കണ്ണീരുണങ്ങാതെ....
അ​ന്നം തേ​ടി​യെ​ത്തു​ന്ന​വ​രെ ഒരിക്കലും ക​ട​ല​മ്മ നിരാശരാക്കിയിരുന്നില്ല. ത​ന്‍റെ മ​ടി​ത്ത​ട്ടി​ലെ മീ​ൻ വാ​രാ​നെ​ത്തു​ന്ന മാ​ന​വ​ന് അ​ള​വ​റ്റ സ്നേ​ഹ​വും അ​ഭ​യ​വും ന​ൽ​കി ക​ട​ല​മ്മ കാ​ത്തു സൂ​ക്ഷി​ച്ചു. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും തീ​ർ​ക്കു​ന്ന വി​ഘ്ന​ങ്ങ​ളെ ത​ട​ഞ്ഞ് നി​ർ​ത്തി മ​ക്ക​ളെ സം​ര​ക്ഷി​ച്ച് പോ​ന്നു. ആ​ഴ​ങ്ങ​ളു​ടെ ക​ണ​ക്ക​റി​യാ​തെ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ കാ​ത​ങ്ങ​ൾ താ​ണ്ടി വ​രു​ന്ന​വ​ർ​ക്ക് ത​ള, ക​ല​വ, ചേ​മീ​ൻ, ക​ട്ട​ക്കൊ​മ്പ​ൻ, പ​ല്ല​ൻ പോ​ള, കേ​ര​ച്ചൂ​ര, അ​യി​ല, ക​ണ​വ, സ്രാ​വ്, പാ​ലാ​വ്, വാ​ള എ​ന്നി​ങ്ങ​നെ​ വി​ല പി​ടി​പ്പു​ള്ള മ​ത്സ്യ​ങ്ങ​ൾ ന​ൽ​കി അ​നു​ഗ്ര​ഹി​ച്ചു.

അ​ന്ന​ന്ന് വേ​ണ്ട അ​ന്ന​ത്തി​നും ക​ഴി​ഞ്ഞു​ള്ള മീ​ൻ ന​ൽ​കി അ​ള​വ​റ്റ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന ക​ട​ല​മ്മ​യെ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ച്ചു. എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച ചെ​റു​വ​ള്ള​ങ്ങ​ളി​ൽ തീ​ര​ത്തു നി​ന്ന് ഇ​രു​ന്നൂ​റ് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യെ​ത്തി​യി​രു​ന്ന പ​ര​മ്പ​രാ​ഗ​ത​ക്കാ​ർ​ക്കും ക​ട​ല​മ്മ ത​ണ​ലേ​കി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി​യെ​ത്തി​യി​രു​ന്ന​വ​രെ​യും അ​പ്ര​തീ​ക്ഷി​ത​മാ​യി വീശി​യ​ടി​ക്കു​ന്ന കാ​റ്റു​ക​ളി​ൽ നി​ന്ന് പി​ന്തി​രി​യാ​ൻ ക​ട​ല​മ്മ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കാ​റ്റി​ന്‍റെ വ​ര​വ​റി​യി​ച്ച് കൂ​ട്ട​ത്തോ​ടെ മു​ൻ​പെ പാ​യു​ന്ന ചെ​റു​പ്രാ​ണി​ക​ളെ​യും ക​ട​ലി​ന്‍റെ മ​ക്ക​ൾ ഭ​യ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​ത്ത അ​ല​യാ​ഴി​യിലൂടെ അ​ങ്ങോ​ള​മി​ങ്ങോ​ളം സ്വൈ​ര​വി​ഹാ​രം ന​ട​ത്തി അ​ഷ്ടി​ക്കു​ള്ള വ​ക ക​ണ്ടെ​ത്തി​യി​രു​ന്ന​വ​ർ ഒ​രു​നാ​ൾ ക​ട​ല​മ്മയുടെ മറ്റൊരു മുഖം കണ്ട് ഭയന്നു.

2017 ന​വം​ബ​ർ 30ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഹാ​ര​രൂ​പം പൂ​ണ്ട ക​ട​ല​മ്മ​യു​ടെ കോ​പ​ത്തി​ന് മു​ന്നി​ൽ ആ​ർ​ക്കും പി​ടി​ച്ച് നി​ൽ​ക്കാ​നാ​യി​ല്ല. അ​ഭ​യം ന​ൽ​കി​യ കൈ​ക​ൾ കൊ​ണ്ട് ത​ന്‍റെ നി​ര​വ​ധി മ​ക്ക​ളെ ഞെ​രി​ച്ച് കൊ​ന്നു.​ സ​മ​നി​ല തെ​റ്റി​യ ക​ട​ലി​ന്‍റെ ക​രാ​ള​ഹ​സ്ത​ങ്ങ​ളി​ൽ നി​ന്ന് കു​റെ​പ്പേ​ർ ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു. അ​തോ​ടെ അ​ന്നു​വ​രെ​യു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കി​ല്ലാ​താ​യി. ഇ​പ്പോ​ഴും കോ​പം കെ​ട്ട​ടങ്ങാതെ ചു​ഴി​യു​ടെ രൂ​പ​ത്തി​ൽ ഇ​ള​കി മ​റി​യു​ന്ന ക​ട​ല​മ്മ ആ​ഹാ​രം ന​ൽ​കി ഊ​ട്ടി വ​ള​ർ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ളെ​യും കൊ​ന്നൊ​ടു​ക്കി. അ​ടി​ത്ത​ട്ടി​ൽ വസിച്ചിരുന്ന മീ​നു​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​രു​ത്തി. ഇ​രി​ക്കാ​നൊ​രി​ട​മി​ല്ലാ​തെ വ​ന്ന​തോ​ടെ ഇ​വ​യു​ടെ വം​ശ​വ​ർ​ധ​ന​വും ഇ​ല്ലാ​താ​യി. മീ​ൻ പി​ടി​ത്തം മാ​ത്ര​മ​റി​യാ​വു​ന്ന ക​ട​ലി​ന്‍റെ മ​ക്ക​ൾ പേ​ടി​യോ​ടെ വ​ള്ള​മി​റ​ക്കി​യെ​ങ്കി​ലും നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു ഫ​ലം. ര​ണ്ടും ക​ല്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് പോ​യ​വ​ർ ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ എ​ണ്ണി​യാ​യി​രു​ന്നു തീ​ര​ത്ത​ണ​ഞ്ഞ​ത്. മ​തി​യാ​യ വി​ല കി​ട്ടി​യി​രു​ന്ന കൂറ്റ​ൻ മീ​നു​ക​ളു​ടെ സ്ഥാ​ന​ത്ത് ചാ​ള, നെ​ത്തോ​ലി, കീ​രി​ച്ചാ​ള, കൊ​ഴി​യാ​ള എ​ന്നി​ങ്ങ​നെ​യു​ള്ള​വ​യി​ലൊ​തു​ങ്ങി പ​ര​മ്പ​രാ​ഗ​ത​ക്കാ​രാ​യ ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ സ​മ്പ​ത്ത്.

മുന്പും പിന്പും

അ​റു​പ​ത് വ​യ​സ് പി​ന്നി​ടു​ന്നു വി​ഴി​ഞ്ഞം സ്വ​ദേ​ശി സ്റ്റീ​ഫ​ന്. ക​ട​ല​മ്മ​യു​ടെ ക​നി​വ് തേ​ടി​യു​ള്ള യാത്രയ്ക്ക് നാ​ല്‍​പ്പ​താ​ണ്ട് പി​ന്നി​ട്ടു. ചെ​റി​യ വ​ള്ള​ത്തി​ൽ തു​ഴ​യെ​റി​ഞ്ഞ് തീ​ര​ത്തുനി​ന്ന് ഇ​രു​പ​ത് നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ൽ നി​ന്ന് മീ​ൻ പി​ടി​ച്ചി​രു​ന്ന കാ​ല​ം സ്റ്റീഫന് ഓർമയുണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷം തു​ഴ​യെ​റി​ഞ്ഞ കാ​ല​ത്തി​ന് മാ​റ്റ​മു​ണ്ടാ​യി. എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ൾ സ്ഥാ​നം പി​ടി​ച്ചു. സ്റ്റീ​ഫ​നും സം​ഘ​വും ഉ​ൾ​ക്ക​ട​ൽ ല​ക്ഷ്യ​മാ​ക്കി രാ​പക​ലി​ല്ലാ​തെ പാ​ഞ്ഞു. കു​ടും​ബ​ത്തി​ന്‍റെ പ​ട്ടി​ണി മാ​റ്റാ​നെ​ത്തു​ന്ന ഇ​വ​രെ ക​ട​ല​മ്മ അ​ക​മ​ഴി​ഞ്ഞ് സ​ഹാ​യി​ച്ചി​രു​ന്നു.​


എ​ന്നാ​ൽ കഴിഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ജീവിതത്തിൽ എണ്ണിയെടുക്കാൻ ന​ഷ്ട​ക്ക​ണ​ക്കുകൾ മാ​ത്ര​മാ​ണുള്ളതെന്നു പ​റ​യു​മ്പോ​ൾ നി​രാ​ശ​യു​ടെ നി​ഴ​ലു​ക​ൾ സ്റ്റീഫന്‍റെ മു​ഖ​ത്ത് മി​ന്നി മ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജ​നും മ​ണി​യ​നും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും പ​റ​യാ​നു​ള്ള​തും ഇ​തു ത​ന്നെ​യാ​യി​രു​ന്നു. ഈ ​തൊ​ഴി​ലു​മാ​യി ഇ​നി​യെ​ത്ര കാ​ലം മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​മെ​ന്ന സം​ശ​യ​വും ഇ​വ​ർ​ക്കു​ണ്ട്.

തി​ര​യു​ടെ നീ​രാ​ളിപ്പിടി​ത്ത​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ പാ​വം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ല​മ്മ​യോ​ടു​ള്ള വി​ശ്വാ​സം ന​ഷ്ട​മാ​യി. പേ​ടി​യു​ടെ പി​ടി​യി​ലാ​യ​വ​രെ പ​ഴ​യ പ​ടി​യി​ൽ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​മ​ങ്ങ​ൾക്ക് അ​ടി​ക്ക​ടി​യു​ള്ള കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളും ക​ട​ൽ​ക്കോ​ളും തി​രി​ച്ച​ടി​യാ​യി. ധൈ​ര്യം ന​ഷ്ട​പ്പെ​ട്ട ചി​ല​ർ ഇ​തി​നോ​ട​കം കു​ല​ത്തൊ​ഴി​ലി​നോ​ട് വി​ട​ പ​റ​ഞ്ഞു.

ഓഖി തകർത്ത ജീവിതങ്ങൾ

ഓ​ഖി ദു​ര​ന്തം ഏ​റ്റ​വും കൂ​ടു​ത​ൽ നേ​രി​ട്ട​ത് തീ​ര​ദേ​ശ​ത്തെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളെ മാ​ത്ര​മാ​ശ്ര​യി​ച്ച് വ​ല​ക​ളും ചൂ​ണ്ട​യു​മു​പ​യോ​ഗി​ച്ച് മ​ത്സ്യബ​ന്ധ​നം ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ തെ​ക്കെ കൊ​ല്ലം​കോ​ട് മു​ത​ൽ കേ​ര​ള​ത്തി​ലെ തെ​ക്ക​ൻ തീ​ര​ത്തെ ആ​യി​ര​ങ്ങ​ൾ വരെ വ​ഴി​യാ​ധാ​ര​മാ​യി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സു​നാ​മി​ത്തി​ര​ക​ൾ സം​ഹാ​ര താ​ണ്ഡ​വ​മാ​ടി. ക​ലു​ഷി​ത​മാ​ക്കി​യ ക​ട​ൽ ശാ​ന്ത​മാ​ക്കാ​ൻ കാ​ല​മേ​റെ​യെ​ടു​ത്തിരുന്നു. അ​തി​നു ശേ​ഷം മ​നം മാ​റ്റ​മു​ണ്ടാ​യ ക​ട​ൽ ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​സ​മ്പ​ത്തി​ന് പു​ന​ർ​ജ​ന്മം ന​ൽ​കി. പക്ഷെ എല്ലാം തകിടം മറിഞ്ഞു.

2017 ന​വം​ബ​ർ 30ലെ ​പ്ര​ഭാ​തം മു​ത​ൽ ക​ട​ല​മ്മ സം​ഹാ​ര​രൂ​പി​യാ​യി. ത​ലേ​ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ കാ​റ്റി​ന്‍റെ​യും മ​ഴ​യു​ടെ​യും രൂ​പ​ത്തി​ൽ സ​മ​നി​ല തെ​റ്റി​ത്തു​ട​ങ്ങി​യ ക​ട​ലി​ന്‍റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കാ​ൻ ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കാ​യി​ല്ല. ഏ​ത് ദു​ർ​ഘ​ട ഘ​ട്ട​ത്തി​ലും അ​മ്മ​യെ​പ്പോ​ലെ ത​ണ​ലേ​കു​മെ​ന്ന് ക​രു​തി​യ​വ​ർ ആ​ഴി​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ത​ന്നെ വ​ള്ള​മോ​ടി​ച്ചു. 30ന് ​പു​ല​ർ​ച്ചെ മു​ത​ൽ പു​ക​മ​ഞ്ഞും ഇ​രു​ളും കൊ​ണ്ട് അ​ന്ന​ത്തി​ന് വ​ക തേ​ടി​യെ​ത്തി​യ​വ​രെ മൂ​ടി. അ​പാ​യ​സൂ​ച​ന​യ​റി​യി​ച്ച് ചെ​റു​പ്രാ​ണി​ക​ൾ കൂ​ട്ട​ത്തോ​ടെ പാ​ഞ്ഞു. ഇ​വ​യെ​ല്ലാം വ​രാ​നി​രി​ക്കു​ന്ന വ​ൻ​വി​പ​ത്തി​ന്‍റെ ദുഃ​സൂ​ച​ന​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ആ​ദ്യ​മാ​ർ​ക്കു​മാ​യി​ല്ല.
(തുടരും)

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ര്‍