സർജറി പരിഹാരമാണോ?
Wednesday, October 19, 2016 4:14 AM IST
ഞാൻ 36 വയസുള്ള കുടുംബനാഥനാണ്. ഭാര്യയ്ക്കു 31 വയസ്. രണ്ടു പ്രസവവും സാധാരണ നിലയിലായിരുന്നു. ഇപ്പോൾ യോനി അയവായതു കാരണം ലൈംഗികതയിൽ സുഖം തോന്നുന്നില്ല. വജൈനോപ്ലാസ്റ്റി സർജറിയാണോ ഈ പ്രശ്നത്തിനു പരിഹാരം. ഇതിനുള്ള സൗകര്യം എവിടെയാണുള്ളത്?

പ്രസവശേഷം യോനിക്ക് അയവു സംഭവിക്കുന്നതു യോനീപേശികൾക്ക് അയവു വരുന്നതുകൊണ്ടാണ്. ഇതു മൂലം ലൈംഗിക സുഖം കുറയും. ഇതു പരിഹരിക്കാൻ ആദ്യമേ വജൈനോപ്ലാസ്റ്റി എന്ന സർജറി ചെയ്യണം എന്നില്ല. കീഗൽസ് വ്യായാമമുറ ശീലിക്കുന്നതിലൂടെ യോനീപേശികളുടെ മുറുക്കം വീണ്ടെടുത്ത് അവയെ ദൃഢമാക്കാം. പെൽവിക് ഫ്ളോർ മസിലുകളെ സങ്കോചിപ്പിക്കുകയും അയയ്ക്കുകയും ചെയ്യുന്നതാണു ഈ വ്യായാമം. ഈ മസിലുകളെ തിരിച്ചറിയാൻ വഴിയുണ്ട്. മൂത്രമൊഴിക്കാൻ ഇരിക്കുന്നതുപോലെ ഇരിക്കുക. ഈ പേശികളാണ് pubococcygeous muscles ഇങ്ങനെ യോനീപേശികളെ മുറുക്കിപ്പിടിക്കുമ്പോൾ അതോടൊപ്പം ഉദരപേശികളെയും തുടയിലെ പേശികളെയും മുറുക്കിപ്പിടിക്കരുത്. പേശികളെ മുറുക്കിപ്പിടിക്കുമ്പോഴും അയച്ചുവിടുമ്പോഴും ശ്വാസം ഉള്ളിലേക്കു എടുക്കണം. ഒരു പ്രാവശ്യം ഈ മസിലുകളെ തിരിച്ചറിഞ്ഞാൽ പിന്നീടു വിരൽ കടത്തി നോക്കേണ്ട കാര്യമില്ല. വ്യായാമം ചെയ്യുന്നതിന്റെ തൊട്ടുമുമ്പായി, മൂത്രമൊഴിക്കണം. അതിനുശേഷം പിടിച്ചുവയ്ക്കാൻ ശ്രമിക്കും പോലെ പേശികളെ മുറുക്കിപ്പിടിക്കുകയും പിന്നെ അയച്ചുവിടുകയും ചെയ്യുക. ഒരു തവണ 20 പ്രാവശ്യം വീതം ദിവസവും രണ്ടു നേരമെങ്കിലും ചെയ്യാം. കീഗൽസ് വ്യായാമം ശീലിച്ചിട്ടും ഫലമില്ലെങ്കിൽ മാത്രം വജൈനോപ്ലാസ്റ്റിയെ ആശ്രയിച്ചാൽ മതി. വജൈനൽ റീജുവനേഷൻ എന്നും അറിയപ്പെടുന്ന ഇത് വൈദഗ്ധ്യമുള്ള ഒരു ഗൈനക്കോളജിസ്റ്റിനു ചെയ്യാം.