ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്‍റെ നേട്ടം
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്‍റെ നേട്ടം
സ്വയം വിത്തുല്‍പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെടികള്‍ ഉല്‍പാദിപ്പിക്കാനുള്ള പരീക്ഷണം വിജയത്തിലെത്തിച്ച സന്തോഷത്തിലാണ് വയനാട് അമ്പലവയല്‍ സ്വദേശി ഡോ. വി.യു. സാബു. മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലെ സീനിയര്‍ ഓപ്പറേറ്റിംഗ് മാനേജരാണ് സാബു.

ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റിലാണ് പിഎച്ച്ഡി നേടിയതെങ്കിലും സാബുവിന് കുട്ടിക്കാലം മുതല്‍ ചെടികളോട് വല്ലാത്തൊരിഷ്ടമായിരുന്നു. അതാണ് അദ്ദേഹത്തെ ഓര്‍ക്കിഡ് ചെടികളോട് അടുപ്പിച്ചത്.ഫലേനോപ്‌സിസ്, ഡെന്‍ഡ്രോബിയം എന്നീ രണ്ടു ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തിയാണ് വിത്ത് ഉത്പാദിപ്പിച്ചത്. ഒരു വിത്തില്‍നിന്നു നൂറുകണക്കിന് ചെടികള്‍ ഉത്പാദിപ്പിക്കാന്‍ ഈ പരീക്ഷണത്തിലൂടെ സാബുവിന് കഴിഞ്ഞു. വ്യത്യസ്ത രീതിയിലും നിറത്തിലുമുള്ള പൂക്കളും ഇതിലൂടെ സൃഷ്ടിച്ചെടുക്കാനാകും. ചെടികളുടെ ലഭ്യത കുറഞ്ഞതും വിലവര്‍ധനയുമാണ് പരീക്ഷണത്തിന് മുതിരാന്‍ സാബുവിനെ പ്രേരിപ്പിച്ചത്.

ചെറിയ രീതിയില്‍ ആറ് വര്‍ഷം മുമ്പാണ് ഓര്‍ക്കിഡ് പരിപാലനം തുടങ്ങിയത്. ഇന്ന് വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപത്തിലുമുള്ള 150 ഓളം ഇനങ്ങള്‍ സാബുവിന് സ്വന്തം. സ്വന്തമായി വളര്‍ത്തിയെടുത്ത ഓര്‍ക്കിഡ് ചെടിക്ക് മകളുടെ പേരായ ബെനിറ്റ എന്നാണ് പേരിട്ടിരിക്കുന്നത്.

ഓര്‍ക്കിഡ് ചെടികള്‍ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള വയനാട്ടില്‍ 76 ഇനം ഓര്‍ക്കിഡുകളുണ്ടെന്നാണ് പഠനങ്ങള്‍. അമ്പലവയല്‍ ചീങ്ങേരിഗത്ത് നടത്തിയ പരിശോധനയില്‍ തന്റെ പക്കലില്ലാത്ത 10 ഓളം ഇനം വൈല്‍ഡ് ഓര്‍ക്കിഡുകള്‍ സാബു കണ്ടെത്തി. ആദിവാസികളുടെ സഹായത്തോടെയായിരുന്നു അത്. നേരത്തെ ശേഖരിച്ച 30 ഓളം ഇനം വൈല്‍ഡ് ഓര്‍ക്കിടുകള്‍ വീട്ടില്‍ പരിപാലിച്ച് വളര്‍ത്തുന്നുണ്ട്.


ഒരു ചെടി കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയോട് സമാനമായ കാലാവസ്ഥ രൂപപ്പെടുത്തി പരിപാലിക്കുന്നതാണ് സാബുവിന്റെ രീതി. മരം, കല്ല്, വലിയ പാറകള്‍, മണ്ണ് തുടങ്ങിയ പ്രദലങ്ങളില്‍ വളരുന്നവയ്ക്ക് അതിന് അനുയോജ്യമായ സാഹചര്യവും ജലസേചനത്തിന് മിസ്റ്റ് നനയും നല്‍കുന്നുണ്ട്. ഫാമില്‍ ചെടികള്‍ക്കായി പ്രത്യേക മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്.


തായ്‌ലാന്‍ഡ്, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ചെടികള്‍വരെ ഇവിടെയുണ്ട്. രണ്ടായിരത്തിലധികമുള്ള ചെടികളുടെ ശേഖരത്തില്‍ ഫലേനോപ്‌സിസ്, കാറ്റ്‌ലിയ, ഡെന്‍ഡ്രോബിയം, ഓണ്‍സിഡിയം, വാന്‍ഡ എന്നീ ഇനങ്ങള്‍ക്കു ഫാമില്‍ പ്രത്യേക വിഭാഗം തന്നെയുണ്ട്. വിവിധ പ്രതലങ്ങളില്‍ വളരുന്ന ഹൈഡ്രോപോണിക്‌സ്, ടെററിയം തുടങ്ങിയവയുമുണ്ട്.

ഓര്‍ക്കിഡുകളെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനും വാങ്ങുന്നതിനുമായി നൂറുകണക്കിനാളുകളാണ് ദിനംപ്രതി സാബുവിനെ തേടിയെത്തുന്നത്. ഭാര്യ ജിന്‍സി മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലെ ജീവനക്കാരിയാണ്. മക്കള്‍ : ബേസില്‍, ബെനിറ്റ.
ഫോണ്‍-സാബു: 9747349061.

അജിത് മാത്യു