വലിയ പ്രശ്‌നമാണ് പൂച്ചകളിലെ രോഗബാധ
വലിയ പ്രശ്‌നമാണ് പൂച്ചകളിലെ രോഗബാധ
പൂച്ചകളുമായുള്ള മനുഷ്യരുടെ ബന്ധം ഏകദേശം 9000 വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചതാണെന്നു പറയപ്പെടുന്നു. മുന്‍കാലങ്ങളില്‍ എലികളെ പിടിക്കാനായി മാത്രം വളര്‍ത്തിയിരുന്ന ഇവ ഇന്നു മനുഷ്യരുടെ അരുമകളായി വീട്ടകങ്ങളില്‍ സര്‍വ സുഖസൗകര്യങ്ങളോടെയുമാണു കഴിയുന്നത്. അതുകൊണ്ടുതന്നെ പൂച്ചകളില്‍ കാണുന്ന പ്രധാന രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിഞ്ഞിരിക്കുക പ്രധാനമാണ്.

1. ഫെലൈന്‍ പാന്‍ലൂക്കോപീനിയ

ഫെലൈന്‍ പാര്‍വോ വൈറസ് മൂലം പൂച്ചകളിലുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണു ഫെലൈന്‍ പാന്‍ലൂക്കോപീനിയ. കുടല്‍, ഭ്രൂണം, മജ്ജ എന്നിവയെക്കൂടാതെ കേന്ദ്രനാഡീവ്യൂഹത്തെയും ഈ വൈറസ് ബാധിക്കും. പ്രതിരോധ കുത്തിവയ്‌പെടുക്കാത്തവയ്ക്കും പ്രതിരോധശേഷി നഷ്ടപ്പെട്ടവയ്ക്കും പൂച്ചക്കുട്ടിക ള്‍ക്കുമാണു രോഗസാധ്യത കൂടുതല്‍. മൂന്നു മുതല്‍ അഞ്ച് മാസം വരെ പ്രായമുള്ള പൂച്ചക്കുട്ടികളിലാണ് ഇതു മൂലമുള്ള മരണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.

പൂച്ചകളെ കൂട്ടമായി പാര്‍പ്പിച്ചിരിക്കുന്ന ക്യാറ്ററികള്‍, വളര്‍ത്തുമൃഗ വിപണന കേന്ദ്രങ്ങള്‍, മൃഗസംരക്ഷണ കേന്ദ്രങ്ങള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാതെ അലഞ്ഞു തിരിയുന്ന പൂച്ചകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളൊക്കെ രോഗാണു വ്യാപന കേന്ദ്രങ്ങളായേക്കാം.

പകരുന്നതു വിസര്‍ജ്യം വഴി

രോഗബാധിതരായ പൂച്ചകളുടെ മലം, മൂത്രം, മറ്റു വിസര്‍ജ്യങ്ങള്‍, മൂക്കില്‍ നിന്നും വായില്‍ നിന്നും പുറപ്പെടുന്ന സ്രവങ്ങള്‍ തുടങ്ങിയവയിലൂടെയൊക്കെ രോഗം പകരാം. ഈച്ച പോലുള്ള പ്രാണികളും രോഗപ്പകര്‍ച്ചയ്ക്കു പങ്ക് വഹിക്കുന്നുണ്ട്. രോഗബാധിതരായ പൂച്ചകളെ പരിചരിക്കുന്നവരുടെ കൈകളിലൂടെയും പാദരക്ഷകളിലൂടെയും വസ്ത്രങ്ങളിലൂടെയുമൊക്കെ മറ്റു പൂച്ചകളിലേക്കു വൈറസ് പകരാം.

ലക്ഷണങ്ങള്‍

ഊര്‍ജക്ഷയം, ഉയര്‍ന്ന പനി, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, ഛര്‍ദി, കഠിനമായ വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചില പൂച്ചകളില്‍ പനിയുടെ തോത് ഉയരുകയും, താഴുകയും ചെയ്യും. ചിലത് വെള്ളപ്പാത്രത്തിനു മുന്നില്‍ ദീര്‍ഘനേരം ഇരിക്കുമെങ്കിലും അധികം വെള്ളം കുടിക്കില്ല.

ഗര്‍ഭിണി പൂച്ചകളെ വൈറസ് ബാധിച്ചാല്‍, ഗര്‍ഭം അലസുകയോ വൈകല്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുകയോ ചെയ്‌തേക്കാം. രോഗം ബാധിച്ച പൂച്ചയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ ചരിത്രം, ശരിയായ പ്രതിരോധ കുത്തിവയ്പിന്റെ അഭാവം, പ്രസ്തുത രോഗത്തോട് സമാനമായ ലക്ഷണങ്ങള്‍ എന്നിവ രക്തപരിശോധന റിപ്പോര്‍ട്ടുമായി ചേര്‍ത്തുവച്ചാല്‍ ഒരു പരിധിവരെ രോഗനിര്‍ണയം സാധ്യമാണ്. എന്നാല്‍, പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പി.സി.ആര്‍.), എന്‍സൈം ലിങ്കിട് ഇമ്യൂണോ സോര്‍ബന്റ് അസേ (എലൈസ) എന്നീ നൂതന സാങ്കേതിക വിദ്യയിലൂടെ കൂടുതല്‍ കൃത്യതയോടെ രോഗം നിര്‍ണയിക്കാം.

സാധാരണ എട്ടാഴ്ചയില്‍ താഴെ പ്രായമുള്ള പൂച്ചക്കുട്ടികള്‍ രോഗ ത്തെ അതിജീവിക്കാനുള്ള സാധ്യത തീരെ കുറവാണ്. ആന്റിബയോട്ടിക്കുകളും പോഷകസമൃദ്ധമായ ദ്രാവകങ്ങളും നല്‍കുന്നതിനൊപ്പം നിര്‍ ജലീകരണം തടയുന്നതടക്കമുള്ള തീവ്രപരിചരണവും അത്യാവശ്യമാണ്.

രോഗപ്രതിരോധം

സാധാരണ നിലയില്‍ ഒരു വര്‍ഷത്തോളം വൈറസ് നശിക്കാതെ നിലനില്‍ക്കും. അതിനാല്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താത്ത പൂച്ചകളിലും രോഗം ബാധിച്ചേക്കാം.

* വൈറസ് പടരാതിരിക്കാന്‍ രോഗബാധിതരായ പൂച്ചകളെ മറ്റു പൂച്ചകളില്‍ നിന്നു മാറ്റി പാര്‍പ്പിക്കുക.

* സുഖം പ്രാപിച്ച പൂച്ചകള്‍ക്ക് ആറാഴ്ച വരെ തങ്ങളുടെ മലത്തിലൂടെയും, മൂത്രത്തിലൂടെയും വൈറസിനെ പുറന്തള്ളാന്‍ കഴിയും.

* പ്രതിരോധ കുത്തിവയ്പുകള്‍ പ്രധാനമാണ്.

* പ്രതിരോധ കുത്തിവയ്പുകള്‍ സ്വീകരിച്ച അമ്മ പൂച്ചയ്ക്ക് ആന്റിബോഡികളെ കന്നിപ്പാലിലൂടെ കുഞ്ഞുങ്ങള്‍ക്ക് കൈമാറാന്‍ കഴിയും. അതിനാല്‍, പൂച്ചക്കുട്ടികള്‍ക്ക് കന്നിപ്പാല്‍ നല്‍കുന്നതിനും ശരിയായ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും ശ്രദ്ധിക്കുക.

പൂച്ചക്കുട്ടികള്‍ക്ക് 6 മുതല്‍ 8 ആഴ്ചവരെ പ്രായമുള്ളപ്പോള്‍ ആദ്യ കുത്തിവയ്പ് നല്‍കാം. തുടര്‍ന്ന് 12-14 ആഴ്ച പ്രായമാകുമ്പോഴും വര്‍ഷാവര്‍ഷവും ബൂസ്റ്റര്‍ കുത്തിവയ്പുകള്‍ നല്‍കണം.

2. ഫെലൈന്‍ ഇന്‍ഫെക്ഷ്യസ് പെരിറ്റോണൈറ്റിസ്

കൊറോണ വൈറസ് വിഭാഗത്തില്‍പ്പെടുന്ന ഫെലൈന്‍ കൊ റോണ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഫെലൈന്‍ ഇന്‍ഫെക്ഷ്യസ് പെരിറ്റോണൈറ്റിസ് (എഫ്.ഐ.പി). ഇതു പ്രധാനമായും ദഹനേന്ദ്രിയവ്യൂഹത്തെയാണ് ബാധിക്കുന്നത്. കുടല്‍വീക്കം അല്ലെങ്കില്‍ 'എന്ററ്റൈറ്റിസ്' എന്ന രോഗത്തിന് ഇത് കാരണമാകും. രോഗബാധിതരായ പൂച്ചകളുടെ മലത്തിലൂടെയാണ് വൈറസ് പുറന്തള്ളപ്പെടുന്നത്. എന്നാല്‍, ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്ന വൈറസുകള്‍ക്ക് ഏതാനും ആഴ്ചകള്‍ മാത്രമേ നിലനില്‍പുള്ളൂ.

സാധാരണയായി വളരെ അവ്യക്തമാണ് എഫ്.ഐ.പി. യുടെ പ്രാരംഭ'ലക്ഷണങ്ങള്‍. പനി (ചാഞ്ചാട്ടമുള്ള പനി), വിശപ്പില്ലായ്മ, അലസത എന്നിവ സാധാരണമാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് നിരവധി ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്കു ശേഷമാണ് മറ്റ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്. മസ്തിഷ്‌കം, കണ്ണുകള്‍, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളിലും വീക്കം ഉണ്ടായേക്കാം.

ആര്‍ദ്രമായ' അല്ലെങ്കില്‍ എഫ്യൂസീവ്, വരണ്ട (ഡ്രൈ) അല്ലെങ്കില്‍ 'നോണ്‍ എഫ്യൂസീവ്' എന്നിങ്ങനെ രണ്ടു പ്രധാന രൂപങ്ങളില്‍ രോഗം പ്രകടമാകാം. ഉയര്‍ന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ദ്രാവകം അടിവയറ്റില്‍ ശേഖരിക്കപ്പെടുന്നതിനാല്‍ രോഗബാധിതരായ പൂച്ചകളില്‍ 'പെരിറ്റോണൈറ്റിസ്' എന്ന അവസ്ഥയും, ശക്തമായ വയറുവേദനയും ഉണ്ടാകും.


രോഗബാധിതരായ 30 ശതമാനം പൂച്ചകളിലും തങ്ങളുടെ കണ്ണുകളിലും തലച്ചോറിലുമൊക്കെ വീക്കം കാണപ്പെടുന്നു. ഇവയ്ക്ക് പുറമേ കരള്‍, വൃക്ക, ശ്വാസകോശം, ചര്‍മം എന്നിവയിലും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാം. സ്ഥിരതയില്ലാത്ത നടത്തം, കണ്ണിലെ രക്തസ്രാവം, കരളിലോ, മറ്റാന്തരീകാവയവങ്ങളിലോ ഉണ്ടാകുന്ന ക്ഷതങ്ങളോട് അനുബന്ധച്ചുള്ള രോഗലക്ഷണങ്ങള്‍ എന്നിവയെല്ലാം പ്രകടമാക്കിയേക്കാം.


എഫ്.ഐ.പി. രോഗത്തിന്റെ ചികിത്സ ചെലവേറിയതും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതുമാണെങ്കില്‍ തന്നെ പുനരധിവാസ സാധ്യത വളരെ കുറവാണ്. അതിനാല്‍, രോഗം വരാതെ നോക്കുകയാണ് പ്രായോഗികമായ പ്രതിരോധ നടപടി.

* രോഗം ബാധിച്ച മറ്റു പൂച്ചകളുടെ സമ്പര്‍ക്കത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക.

* രോഗവാഹകരാകാനിടയുള്ള തെരുവ് പൂച്ചകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

* പൂച്ചകളെ കൂട്ടമായി പാര്‍പ്പിക്കുന്ന ക്യാറ്ററികളില്‍ ശരിയായ ശുചിത്വം പാലിക്കുക. പൂച്ചകളെ തിക്കി പാര്‍പ്പിക്കാതിരിക്കുക.

* ക്യാറ്ററികളില്‍ കഴിവതും പൂച്ചകളെ വെവ്വേറെ കൂടുകളില്‍ പാര്‍പ്പിക്കുക. ഗ്രൂപ്പാണെങ്കില്‍ നാലു പൂച്ചകളില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.

* വലിയ കൂട്ടം പൂച്ചകളെ വളര്‍ത്തുന്നത് ഒഴിവാക്കുക.

* രണ്ടു പൂച്ചകള്‍ക്കും കുറഞ്ഞത് ഒരു ലിറ്റര്‍ ബോക്‌സെങ്കിലും ഉണ്ടായിരിക്കണം.

* ലിറ്റര്‍ ബോക്‌സുകള്‍ 'പതിവായി അണുവിമുക്തമാക്കാനും ശ്രദ്ധിക്കുക.

* ഗര്‍ഭിണികളായ പൂച്ചകളെ പ്രസവിക്കുന്നതിനു മുന്‍പ് മറ്റു പൂച്ചകളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുക.

* പുതിയതായി പൂച്ചകളെ ക്യാറ്ററികളിലേക്ക് കൊണ്ടു വരുമ്പോള്‍ കുറച്ചുകാലത്തേക്ക് അവയെ മറ്റു പൂച്ചകളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കേണ്ടതാണ്.

* ഏതെങ്കിലും ക്യാറ്ററികളില്‍ എഫ്.ഐ.പി. പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ കുറച്ച് മാസത്തേയ്‌ക്കെങ്കിലും അവിടുത്തെ പ്രജനനം ഒഴിവാക്കണം.

* ക്യാറ്ററികളില്‍ കൃത്യമായ ഇടവേളകളില്‍ പൂച്ചകളെ രക്തപരിശോധനയ്ക്കും ആരോഗ്യപരിശോധനകള്‍ക്കും വിധേയമാക്കുക.

3. ശ്വാസകോശരോഗങ്ങള്‍

വളര്‍ത്തുപൂച്ചകളില്‍ സാധാരണമായി കണ്ടു വരുന്നവയാണ് ശ്വസനേന്ദ്രിയ സംബന്ധമായ രോഗങ്ങള്‍. ഫെലൈന്‍ ഹെര്‍പ്പിസ് വൈറസ്, ഫെലൈന്‍ കാല്‍സി വൈറസ് തുടങ്ങിയ വൈറസുകളും, മൈകോപ്ലാസ്മ ഹിമോഫെലിസ്, ക്ലാമിഡിയ ഫെലിസ് എന്നിങ്ങനെയുള്ള ബാക്ടീരിയകളുമാണ് പൂച്ചകളുടെ ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന രോഗാണുക്കളില്‍ പ്രധാനികള്‍.

ലക്ഷണങ്ങള്‍

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടു മുതല്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ട ുതുടങ്ങും. വിശപ്പില്ലായ്മ, ഉത്സാഹക്കുറവ്, തുമ്മല്‍, പനി, കണ്‍പോളകളുടെ വീക്കം, അധികമായി കാണപ്പെടുന്ന ഉമിനീരൊഴുക്ക് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

രോഗം പുരോഗമിക്കുന്നതനുസരിച്ച് കണ്ണില്‍ നിന്നും, മൂക്കില്‍ നിന്നുമൊക്കെ പഴുപ്പ് കലര്‍ന്ന സ്രവങ്ങള്‍ പുറപ്പെടും. ചുമ, ശ്വാസതടസം എന്നിവയുണ്ടാകുകയും ചെയ്യും. നാവ്, ചുണ്ടുകള്‍, അണ്ണാക്ക്, നാസാരന്ധ്രങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന വ്രണങ്ങള്‍ ഹെര്‍പ്പിസ് കാല്‍സി വൈറസ് ബാധയുടെ പ്രധാന ലക്ഷണമാണ്.

ഹീമോട്രോപിക് മൈകോപ്ലാസ്‌മോസിസ്

വളര്‍ത്തുപൂച്ചകളില്‍ ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും കടുത്ത വിളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്ന ഒരു ബാക്ടീരിയല്‍ രോഗമാണ് മൈകോപ്ലാസ്‌മോസിസ് അഥവാ ഫെലൈന്‍ ഇന്‍ഫെ—ക്ഷ്യസ് അനീമിയ. പ്രതിരോധശേഷി കുറഞ്ഞ പൂച്ചകളിലും ചെറിയ പൂച്ചകളിലും വിളര്‍ച്ച ബാധിക്കാം.

ചെള്ളുകള്‍ പോലെ രക്തമൂറ്റുന്ന ജീവികളാണ് രോഗവാഹകര്‍. കടിയേറ്റ മുറിവുകളിലൂടെയും രോഗം പകരാം. ഗര്‍ഭിണിയായ അമ്മ പൂച്ചയില്‍ നിന്നും കുഞ്ഞുങ്ങളിലേക്കു രോഗം പകരാം. പുറത്തു അലഞ്ഞു തിരിയുന്ന ആണ്‍പൂച്ചകളിലാണ് പ്രധാനമായും അണുബാധ കാണുന്നത്.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. കഠിനമായ പനി, വിളറിയ ചര്‍മം, വിശപ്പില്ലായ്മ, തളര്‍ച്ച, ചുമ, മഞ്ഞപ്പിത്തം അല്ലെങ്കില്‍ പ്ലീഹയുടെ വീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗനിര്‍ണയം സ്ഥിരീകരിക്കാന്‍ ലബോറട്ടറി രക്തപരിശോധന അത്യാവശ്യമാണ്.

രോഗപ്രതിരോധം

* പൂച്ചകളുടെ ശരീരത്തില്‍ നിന്ന് രക്തമൂറ്റി കുടിക്കുന്ന മറ്റു ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുക.

* പെട്ടെന്നുള്ള തളര്‍ച്ച, വിഷാദം, ക്ഷീണം എന്നിവയടക്കമുള്ള ലക്ഷണങ്ങള്‍ കാണിച്ചാല്‍ പൂച്ചയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുക.

ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍
(വെറ്ററിനറി കോളജ്, മണ്ണുത്തി)