കൊക്കോയുടെ സ്വന്തം മോനായി
കൊക്കോയുടെ സ്വന്തം മോനായി
മണിമല മോനായി എന്ന കൊച്ചുമുറിയില്‍ കെ.ജെ. വര്‍ഗീസ് കൊക്കോയ്പ്പം ജീവിതം ചിട്ടപ്പെടുത്തിയിട്ടു നാലു പതിറ്റാണ്ടു കഴിഞ്ഞു. കര്‍ഷകരില്‍ നിന്നു കൊക്കോ കുരു സമാഹരിച്ചാണ് ആദ്യം അദ്ദേഹം രംഗത്തെത്തിയത്. പിന്നീട് കര്‍ഷകനായും കര്‍ഷക സംഘം രൂപീകരിച്ചും മോനായി രംഗം നിറയുകയായിരുന്നു.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്ന് ആയിരത്തോളം കൊക്കോ കര്‍ഷകര്‍ അംഗങ്ങളായുണ്ട്. കൊക്കോ കൃഷിയുള്ള ആര്‍ക്കും സംഘത്തില്‍ അംഗമാകാം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. മോനായിയുടെ വീടിനോടു ചേര്‍ന്നു തന്നെയാണ് ഓഫീസ്.

കര്‍ഷകരുടെ ഉന്നതി ലക്ഷ്യമിട്ട് ഉത്പാദക കമ്പനി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണു വര്‍ഗീസ്. അതിന്റെ ഭാഗമായി കൃഷി കൂടുതല്‍ വ്യാപിപ്പിക്കാന്‍ അഞ്ചു വര്‍ഷമായി കൊക്കോ തൈകള്‍ വിതരണം ചെയ്തു വരുന്നു. മികച്ച തൈകള്‍ ഉദ്പാദിപ്പിക്കാന്‍ നഴ്‌സറിയും തുടങ്ങി. മൂന്നു മാസം പ്രായമായ തൈകള്‍ക്ക് 20 രൂപയും ആറു മാസമായതിന് 40 രൂപയുമാണു വില.

ഇതിനോടകം രണ്ടരലക്ഷത്തോളം തൈകള്‍ വിതരണം ചെയ്തു കഴിഞ്ഞു. കൃഷി വകുപ്പിന്‍റെ അംഗീകാരമുള്ള സംസ്ഥാനത്തെ ഏക കൊക്കോ നഴ്‌സറിയാണിത്. ഒരു കൊക്കോ തൈയ്ക്ക് സര്‍ക്കാര്‍ കൃഷിഭവന്‍ വഴി 24 രൂപ സബ്‌സിഡി നല്‍കുന്നുണ്ടെന്നും മോനായി പറഞ്ഞു. തെരഞ്ഞെടുത്ത ചെടിയില്‍ നിന്നുള്ള കായ്കള്‍ പ്രത്യേകം സംരക്ഷിച്ചാണു വിത്തിന് എടുക്കുന്നത്. നന്നായി മൂത്തു പഴുത്ത കായ് പൊട്ടിച്ച് കുരു കഴുകിയെടുക്കും. എന്നിട്ടാണു പ്ലാസ്റ്റിക് കൂടുകളില്‍ പാകുന്നത്.

കേരളത്തില്‍ രണ്ടിനം കൊക്കോ ചെടികളാണു പ്രചാരത്തിലുള്ളത്. കായയ്ക്കു പച്ച നിറമുള്ള ഫോറസ്റ്റീറോയും ചുവന്ന നിറമുള്ള ക്രയോളയും. ആഫ്രിക്കന്‍ വംശജനായ ട്രിനിറ്റാരിയോ എന്ന ഇനം ചിലയിടങ്ങളില്‍ കണ്ടുവരുന്നുണ്ട്. തൊണ്ടിനു കട്ടി കുറഞ്ഞ ഇനമാണു ഫോറസ്റ്റീറോ. കട്ടി കൂടിയതാണു ക്രയോള. ഈ രണ്ടിനങ്ങളുടെയും ഗുണങ്ങള്‍ ചേരുന്ന സിടി 40 എന്നൊരിനം മോനായി കണ്ടെത്തിയിട്ടുണ്ട്.

കട്ടി കുറഞ്ഞ തോടും കൂടുതല്‍ വലിപ്പവും തൂക്കവുമുള്ള കുരുവുമാണ് ഇതിന്റെ പ്രത്യേകത. നാടന്‍ തൈകളില്‍ സിടി 40 മുകുളങ്ങള്‍ ബഡ് ചെയ്തുണ്ടാക്കിയ ഹൈബ്രിഡ് തൈകളും നഴ്‌സറിയില്‍ വില്പനയ്ക്കുണ്ട്. വിവിധ സ്ഥലങ്ങളിലെ തോട്ടങ്ങളിലെത്തി നാടന്‍ മരങ്ങളില്‍ പുതിയ ഇനം ബഡ് ചെയ്തു കൊടുക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. 100 കുരുവിന് 100 ഗ്രാം എന്നതാണ് അന്താരാഷ്ട്ര നിലവാരം. എന്നാല്‍, സിടി 40യുടെ 55- 60 കുരു100 ഗ്രാം വരുമെന്നു മോനായി അവകാശപ്പെടുന്നു.

ഒരേക്കറില്‍ 200 തൈകള്‍ എന്നതാണ് കണക്ക്. ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം. തൈ വച്ചു ചുവട് പിടിച്ചു കഴിഞ്ഞാ ല്‍ ഇടവിട്ട് പുളിപ്പിച്ച ചാണക വെള്ളം ഒഴിച്ചു കൊടുക്കുന്നതാണു പ്രധാന വളപ്രയോഗം. 20 കിലോ ചാണകം, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക്, ഒരു കിലോ കടല പ്പിണ്ണാക്ക് എന്നിവ 200 ലിറ്റര്‍ ജാറിലിട്ട് 100 ലിറ്റര്‍ വെള്ളം ഒഴിച്ചു നന്നായി ഇളക്കി മൂടി അഞ്ചു ദിവ സം സൂക്ഷിച്ചുവയ്ക്കണം.

ആറാം ദിവസം മൂടി തുറന്നു നന്നായി ഇളക്കി 100 ലിറ്റര്‍ വെള്ളം കൂടി ചേര്‍ത്തു നേര്‍പ്പിച്ചെടുക്കണം. ഇത് ഓരോ ലിറ്റര്‍ വീതം ഓരോ ചെടിക്കും ഒഴിച്ചു കൊടുക്കണം. അങ്ങനെ ഒരേക്കറിലെ 200 ചെടികള്‍ക്ക് 200 ലിറ്റര്‍.

ചെടി വളര്‍ന്ന് അഞ്ചടി ഉയരമെത്തിയാല്‍ പ്രൂണിംഗ് നടത്തണം. തായ് തണ്ടിലും പധാന ശിഖരങ്ങളിലും കാറ്റും വെളിച്ചവും കിട്ടത്തക്കവിധം ചെറു കമ്പുകള്‍ കോതിക്കളയുന്നതാണു പ്രൂണിംഗ്. നല്ല വിളവ് ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്.


തൈ വച്ച് രണ്ടാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. നാലാം വര്‍ഷം മുതല്‍ പൂര്‍ണ വിളവാകും. അഞ്ചാം വര്‍ഷത്തില്‍ ഒരു ചെടിയില്‍ നിന്ന് ഒരു കിലോ ഉണക്കക്കുരു ലഭിക്കും. ആറാം വര്‍ഷം രണ്ടു കിലോയും ഏഴാം വര്‍ഷം നാലു കിലോയും കിട്ടും.

നല്ല പരിചരണമുണ്ടെങ്കില്‍ പത്താം വര്‍ഷം മുതല്‍ കുറഞ്ഞതു 10 കിലോ ഉണക്കുരു ലഭിക്കും. നാലു കിലോ കായ് പൊട്ടിച്ചാല്‍ ഒരു കിലോ പച്ചക്കുരു എന്നതാണു കണക്ക്. മാര്‍ക്കറ്റ് വിലയേക്കാള്‍ 5 രൂപ കൂട്ടിയാണു സംഘം കുരു എടുക്കുന്നത്. ഉണക്കക്കുരു കിലോയ്ക്ക് ഇപ്പോള്‍ 200 രൂപ വിലയുണ്ട്. പച്ചക്കുരുവിന് 60 രൂപയും.

സംസ്ഥാനത്ത് ജനുവരി മുതല്‍ ഡിസംബര്‍ വരെയാണു സീസണ്‍. ആഴ്ചയില്‍ മൂന്നു ദിവസമാണ് സംഘത്തില്‍ കുരു സംഭരിക്കുന്നത്. ആഴ്ചയില്‍ മൂന്നു 'ടണ്ണോളം ലഭിക്കും. ഇത് ഉണങ്ങിയെടുക്കുമ്പോള്‍ ഒരു ടണ്‍ കിട്ടും.

കൊക്കോ കുരു സംസ്‌കരിക്കാനും ഉണങ്ങി സൂക്ഷിക്കാനും മോനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകരില്‍ നിന്നും സ്വന്തം പുരയിടത്തില്‍ നിന്നും സംഭരിക്കുന്ന പച്ചക്കുരു പുളിപ്പിച്ചെടുക്കുകയാണ് ആദ്യ പടി. അതിനു തടിയില്‍ മൂന്നു നിലകളിലായി തീര്‍ത്ത വലിയ പെട്ടികളുണ്ട്. പച്ചക്കുരു ആദ്യം മുകളിലത്തെ പെട്ടിയില്‍ നിക്ഷേപിക്കും.

അവിടെ മൂടി സൂക്ഷിക്കുന്ന കുരുവിന്റെ മാംസള ഭാഗങ്ങള്‍ അഴുകി അലിഞ്ഞു ചേരും. രണ്ടു ദിവസം കഴിഞ്ഞു മൂടി തുറന്നു കുരു താഴത്തെ അറയിലേക്കു തള്ളി മറ്റും. അവിടെയും രണ്ടു ദിവസം. പിന്നെ മൂന്നാമത്തെ പെട്ടിയിലേക്ക്. അവിടെ ഒരു ദിവസം. അപ്പോഴേക്കും കുരുവിന് ഓടിന്റെ നിറം വരും. അതാണ് ഉണങ്ങിയെടുക്കുന്നത്.

വെയിലായാലും മഴയായാലും കുരു ഉണങ്ങി എടുക്കാന്‍ മോനായിക്കു സൗരോര്‍ജ ഡ്രയറുണ്ട്. 60 അടി നീളവും 30 അടി വീതിയുമുണ്ട് ഡ്രയറിന്. ഇതിന്റെ മേല്‍ക്കൂര യുവി ഷീറ്റുകൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്. ഈര്‍പ്പം പുറത്തു പോകാന്‍ വെന്റിലേഷനുണ്ട്. ഉള്ളില്‍ ഇരുമ്പ് പൈപ്പുകളില്‍ ഘടിപ്പിച്ചിരിക്കുന്ന അലൂമിനിയം നെറ്റുകളിലാണു കുരു ഉണങ്ങാനിടുന്നത്. ഒരേ സമയം 5000 കിലോ വരെ ഉണങ്ങിയെടുക്കാം. ദീര്‍ഘനാള്‍ സൂര്യപ്രകാശം കിട്ടാതെ വന്നാല്‍ വിറക് ഡ്രയറുമുണ്ട്. വിറക് കത്തിക്കുന്നതു വഴിയുണ്ടാകുന്ന ചൂട് ഡ്രയറിലെത്തിച്ചാണു കുരു ഉണക്കിയെടുക്കുന്നത്.

കര്‍ണാടകയിലെ സുളളിയായില്‍ മോനായിക്കു സ്വന്തമായി കൊക്കോ കമ്പനിയുമുണ്ട്. സീസണില്‍ ദിവസം അഞ്ചു ടണ്‍ വരെ കുരു സംഭരിച്ച്, സംസ്‌കരിച്ച് ഇവിടെ നിന്ന് അദ്ദേഹം കയറ്റുമതി ചെയ്യുന്നു. പ്രധാനമായും ചോക്ലേറ്റ് കമ്പനികള്‍ക്കാണ് അദ്ദേഹം കുരു നല്‍കുന്നത്.

എലിയും അണ്ണാനുമാണു കൊക്കോ കര്‍ഷകരുടെ എക്കാലത്തെയും ഭീഷണി. എലികളെ എലിക്കെണികള്‍ വച്ചു പടിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. അണ്ണാനെ കായ് തിന്നാന്‍ അനുവദിക്കുന്നതാണു മോനായിയുടെ രീതി. ഓരോ മരത്തിലും ഒന്നോ രണ്ടോ പഴുത്ത കായ്കള്‍ നിറുത്തി ബാക്കി പറിച്ചെടുക്കും. അണ്ണാന്‍ കൊക്കോ കുരുവിന്റെ മാംസളഭാഗം മാത്രമേ തിന്നുകയുള്ളൂ. കുരു കളയുകയും ചെയ്യും. ചെടിയുടെ ചുവട്ടില്‍ ഗ്രീന്‍ നെറ്റ് വിരിച്ചാല്‍ ഈ കായ്കള്‍ പിന്നീട് പെറുക്കിയെടുക്കുകയും ചെയ്യാം.

കര്‍ഷകരില്‍ നിന്നു കുരു സംഭരിക്കുന്നതിനും ഉണങ്ങുന്നതിനും നഴ്‌സറിയില്‍ തൈകള്‍ ബഡ് ചെയ്യുന്നതിനും മറ്റുമായി പത്തിലേറെ തൊഴിലാളികളുണ്ട്. ഭാര്യ മേരിയമ്മ സഹായവുമായി എപ്പോഴും മോനായ്‌ക്കൊപ്പമുണ്ട്. ഫോണ്‍: 9447184735