മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്‌നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു പച്ചപ്പും തളിരിടുകയോ വളരുകയോ ചെയ്യില്ല. സര്‍വവിളകളുടെയും സുഗമമായ വേരോട്ടത്തിനും വളര്‍ച്ചക്കും മഴ കിട്ടിയേ തീരൂ. പക്ഷെ അതു കാലവും കണക്കും തെറ്റി വരുമ്പോഴും മിന്നല്‍ പ്രളയങ്ങളായി മാറി സകലതും ഒഴുക്കിക്കൊണ്ടുപോകമ്പോഴുമാണ് മഴ പേടി സ്വപ്നമായി മാറുന്നത്.

സ്വതവേ ദുര്‍ബലരായ ഉദ്യാനസസ്യങ്ങള്‍ക്കു മഴക്കാലത്ത് ചില പ്രത്യേക കരുതലും പരിചരണവും നല്‍കേണ്ടതുണ്ട്. ഉദ്യാനശോഭ നിലനിര്‍ത്താനും രോഗ-കീടബാധകള്‍ ഒഴിവാക്കാനും ചെടികള്‍ കടുത്ത മഴയത്ത് നശിച്ചു പോകാതിരിക്കാനുമെല്ലാം പ്രത്യേക സംരക്ഷണം കൂടിയേ കഴിയൂ.

അന്തരീക്ഷ ആര്‍ദ്രത

മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം വളരെ കൂടുതലായിരിക്കും. ഇത് ഉദ്യാനസസ്യങ്ങളെ ശ്വാസംമുട്ടിക്കും എന്നു മാത്രമല്ല, വിവിധതരം രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. പ്രത്യേകിച്ചു കുമിള്‍ രോഗങ്ങള്‍. അതിനാല്‍, അടുത്തടുത്ത് ഇടയകലമില്ലാതെ വച്ചിരിക്കുന്ന ചട്ടികള്‍ മാറ്റിവയ്ക്കണം. ആവശ്യത്തിനു വെളിച്ചവും വായുസഞ്ചാരവും കിട്ടാന്‍ അനുവദിക്കുക.

ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയില്‍ ചെടികള്‍ക്ക് ഇലകള്‍ വഴി ബാഷ്പീകരണം നടത്താനും മണ്ണില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കാനും കഴിയണമെന്നില്ല. ഇതാകട്ടെ ചെടി തന്നെ ക്രമേണ അഴുകാന്‍ ഇടയാക്കുകയും ചെയ്യും.

കരുതല്‍ മരുന്നുകള്‍

മഴക്കാലത്ത് ഉദ്യാനങ്ങളില്‍ കുമിള്‍ രോഗങ്ങളാണു ചെടികളെ കൂടുതലായും ബാധിക്കുന്നത്. ഉദാഹരണത്തിന് ആന്ത്രാക്‌നോസ് രോഗം. ഇലയും തണ്ടും പൂക്കളും കരിയുകയാണു രോഗലക്ഷണം. ബാവിസ്റ്റിന്‍ എന്ന കുമിള്‍നാശിനി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ കോണ്‍ടാഫ് എന്ന കുമിള്‍ നാശിനി 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ലായനിയാക്കി തളിച്ചു ഇതു നിയന്ത്രിക്കാം.

പൊടിപ്പൂപ്പ് (പൗഡറി മില്‍ഡ്യൂ) ആണു മറ്റൊരു കുമിള്‍രോഗം. ഇലകളിലും തണ്ടിലും പൂമൊട്ടുകളിലുമൊക്കെ പൗഡര്‍ പൂശിയതുപോലെയാണു ഇത് കാണപ്പെടുന്നത്. ഇത്തരം ചെടികള്‍ രൂപവൈകൃതം വന്നു വളര്‍ച്ച മുരടിക്കാം. ഇലകള്‍ മഞ്ഞളിച്ചു കൊഴിയാം.

വായൂസഞ്ചാരമില്ലാതെ തണലത്ത് നില്‍ക്കുന്ന ചെടികളിലാണ് ഇത് അധികവും കാണുന്നത്. സീനിയ, സൂര്യകാന്തി, ജര്‍ബെറ, റോസ്, തുടങ്ങിയവയില്‍ ഇത് സാധാരണയാണ്. പ്രതിരോധത്തിന് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടയ്ക്കു തളിക്കാം. വെറ്റബിള്‍ സള്‍ഫര്‍ 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

അമിത നന അപകടം

മഴക്കാലത്തു ചട്ടികളിലും ഗ്രോ ബാഗുകളിലുമുള്ള ചെടികളുടെ തടം ഉണങ്ങുമ്പോള്‍ മാത്രം മതി നന. വൈകുന്നേരം 3 മണിക്കു ശേഷം നനയ്‌ക്കേണ്ടതുമില്ല. തടത്തിലായാലും ചട്ടികളിലായാലും വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ചട്ടിയിലോ മറ്റോ മഴയത്ത് വെള്ളം കെട്ടുന്നതായി കണ്ടാല്‍ ഒരു കമ്പുകൊണ്ട് വേരിനു കേടുവരാതെ ചുവട്ടില്‍ നിന്നല്പം മാറ്റി രണ്ടോ മൂന്നോ കുഴികള്‍ കുത്തി നീര്‍വാര്‍ച്ച ഉറപ്പാക്കണം.

ചട്ടികള്‍ നേരിട്ട് മഴകൊള്ളാത്തിടത്തേക്ക് മാറ്റുകയും വേണം. അമിതനന വരുത്തിവയ്ക്കുന്ന മറ്റൊരു അപകടമാണു വേരഴുകല്‍. പ്രതിരോധത്തിനായി ഒരു ശതമാനം ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് തടം കുതിരും വിധം ഒഴിക്കുക. ആഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് മുന്‍കരുതലായി പ്രയോഗിക്കാനായാല്‍ ഏറെ നന്ന്.

ഒച്ചുകളെ കരുതിയിരിക്കുക

വിവിധതരം ഒച്ചുകള്‍ ഏറെയുണ്ടാകുന്ന കാലമാണ് മഴക്കാലം. ഇവ പൂച്ചെടികളെയും ഇലച്ചെടികളെയുമൊക്കെ 24 മണിക്കൂറിനു താഴെ മാത്രം സമയമെടുത്തു തിന്നു തീര്‍ക്കുകയും ചെയ്യും. വെറും മൂന്നാഴ്ച കൊണ്ട് മുട്ടവിരിഞ്ഞിറങ്ങി ഒച്ചുകള്‍ ഉടന്‍ ചെടികള്‍ തിന്നാന്‍ തുടങ്ങും. പൊട്ടിച്ച മുട്ടത്തോട് ഒച്ചുശല്യമുള്ള സ്ഥലങ്ങളിലും ചെടിച്ചട്ടികളിലും വിതറുന്നതാണ് പ്രധാന പ്രതിരോധം. 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ചതും 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതും യോജിപ്പിച്ച് തെളിയൂറ്റി ചെടികളിലും പരിസരത്തും തളിക്കാം.

നനഞ്ഞ ചണച്ചാക്ക് ഉദ്യാനത്തില്‍ വിരിച്ച് അതില്‍ കാബേജ് ഇലകളും പപ്പായയുടെ ഇലകളും ഇലകളും തണ്ടുകളും ഇട്ടു വച്ചാല്‍ ഒച്ചുകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. ഇവയെ ഉപ്പുവെള്ളത്തില്‍ (250 ഗ്രാം ഉപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) ഇട്ട് കൊല്ലാം. ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഒരു പരിധി വരെ പരിഹാരമാണ്.

വളം ചേര്‍ക്കാനും കരുതല്‍

മഴക്കാലത്ത് കഴിയുന്നിടത്തോളം രാസവളങ്ങള്‍ ഒഴിവാക്കി ജൈവവളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, സാധാരണ കമ്പോസ്റ്റ് എന്നിവയാണ് ഉചിതം. മണ്ണിന്റെ വളക്കൂറിനും വായു സഞ്ചാരം വര്‍ധിപ്പിക്കാനും മണ്ണിര കമ്പോസ്റ്റ് ഉപകാരപ്രദമാണ്. അതുപോലെ ചെടിത്തടത്തില്‍ പുതയിടുന്നതും ഗുണം ചെയ്യും. 2-3 ഇഞ്ച് വരെ പുതയിടാം.

ശിഖരങ്ങള്‍ കോതണം

ചെടികളുടെയും പൂമരങ്ങളുടെയും ഉണങ്ങിയതും രോഗബാധിതവുമായ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. മഴയ്ക്കു തൊട്ടുമുമ്പ് ഇത് ചെയ്താല്‍ ശിഖരങ്ങളുടെ അമിത വളര്‍ച്ച തടയാനാകും. കാഴ്ചയ്ക്കു ഭംഗി കിട്ടത്തക്ക വിധത്തില്‍ ഇലച്ചെടികളും പൂച്ചെടികളും വളര്‍ച്ച നോക്കി പ്രൂണ്‍ ചെയ്യണം.

വീഴാതിരിക്കാന്‍ താങ്ങ്

മഴക്കാലത്ത് ഉദ്യാനസസ്യങ്ങളുടെ താങ്ങും ശിഖരങ്ങളും ഒക്കെ ശക്തിയായ കാറ്റിലും മഴയിലും പെട്ട് ചാഞ്ഞു വീഴാറുണ്ട്. ഡാലിയ, ഡെല്‍ഫിനിയം, സീനിയ, ലില്ലി തുടങ്ങിയ പൂച്ചെടികള്‍ക്ക് താങ്ങ് നല്‍കുന്നത് ഉചിതമാണ്. ഫിലോഡെന്‍ഡ്രണ്‍, പോത്തോസ്, ഫിഡില്‍ ലീഫ് ഫിഗ് പോലുള്ള ഇലച്ചെടികള്‍ക്കും താങ്ങ് വേണ്ടിവരും.


ചട്ടിയിലും മറ്റും വളര്‍ത്തുന്ന പൂച്ചെടികളും ഇലച്ചെടികളും വന്‍മരങ്ങളുടെ ചുവട്ടില്‍ നിന്നു മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കണം. മരച്ചില്ലകളും മറ്റും ഒടിഞ്ഞു വീണ് ചെടികള്‍ നശിക്കാതിരിക്കാന്‍ വേണ്ടിയാണ്.

മണ്ണൊലിപ്പ് തടയാന്‍

തറയില്‍ നട്ടിട്ടുള്ള ചെടികളുടെ ചുവട്ടില്‍ നിന്നു കനത്ത മഴയത്ത് മണ്ണൊലിച്ചു പോകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ മഴയ്ക്കു മുമ്പു ഓരോ ചെടിയുടെയും തടത്തില്‍ 2.5 മുതല്‍ 5 സെ. മീറ്റര്‍ കനത്തില്‍ ജൈവപ്പുത വിരിക്കണം. ഇത് കളകള്‍ വളരാതെയും നോക്കും. വൈക്കോല്‍, കരിയില, മരക്കഷണങ്ങള്‍ തുടങ്ങിയവയാണ് പുതയിടാന്‍ നന്ന്.

ഉയര്‍ത്തിയ തടങ്ങള്‍

വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെടികളുടെ തടങ്ങള്‍ ഉയര്‍ത്തിക്കോരണം. ഇതിനായി ചില സ്ഥലങ്ങളില്‍ ക്രോപ്പ് ബോക്‌സ് തന്നെ തയാറാക്കുന്ന പതിവുമുണ്ട്. 1-2 അടി ആഴമുള്ള ഒരു പെട്ടി ചെടിയുടെ നാലുഭാഗത്തും തടി കൂട്ടി തയാറാക്കുക. എന്നിട്ട് ഇതിനുള്ളില്‍ മണ്ണു നിറച്ചു വെള്ളക്കെട്ടുണ്ടാകാതെ സംരക്ഷിക്കാം.

മഴ ഇഷ്ടപ്പെടുന്ന ഉദ്യാനസസ്യങ്ങള്‍

മഴക്കാലത്തെ ആഹ്ലാദത്തോടെ വരവേല്‍ക്കുന്ന പൂച്ചെടികള്‍ നിരവധിയുണ്ട്. ബാള്‍സം, മെറിഗോള്‍ഡ്, നന്ത്യാര്‍വട്ടം, ചെമ്പരത്തി, ആമ്പല്‍, താമര, സൂര്യകാന്തി, കോസ്‌മോസ്, പ്ലുമേറിയ, നിത്യകല്യാണി, സെലോഷ്യ, റെയിന്‍ ലില്ലി, സാര്‍വിയ, താമര, ആമ്പല്‍, പത്തുമണിച്ചെടി, കോഴിപ്പൂവ്, തെറ്റി തുടങ്ങിയവയാണ് അവ.

മഴ ടെന്‍ഷനും

മഴക്കാലം അലര്‍ജിയായി ചില ഉദ്യാനച്ചെടികളുണ്ട്. ഇവയില്‍ പ്രമുഖരാണു കള്ളിച്ചെടികളും തണ്ട് മാംസളമായ സക്കുലെന്റ് ചെടികളും. കൂടാതെ അഡീനിയം, ഫിറ്റോണിയ, ഹോയ, എപ്പീസിയ, ബിഗോണിയ, പോര്‍ട്ടുലാക്ക, ഓക്‌സാലിസ്, യൂഫോര്‍ബിയ, ജര്‍ബെറ, പെറ്റൂണിയ പോലുള്ള ഉദ്യാനച്ചെടികള്‍ക്കും മഴക്കാലം അത്ര പഥ്യമല്ല.

മഴയത്തൊരു ഉദ്യാനം

ഒഴുകി വരുന്ന മഴവെള്ളം തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് താഴ്ന്നിറങ്ങാന്‍ സാഹചര്യമൊരുക്കി ഒരുക്കാവുന്ന ഉദ്യാനമാണ് മഴ ഉദ്യാനം (റെയിന്‍ ഗാര്‍ഡന്‍). നഗര പ്രദേശങ്ങളിലാണ് ഇതിന് സാധ്യതയേറെ. നഗരങ്ങളില്‍ നിന്ന് മലിനവസ്തുക്കളുമായി ഒഴുകിയെത്തുന്ന മഴവെള്ളവും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളവും ഒക്കെ ചാലുകളിലൂടെയോ പൈപ്പുകളിലൂടെയോ ഉദ്യാനത്തിലെത്തിച്ചാണ് ഇതു സാധ്യമാക്കുന്നത്.

മഴ ഉദ്യാനത്തെ പൊതുവെ മൂന്നു മേഖലാക്കി തിരിക്കാം. ഉദ്യാനത്തില്‍ ഏറ്റവും താഴ്ന്ന മേഖലയില്‍ നനവ് അധികമായാല്‍ അമിത ഈര്‍പ്പം പ്രതിരോധിക്കാന്‍ കഴിവുള്ള ചെടികള്‍ വേണം ഈ ഭാഗത്ത് നട്ടുവളര്‍ത്താന്‍. ഉദ്യാനത്തിന്റെ അരികുകളില്‍ ജലലഭ്യത താരതമ്യേന കുറവായിരിക്കും. അതിനാല്‍ അത്തരം ഭാഗത്ത് അല്‍പം ജല ദൗര്‍ലഭ്യം

നേരിടാന്‍ കഴിവുള്ള ചെടികള്‍ നടണം. മധ്യത്തെ തീരെ താഴ്ന്ന ഭാഗവും അരികുകളിലെ ഉയര്‍ന്ന ഭാഗവും കഴിഞ്ഞാല്‍ ഇവയ്ക്കിടയില്‍ ചരിഞ്ഞ ഭാഗമുണ്ടാവും. ഇതാണ് രണ്ടാമത്തെ മേഖല. ഇവിടെ മധ്യഭാഗത്തേക്കാള്‍ നനവ് കുറവും അരികുകളേക്കാള്‍ നനവ് കൂടുതലുമായിരിക്കും. ഇവിടെയും ഈര്‍പ്പവും വരള്‍ച്ചയും ചെറുത്തു നില്‍ക്കാന്‍ കഴിയുന്ന ചെടികളാണു നല്ലത്.

വളര്‍ച്ചാമാധ്യമത്തിലും മഴ ഉദ്യാനത്തില്‍ വലിയ പ്രാധാന്യമുണ്ട്. ചരലിന്റെ അംശം കൂടുതലും കളിമണ്ണിന്റെ അംശം കുറവുമുള്ള മണ്ണാണ് ഇവിടെ ഉത്തമം. ഇവ വെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാനും ഉപകരിക്കും. വളപ്പറ്റുള്ള കളിമണ്ണിന്റെ സ്വാധീനം ഉള്ളത് കാര്യക്ഷമമായ സസ്യവളര്‍ച്ചയ്ക്ക് ഉപകരിക്കുകയും ചെയ്യും. കമ്പോസ്റ്റ് പോലുള്ള ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് ഗുണകരമാണ്.

കളിമണ്ണിന്റെ അംശം കൂടുതലാണെങ്കില്‍ 60 ശതമാനം മണലും 40 ശതമാനം കമ്പോസ്റ്റും കലര്‍ത്തിയ മിശ്രിതം കലര്‍ത്തി ചെടികള്‍ വളരാന്‍ തടമൊരുക്കിയാല്‍ മതി. മണ്ണിട്ട് നിരത്തിയതിനുശേഷം പുതയിടുന്നതും തടിക്കഷണങ്ങള്‍ ഉപയോഗിച്ച് ചെറിയ തടസ്സം സൃഷ്ടിക്കുന്നതും മണ്ണൊലിപ്പ് തടയുന്നതിന് സഹായിക്കും.

വീടുകളോടും കെട്ടിടങ്ങളോടും അടുത്ത് മഴ ഉദ്യാനം തീര്‍ക്കാന്‍ ഒരുമ്പെടരുത്. കുറഞ്ഞത് 10 അടിയെങ്കിലും അകലം വേണം. മഴ ഉദ്യാനത്തിന് പരിപാലനം പ്രധാനമാണെന്നോര്‍ക്കുക. വേനല്‍ക്കാലത്ത് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ നനയ്ക്കണം. ചെടികള്‍ക്കിടയില്‍ കളകള്‍ വളരാനും ഇടയാക്കരുത്. മഴ ഉദ്യാനത്തില്‍ ഏറ്റവും പ്രധാനം അതിന്റെ ശുചിത്വം തന്നെയാണ്.

കളകള്‍, പാഴ്‌വസ്തുക്കള്‍, മറ്റു മാലിന്യങ്ങള്‍ ഒന്നും തന്നെ മഴ ഉദ്യാനത്തിന്റെ ശോഭ കൊടുക്കാതിരിക്കാന്‍ സദാ കരുതല്‍ പുലര്‍ത്തുകയും വേണം. മുല്ല, ചെമ്പരത്തി, മഞ്ഞക്കോളാമ്പി, ഹെലിക്കോണിയ, മൗണ്ടന്‍ ലില്ലി, കരിങ്കണ്ണിപ്പൂവ്, കാര്‍ഡിനല്‍, ഫ്‌ളവര്‍, ആസ്റ്റര്‍, വെര്‍ബീന, ട്രഡസ്‌കാന്‍ഷ്യ, ബ്ലീഡിംഗ് ഹാര്‍ട്ട് തുടങ്ങി മഴ ഉദ്യാനങ്ങള്‍ക്ക് ഇണങ്ങിയ പൂച്ചെടികള്‍ നിരവധിയാണ്.

ആമ്പലും താമരയും കറണ്ട് ട്രെന്‍ഡ്

ഫ്‌ളാറ്റുകളില്‍ പോലും ചെറിയ ടബുകളില്‍ ആമ്പലും താമരയും വളര്‍ത്താന്‍ തയാറായി നിരവധിപ്പേര്‍ വരുന്നുണ്ട്. 14 ഇഞ്ച് വലിപ്പമുള്ള ടബ്ബില്‍ 2 ഇഞ്ച് കനത്തില്‍ കമ്പോസ്റ്റ്, 4 ഇഞ്ച് കനത്തില്‍ മേല്‍മണ്ണ്, 2 ഇഞ്ച് ഉയരത്തില്‍ വെള്ളം. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വിത്തുകിഴങ്ങ് നടാം. ഇലകള്‍ ഇലപ്പരപ്പിന് മുകളില്‍ വന്നു കഴിഞ്ഞു മാത്രം മതി വളം ചേര്‍ക്കല്‍. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ ഉത്തമ ജൈവവളങ്ങളാണ്. ഫോണ്‍: 9400756909.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, അഗ്രി (റിട്ട.)