‍ത്താന്‍. നിശ്ചിത ചൂട് ലഭിക്കത്തക്കവിധം കൂടിനുള്ളില്‍ ബള്‍ബുകള്‍ ക്രമീകരിക്കുകയും വേണം.

നാടന്‍ കോഴികള്‍ക്കു വരുന്നരോഗങ്ങളെല്ലാം അലങ്കാരകോഴികള്‍ക്കും കു ഞ്ഞുങ്ങള്‍ക്കും വരാറുണ്ട്. അസുഖമുള്ളവ യെ പ്രത്യേക കൂട്ടിലേ ക്കു മാറ്റണം. ഡോക്ടറു ടെ നിര്‍ദേശാനുസരണം മരുന്ന് നല്‍കുകയും വേണം. മാര്‍ക്കറ്റില്‍ കിട്ടു ന്ന കോഴിത്തീറ്റയാണ് പ്രധാനമായും കൊടുക്കുന്നത്. പഴവര്‍ഗങ്ങളും പച്ചക്കറികളും പുല്ലും ഇഷ്ടമാണ്.

അപൂര്‍വ ഇനങ്ങളില്‍പ്പെട്ട തത്തകളുടെ യും കുരുവികളുടെയും വിപുലമായ ശേഖ രവും ഫാമിലുണ്ട്. സണ്‍ കൊ നോര്‍, ചിനമണ്‍ കൊ നോര്‍, ഗ്രീന്‍ ചിക്ക്, പൈനാപ്പിള്‍, യെല്ലോ ഷേഡ്, ക്രിംസണ്‍, ബ്ലാക്ക് ക്യാപ്, ഡൈമണ്‍ ഡോവ് തുടങ്ങിയവ അവയില്‍ ചിലതു മാത്രം. കുട്ടനാട്ടില്‍ വടക്കേതൊള്ളായിരം പാടശേഖരത്തോട് ചേര്‍ന്നുള്ള ഫാമില്‍ വലിയൊരു മീന്‍കുളവുമുണ്ട്. ഇതില്‍ തിലോപ്പിയയും ചെമ്പല്ലിയുമാണ് എറെ.
ചെങ്ങന്നൂര്‍ ഹാച്ചറിയില്‍ മൂന്നു ദിവസത്തെ വിദഗ്ധ പരിശീലനത്തിനു ശേഷമാണു ഷിബു ഫാം തുടങ്ങാന്‍ തീരുമാനമെടുത്തത്.

പിന്നീട,് സംസ്ഥാനത്തും പുറത്തു നിന്നും മികച്ച ബ്രീഡുകള്‍ കണ്ടെത്തി ശേഖരിച്ചു. അതിനുശേഷം ഓരോ ഇനത്തിനും പറ്റിയ കൂടുകള്‍ സ്ഥാപിച്ചു. അതില്‍ കോഴികളെ ഇട്ടശേഷം മൃഗസംരക്ഷണ വകുപ്പുമായി നിരന്തരം ബന്ധപ്പെട്ട് അഭിപ്രായം തേടി. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ സ്ഥിരമായി സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. ഫോണ്‍: 9048057693.

ജിമ്മി ഫിലിപ്പ്