മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും കശുമാവും ഒക്കെ അടക്കിവാണിരുന്ന കേരളത്തിലെ കൃഷിയിടങ്ങളിലേക്കു പുതുനിര ഫലസസ്യങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയിട്ടു കുറച്ചു നാളായി. പലപ്പോഴും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം പറയുന്ന പരമ്പരാഗത പഴവര്‍ഗച്ചെടികള്‍ക്കു പകരം കൂടുതല്‍ ലാഭം തരുന്ന വിദേശ പഴവര്‍ഗങ്ങളിലേക്കു മലയാളികളുടെ മനസ് മാറിക്കഴിഞ്ഞു.

ഇന വൈവിധ്യത്തില്‍ അമ്പരപ്പിക്കുന്ന മാമ്പഴം നാട്ടുഫലങ്ങളുടെ ശ്രേണിയില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ ഈയടുത്ത കാലം വരെ ഭീമന്‍പഴം എന്നു പേരെടുത്ത ചക്കയ്ക്ക് അത്ര മതിപ്പുണ്ടായിരുന്നില്ല. ഔദ്യോഗികഫലം അഥവാ സംസ്ഥാനഫലം എന്ന പദവി ലഭിച്ചതോടെയാണ് ചക്കയുടെ തലവര മാറിത്തുടങ്ങിയത്. എങ്കിലും എക്‌സോട്ടിക് ഫ്രൂട്ട്‌സ് എന്ന് അറിയപ്പെടുന്ന വരവു ഫലങ്ങള്‍ക്കുള്ളയത്ര വിലയോ വിപണിയോ നിലവില്‍ നാടന്‍ പഴങ്ങള്‍ക്ക് ഇല്ല എന്നതാണു യാഥാര്‍ഥ്യം.

തുടക്കം റംബുട്ടാനില്‍

കേരളത്തിലെ ഫലസസ്യക്കൃഷിയില്‍ വലിയൊരു മാറ്റത്തിനു വഴിയൊരുക്കിയ വിദേശി പഴമാണു റംബുട്ടാന്‍. ആപ്പിളും ഓറഞ്ചും പേരക്കയും മുന്തിരിയുമൊക്കെ വിലസിയിരുന്ന പഴ വില്പനക്കടകളിലും ഫ്രൂട്ട് സ്റ്റാളുകളിലും ഈ മുള്ളന്‍ പഴം താരമായതു വളരെ പെട്ടെന്നാണ്. ഒരേക്കറില്‍ 120 തൈ നടാം. നാലാം വര്‍ഷം കായ്ക്കും. ശരാശരി വിളവ് 7 കിലോ. പരമാവധി ഒരു മരത്തില്‍ നിന്ന് 30 കിലോ വരെ കിട്ടും. ചില ഇനങ്ങള്‍ 150 കിലോ വരെയുമെത്തും. ഒരു കിലോയ്ക്ക് 200-240 രൂപ വരെ വില. ഒരു വര്‍ഷം ഒരേക്കറില്‍ നിന്ന് 7 ലക്ഷം രൂപ വരെ ആദായം.

മറുനാടന്‍ പഴങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ റംബുട്ടാന്‍ കേരളത്തിലെ ഫലസസ്യക്കൃഷി മേഖലയില്‍ ഒരു പുതുചലനം തന്നെ ഉണ്ടാക്കി. തൊടുപുഴ, റാന്നി, തിരുവല്ല, മൂവാറ്റുപുഴ, എരുമേലി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കൃഷി മുന്നേറി.

പത്തനംതിട്ട, കോട്ടയം മേഖലകളില്‍ നേരത്തെ തന്നെ റംബുട്ടാന്‍ കൃഷി വ്യാപകമായുണ്ടായിരുന്നു. പോരാത്തതിന് ഹോം ഗ്രോണ്‍ നഴ്‌സറിയുടെ ഗവേഷണ വിഭാഗം വാണിജ്യക്കൃഷിക്ക് അനുയോജ്യമായ എന്‍ 18, റോങ്‌റിയന്‍, സ്‌കൂള്‍ ബോയ്, ബിന്‍ജായ്, മഹാര്‍ ലിക, മല്‍വാന സ്‌പെഷല്‍ തുടങ്ങി നിരവധി ഇനങ്ങള്‍ പ്രചരിപ്പിച്ചതും കര്‍ഷകര്‍ക്കു പ്രചോദനമായി.

റബര്‍ ഒഴിവാക്കി തുടങ്ങി

ഒരു കാലത്ത് സുവര്‍ണവിളയായി റബറിനെ നെഞ്ചോടു ചേര്‍ത്തിരുന്ന പല കര്‍ഷകരും റംബുട്ടാനു വേണ്ടി റബറിനെ കൈവിടുന്ന അവസ്ഥയാണ്. പ്രത്യേകിച്ചും മധ്യതിരുവിതാകൂര്‍ മേഖലയില്‍. റബറിന്റെ വിലയിടിവും വിലയിലെ അസ്ഥിരതയുമൊക്കെയാണ് അതിനു കാരണമായത്. ഇതു റംബുട്ടാന്റെ മാത്രം കാര്യമല്ല. മാങ്കോസ്റ്റീന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സീതപ്പഴം തുടങ്ങിയവയും റബര്‍ തോട്ടങ്ങളില്‍ കൂടിയേറാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ കണക്കൊന്നു ശ്രദ്ധിക്കൂ. 2011-12 ല്‍ കേരളത്തില്‍ നാലു ഹെക്റ്റര്‍ സ്ഥലത്താണു റംബുട്ടാന്‍ കൃഷിയുണ്ടായിരുന്നത്. 2017-18ല്‍ അത് 91.96 ഹെക്ടറായും 2022-23ല്‍ 235.86 ഹെക്ടാ റായും ഉയര്‍ന്നു. ഉത്പാദനത്തിലുമുണ്ട് പ്രകടമായ വര്‍ധന. 2017-18ല്‍ 61651 ടണ്‍ റംബുട്ടാന്‍ പഴങ്ങളായിരുന്നു ഉത്പാദനം 2022-23ല്‍ 1287084 ടണ്‍ ആണ് പ്രതീക്ഷ. റബര്‍ ഒരേക്കറില്‍നിന്ന് പരമാവധി 30000 രൂപ അറ്റാദായം ലഭിക്കുന്ന സ്ഥാനത്ത് റംബുട്ടാന്‍ 5 മുതല്‍ 10 മടങ്ങു വരെ അധികവരുമാനം നല്‍കും എന്നതും കര്‍ഷകര്‍ക്ക് മാറിചിന്തിക്കാന്‍ പ്രേരകമായി.

ഒരു ഗ്രാമത്തിന്റെ ഐശ്വര്യമായി മാങ്കോസ്റ്റീന്‍

തൃശൂര്‍ ജില്ലയിലെ പരിയാരം ഗ്രാമത്തിന്റെ മുഴുവന്‍ ഐശ്വര്യവും മാങ്കോസ്റ്റീന്‍ എന്ന പഴത്തിലാണ്. സമീപ പ്രദേശങ്ങളായ വെറ്റിലപ്പാറ, കോടശേരി പ്രദേശങ്ങളിലും മാങ്കോസ്റ്റീന്‍ തന്നെ താരം. മാങ്കോസ്റ്റീന്‍ എത്തിയതോടെ പഴയ പ്രമാണിമാരായിരുന്ന വാഴയും ജാതിയുമൊക്കെ ഔട്ടായി. പരിയാരത്തിപ്പോള്‍ ഒന്നോ രണ്ടോ മാങ്കോസ്റ്റിനില്ലാത്ത വീടില്ല എന്ന സ്ഥിതിയാണ്. വില്പന ഇവി ടെ പ്രശ്‌നമാകാറില്ല. സീസണാകുമ്പോള്‍ കച്ചവടക്കാരും കയറ്റുമതിക്കാരും പരിയാരത്തെത്തും. പഴത്തിന് മൊത്തവില പറഞ്ഞുറപ്പിച്ച് കച്ചവടക്കാര്‍ തോട്ടം കരാറെടുക്കുന്നതാണ് രീതി. കിലോയ്ക്ക് ശരാശരി 175 രൂപ നിരക്കില്‍ വിലയും കിട്ടും.

പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലുമൊക്കെ മാങ്കോസ്റ്റീന്‍ കൃഷി വ്യാപകമാണ്. പത്തനംതിട്ടയിലെ ഇരവിപേരൂര്‍ മാങ്കോസ്റ്റീന്‍ കൃഷിയുടെ മറ്റൊരു കേന്ദ്രമാണ്. പഴത്തിന് ചെന്നൈയിലെ കോയമ്പമേട് മാര്‍ക്കറ്റിലും ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലും നല്ല വിപണിയുണ്ട്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയാണു മാങ്കോസ്റ്റീന്റെ വിളവെടുപ്പുകാലം.

മൂന്നു വര്‍ഷം പ്രായമായ തൈ നട്ടാല്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കായ് ക്കും. നല്ല രീതിയില്‍ വിളവ് ലഭിക്കാന്‍ എട്ടുവര്‍ഷത്തോളമെടുക്കും. നല്ല പരിചരണം നല്‍കിയാല്‍ നൂറുവര്‍ഷം വരെ വിളവ് തരും. നല്ല വളക്കൂറും നനവുമുള്ള മണല്‍ മണ്ണാണ് അനുയോജ്യം. അതുകൊണ്ടാണ് പമ്പ, മണിമല, മീനച്ചില്‍, പെരിയാര്‍ നദികളുടെ തീരപ്രദേശങ്ങളില്‍ മാങ്കോസ്റ്റീന്‍ നന്നായി വളരുന്നത്.

പഴത്തോട്ടങ്ങളിലെ താരനിര

റംബുട്ടാന്‍, മാങ്കോസ്റ്റീന്‍ എന്നിവയ്ക്കു പുറമെ നിരവധി മറുനാടന്‍ ഫലവൃക്ഷങ്ങള്‍ കേരളത്തിലെ കൃഷിയിടങ്ങളില്‍ ഇതിനോടകം വേരുറപ്പിച്ചു കഴിഞ്ഞു. ചക്കയോട് സാദൃശ്യമുള്ള ദുരിയാന്‍, പുലാസന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മരമുന്തിരി, കോട്ടണ്‍ ഫ്രൂട്ട്, അവ്ക്കാഡോ, ഗാക് ഫ്രൂട്ട്, മുട്ടപ്പഴം, അബിയു, മാമി സപ്പോട്ട, ലോങ്കന്‍, ചെമ്പടാക്ക്, പെഴ്‌സിമണ്‍, ബര്‍മീസ് ഗ്രേപ്‌സ്, മാപരാങ്, സ്റ്റേക്ക് ഫ്രൂട്ട്, ലിച്ചി, ലാങ്‌സാറ്റ്, ഒലോസാപ്പ, ഉഗു, കുബല്‍, കുംക്വാറ്റ് തുടങ്ങി ലോകത്തിന്റെ വിവിധ മേഖലകളില്‍ വളരുന്ന മറുനാടന്‍ ഫലസസ്യങ്ങള്‍ ഇന്ന് കേരളത്തില്‍ സുലഭമാണ്. ഇവയില്‍ നല്ലൊരു ശതമാനം ഫലവൃക്ഷങ്ങളുടെ തൈകളും നഴ്‌സറികളില്‍ നിന്നു വാങ്ങാനും കിട്ടും.

റംബുട്ടാന്‍, പുലാസന്‍, അവക്കാഡോ, എഗ് ഫ്രൂട്ട്, ഞാവലല്‍, മാങ്കോസ്റ്റീന്‍, സ്റ്റാര്‍ ആപ്പിള്‍ തുടങ്ങി ഏതാനും ചില ഫലസസ്യങ്ങളുടെ തൈകള്‍ അല്ലാതെ മറ്റ് മറുനാടന്‍ പഴച്ചെടികളുടെ തൈകള്‍ എല്ലാം സര്‍വകലാശാല നഴ്‌സറിയില്‍ ലഭ്യമല്ല. ഇതു സ്വകാര്യ നഴ്‌സറികള്‍ വന്‍ വിലയ്ക്കു തൈകള്‍ വിറ്റഴിക്കാന്‍ ഇടവരുത്തുന്നുണ്ട്. സര്‍വകലാശാല മറുനാടന്‍ ഫലസസ്യങ്ങളുടെ തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ചാല്‍ അത് നിശ്ചയമായും നേട്ടമാകും എന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിലെ സവിശേഷകാലാവസ്ഥാ സാഹചര്യത്തില്‍ ഒരേ സമയം ഉഷ്മമേഖലയിലും ശൈത്യമേഖലയിലും വളരുന്ന ഫലസസ്യങ്ങള്‍ നന്നായി വളരുകയും വിളവ് തരുകയും ചെയ്യുമെന്നത് അനുഗ്രഹമാണ്. ഇപ്പോള്‍ തന്നെ മലേഷ്യ വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ വളരുന്ന ഫലസസ്യങ്ങളാണു കേരളത്തില്‍ വളരാനും വളര്‍ത്താനും തുടങ്ങിയിരിക്കുന്നത്.

പഴങ്ങള്‍ വേഷം മാറുമ്പോള്‍

നിരന്തരം കണ്ടുപോരുന്നവയോട് തോന്നുന്ന അപ്രിയം മനുഷ്യ സഹജമാണ്. ഫലസസ്യങ്ങളുടെ കാര്യത്തിലും ഇത്തരമൊരു പ്രതിഭാസം അരങ്ങേറുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഉദാഹരണത്തിനു ചാമ്പക്കയുടെ കാര്യം എടുക്കുക. വേനല്‍ മാസങ്ങളില്‍ മരം നിറയെ ചാമ്പക്ക വിളഞ്ഞു നിന്നാലും ആരും തിരിഞ്ഞു നോക്കില്ല. എന്നാല്‍, ഇതിന്റെ തന്നെ പ്രകാശമാനമായ ചുവന്ന നിറമുള്ള / തെളിഞ്ഞ ചുവപ്പു നിറമുള്ള ഇനം തായ്‌ലന്‍ഡില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ ഇവിടെ കിലോ 750 രൂപയ്ക്ക് വരെ വിറ്റുപോയി.

മറ്റൊരു ഉദാഹരണമാണു ചക്കയുടേത്. സംസ്ഥാന ഫലപദവി കിട്ടിയപ്പോള്‍ നില അല്‍പം മെച്ചമായെന്നു പറയാമെങ്കിലും നേരത്തെ പ്ലാവില്‍ നിന്നു തന്നെ ചക്ക പഴുത്ത് കൊഴിഞ്ഞു വീണാ ല്‍ പോലും ആരും ഗൗനിച്ചിരുന്നില്ല. എന്നാല്‍, ഇതേ പ്ലാവിന്റെയും ശീമച്ചക്കയുടെയും അടുത്ത ബന്ധുവായ ചെമ്പടാക്ക് രംഗത്തെത്തിയപ്പോള്‍ അതിന് ഇഷ്ടക്കാരേറെ. സാക്ഷാല്‍ ചക്കയേക്കാള്‍ വിലക്കുറവ്. ചെമ്പടാക്കിന്റെ പഴത്തിനുള്ള മധുരക്കൂടുതല്‍, നാരിന്റെ അംശം കൂടുതല്‍, സുഗന്ധം തുടങ്ങിയവയാണ് അധികമേന്മകളായി കണ്ടത്.

പഴങ്ങളുടെ രാജാവ് എന്നു പേരെടുത്ത മാങ്ങയ്ക്ക് ബദലായി മാപ്‌രാങ് എന്ന മറുനാടന്‍ ഫലം എത്തിയപ്പോഴും കൃഷിസ്‌നേഹികള്‍ക്കു വളരെ കൗതുകമായി കാഴ്ചക്കു ചെറിയ മാങ്ങയാണെന്നേ തോന്നൂ. മാപ്‌രാങ് മരിയന്‍ പ്ലം, പ്ലം മാങ്കോ എന്നെല്ലാം ഇതിനു വിളിപ്പേരുകളുമുണ്ട്. മാമ്പഴത്തിന്റെ സ്വാദുള്ള ഒരു പ്ലം അതാണു മാപ്‌രാങ്. ഇന്നിപ്പോള്‍ ഉയര്‍ന്ന വിലയ്ക്കാണു കേരളത്തില്‍ മാപ്‌രാങ് തൈകള്‍ വിറ്റു പോകുന്നത്. ചക്കപ്പഴത്തോട് സാദൃശ്യമുള്ള ദുരിയാന്‍ പഴത്തിന്റെ കാര്യവും ഇങ്ങനെതന്നെ.


അയല്‍ രാജ്യങ്ങള്‍ക്കാകാം, നമുക്കായി കൂടേ?

കാര്‍ഷികമേഖലയിലെ സ്വതസിദ്ധമായ പ്രശ്‌നങ്ങളും കോവിഡ് മഹാവ്യാധി തീര്‍ത്ത അനിശ്ചിതത്വവും വരുത്തിയ കെടുതികളില്‍ നിന്നു മെക്‌സിക്കോ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളൊക്കെ കാര്‍ഷിക വൈവിധ്യവത്കരണത്തിലൂടെയാണു രക്ഷ നേടിയത്. ഇതിലൊന്നു ഫലസസ്യക്കൃഷിക്കായിരുന്നു. ലോകരാജ്യങ്ങളില്‍ അമേരിക്കയാണു ഫലവര്‍ഗങ്ങളുടെ ഏറ്റവുമധികം കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന രാജ്യം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇസ്രായേലും ഫലവര്‍ഗ കയറ്റുമതിക്കു മുന്നിലാണ്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ഫലസസ്യക്കൃഷിയിലും കയറ്റുമതിയിലും മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്. ലോകഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്കുകള്‍ പ്രകാരം 2030 ആകുമ്പോഴേക്കും ആഗോള ഫലോത്പാദനം 70 ശതമാനം കണ്ട് വര്‍ ധിക്കും എന്നാണ് പ്രവചനം.

മാമ്പഴം, വാഴപ്പഴം, ഡ്രാഗണ്‍ ഫ്രൂട്ട്, ദുരിയാന്‍, ഓറഞ്ച്, മുന്തിരി, ലോങ്കന്‍, പൈനാപ്പിള്‍, റംബൂട്ടാന്‍, ചക്കപ്പഴം, അവക്കാഡോ, പാഷന്‍ഫ്രൂട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി ഫലസസ്യങ്ങളുടെ കൃഷിക്കായി വിയറ്റ്‌നാം 20 ദശലക്ഷം ഹെക്ടര്‍ സ്ഥലമാണ് മാറ്റിവച്ചിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ നിന്നുമാത്രം (അരലക്ഷം ഹെക്ടര്‍) രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ ഏതാണ്ട് ആറ് ശതമാനം വിയറ്റ്‌നാമിനു ലഭിക്കുന്നു. ഇതിന്റെ 70 ശതമാനം ചൈനയിലേക്കാണ് കയറ്റി അയക്കുന്നത്. ഈ ദശാബ്ദത്തിന്റെ തുടക്കത്തിലാണ് വിയറ്റ്‌നാം ഫലവര്‍ഗ കയറ്റുമതി ആരംഭിച്ചതെങ്കിലും ഇവര്‍ ഇപ്പോഴിത് 60 രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ചിരിക്കുന്നു.


തായ്‌ലന്‍ഡാകട്ടെ ഫലവര്‍ഗ കയറ്റുമതിയുടെ കാര്യത്തില്‍ കുറേക്കൂടി മികച്ച നിലവാരത്തിലാണു നില്‍ക്കുന്നത്. 2.3 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള പഴവര്‍ഗങ്ങളാണ് ഇവര്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. പഴവര്‍ഗകയറ്റുമതിയില്‍ ഏതാണ്ട് 114.1 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. മെക്‌സിക്കോയാകട്ടെ അവക്കാഡോ പോലുള്ള പഴങ്ങള്‍ കയറ്റുമതി ചെയ്താണ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. പ്രതിവര്‍ഷം 64 ലക്ഷം ടണ്‍ അവക്കാഡോയാണ് മെക്‌സിക്കോ കയറ്റി അയക്കുന്നത്.

മാമ്പഴം, ഓറഞ്ച്, ആപ്പിള്‍, മുന്തിരി, ചക്കപ്പഴം എന്നിവയാണ് ഇന്ത്യയുടെ പഴക്കൂടയിലെ പ്രധാന ഫലവര്‍ഗങ്ങള്‍. ഇന്ത്യയുടെ ആകെ വിസ്തൃതിയില്‍ 2 ശതമാനം സ്ഥലത്തു മാത്രമേ റംബുട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, ദുരിയാന്‍, മാങ്കോസ്റ്റീന്‍, അവക്കാഡോ തുടങ്ങിയ ഫലസസ്യങ്ങള്‍ കൃഷി ചെയ്യാന്‍ കഴിയൂ. ഇതില്‍തന്നെ ബഹുഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത് കേരളത്തിലും കേരളത്തോ ട് അടുത്തുകിടക്കുന്ന കര്‍ണാടകയുടെ ചില ഭാഗങ്ങളിലുമാണ്.

ഇവിടെ മറ്റൊരു സാധ്യത കൂടെയുണ്ട്. കേരളത്തില്‍ റബര്‍, തേയില, കാപ്പി, ഏലം, കൊക്കോ എന്നീ വാണിജ്യവിളകള്‍ കൃഷി ചെയ്യുന്ന പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മറുനാടന്‍ ഫലസസ്യങ്ങള്‍ വളര്‍ത്താന്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭിച്ച അനുമതിയാണിത്. കേരളത്തിലെ പ്ലാന്റേഷന്‍ മേഖല നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയ്ക്കു കൂടെയാണ് ഈ നിര്‍ദേശം. മറ്റുപല വിളകളുടെ കാര്യത്തിലും ശരാശരി വാര്‍ഷിക വരുമാനം ഏക്കറിന് 25000 രൂപ ആയിരിക്കുമ്പോള്‍ ഫലവര്‍ഗക്കൃഷിമേഖലയില്‍ അത് നാലു ലക്ഷം രൂപയാണ്.

മാറുന്ന രുചിഭേദങ്ങള്‍

പാശ്ചാത്യത്കരണത്തിന്റെ സ്വാധീനവും ഭക്ഷണശീലത്തില്‍ വന്ന മാറ്റങ്ങളും മറുനാടന്‍ ഫലങ്ങള്‍ക്ക് മുന്‍പെന്നത്തേക്കാളുമേറെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രിയം വര്‍ധിച്ചിരിക്കുകയാണ്. മറ്റൊരു പ്രധാന കാരണം ഉപഭോക്താക്കളുടെ മറുനാടന്‍ ഫലങ്ങളുടെ സമുദ്ധമായ ആരോഗ്യമേന്മകളുമാണ്.

ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ സസ്യാധിഷ്ഠിത ആഹാരം കൂടുതല്‍ ഉള്‍പ്പെടുത്താനും അതുതന്നെ ഒരു ശതമാനം മറുനാടന്‍ ഫലങ്ങള്‍ക്കായി മാറ്റിവയ്ക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ഒട്ടുമിക്ക മറുനാടന്‍ ഫലങ്ങളും മികച്ച നിരോക്‌സീകാരകങ്ങളും ജീവകങ്ങളാല്‍ സമ്പന്നവും വേണ്ടത്ര ഭക്ഷ്യയോഗ്യമായ നാര് അടങ്ങിയതുമാണ്.

ഒരു ചെറിയ ഉദാഹരണം നോക്കാം. അവക്കാഡോ എന്ന വെണ്ണപ്പഴം ജീവകം സി, ഇ, കെ. ബി-6 എന്നിവയുടെ സ്രോതസാണ്. ഇതുപോലെ തന്നെ കിവിപ്പഴമാകട്ടെ സി, ഇ, കെ, ഫോളോറ്റ്, പോട്ടാസ്യം എന്നിവയുടെ കലവറയാണ്. ഇവ രണ്ടും മികച്ച നിരോക്‌സീകാരകങ്ങളും. ഇത്തരം മറുനാടന്‍ ഫലങ്ങളോട് ഉപഭോക്താക്കള്‍ക്ക് ഇന്ന് താത്പര്യം വളരെയേറെ വര്‍ധിച്ചിരിക്കുന്നു.

നമ്മുടെ സാധാരണ ഫലവര്‍ഗങ്ങള്‍ക്ക് ഓരോ സീസണുണ്ട്. അവ ആ പ്രത്യേക സമയത്തു മാത്രമേ വിപണികളിലെത്താറുള്ളൂ. എന്നാല്‍, മറുനാടന്‍ ഫലങ്ങളിലധികവും ഓഫ് സീസണില്‍ ഫലനസ്വഭാവമുള്ളവയാണ്. അതുകൊണ്ടുതന്നെ വര്‍ഷം മുഴുവനും ഇവ വന്‍തോതില്‍ വിപണിയില്‍ എത്തിക്കൊണ്ടേയിരിക്കും.

ഉദാഹരണത്തിന് ഇന്ത്യയില്‍ വിളയുന്ന ആപ്പിള്‍ ചില പ്രത്യേക സീസണില്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളൂ. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍ ഇനങ്ങളാകട്ടെ വര്‍ഷം മുഴുവന്‍ വിപണികളില്‍ ഉണ്ടാകും. മറുനാടന്‍ പഴങ്ങള്‍ക്ക് ഏറെ മേന്മകള്‍ അവകാശപ്പെടുമ്പോഴും ചില ന്യൂനതകളുമുണ്ട് എന്നു പറയാതിരിക്കാനാവില്ല.

പോഷകനഷ്ടം

മറുനാടന്‍ ഫലങ്ങളെല്ലാം ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് ദീര്‍ഘദൂരം സഞ്ചരിച്ചു ദിവസങ്ങള്‍ കഴിഞ്ഞുവിപണിയിലെത്തുന്നതിനാല്‍ ഇവയ്ക്ക് പോഷകനഷ്ടം സംഭവിക്കുന്നുണ്ട്. ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ഇതരപോഷകങ്ങള്‍ എന്നിവയിലെല്ലാം ഗണ്യമായ കുറവ് സംഭവിക്കും.

നേരത്തെയുള്ള വിളവെടുപ്പ്

സഞ്ചാര വേളയില്‍ പഴങ്ങള്‍ പഴുത്തു പോകാതിരിക്കാന്‍ വേണ്ടി മറുനാടന്‍ പഴങ്ങള്‍ നേരത്തേ വിളവെടുക്കുന്ന പതിവുണ്ട്. ഇതു പഴങ്ങളുടെ പോഷകഘടനയെയും പൂര്‍ണതയെയും പ്രതികൂലമായി ബാധിക്കും.

ബാഹ്യചേരുവകള്‍

പഴങ്ങള്‍ക്ക് ആകര്‍ഷകമായ നിറവും തിളക്കവും കിട്ടാനും കേടാകാതിരിക്കാനും അവയില്‍ ചില രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്ന പതിവുണ്ട്. ചിലപ്പോള്‍ ഇതിനു പുറമെ വിപണന കേന്ദ്രത്തിലെത്തിയാലും കൃത്രിമമായി അവ പഴുപ്പിക്കാനും ചില രാസവസ്തുക്കള്‍ ഉപയോഗിക്കാറുണ്ട്.

വിലവര്‍ധന

ദീര്‍ഘദൂരത്തു നിന്നു വിളവെടുത്ത് സഞ്ചരിച്ചു സംരക്ഷിച്ചു വിപണികളിലെത്തിക്കാന്‍ വലിയ ചെലവ് വരുന്നതുകൊണ്ടു തന്നെ മറുനാടന്‍ പഴങ്ങള്‍ എല്ലായ്‌പ്പോഴും നമ്മുടെ കീശയ്ക്ക് ഇണങ്ങുന്നതാകണമെന്നില്ല.

ഭാവിസാധ്യതകള്‍

മറുനാടന്‍ ഫലസസ്യങ്ങളുടെ വിത്തും തൈകളും ഇന്ത്യയില്‍ പ്രചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു വരുന്നത് പ്രാദേശികമായി കര്‍ഷകര്‍ക്ക് പ്രോത്സാഹനമാകും. മൗലികമായ നടീല്‍ വസ്തുക്കള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഇതിന്റെ നോഡല്‍ ഏജന്‍സി ആയി നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മിഷന്‍ ഫോര്‍ ഇന്റഗേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന പദ്ധതിപ്രകാരമാണ് ഇത് യാഥാര്‍ഥ്യമാകുന്നത്.

കേരളത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ടത് സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ആണ്. നിലവില്‍ അവക്കാഡോ, റംബുട്ടാന്‍, പാഷന്‍ ഫ്രൂട്ട്, മാങ്കോസ്റ്റീന്‍, നെല്ലിക്ക, കുടമ്പുളി, ഞാവല്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മാവ്, പ്ലാവ് എന്നിങ്ങനെ 10 ഫലസസ്യങ്ങളാണ് എംഐഡിഎച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതര സഹായ പദ്ധതികളോടൊപ്പം മറുനാടന്‍ ഫലങ്ങളുടെ മികച്ച നടീല്‍ വസ്തുക്കള്‍ ന്യായവിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനു സാധിച്ചാല്‍ അത് ഈ രംഗത്ത് ഒരു വലിയ മുന്നേറ്റത്തിനു വഴിവയ്ക്കുമെന്ന കാര്യത്തില്‍ സംശ യം വേണ്ട. ഫോണ്‍: 9446306909

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍(റിട്ട.), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ