Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
April 25, 2024
 
 
    
 
Print this page
 

അതിലുമധികം സ്‌നേഹിക്കുന്നതിനാല്‍

പരസ്പരം സ്‌നേഹിക്കുന്ന രണ്ടു പൂമ്പാറ്റകള്‍. തങ്ങളുടെ പരസ്പര സ്‌നേഹത്തെക്കുറിച്ച് അവര്‍ക്കൊരിക്കലും ഒരു സംശയവും തോന്നിയിട്ടില്ല. എങ്കിലും, തങ്ങളില്‍ ആര്‍ക്കാണു കൂടുതല്‍ സ്‌നേഹമുള്ളത് എ ന്ന കാര്യത്തില്‍ അവരുടെയിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

''എന്റെ സ്‌നേഹത്തിനാണ് നിന്റെ സ്‌നേ ഹത്തെക്കാള്‍ തീവ്രത,'' ആണ്‍പൂമ്പാറ്റ പെണ്‍പൂമ്പാറ്റയോടു പറഞ്ഞു.

''അല്ല, അതു ശരിയല്ല,'' പെണ്‍പൂമ്പാറ്റ പറഞ്ഞു: ''എന്റെ സ്‌നേഹത്തിനാണു നിന്റെ സ്‌നേഹത്തെക്കാള്‍ തീവ്രത കൂടുതല്‍. എ ന്നു മാത്രമല്ല, എന്റെ സ്‌നേഹത്തിന് ആഴവും കൂടും.''

''എങ്കില്‍ നമുക്ക് ഇക്കാര്യം ഒന്നു പരീക്ഷിച്ചുകളയാം,'' ആണ്‍ പൂമ്പാറ്റ പറഞ്ഞു. അടുത്തുകണ്ട ഒരു പുഷ്പം ചൂണ്ടിക്കാണിച്ചുകൊണ്ട് ആണ്‍ പൂമ്പാറ്റ തുടര്‍ന്നു: ''ഈ പുഷ്പമായിരിക്കും നമ്മുടെ സ്‌നേഹത്തി ന്റെ സാക്ഷി. നാളെ രാവിലെ ഏറ്റവുമാദ്യം ഈ പുഷ്പത്തില്‍ വന്ന് ആരു കടന്നിരിക്കുന്നുവോ ആ വ്യക്തിയായിരിക്കും ഏറ്റവും കൂടുതല്‍ സ്‌നേഹമുള്ളത്. എന്താ, ഈ പരീക്ഷണം സ്വീകാര്യമാണോ?''

പെണ്‍ പൂമ്പാറ്റയ്ക്കു സ്വീകാര്യമായിരുന്നു ഈ നിര്‍ദേശം. നേരം ഇരുട്ടിത്തുടങ്ങിയിരുന്നതുകൊണ്ട് രാവിലെ പരസ്പരം കാണാമെന്നു പറഞ്ഞ് അവര്‍ അപ്പോള്‍ യാത്രയായി.

പിറ്റേ ദിവസം കിഴക്ക് വെള്ള കീറിയപ്പോഴേക്കും ആണ്‍ പൂമ്പാറ്റ തലേദിവസം പറഞ്ഞുവച്ചിരുന്ന പുഷ്പത്തിന്റെ അരികിലേക്കു പറന്നെത്തി. പക്ഷേ, അപ്പോള്‍ ആ പുഷ്പത്തിന്റെ ഇതളുകള്‍ അടഞ്ഞാണിരുന്നത്.

സൂര്യന്‍ ഉദിക്കുമ്പോഴേക്കും പുഷ്പത്തിന്റെ ഇതളുകള്‍ വീണ്ടും വിടരുമെന്നറിയാമായിരുന്നതുകൊണ്ട് ആ നിമിഷത്തിനു വേണ്ടി ആണ്‍ പൂമ്പാറ്റ കാത്തിരുന്നു. അതിനിടയില്‍ തന്റെ പ്രേമഭാജനം പറന്നെത്തുന്നുണേ്ടായെന്നും അവന്‍ അന്വേഷിക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പുഷ്പത്തിന്റെ ഇതളുകള്‍ വിടര്‍ന്നു. അപ്പോള്‍ ആണ്‍പൂമ്പാറ്റയ്ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. തന്റെ പ്രേമഭാജനം പുഷപത്തിന്റെ ഇതളുകള്‍ക്കടിയില്‍ ഞെരിഞ്ഞ് മരിച്ചുകിടക്കുന്നു!

തന്റെ സ്‌നേഹം എത്ര അഗാധമാണെന്നു തെളിയിക്കാനാണ് ആണ്‍പൂമ്പാറ്റ അതിരാവിലെ പറന്നെത്തിയത്. എന്നാല്‍, അളക്കാവുന്നതിലും അധികമായിരുന്നു പെണ്‍പൂമ്പാറ്റയുടെ സ്‌നേഹം. തന്റെ അഗാധമായ സ്‌നേഗം പ്രകടിപ്പിക്കുവാന്‍ വേണ്ടി രാത്രി മുഴുവനും ആ പുഷ്പത്തിനുള്ളില്‍ കാത്തിരിക്കുവാന്‍ അവള്‍ തീരുമാനിച്ചു. അങ്ങനെ താന്‍ ആദ്യം തന്നെ അവിടെ ഉണ്ടാകുമെന്ന് അവള്‍ ഉറപ്പുവരുത്തി. അതവളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു.

സ്‌നേഹം പ്രതിബന്ധമറിയുന്നില്ല എന്ന യാഥാര്‍ഥ്യം വ്യക്തമാക്കുന്ന ഒരു നുറുങ്ങുകഥയാണ് ഈ പൂമ്പാറ്റകളുടേത്. പരസ്പരം സ്‌നേഹിച്ചിരുന്ന ഈ പൂമ്പാറ്റകളുടെ കഥ കേള്‍ക്കുമ്പോള്‍ മനുഷ്യരുടെയിടയിലുള്ള സ്‌നേഹമായിരിക്കും നമ്മുടെ മനസില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍, മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല ദൈവത്തിന്റെ കാര്യത്തിലും ഈ സ്‌നേഹത്തിന്റെ കഥയെ വെല്ലുന്ന കഥയുണെ്ടന്നത് നമുക്ക് മറക്കാനാവില്ല.

ദൈവം മനുഷ്യനെ സൃഷ്ടിച്ച നിമിഷം തുടങ്ങിയതാണു ദൈവവും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം. ഈ സ്‌നേഹബന്ധത്തില്‍ പലപ്പോഴും പലപാളിച്ചകളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍, അവയുടെയെല്ലാം ഉത്തരവാദി മനുഷ്യന്‍ മാത്രമായിരുന്നു എന്നതാണു വസ്തുത. മനുഷ്യന്റെ കുറ്റവും കുറവും ബലഹീനതയുമൊക്കെയായിരുന്നു ഈ പാളിച്ചകള്‍ക്കു കാരണം.

മനുഷ്യന്‍ പാപം ചെയ്തു ദൈവത്തില്‍ നിന്നകന്നപ്പോഴും ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹത്തില്‍ കുറവുവന്നില്ല. എന്നുമാത്രമല്ല, പാപത്തിന്റെയും മരണത്തിന്റെയും പിടിയിലമര്‍ന്നുപോയ മനുഷ്യനെ രക്ഷിക്കുവാന്‍ വേണ്ടി ദൈം തന്റെ ഏകപുത്രനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ് ദൈവപുത്രനായ യേശു ബേത്‌ലഹമില്‍ അവതീര്‍ണനായത്.

യേശു തന്റെ പരസ്യജീവിതം ആരംഭിച്ചപ്പോള്‍ ഏറ്റവും കൂടുതലായി പ്രസംഗിച്ചതു ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹത്തെക്കുറിച്ചായിരുന്നു. ആ സ്‌നേഹം തന്റെ ജീവിതത്തിലൂടെ മനുഷ്യര്‍ക്കു വ്യക്തമാക്കിക്കൊടുക്കുവാനാണു യേശു കാല്‍വരിയില്‍ തന്റെ ജീവന്‍ മനുഷ്യരുടെ പാപങ്ങള്‍ക്കുള്ള ഹോമബലിയായി അര്‍പ്പിച്ചതും.

മനുഷ്യരെ പാപത്തില്‍ നിന്നു രക്ഷിച്ച് നിത്യജീവിതത്തിലേക്കു നയിക്കുവാന്‍ വേണ്ടി യേശുസഹിച്ച പീഡാസഹനവും അവിടുത്തെ ദാരുണമായ കുരിശുമരണവുമൊക്കെ നാം ഭക്തിപൂര്‍വം അനുസ്മരിക്കു ന്ന ദിവസങ്ങളാണിപ്പോള്‍.

മനുഷ്യനു വിഭാവനം ചെയ്യാവുന്നതിലേറെ ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണു യേശുവിന്റെ ജീവിതത്തില്‍ നാം കാണുന്നത്. അവിടുന്നു കാല്‍വരിയില്‍ മരിക്കുവാന്‍ സന്നദ്ധനായെങ്കില്‍ അതിന്റെ കാരണം അവിടുത്തേക്കു മനുഷ്യരോടുള്ള സ്‌നേഹമായിരുന്നു. അതിരുകളില്ലാത്ത ആ സ്‌നേഹത്തിന്റെ ആഴവും തീവ്രതയും നാം എന്നു മനസിലാക്കുന്നവോ അന്നുമുതല്‍ നാം ദൈവത്തെയും ആഴമായി സ്‌നേഹിക്കും. ദൈവം നമ്മോടു പ്രകടിപ്പിക്കുന്ന സ്‌നേഹത്തിന്റെ ആഴവും തീവ്രതയും നാം മനസിലാക്കാതെ പോവുന്നതുകൊണ്ടാണു ദൈവത്തോടു പ്രതി സ്‌നേഹം കാണിക്കുന്നതില്‍ നാം പരാജയപ്പെടുന്നത്. എന്നാല്‍, അവിടുന്ന് എത്രയോ അധികമായി നമ്മെ സ്‌നേഹിക്കുന്നു എന്നു മനസിലാക്കിയാല്‍ അവിടുത്തോടു നാം പ്രതിസ്‌നേഹം കാണിക്കാതിരിക്കില്ല.

തന്റെ സ്‌നേഹം വ്യക്തമാക്കുവാന്‍ വേ ണ്ടി സ്വന്തം ജീവന്‍ പോലും ബലികഴിച്ച പൂ മ്പാറ്റയെപ്പോലെയാണു ദൈവപുത്രനായ യേശു. മനുഷ്യരായ നമ്മോടുള്ള സ്‌നേഹം വ്യക്തമാക്കാന്‍ വേണ്ടി അവിടുന്നു മരിക്കുക മാത്രമല്ല ചെയ്തത്. പ്രത്യുത ആ മരണം വഴി നമുക്കു പാപമോചനവും നവജീവനും നേടിത്തരുകയും ചെയ്തു. യേശുവിന്റെ മരണത്തിലൂടെ പ്രകടമാകുന്ന അവിടുത്തെ സ്‌നേഹം മനസിലാക്കിക്കൊണ്ട് അവിടുന്നു നല്‍കുന്ന പാപമോചനത്തിലും നിത്യജീവനിലും നമുക്കു പങ്കുകാരാകാം.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.