കുമാരപുരത്തെ കുള്ളൻതെങ്ങു വിശേഷങ്ങൾ
കുമാരപുരത്തെ കുള്ളൻതെങ്ങു വിശേഷങ്ങൾ
മൂന്നുവർഷം മുന്പുവച്ച കുള്ളൻതെങ്ങുകൾ ഒന്നിച്ചു കുലച്ച കാഴ്ച കാണണമെങ്കിൽ ഇവിടെത്തണം-ചേർത്തല കണ്ണങ്കര കുമാരപുരത്തെ രാജേശ്വരി ഗോപിയുടെയും ആർ. ഗോപിയുടെയും അന്പത്താറു സെന്‍റിലെ തോട്ടത്തിൽ.

ഇവർ വച്ച 51 കുള്ളൻതെങ്ങുകളിൽ 45 എണ്ണവും കുലച്ചു. എട്ടു മുതൽ 12 വരെ തേങ്ങകളുണ്ട് ഓരോ കുലയിലും. ഒന്നര വർഷം കഴിഞ്ഞപ്പോൾ തന്നെ ചൊട്ടയിട്ട തെങ്ങുകളുമുണ്ട് ഇക്കൂട്ടത്തിൽ.

കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലെ ആനിക്കുഴയ്ക്കൽ, പാലയ്ക്കൽ വെളിയിലാണ് ഈ വശ്യതയാർന്ന തെങ്ങിൻ തോപ്പ്. കുള്ളൻതെങ്ങുകളെക്കുറിച്ചൊക്കെ നാം ധാരാളം കേട്ടിട്ടുണ്ടെങ്കിലും അവ മാത്രമുള്ള തെങ്ങിൻ തോട്ടങ്ങൾ അപൂർവമാണ്. കൃത്യമായ ഇടയകലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന അത്തരത്തിലൊരു തോട്ടമാണു ഗോപി ഒരുക്കിയിരിക്കുന്നത്.

2015-ൽ ഡിഇഒ ഓഫീസിലെ ജോലിയിൽ നിന്നു വിരമിച്ചശേഷം മൂന്നുവർഷം റിട്ടയർമെന്‍റ് ജീവിതം ആസ്വദിച്ചു. ശേഷം ബോറഡിക്കാൻ തുടങ്ങിയപ്പോഴാണ് ഭാര്യക്ക് ഓഹരിയായി കിട്ടിയസ്ഥലം കുള്ളൻതെങ്ങിൻ തോട്ടമാക്കിയാലോ എന്ന ആലോചന മനസിലെത്തിയത്. പിന്നെ അമാന്തിച്ചില്ല. കാടുപിടിച്ചു കിടന്ന പുരയിടം വെട്ടിത്തെളിച്ചു. ജെസിബി ഉപയോഗിച്ച് തെങ്ങിൻതൈ നടാനുള്ള കുഴികളെടുത്തു. 2018 ലെ പത്താമുദയ ദിവസം തൈകൾ നട്ടു.

പൊതിമടലിൽ നട്ട തൈകൾ

ഭാവനാ ഗാർഡൻസിൽനിന്നും സണ്ണങ്കി ഇനത്തിൽപെട്ട കുള്ളൻ തെങ്ങിൻതൈകൾ ആണ് വാങ്ങിയത്. നാലില പരുവത്തിലുള്ള തെകൾ വച്ച രീതിയും വ്യത്യസ്തമായിരുന്നു. തേങ്ങയുടെ പൊതിമടൽ കുഴികളിൽ മലർത്തിവച്ചു. ഇതിലേക്ക് എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ഓരോ കിലോ വീതമിട്ടു. ഒപ്പം ഉണങ്ങിയ ചാണകപ്പൊടിയും നൽകി. പച്ചച്ചാണകത്തിലെ പുഴുക്കൾ ചെല്ലിയായി മാറുമെന്നതിനാലാണ് ഇതൊഴിവാക്കിയതെന്നു ഗോപി പറയുന്നു.

പിന്നീട് കോഴിവളം, പൊഴിയിലെ ചെളി എന്നിവ ചുവട്ടിലിട്ടു കൊടുത്തു. വെള്ളം പിടിച്ചുനിർത്താൻ ശേഷിയില്ലാത്ത ചൊരിമണലാണ് ഇവിടത്തേത്. ആ അപര്യാപ്തത മറികടക്കാൻ ചുവട്ടിൽ പൂഴിയിട്ടു. ഇതുകൊണ്ടു വരൾച്ചയെ ഒരു പരിധിവരെ തടയാനായി. കൃത്യമായ ഇടവേളകളിൽ വർഷത്തിൽ മൂന്നുതവണ കോഴിവളം നൽകുന്നതിനാൽ ഒരു പരിഭവവുമില്ലാതെ തെങ്ങുകൾ ആർത്തു വളരുന്നു.

പരിചരണം പ്രധാനം

തൂവെള്ള ചൊരിമണലിനു നടുവിൽ പൂഴിയിൽതീർത്ത ചുവപ്പു വൃത്തത്തിനുള്ളിലായി കുലച്ചു നിൽക്കുന്ന തെങ്ങുകൾ- ഈ കാഴ്ച മനം കുളിർപ്പിക്കുന്നതാണ്. ഒരു പുല്ലുപോലുമില്ലാതെ സംരക്ഷിക്കുന്ന തോട്ടത്തിനുള്ളിലൂടെ നടക്കുന്നതുതന്നെ ഒരു രസമാണ്. കുട്ടികളെ പരിചരിക്കുന്നതുപോലെ തെങ്ങിനെ നോക്കണമെന്നാണു ഗോപിയുടെ അഭിപ്രായം.

ചെല്ലിയാണു പ്രധാന പ്രശ്നം. രാവിലെ കന്പികൊണ്ടു കുത്തിയെടുത്തു നശിപ്പിച്ച ചെല്ലിയെയും അത് ആക്രമിച്ച കുലവന്ന കുള്ളൻ തെങ്ങിനെയും ഞങ്ങൾ തോട്ടത്തിലൂടെ നടക്കുന്പോൾ ഗോപി കാട്ടിത്തന്നു. എല്ലാ ദിവസവും ശ്രദ്ധിച്ചില്ലെങ്കിൽ ചെല്ലി തെങ്ങിനെ നശിപ്പിക്കും. രാവിലെ 6.30 നു തോട്ടത്തിലെത്തുന്ന ഗോപി, തെങ്ങുകളുടെ കൂന്പുകളാണ് ആദ്യം ശ്രദ്ധിക്കുന്നത്.


ചെല്ലി തെങ്ങിൽ കയറുന്നത് രാത്രിയിലാണ്. കൂന്പുവഴിയോ വശങ്ങളിലൂടെയോ ഇവൻ അകത്തുകടന്നാൽ അറിയാമെന്നു ഗോപി പറയുന്നു. മുറുക്കാൻ ചവച്ചുവച്ചതുപോലെ ചെല്ലി തിന്ന തെങ്ങിന്‍റെ കാന്പ് പുറത്തേക്കു നിൽക്കും. ഇതുകണ്ടാൽ ചെല്ലി അകത്തുണ്ടോ എന്നറിയാൻ തടിയിൽ ചെവിവച്ചു നോക്കും.

തെങ്ങിനകത്തിരുന്നു ചെല്ലി കാറുന്ന ഒച്ചകേട്ടാൽ ആൾ അകത്തുണ്ടെന്നനുമാനിക്കാം. പിന്നെ ഇവൻ തുരന്ന ഭാഗം കത്തികൊണ്ട് ചെത്തി, ചൂണ്ടുവിരൽ അകത്തേക്കിട്ട് ചെല്ലിയെവിടെ ഇരിക്കുന്നെന്നു നോക്കും. ശേഷം കത്തിയോ സ്ക്രൂഡ്രൈവറോ ഉപയോഗിച്ച് കുത്തി പുറത്തെടുത്തു നശിപ്പിക്കും. കൊന്പൻ ചെല്ലിയാണെങ്കിൽ വലിയ ഉപദ്രവമുണ്ടാക്കില്ല. എന്നാൽ ചെന്പൻ ചെല്ലിയാണെങ്കിൽ തെങ്ങിനുള്ളിൽ ആയിരക്കണക്കിനു മുട്ടകൾ ഇട്ടിട്ടുണ്ടാവാം. മരുന്നൊഴിച്ചില്ലെങ്കിൽ ഭാവിയിൽ ഇവ വളർന്നു തെങ്ങിനെതന്നെ ചുവടെ മറിച്ചു നശിപ്പിച്ചു കളയാം. കമാൻഡർ എന്ന മരുന്നും കൂന്പുചീയലിനു തളിക്കുന്ന മരുന്നും ചേർത്താണ് ചെല്ലിയുടെ ആക്രമണമുണ്ടാകുന്ന സ്ഥലങ്ങളിൽ ഒഴിക്കുന്നത്.

തൊഴിലുറപ്പിന്‍റെ പിന്തുണ

കഞ്ഞിക്കുഴിയിലെ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തിയാണ് തെങ്ങുകളുടെ പരിപാലനം നടത്തിയത്. 2017-18 ലെ ബ്ലോക്ക് പ്ലാന്‍റേഷൻ പദ്ധതിയിൽപ്പെടുത്തിയാണ് തെങ്ങിൻ തോട്ടത്തിലെ ജോലികൾ ക്രമീകരിച്ചത്. ഇടവിളയായി പ്ലാവും പേരയും വാഴയുമൊക്കെ നട്ടിട്ടുണ്ട്.

കരിക്കായി വിൽപന

തോട്ടത്തിലെ വിളവെടുപ്പും ആരംഭിച്ചു. കരിക്കായാണ് ആദ്യ വിൽപന. ഒരു കരിക്കിന് 25 രൂപപ്രകാരം സ്ഥലത്തുവന്നെടുക്കും. കുള്ളൻ ഇനമായതു കൊണ്ടുതന്നെ കരിക്കിടുന്നതിനു പ്രത്യേക ചെലവില്ലെന്നതു പ്രത്യേകതയാണ്. പഞ്ചായത്ത് ആലോചിക്കുന്ന കയർഗ്രാമം പദ്ധതിയും തൊഴിലുറപ്പുമായി ചേർന്നു നടപ്പാക്കാൻ ആലോചിക്കുകയാണെന്ന് ഗ്രാമപഞ്ചായത്തു പ്രസിഡന്‍റ് ഗീതാ കാർത്തികേയനും വൈസ്പ്രസിഡന്‍റ് എം. സന്തോഷ്കുമാറും പറഞ്ഞു. കുലച്ച തെങ്ങിലെ വിളവെടുപ്പ് വിപുലമായി നടത്താനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

പഞ്ചായത്തംഗം മിനി പവിത്രൻ, സ്റ്റാ ന്‍റിംഗ് കമ്മറ്റി ചെയർമാൻ ബൈ രഞ്ജിത്ത്, എൻ.കെ. നടേ ശൻ എന്നിവരും കൃഷിയിടം സന്ദർശിച്ച് പ്രോത്സാഹനങ്ങൾ നൽകുന്നു. ഇരുപത്തിയഞ്ച് തൊഴി ലാളികളുള്ള തൊഴിലുറപ്പ് ഗ്രൂപ്പ് 1665 ദിനങ്ങളെടുത്താണ് പദ്ധതി പൂർത്തിയാക്കിയതെന്ന് പഞ്ചായ ത്തംഗം മിനി പവിത്രനും മേറ്റ് മഞ്ചുവും പറഞ്ഞു.

ഫോണ്‍: ഗോപി- 94461 41338.

ടോം ജോർജ്