കൂണ്‍ കഴിച്ചാല്‍ ആരോഗ്യം
കൂണ്‍ കഴിച്ചാല്‍ ആരോഗ്യം
പല മാരകരോഗങ്ങളും നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായകരമായ ഒന്നാണു കൂണ്‍. വിവിധ പോഷകമൂല്യങ്ങള്‍ ശരീരത്തിന് അനുയോജ്യമായ രീതിയില്‍ ഉള്‍ക്കൊണ്ടിട്ടുള്ള പൂപ്പല്‍ അല്ലെങ്കില്‍ ഫംഗസ് ഇനത്തില്‍പ്പെട്ട ഹരിതരഹിത സസ്യാഹാരമാണിത്. പോഷക ഔഷധ മൂല്യങ്ങളാല്‍ സമൃദ്ധമായതിനാല്‍ സംരക്ഷിത ആഹാര വിഭാഗത്തില്‍ അല്ലെങ്കില്‍ ന്യൂട്രാ സ്യൂട്ടിക്കല്‍ വിഭാഗത്തില്‍പ്പെട്ട ഭക്ഷണമായാണു കൂണിനെ കണക്കാക്കുന്നത്.

പോഷകമൂല്യം

കൂടിയ ജലാംശവും കുറഞ്ഞ ഊര്‍ജവും കൊഴുപ്പും ഗുണമേന്മയുള്ള മാംസ്യവും, നാരുകള്‍ ഏറെയുള്ള ധാതുലവണങ്ങള്‍കൊണ്ടു സമ്പന്നമാണു കൂണുകള്‍. ശരീരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ശരീര വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമായ എല്ലാ പോഷകങ്ങളും കൂണുകളില്‍ നിന്ന് കിട്ടും.

ഏകദേശം 90%ത്തോളം ജലാംശം അടങ്ങിയ ഇവയില്‍ 4% അന്നജമാണ്. ഇതില്‍ പഞ്ചസാര ഗ്ലൈക്കോജന്റെ രൂപത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലേക്കുള്ള ആഗീരണം വേഗത്തില്‍ നടക്കും. അന്നജത്തിന്റെ വിവിധ രൂപങ്ങളായ സെല്ലുലോസ്, ഹെമിസെല്ലിലോസ്, കയറ്റിന്‍ തുടങ്ങിയവയുടെ സാന്നിധ്യം പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. 100ഗ്രാം കൂണില്‍ നിന്ന് ഏകദേശം 43 കിലോ കാലോറി ഊര്‍ജം ലഭിക്കും.

കൊഴുപ്പ് 0.4 മുതല്‍ 0. 6% വരെ മാത്രമാണുള്ളത്. അപൂരിത ഫാറ്റി ആസിഡുകള്‍ ആയ സിനോളിക് ആസിഡ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനു സഹായമാണ്. ഗുണമേന്മയുള്ള 9% മാംസ്യമാണ് കൂണിലുള്ളത്. എന്നാല്‍, ഉണക്കി കഴിയുമ്പോള്‍ ഇത് 14 മുതല്‍ 44% വരെ ഉയരും. സസ്യാഹാരമായ വെജിറ്റബിള്‍ മീറ്റ് എന്നും കൂണ്‍ അറിയപ്പെടുന്നുണ്ട്.

അമിനോ ആസിഡുകളുടെ സന്തുലിതാവസ്ഥ കൊണ്ട് പാലിലെ മാംസ്യത്തിന് സമാനമാണ് ഇത്. ഏകദേശം 0.4 ഗ്രാം നാരുകളുണ്ട്. ദഹനേന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ക്കും രക്തപഞ്ചസാര, കൊഴുപ്പ് ഇവ നിയന്ത്രിക്കുന്നതിലും മലബന്ധം തടയുന്നതിനും നാരുകള്‍ സഹായകമാണ്.

ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും ഒരു കലവറ തന്നെയാണ് കൂണുകള്‍. റൈബോഫ്‌ളൈവീന്‍, തയാമിന്‍, ബയോട്ടിന്‍ ഫോളിക് ആസിഡ്, നിയാസിന്‍ തുടങ്ങിയവ ഏറെയുണ്ട്. ചെറിയ അളവില്‍ ജീവകം സി.യും അടങ്ങിയിട്ടുണ്ട്.പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ധാതുലവണങ്ങള്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം ഇവ കൂടാതെ ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനാവശ്യമായ കോപ്പര്‍, ഫോളിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. വിവിധയിനം ഫൈറ്റോ കെമിക്കല്‍സ് പല മാരകരോഗങ്ങളും നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായിക്കുന്നു.

കൂണ്‍ വിശേഷങ്ങള്‍

* ഔഷധ വീര്യത്തില്‍ മുന്‍പന്തിയിലുള്ള ധാരാളം കൂണുകള്‍ ലഭ്യമാണ്. ആയുര്‍വേദ ഹോമിയോ മരുന്നുകള്‍ക്ക് ഉപ യോഗിക്കുന്നു.
* രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
* ഊര്‍ജസ്വലത നല്‍കും.
* രോഗകാരികളായ ബാക്ടീരിയ, വൈറസ് തുടങ്ങിയ വയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന രാസ ജീവ ഘടകങ്ങളുണ്ട്.
* ശരീരകോശങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു
* ആന്റിഓക്‌സിഡന്റുകളുടെ ഉറവിടം.
* കൂടുതല്‍ രക്തഉത്പാദനത്തിന് സഹായകം.
* ഉദരരോഗങ്ങള്‍ തടയും, മലബന്ധം ഇല്ലാതാക്കും.
* ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ക്ക് ഉത്തമം.
* പ്രമേഹരോഗികളുടെ ആനന്ദമെന്ന് അറിയപ്പെടുന്നു. കുറഞ്ഞ ഊര്‍ജം, ഉയര്‍ന്ന മാംസ്യം, നാരുകള്‍ ക്രോമിയം തുടങ്ങിയവ ധാരാളം.
* രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിക്കും
* രക്തക്കുഴലുകളുടെ തകരാറിനും നടുവേദന, കൈകാല്‍ കഴപ്പ് തുടങ്ങിയവയ്ക്കും ഫലപ്രദം.
* കാന്‍സര്‍ സാധ്യതയെ കുറയ്ക്കും.
* മഞ്ഞപ്പിത്തമുള്ളവര്‍ക്ക് ഉത്തമ ആഹാരം
* കൊതിയൂറും സൂപ്പുകളായും പലഹാരമായും ബിരിയാണിയായും പാകപ്പെടുത്താം.
* വിവിധതരം അച്ചാറുകള്‍, ചോക്ലേറ്റുകള്‍ തുടങ്ങിവയ്ക്കും സാധ്യതകളേറെ.

എ.എച്ച്. ഷംസിയ
അസി. പ്രഫസര്‍, ഐ.സി.എ.ആര്‍. കൃഷി വിജ്ഞാന കേന്ദ്രം, സദാനന്ദപുരം, കൊല്ലം