ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമുണ്ടായിരുന്നില്ല. ഒന്നു പോയാല്‍ മറ്റൊന്ന്. ഈ റൂട്ടില്‍ ഷിബി കുര്യന്റെ വക എട്ട് ബസുകളാണു സര്‍വീസ് നടത്തിയിരുന്നത്.

എന്നാല്‍, അശനിപാതംപോലെ എത്തിയ കോവിഡ് എല്ലാം തകര്‍ത്തുകളഞ്ഞു. 22 വര്‍ഷമായി നല്ല നിലയില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഒരോന്നായി ഷെഡ്ഡില്‍ കയറ്റി. എട്ട് ബസുകളില്‍ നിന്നു രണ്ടിലെത്താന്‍ അധികം നാള്‍ വേണ്ടിവന്നില്ല. ജീവിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടിയ നാളുകള്‍.

രണ്ടു ബസുകളുമായി മുടന്തി നീങ്ങിയ ഷിബിയുടെ ജീവിതം മാറ്റി മറിച്ചതു മക്കളുടെ കുതിര കമ്പമാണ്. ഒപ്പം തകരാത്ത ആത്മവിശ്വാസവും. കൊറോണ കാലത്തിനു തൊട്ടു മുമ്പാണു മക്കള്‍ കുതിര സവാരി പഠിക്കണമെന്നു പറയുന്നത്. എന്നാല്‍, അതിനുള്ള സൗകര്യം കോട്ടയത്തുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു കുതിരയെ വാങ്ങി സവാരി പഠിക്കാന്‍ തീരുമാനിച്ചു.

പരിശീലനം ലഭിക്കാത്ത കുതിരയെയാണു വാങ്ങിയത്. പ്രശ്‌നക്കാരനാണെന്ന് അറിഞ്ഞതുമില്ല. അതുകൊണ്ടുതന്നെ വാങ്ങിയ കുതിരയെ പരിശീലനത്തിന് ഉപയോഗിക്കാനുമായില്ല. എന്നാല്‍ പിന്‍വാങ്ങാന്‍ ഷിബി തയാറായില്ല. അതിനെ പരിശീലിപ്പിച്ചെടുത്തു. സാവധാനത്തില്‍ കുതിരകളോടു കമ്പമായി. കുതിരകളെ വാങ്ങുകയും പരിശീലനം നല്‍കുകയും വില്‍ക്കുകയും ചെയ്യുന്നതു പതിവായി.

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ 25ലധികം കുതിരകള്‍ ഷിബിയുടെ ഫാമില്‍ നിന്ന് വിറ്റു പോയി. ഇപ്പോള്‍ കുട്ടികളടക്കം 10 കുതിരകളുണ്ട്. ബിസിനസ് കുഴപ്പമില്ലാതെ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ ബ്രീഡിംഗ് ആരംഭിച്ചു. ഇതിനായി ലക്ഷണമൊത്ത ഒരു ആണ്‍ കുതിരയെ വാങ്ങി. മൂന്നു വയസില്‍ പ്രായപൂര്‍ത്തയാകുന്ന കുതിരകളുടെ ഗര്‍ഭകാലം 11-12 മാസമാണ്.

കുതിരയുടെ ഗര്‍ഭ കാലാവധി 11 മാസമാണ്. ഇക്കാലത്ത് ശ്രദ്ധയോടെ യുള്ള പരിപാലനം ആവശ്യമാണ്. ഇതുവരെ ഇവിടെയുണ്ടായ ഒമ്പത് കുഞ്ഞുങ്ങളില്‍ അഞ്ചെണ്ണം വിറ്റു പോയി.

ഉയരം, നിറം, മാതാപിതാക്കളെ സംബന്ധിച്ച രേഖകള്‍ തുടങ്ങിയവ യുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഇന്ത്യന്‍ ബ്രീഡു കള്‍ക്ക് 50,000 രൂപ മുതല്‍ വിലയുണ്ട്. കത്തിയവാറി, മാര്‍വാറി, സിന്ധി, പോണി ഇനങ്ങളാണ് പ്രചാത്തിലുള്ള ഇന്ത്യന്‍ബ്രീഡുകള്‍.

ഇതില്‍ മാര്‍വാറി ഇനത്തി നാണ് കൂടുതല്‍ വില. നല്ല ഉയരമുള്ള ലക്ഷണമൊത്ത മാര്‍വാറിക്ക് ഒരു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ വില ലഭിക്കും. 50-60 ലക്ഷം മുതല്‍ മൂന്നു കോടി രൂപ വരെ വില യുള്ള കുതിരകളുമുണ്ട്.

സവാരിക്ക് പുറമേ ഭാരം ചുമക്കാനും വണ്ടികള്‍ വലിക്കാനും കുതിരകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ ഭാരം താങ്ങാന്‍ കഴിവുള്ള പോണി ഇനത്തില്‍പ്പെട്ടവയെയാണ് ഇതിന് കൂടുതലായും ഉപയോഗി ക്കുന്നത്. ഉയരം കുറവുള്ള ഇനമാക യാല്‍ കുട്ടികളുടെ സവാരിക്കും ഇതാണ് ഉത്തമം.
കുതിര സവാരിക്ക് പ്രിയമേറുന്നു

കുതിര സവാരിയോട് ആളുകള്‍ക്ക് കമ്പമേറി വരുന്നുണ്ടെന്നു ഷിബി പറഞ്ഞു. അതുകൊണ്ടുതന്നെ ബിസി നസിനൊപ്പം റൈഡിംഗ് പരിശീലന ത്തിനും ഷിബി ഊന്നല്‍ നല്‍കുന്നു. ഏറ്റവും മികച്ച വ്യായാമം കൂടിയാണ് കുതിര സവാരി. ശാരീരികവും മാന സികവുമായ ഉല്ലാസത്തിന് ഇത്ര ത്തോളം മികച്ച മറ്റൊരു ഉപാധിയില്ല. കുതിര സവാരിയിലൂടെ ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കും.

കാലിന്റെ പെരുവിരല്‍ മുതല്‍ തലച്ചോര്‍ വരെ മുഴുവന്‍ അവയവങ്ങളെയും ഉത്തേ ജിപ്പിക്കും. ശാരീരിക ക്ഷമത വര്‍ ധിക്കും. കുട്ടികള്‍ക്ക് ശാരീരിക ക്ഷമത കൈവരിക്കുന്നതിനൊപ്പം ധൈര്യം ആര്‍ജിക്കാനും ഇതുവഴി സാധിക്കുന്നു. എഞ്ചിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, ഐ.ടി പ്രൊഫഷണല്‍സ് തുടങ്ങിയവരാണ് സവാരിക്കെത്തുന്നവരില്‍ ഏറെയും.

ഉദ്ഘാടന ചടങ്ങുകള്‍ക്കും വിഐ പികള്‍കളുടെ സ്വീകരണത്തിനും പ്രൗഢി കൂട്ടാന്‍ കുതിരകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിവാ ഹത്തിനും ആവശ്യക്കാരേറെയാണ്. വധൂവരന്മാര്‍ കുതിരവണ്ടിയില്‍ എത്തു ന്നതാണു പൊതുവെയുള്ള രീതി. ഒറ്റക്ക് കുതിരപ്പുറത്തെത്തി താരമാകുന്ന വരന്മാരുമുണ്ട്.

കുതിരകളുടെ പരിപാലനം താരത മ്യേന എളുപ്പമാണ്. രാവിലെയും വൈകുന്നേരവും ഭക്ഷണവും കുടി ക്കാന്‍ ഇടയ്ക്കിടെ ശുദ്ധമായ വെള്ളവും നല്‍കണം.

ഗോതമ്പിന്റെയും ചോള ത്തിന്റെയും തവിട്, ഓട്‌സ് തുടങ്ങിയവ മിക്‌സ് ചെയ്തതാണ് പ്രധാന ഭക്ഷണം തയാറാക്കുന്നത്. വലിയ കുതിരക്ക് 300 -400 രൂപയും കുട്ടികള്‍ക്ക് 150-200 രൂപയും പ്രതിദിനം തീറ്റച്ചെലവ് വരും. കുതിരകള്‍ക്ക് പൊതുവെ രോഗങ്ങള്‍ കുറവാണ്. എന്നാല്‍ ദഹനപ്രശ്‌ന ങ്ങളുണ്ടാകാറുണ്ട്.

വളര്‍ത്തു പക്ഷികളും നായക്കളും

നായ്ക്കളും പക്ഷികളും ഷിബിക്ക് മനസിന് ആനന്ദം പകരുന്ന പാഷ നാണ്. ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ്, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ആമസോണ്‍ ഗ്രേ പാരറ്റ്, എക്ലേസിസ് തുടങ്ങിയ വിഐപികളാണ് ഷിബിക്കൊപ്പമുള്ളത്. മക്കാവിന്റെ ബ്രീഡിംഗ് പെയറിന് 5 - 6 ലക്ഷം രൂപയാണ് വില. കുഞ്ഞു ങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ വില ലഭിക്കും.

ഭാര്യ: രാജി. മക്കള്‍: വിദ്യാര്‍ഥികളായ ഷാരുണ്‍, സ്റ്റാന്‍ലി, സേറ. ഫോണ്‍: 9400538772

- രാജു കുടിലില്‍