സുധാമണിയുടെ യാത്രകൾ
സുധാമണിയുടെ യാത്രകൾ
പൂന്തോട്ടത്ത്‌ വിനയകുമാർ

വീട്ടിൽ നിന്നും അകലെയുള്ള സ്ഥലത്തെ പി എസ്‌ സി പരീക്ഷ എഴുതുവാൻ വേണ്ടി കാലത്തേ തന്നെ പുറപ്പെട്ടതാണ്...
ദൂരെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ സുധാമണി പൊതുവെ വെള്ളം കുടിക്കാറില്ല.........
കാര്യം അത് തന്നെ ...
…..മൂത്രമൊഴിക്കാൻ മുട്ടിയാലോ എന്നുള്ള ഭയം …!!
കഴിഞ്ഞ പ്രാവശ്യം പരീക്ഷയ്ക്ക് തന്നെക്കൊണ്ട്പോയത് മൂത്ത സഹോദരനായിരുന്നു ...ഇന്ന് അച്ഛനാണ് കൂടെ വന്നിട്ടുള്ളത്.....
വലിയ കഷ്ടപ്പാട് തന്നെ തങ്ങൾ പെണ്ണുങ്ങൾക്ക് എന്ന് അവൾക്കു പല പ്രാവശ്യം തോന്നിയിട്ടുണ്ട് ..

.ദൂരെ എവിടെയെങ്കിലും പോകുമ്പോൾ ഏതെങ്കിലും കടകളിൽ നിന്ന് ഭക്ഷണം കഴിച്ചാലായി...ടോയ്‌ലറ്റ് സൗകര്യം നോക്കി ഏതെങ്കിലും കടകളിൽ കയറാനൊക്കുമോ...?
അല്ലെങ്കിൽ അങ്ങനെയുള്ള കടകളിലെ കയറാവൂ എന്ന് പെണ്ണുങ്ങൾക്ക്‌ പറയാൻ കഴിയുകയുമില്ലല്ലോ ...അതൊക്കെ അവരരുടെ സെലക്ഷനുകൾ .... നമ്മുടെ ഇഷ്ട്ടങ്ങൾക്ക് എന്ത് പ്രസക്തി ..

അത് സഹോദരനായാലും , അച്ഛനായാലും , ഭർത്താവായാലും....
അവരുടെ ഇഷ്ടങ്ങൾ മാത്രമാണല്ലോ അവർ നോക്കുന്നത്....
മൂത്രമൊഴിക്കാൻ മുട്ടിയാൽ അവർക്കു ഏതെങ്കിലും കോണിൽ നിന്ന് കാര്യം സാധിക്കാമല്ലോ ....അതുപോലാണോ തങ്ങൾ പെണ്ണുങ്ങളുടെ കാര്യം ....
അല്ലെങ്കിലും ഈ ആണുങ്ങൾ തങ്ങളുടെ കാര്യം ആലോചിക്കാറുണ്ടൊന്നു പോലും സുധാമണിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുമുണ്ട്…..
... കഴിഞ്ഞ തവണ കടുത്ത മഴയുള്ള ദിവസമായിരുന്നു പരീക്ഷ പതിവിലും നേരത്തെ ആ "ദിവസവും " വന്നു ചേർന്നു.

ബസിലാണെകിൽ മുടിഞ്ഞ തിക്കും തിരക്കും ....ബസ്സിന്റെ കമ്പിയിൽ തൂങ്ങി നിന്ന് കുലുങ്ങി മറിഞ്ഞുള്ള ആ യാത്രയെക്കുറിച്ചോർത്തപ്പോൾ തന്നെ അവൾക്ക് ഓക്കാനം വന്നു.
മൂന്ന് മണിക്കൂറുകൾക്ക് പരീക്ഷ എഴുതേണ്ട സ്ഥലത്തെത്തി …പഴയ ഒരു സ്കൂൾ....
ഗേറ്റ് തുറന്നിട്ടുമില്ല ..

അവിടവിടെ ചെറുപ്പക്കാർ നിറഞ്ഞു നിൽക്കുന്നു ... രാവിലെ വെള്ളം കുടിച്ചില്ലെങ്കിലും തണുപ്പായതു കൊണ്ട് യാത്രയുടെ പകുതിദൂരമെത്തിയപ്പോഴേക്കും മൂത്ര ശങ്ക തുടങ്ങിയിരുന്നു ……ഇപ്പോൾ അത് കലശലായിരിക്കുന്നു ...!!

ഇനി സ്കൂളിനത്തു ചെന്നിട്ടാകട്ടെ നേരെ മൂത്ര ശങ്ക തീർത്തിട്ട് തന്നെ കാര്യം…..
ഒടുവിൽ ഗേറ്റ് തുറന്നു ...

അകത്തേക്ക് കുട്ടികൾ ആവേശത്തോടെ ...
അവൾ ആദ്യം പോയത് സ്കൂളിനകത്തെ വാഷ് റൂം നോക്കിയാണ്...
കഷ്ടം , ഫലം നിരാശാജനകം ...
തഴുതിട്ടു പൂട്ടിയിരുന്നു...
കാലമാടൻമാർ .....!!

വാഷ് റൂം താഴിട്ടു പൂട്ടിയിട്ടുപോയ ആളെ അവൾ മനസ് നൊന്തു ശപിച്ചു.
നിരാശയോടെ നേരെ പരീക്ഷ ഹാളിലേക്ക്.... ചോദ്യപ്പേപ്പറിലൂടെ കണ്ണുകൾ നീങ്ങിയെങ്കിലും അവളുടെ അടിവയറ്റിൽ വേദന കടുത്തു വിങ്ങാൻ തുടങ്ങിയിരുന്നു….....അടിവയർ പൊട്ടുന്ന വീർപ്പുമുട്ടൽ ..അസ്വസ്ഥത..... തൻ്റെ ബാലൻസ് തെറ്റുന്നതുപോലെ സുധാമണിക്ക് തോന്നി ..... ശത്രുക്കൾക്ക് പോലും ഈ ഒരവസ്ഥ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു പോകുന്ന നിമിഷം.

കൈ വിറക്കുന്നതു പോലെ .....
വിയർപ്പു പൊടിയുന്നു ....
വിങ്ങുന്ന വയറ് ഇപ്പൊ പൊട്ടിത്തകരുമെന്നു പോലും അവൾക്ക്‌ തോന്നി..... കടുത്ത വിശപ്പും ....കൈകാലുകൾ തളരുന്നതുപോലെ…..

ചോദ്യ പേപ്പറിലെ ഓരോ അക്ഷരങ്ങളും അവൾക്ക് ഓരോ അഗ്നിഗോളങ്ങളായി തോന്നിത്തുടങ്ങിയിരുന്നു ....വെന്തുരുകി ആവിയായിപ്പിക്കുന്നതുപോലെ……
ഒരു വിധം പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി അച്ഛന്റെ പിറകെ അവൾ നടന്നു...
അച്ഛൻ വളരെ വേഗത്തിൽ നടക്കുന്നയാളാണ്‌ ...
തിരക്കിനിടയിലൂടെ വേഗത്തിൽ നടക്കുന്ന അച്ചനൊപ്പമെത്താൻ
വേദനിക്കുന്ന വയറുമായി കുറെയല്ല അവൾ പാട് പെട്ടത് … കൊടും നരകം അവൾ മുമ്പിൽ കാണുകയായിരുന്നു ...

ആരോട് പറയും...എന്ത് ചെയ്യാൻ കഴിയും... .
മണിക്കൂറുകൾ താണ്ടിയാലേ തിരികെ വീട്ടിലെത്താൻ കഴിയൂ…..
ഒറ്റക്കാലിൽ ബസിനുള്ളിൽ തിരക്കിൽ ബസിനുള്ളിൽ തൂങ്ങി നിൽക്കുമ്പോൾ
കാലുകളുടെ ശക്തി കുറയുന്നതും , അടിവയറ്റിൽ നിന്നും കുത്തിപറിക്കുന്ന വേദന കഠിനമാകുന്നതും അവൾ അറിഞ്ഞു . സുധാമണിയുടെ കണ്ണുകളിൽ ആവി കിനിഞ്ഞു കാഴ്ച മറഞ്ഞു ..……
അപ്പോഴേക്കും യാത്രക്കാരെയും കുത്തി നിറച്ചു ബസ് കുതിച്ചു തുടങ്ങിയുന്നു.....
**

useful_links
story
article
poem
Book