കാടകളില്‍ പുതുജീവിതം തേടി ബീനയും കുടുംബവും
കാടകളില്‍ പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചിക്കുമായി കാട വളര്‍ത്തുന്നവര്‍ ലക്ഷ്യമിടുന്നതു നിത്യവരുമാനം. ഇതോടൊപ്പം കാടക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന ചെറിയ ഹാച്ചറികളും നിശ്ചിത പ്രായം വരെ കുഞ്ഞുങ്ങളെ വളര്‍ത്തി വില്‍ക്കുന്ന നഴ്‌സറികളും അനുബന്ധമായി നടത്തുന്നവരുമുണ്ട്.

യമനിലെ അഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് ജോലിയും സമ്പാദ്യവും ഉപേക്ഷിച്ച് നാട്ടിലെത്തിയ കുടുംബമാണ് ആലപ്പുഴ പള്ളിപ്പുറം ബീന ഔസേപ്പിന്റത്. ഭര്‍ത്താവും രണ്ട് മക്കളും ഓര്‍മകള്‍ നഷ്ടപ്പെട്ട് അവശയായ അമ്മയും ഉള്‍പ്പെടുന്ന ഈ കുടുംബം നിത്യവരുമാനം എന്ന രീതിയിലാണ് കാട വളര്‍ത്തല്‍ ആരംഭിച്ചത്. അമ്മയെ ശുശ്രൂഷിക്കേണ്ടതിനാല്‍ നഴ്‌സായിരുന്ന ബീന മറ്റൊരു ജോലിക്ക്ശ്രമിച്ചുമില്ല. ഭര്‍ത്താവ് പ്രാദേശികമായ ചില തൊഴിലുകള്‍ ചെയ്‌തെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടി.

അങ്ങനെയിരിക്കെ, ഒരു വരുമാന മാര്‍ഗമായി മുയല്‍ വളര്‍ത്തലിലേക്കു തിരിഞ്ഞു. അതു മെച്ചപ്പെട്ടു വരുന്ന അവസ്ഥയിലാണു മൃഗങ്ങളെ കൊല്ലുന്നതിനെതിരെ നിയമം വന്നത്. മാസങ്ങള്‍ കഴിഞ്ഞാണ് മാംസത്തിനുവേണ്ടി വളര്‍ത്തുന്ന മുയലുകളെ നിയമം ബാധിക്കില്ലന്ന് ഉറപ്പ് കിട്ടിയത്. അപ്പോഴേക്കും ബീന ഉള്‍പ്പെടെ നിരവധിപ്പേര്‍ മുയല്‍ ഫാമുകള്‍ ഉപേക്ഷിച്ചി രുന്നു. തുടര്‍ന്നാണു കാടയൊന്നു പരീക്ഷിച്ചാലോ എന്നാ ലോചിച്ചത്. ആദ്യം 100 കാടകള്‍ വാങ്ങി.

ചേര്‍ത്തല തൈക്കല്‍ കടപ്പുറത്തിനോട് ചേര്‍ന്നുള്ള സ്വന്തം പുരയിടത്തിലായിരുന്നു കാടവളര്‍ത്തലിന്റെ തുടക്കം. അഞ്ച് സെന്റിലെ പരിമിതികള്‍ക്കുള്ളില്‍ ഭര്‍ത്താവ് ഔസേപ്പച്ചന്‍ ഒരുക്കിയ കൂടുകളില്‍ കാടവളര്‍ത്തല്‍ ആരംഭിച്ചു. പരിചയക്കുറവ് മൂലം അറുപത് കാടകള്‍ വിവിധ കാരണങ്ങളാല്‍ ചത്തു. ബാക്കിയുള്ളവയെ വിറ്റ് കിട്ടിയ പണം കൊണ്ട് 300 കാടകളെ വാങ്ങി. വീണ്ടും പരാജയം.

കടല്‍ ക്കാറ്റും തണുപ്പും ഈര്‍പ്പവും കാടകള്‍ക്ക് പറ്റില്ല. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. എന്നാലും പിന്മാറില്ലന്ന ഉറച്ച മനസോടെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോഴാണു സഹോദരന്‍ സാബു സഹായവുമായി എത്തിയത്. അദ്ദേഹം അരലക്ഷം രൂപ നല്‍കി. 900 കാടകുഞ്ഞുങ്ങളെ വാങ്ങിയാണ് മൂന്നാമത് അങ്കത്തിനിറങ്ങിയത്.

കാടവളര്‍ത്തല്‍

ചെറിയ ജീവിത കാലയളവും കുറഞ്ഞ തീറ്റച്ചെലവും സാധാരണക്കാരന് നിത്യവരുമാനവും ആയതിനാലാണ് കുടുംബിനികള്‍ കാടവളര്‍ത്തലിലേക്കു തിരിയുന്നത്. പെട്ടന്ന് ആദായം കിട്ടുന്ന പക്ഷി വളര്‍ത്തലാ ണിത്. പ്രധാനമായും മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. കുഞ്ഞുങ്ങളുടെ ഉത് പാദനത്തില്‍ ഏര്‍പ്പെടുന്നവര്‍ വളരെ കുറവാണ്.

ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങി പരിചരിച്ച് വില്പന നടത്തുന്ന രീതിയാണ് ബീന പിന്തുടരുന്നത്. മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ ആണ്‍-പെണ്‍ ഇനങ്ങളെ തിരിച്ചറിയാം. അതുവരെ കൃത്രിമ ചൂട് നല്‍കിയാണു വളര്‍ത്തുന്നത്. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കാടക്കൂട്ടില്‍ നൂറ് കുഞ്ഞുങ്ങളെ വളര്‍ത്താം.

കോഴിക്കുഞ്ഞുങ്ങളുടെ പരിചരണരീതിയാണു ബീനയുടേത്. ശുദ്ധികരിച്ച തറയില്‍ ചകിരിച്ചോറ് നിരത്തി, ലൈറ്റ് സംവിധാനങ്ങളൊരുക്കി തറയില്‍ കുഞ്ഞുങ്ങളെ പരിപാലിച്ച് വളര്‍ത്തുന്നു. ഒരു കുഞ്ഞിന് ഒരുവാട്ട് ബള്‍ബ് വേണം. ഇപ്രകാരം ലൈറ്റ് സംവിധാനം ഒരുക്കി എത്ര കുഞ്ഞുങ്ങളെ വേണമെങ്കിലും വളര്‍ത്താം. രണ്ടാഴ്ചവരെ 24 മണിക്കൂറും വെളിച്ചത്തിന്റെ ചൂട് വേണം. ബ്രൂഡര്‍ കൂടുകളില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഇടരുത്. ആദ്യത്തെ ആഴ്ചയില്‍ കുഞ്ഞുങ്ങളെ ചണച്ചാക്ക് വിരിച്ച് സംരക്ഷിക്കുന്ന രീതി ചിലര്‍ പിന്തുടരുന്നുണ്ട്. ന്യൂസ്‌പേപ്പര്‍ തറയില്‍ വിരിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവരും കുറവല്ല.

തറയില്‍ വിരിച്ച ന്യൂസ്‌പേപ്പറിലാണ് ആദ്യഘട്ടത്തില്‍ തീറ്റ നല്‍കുന്നത്. ഉയരമില്ലാത്തതും കുഞ്ഞുങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയുന്നതുമായ ചെറിയ പാത്രങ്ങളില്‍ വെള്ളം നല്‍കണം. വെള്ളത്തില്‍ വീണ് കാടക്കുഞ്ഞുങ്ങള്‍ ചാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമില്ലാത്ത പാത്രങ്ങളിലാണു വെള്ളം നല്‍കേണ്ടത്. നാലാഴ്ച പരിചരിച്ച് കഴിഞ്ഞാല്‍ ആണ്‍-പെണ്‍ കാടകളെ മാറ്റിപാപ്പിക്കണം. ആണ്‍ കാടയുടെ നെഞ്ച് ഭാഗം ചെറുതും ബ്രൗണ്‍ വെള്ള തൂവലുകളാല്‍ മൂടപ്പെട്ടുമിരിക്കും.

പെണ്‍ കാടകളുടേത് വീതിയുള്ള നെഞ്ചാണ്. ബ്രൗണ്‍ തുവലുകളില്‍ കറത്ത പൊട്ടുകളും കാണാം. ഏഴാമത്തെ ആഴ്ച മുതല്‍ കാടകള്‍ മുട്ടയിട്ട് തുടങ്ങും. മുട്ടയിടുന്ന കാടകള്‍ക്ക് ദിവസം 16 മണിക്കൂര്‍വരെ വെളിച്ചം ആവശ്യമാണ്. പറന്നു നടക്കുവാന്‍ കഴിയുന്ന സൗകര്യം കൂടിന് ഉണ്ടെങ്കില്‍ മുട്ടകളുടെ എണ്ണം കുറയും.

അമ്പത്തിരണ്ട് ആഴ്ചവരെ മുട്ടയിടുന്ന പക്ഷിയാണു കാട. ഒരു മുട്ടയ്ക്ക് ശരാശരി പത്ത് ഗ്രാം തൂക്കം വരും. ഒരു കാടയില്‍ നിന്ന് 300 മുട്ടവരെ പ്രതീക്ഷിക്കാം. മുട്ട ഉല്പാദനം കുറഞ്ഞാല്‍ മാംസത്തിനായി വില്‍ക്കും. മുട്ടയിടുന്നതിന് മുമ്പായി പെണ്‍കാടകളെ വില്‍ക്കുന്ന രീതിയാണ് ബീന പിന്തുടരുന്നത്.

ആണ്‍ കാടകളെ പ്രത്യേകം പരിപാലിച്ച് ആറാഴ്ച കഴിയുമ്പോല്‍ മാംസത്തിനായി വില്പന നടത്തുന്നു. ഒന്നിന് മുപ്പത്തഞ്ച് രൂപ നിരക്കിലാണ് വില്പന. നാലാഴ്ച പ്രായമായ പെണ്‍കാടകള്‍ക്ക് 40 രൂപയാണു വില.

പരിചരണം

കാടകളെ എല്ലാക്കാലത്തും വളര്‍ത്താമെന്നതിനു പുറമെ ഇവയെ വളരെ ചെറിയ സ്ഥലത്ത് പോലും വളര്‍ത്താം. ടെറസോ ചായ്‌പ്പോ മതി. ഒരു കോഴിക്ക് വേണ്ട സ്ഥലത്ത് പത്ത് കാടകള്‍ക്കു കഴിയാം. ഉയരം കുറഞ്ഞ പ്രത്യേക കൂടുകളാണ് വേണ്ടത്. ഓടി നടക്കാനും പറക്കാനും സൗകര്യം നല്‍കിയാല്‍ തൂക്കവും മുട്ടയും കുറയുമെന്നാണ് ബീനയുടെ അഭിപ്രായം. വിരിഞ്ഞിറങ്ങിയ ഉടന്‍ കാടകളെ വാങ്ങി വളര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് പരിചരണബുദ്ധിമുട്ട് ഉണ്ടാക്കും.

മൂന്നാഴ്ചയെങ്കിലും പ്രായമെത്തിയ കാടക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നതാണ് ലാഭകരം. ആദ്യ ത്തെ മൂന്നാഴ്ച ചൂടും പ്രത്യേക ശ്രദ്ധയും ആവശ്യമാണ്. മൂന്നാഴ്ച കഴിയുമ്പോള്‍ ഗ്രോവര്‍ കൂട്ടിലേയ്ക്ക് മാറ്റും. നാലടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ അറുപത് മുതല്‍ 75 വരെ കാടകളെ വളര്‍ത്താം. ഇതില്‍ തീറ്റയ്ക്കും വെള്ളത്തിനും സൗകര്യമുണ്ടാവണം. വാങ്ങു ന്ന കൂടുകളില്‍ വെള്ളപ്പാത്രങ്ങളും തീറ്റയ്ക്കുള്ള പാത്തിയും ഉണ്ടായിരിക്കും.

ബോയിലര്‍ കോഴികള്‍ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റകള്‍ തന്നെയാണ് ആറാഴ്ചവരെ കാടകള്‍ക്ക് നല്‍കുന്നത്. മുട്ടയിട്ട് തുടങ്ങിയ ശേഷമാണ് മുട്ടക്കാടകള്‍ക്കു തീറ്റ നല്‍കു ന്നത്. ചിലര്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ പ്രത്യേക അളവില്‍ കക്കപൊടിച്ചിട്ട് മുട്ടക്കാടതീറ്റയായി നല്‍കുന്നുണ്ട്. മാര്‍ക്കറ്റില്‍ ലഭ്യമായ തീറ്റയാണു ബീന നല്‍കുന്നത്. കൊറോണയുടെ മറവില്‍ ഒരുചാക്ക് തീറ്റയ്ക്ക് 500 മുതല്‍ 750 രൂപ വില കൂടിയിട്ടുണ്ട്.

സ്വന്തം പുരയിടത്തില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി പ്രതിമാസം പതിനയ്യായിരം രൂപ വാടയ്ക്ക് ഒരു ഏക്കര്‍ സ്ഥലം എടുത്ത് 2018-ല്‍ കാടവളര്‍ത്തല്‍ വിപുലമാക്കി. കാടകള്‍ക്കുള്ള കൂടുകള്‍ ഭര്‍ത്താവ് ഔസേപ്പാണ് നിര്‍മിച്ചത്. കൂടുകള്‍ സ്ഥാപിച്ചതിന് ശേഷമുള്ള സ്ഥലത്ത് പച്ചക്കറികളും കൃഷി ചെയ്തു. മെച്ചപ്പെട്ട വരുമാനം കാടകളില്‍ നിന്നും കൃഷിയില്‍ നിന്നും ലഭിച്ചിരുന്നു.

ആവശ്യക്കാര്‍ക്ക് കുഞ്ഞുങ്ങളെ നല്‍കാനായി 5000 മുട്ട വിരിയിക്കാന്‍ കഴിയുന്ന ചെറിയൊരു ഹാച്ചറിയും ഒരുക്കി. പ്രതീക്ഷിക്കാതെ കടന്നുവന്ന കൊറോണ മൂലം കാടപരിപാലനം നഷ്ടത്തിലായി. തുടര്‍ന്നാണ് കാട ഫാം പള്ളിപ്പുറത്തേക്കു മാറ്റിയത്.

കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ കൂടുകള്‍ നിര്‍മിച്ച് കൂടുകളിലോ ഡീപ്പ് ലിറ്റര്‍ രീതിയിലോ വളര്‍ത്താം. നല്ലരീതിയില്‍ പരിപാലിച്ചാല്‍ 300 മുട്ടയില്‍ കുറയാതെ ഒരു കാടയില്‍ നിന്ന് ലഭിക്കും. പരിപാലനത്തിന് എളുപ്പം കൂടുകളാണ്. കാടപരിപാലനത്തിന്റെ 70% വരെ ചെലവ് തീറ്റയ്ക്കാണ് വരുന്നത്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും നല്‍കണം.

ഒരുവര്‍ഷം ഒരു കാടയ്ക്ക് എട്ട് കിലോയോളംതീറ്റ വേണം. നല്ല വായുസഞ്ചാരവും വൃത്തിയും കൂടുകള്‍ക്കുണ്ടാകണം. വീടുകള്‍ക്ക് അനുയോജ്യമായ രീതി കേജ് സിസ്റ്റമാണ്. വീടുകളോട് ചേര്‍ന്ന് കെട്ടിത്തൂക്കിയോ നിലത്ത് ഉറപ്പിച്ചോ വയ്ക്കാം. 25 മുതല്‍ ആയിരം കാടകളെ വരെ വളര്‍ത്തുവാന്‍ കഴിയുന്ന കേജ് സിസ്റ്റം ലഭ്യമാണ്.

പൊതുവെ കോഴികളെക്കാള്‍ കാടകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്. പഴകിയയോ പൂപ്പല്‍ ബാധുള്ളതോ ആയ കീറ്റകള്‍ നല്‍കരുതെന്നു മാത്രം. രക്താതിസാരം, വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളാണ് പരിചരണക്കുറവ് മൂലം ഉണ്ടാകുന്നത്.

കാട വളര്‍ത്തലിനോടൊപ്പം പാട്ടഭൂമിയില്‍ വിവിധതരം പച്ചക്കറികളും റെഡ്‌ലേഡി പപ്പായ കൃഷിയും ഉണ്ട്. ആറു മാസം കൊണ്ട് വിളവെടുക്കാവുന്ന റെഡ് ലേഡി പപ്പായയുടെ നൂറ് തൈകളാണു നട്ടത്. ഇതില്‍ നാല്പതെണ്ണം പിടിച്ചു കിട്ടി. മികച്ചവിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബീനയും ഔസേപ്പച്ചനും. കിലോ യ്ക്ക് നാല്പത് രൂപ നിരക്കിലാണ് പപ്പായ വില്‍ക്കുന്നത്.

പ്രജനനം

വ്യവസായിക അടിസ്ഥാനത്തില്‍ കൂടുതല്‍പേരും വളര്‍ത്തുന്നത് ജാപ്പനീസ് കാടകളാണ്. വനമേഖലയില്‍ സ്വതന്ത്രമായി ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളര്‍ത്തിയത് ജാപ്പാന്‍കാരാണ്. നൂതന പ്രജനന രീതികളിലൂടെ വ്യാവസായികാടിസ്ഥാനത്തില്‍ പരിപാലനം തുടങ്ങിയതോടെ ഇവയുടെ പേര് ജാപ്പനീസ് ക്വയില്‍ എന്നായി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വളരെ ലളിതമായ രീതിയില്‍ പരിചരിക്കാന്‍ കഴിയുന്ന പക്ഷിയാണ് കാട. മുട്ടയിടാന്‍ പാകമാകുന്ന ഒരു പെണ്‍കാടയ്ക്ക് 175 മുതല്‍ 200 ഗ്രാം വരെ തൂക്കമുണ്ടാകും. ആണ്‍ കാടകള്‍ക്ക് പരമാവധി 150 ഗ്രാം വരെ. ഏഴ് ആഴ്ച പ്രായമാകുമ്പോഴാണ് മുട്ടയിടാന്‍ തുടങ്ങുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് മുട്ടയിടല്‍.

ഗുണമേന്മയുള്ള മുട്ടകള്‍ കിട്ടാന്‍ പെണ്‍കാടകളോടൊപ്പം ആണ്‍ കാടകളും ആവശ്യമാണ്. 66 ദിവസം പ്രായമെത്തിയ കാടകളില്‍ നിന്ന് അമ്പത് ശതമാനം വരെ മുട്ടയുല്‍പാദനം ഉണ്ടാകും. പത്താഴ്ച പൂര്‍ത്തിയാകുന്നതിനുമുമ്പേ പെണ്‍കാടകള്‍ക്കൊപ്പം ആണ്‍ കാടകളെയും വളര്‍ത്തണം. പ്രജനനത്തിനായുള്ള മുട്ടകള്‍ ലഭിക്കാന്‍ ഒരു ആണ്‍കാടയ്ക്ക് മുന്ന് പെണ്‍കാട എന്ന അനുപാതത്തില്‍ പരിചരിക്കണം.

നൂറ് പെണ്‍കാടകള്‍ ഉണ്ടെങ്കില്‍ ആഴ്ചതോറും മൂന്നൂറ് മുട്ട ലഭിക്കും. അടയിരിക്കുന്ന സ്വഭാവം കാടപ്പക്ഷികള്‍ക്ക് ഇല്ലാത്തതിനാല്‍ മുട്ടകള്‍ കൃത്രിമമായിട്ടാണ് വിരിയിക്കുന്നത്. കുഞ്ഞുങ്ങളുടെ ഉത്പാദനം കൊറോണ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബീന നിര്‍ത്തി. ഇപ്പോള്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങി പരിചരിച്ച് വില്പന നടത്തുകയാണ് ചെയ്യുന്നത്.
ഫോണ്‍: 9048625870

നെല്ലി ചെങ്ങമനാട്‌