Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
March 28, 2024
 
 
    
 
Print this page
 

ജീവിക്കുന്നവര്‍ക്കിടയിലെ പ്രേതങ്ങള്‍

അര്‍ധരാത്രി കഴിഞ്ഞ സമയം. ആകാശവും ഭൂമിയും ഒന്നുപോലെ അന്ധകാരാവൃതം. മാനത്ത് മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടെന്നു വ്യക്തം. അകലെ ഇടിമുഴക്കം കേള്‍ക്കാം. അതോടൊപ്പം കൊള്ളിയാന്‍ മിന്നുന്നുമുണ്ട്.

റാണിഹട്ട് എന്ന ഗ്രാമത്തില്‍ നിന്നു കുറെയകലെയുള്ള ഒരു ശ്മശാനത്തില്‍ രണ്ടുപേര്‍ കാദംബിനിയുടെ ശവത്തിനു കാവലിരിക്കുകയാണ്. കാറ്റടിച്ചു വിളക്കണഞ്ഞുപോയതുകൊണ്ട് ചുറ്റും കുറ്റാക്കുറ്റിരുട്ട്. കൈയിലുള്ള തീപ്പെട്ടിക്കൊള്ളിയൊട്ടു കത്തുന്നുമില്ല. എവിടെയോ ചീവീടുകള്‍ കരയുന്നതൊഴിച്ചാല്‍ എങ്ങും കനത്ത നിശബ്ദത മാത്രം. പെട്ടെന്ന്, ശവമഞ്ചം ഒന്ന് അനങ്ങിയതുപോലെ ഒരു തോന്നല്‍. ശവം അല്പം തിരിഞ്ഞുകിടന്നുവോ എന്ന് അവര്‍ക്ക് സംശയം.

കാവലിരുന്നവര്‍ രണ്ടുപേരും പേടിച്ചുവിറച്ചു. അവര്‍ സകലദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിച്ചു. അപ്പോള്‍ കേള്‍ക്കാം ശവത്തില്‍നിന്ന് ഉറക്കമുണരുമ്പോഴുണ്ടാകുന്നതുപോലെയുള്ള ഒരു ദീര്‍ഘനിശ്വാസം. അവര്‍ രണ്ടുപേരും പ്രാണനുംകൊണ്ട് ഓടി. അപ്പോള്‍ രണ്ടുപേര്‍ എതിരേ വരുന്നുണ്ടായിരുന്നു. കാദംബിനിയുടെ ശവം ചുമക്കാന്‍ കൂടെയുണ്ടായിരുന്നവരായിരുന്നു അവര്‍. ശവദാഹത്തിനുള്ള വിറക് വരാന്‍ താമസിച്ചതുകൊണ്ട് അക്കാര്യം അന്വേഷിച്ചു ഗ്രാമത്തിലേക്കു പോയതായിരുന്നു അവര്‍. ശ്മശാനത്തില്‍ നിന്ന് ഓടിയെത്തിയവര്‍ മറ്റു രണ്ടുപേരോടും വിവരം പറഞ്ഞു. പക്ഷേ, അവരുണ്ടോ അക്കഥ വിശ്വസിക്കുന്നു. ഏതായാലും അവര്‍ ശ്മശാനത്തില്‍ പാഞ്ഞെത്തി. അപ്പോള്‍ ശവമഞ്ചം ശൂന്യം! അവിടെ ആരേയും കാണാനില്ല! റാന്തല്‍ വെളിച്ചത്തില്‍ ചുറ്റും നോക്കിയപ്പോള്‍ ഒരു യുവതിയുടെ കാല്‍പാടുകള്‍ അവര്‍ കണ്ടു. പക്ഷേ, അടുത്തെങ്ങും ആരുമുള്ളതായി തോന്നിയില്ല.

കാദംബിനിയുടെ ശവം കാണാനില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? അവരെ അപ്പോള്‍ കുഴക്കിയ പ്രശ്‌നം അതായിരുന്നു. സന്ധ്യാസമയത്തായിരുന്നു കാദംബിനിയുടെ ഹൃദയസ്പന്ദനം പെട്ടെന്നു നിലച്ചുപോയത്. യുവവിധവയായ അവള്‍ ഭര്‍ത്തൃസഹോദരനും ഗ്രാമത്തിലെ ജമീന്ദാറുമായ ശാരദാശങ്കരബാബുവിനോടൊപ്പമായിരുന്നു താമസം. അസുഖം മൂലം കാദംബിനിയുടെ ശ്വാസോച്ഛ്വാസം നിലച്ചപ്പോള്‍ അവള്‍ മരിച്ചുപോയെന്നു കരുതി ശവദാഹം രാത്രിതന്നെ നടത്താന്‍ ശങ്കരബാബു കല്‍പിച്ചു. അങ്ങനെയാണ് നാലുപേര്‍ അവളുടെ ശവവുമായി ശ്മശാനത്തിലെത്തിയത്. ശവദാഹത്തിനുള്ള വിറക് പിന്നാലെ എത്തിക്കാമെന്നായിരുന്നു അവരെ അറിയിച്ചത്.

ആളുകള്‍ വിറകുമായി എത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. അതിനകം കാദംബിനിയുടെ ശവദാഹം തങ്ങള്‍ നടത്തിക്കഴിഞ്ഞുവെന്ന് നാലുപേരും ആഗതരെ അറിയിച്ചു. ശ്മശാനത്തില്‍ വിറകുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുവെന്നായിരുന്നു അവരുടെ വിശദീകരണം. ഈ വിശദീകരണംതന്നെ അവര്‍ ജമീന്ദാര്‍ക്കും നല്‍കി. ശവമഞ്ചത്തില്‍നിന്ന് ഉറക്കമുണര്‍ന്ന കാദംബിനി, ഇതേസമയം ദിശാബോധമില്ലാതെ അലഞ്ഞുതിരിയുകയായിരുന്നു. ശ്മശാനത്തിലെത്തിയ താന്‍ പണ്ടേ മരിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും താന്‍ ചുറ്റിക്കറങ്ങിയത് യമലോകത്താണെന്നും അവള്‍ കരുതി.

എന്നാല്‍ പിറ്റേദിവസം നേരം വെളുത്തപ്പോള്‍ അവള്‍ക്കു മനസിലായി താന്‍ മരിച്ചിട്ടില്ലെന്ന്. പക്ഷേ, സ്വന്തം ഭവനത്തിലേക്കു മടങ്ങിച്ചെന്നാല്‍ പ്രേതമാണെന്നു കരുതി തന്നെ ആട്ടിയോടിക്കുമോയെന്ന് അവള്‍ സംശയിച്ചു. അങ്ങനെയാണ് അവള്‍ തന്റെ ബാല്യകാല സുഹൃത്തായ യോഗമായയുടെ വീട്ടിലേക്കു ചെന്നത്. അവിടെ എത്തിയപ്പോള്‍ യോഗമായയും അവളുടെ ഭര്‍ത്താവായ ശ്രീപതിയും കാദംബിനിയെ സന്തോഷപൂര്‍വം സ്വീകരിച്ചു. എന്നാല്‍ നടന്ന സംഭവങ്ങളൊന്നും അവള്‍ പറഞ്ഞില്ല. ഭര്‍ത്തൃഭവനത്തില്‍നിന്നു പിണങ്ങിപ്പോന്നതായിരിക്കുമെന്ന് യോഗമായ കരുതി.

കുറേനാള്‍ കഴിഞ്ഞിട്ടും കാദംബിനി സ്വഭവനത്തിലേക്കു മടങ്ങാതെവന്നപ്പോള്‍ യോഗമായയ്ക്ക് ഉത്കണ്ഠയായി. എന്നു മാത്രമല്ല, കാദംബിനി പഴയ കാദംബിനിയെപ്പോലെയല്ല പെരുമാറിയിരുന്നത്. അവളുടെ പെരുമാറ്റം ഒരു പ്രേതംകണക്കെയായിരുന്നു.

കാദംബിനിയെക്കുറിച്ച് ആശങ്ക തോന്നിയതുമൂലം യോഗമായ തന്റെ ഭര്‍ത്താവിനെ കാദംബിനിയുടെ വീട്ടിലേക്ക് അയച്ചു. അപ്പോഴാണറിയുന്നത് കാദംബിനി മരിച്ചുപോയെന്നും അവളുടെ ശവദാഹം നടന്നെന്നുമൊക്കെ. ശ്രീപതി മടങ്ങിയെത്തി വിവരം പറഞ്ഞപ്പോള്‍ യോഗമായ ആകെ ഭയന്നുവിറച്ചു. ഈ സംസാരം കേള്‍ക്കാനിടയായ കാദംബിനി അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ''ചങ്ങാതീ, ഞാന്‍ നിന്റെ പഴയ കാദംബിനി തന്നെയാണ്. പക്ഷേ, ഇപ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പില്ല; ഞാന്‍ മരിച്ചുപോയി.' ഇതുകേട്ട യോഗമായ ബോധംകെട്ടുവീണു. അപ്പോള്‍ മഴ തിമിര്‍ത്തുപെയ്യുന്നുണ്ടായിരുന്നു. പാതിരാസമയമായിരുന്നെങ്കിലും ''ഈശ്വരാ ഇനി ഞാന്‍ എങ്ങോട്ടു പോകും?'' എന്നു നിലവിളിച്ചുകൊണ്ട് കാദംബിനി വീടു വിട്ട് വഴിയിലേക്കിറങ്ങി.

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ രവീന്ദ്രനാഥ ടാഗോര്‍ 'ജീവന്‍മൃത' എന്ന പേരില്‍ എഴുതിയ ഈ ചെറുകഥ തത്കാലം ഇവിടെ നില്‍ക്കട്ടെ. കഥ തുടരുന്നതിനു മുമ്പ് ആരാണീ കാദംബിനി എന്നു നോക്കാം. ബാല്യവിവാഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു നിര്‍ഭാഗ്യയാണവള്‍. ജീവിതത്തിലെ മറിമായങ്ങള്‍കൊണ്ട് ജീവിച്ചിരുന്നിട്ടും അവള്‍ മരിച്ചവളെപ്പോലെയായി. താന്‍ മരിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

ഒരിക്കല്‍ ജീവിതദുഃഖം താങ്ങാനാവാതെ വന്നപ്പോള്‍ കാദംബിനി യോഗമായയോടു പറഞ്ഞു: ''ഞാന്‍ ഈ ലോകത്തിലെ അംഗമാണോ? നിങ്ങളെല്ലാവരും ചിരിക്കുന്നുണ്ട്, കരയുന്നുണ്ട്, സ്‌നേഹിക്കുന്നുണ്ട്, എല്ലാവരും അവനവന്റെ ഇഷ്ടംപോലെ എല്ലാം ചെയ്യുന്നുണ്ട്. ഞാന്‍ മാത്രം വെറുതെ നോക്കിനില്‍ക്കുന്നു. നിങ്ങളെല്ലാം മനുഷ്യര്‍. ഞാനോ വെറും നിഴല്‍. നിങ്ങളുടെ ഈ ലോകത്തില്‍ എന്തിനാണ് ഈശ്വരന്‍ എന്നെ വച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.'

ഓരോരോ കാരണത്താല്‍ ജീവിതത്തില്‍ തീവ്രദുഃഖം അനുഭവിക്കുന്നവരുടെ പ്രതിനിധിയല്ലേ കാദംബിനി? കാദംബിനിയെപ്പോലെ മരിക്കാതെ മരിച്ചവര്‍ നിരവധിയില്ലേ നമ്മുടെ സമൂഹത്തില്‍? മനുഷ്യരായിട്ടും മനുഷ്യരെപ്പോലെ ജീവിക്കാന്‍ സാധിക്കാതെ വെറും നിഴലുകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഏറെയില്ലേ നമ്മുടെയിടയില്‍? അങ്ങനെയുള്ളവരോടു നമ്മുടെ മനോഭാവമെന്താണ്? അവരെ സ്വീകരിക്കാനും സഹായിക്കാനും നാം തയാറാണോ?

ഇനി കാദംബിനിയുടെ കഥയിലേക്കു മടങ്ങിവരട്ടെ. യോഗമായയുടെ വീട്ടില്‍നിന്നിറങ്ങിയ കാദംബിനി ഭര്‍ത്തൃഭവനത്തില്‍ മടങ്ങിയെത്തി. അവര്‍ ശങ്കരബാബുവിനോടും മറ്റും പറഞ്ഞു: ''ദാ, നോക്കൂ. ഞാന്‍ നിങ്ങളുടെ പഴയ കാദംബിനി തന്നെയാണ്. എനിക്കൊരു മാറ്റവും വന്നിട്ടില്ല.'

പക്ഷേ, അവരുണ്ടോ അവളെ വിശ്വസിക്കുന്നു! അവരെ സംബന്ധിച്ചിടത്തോളം കാദംബിനി മരിച്ചുപോയിരുന്നു. മരിച്ച കാദംബിനിയുടെ പ്രേതമായിട്ടാണ് അവളെ അവര്‍ കണ്ടത്. തന്മൂലം അവള്‍ക്ക് അവിടെനിന്നു പടിയിറങ്ങേണ്ടിവന്നു. അവള്‍ നേരേ പോയതാകട്ടെ അടുത്തുള്ള തടാകത്തിലേക്കും. ഇത്തവണ കാദംബിനി ശരിക്കും മരിച്ച് താന്‍ മുമ്പ് മരിച്ചിട്ടില്ലായിരുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തി. അതോടെ കഥ തീരുകയാണ്.

ടാഗോര്‍ പറയുന്ന ഈ കഥ വെറും കഥയല്ല. ഇതു പലരുടെയും ജീവിതത്തിലെ യാഥാര്‍ഥ്യമാണ്. മരിക്കാതെ മരിച്ചവരെപ്പോലെ ജീവിക്കുന്നുവെന്ന യാഥാര്‍ഥ്യം. മനുഷ്യരായിട്ടും മനുഷ്യന്റെ നിഴലായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ഈ ഹതഭാഗ്യരെ തിരിച്ചറിയാനും അവരെ സഹായിക്കാനും നമുക്കു ശ്രമിക്കാം. അവരും നമ്മെപ്പോലെ ജീവിക്കാനും സ്‌നേഹിക്കാനും ചിരിക്കാനുമൊക്കെ ആഗ്രഹിക്കുന്നവരാണെന്ന അവബോധം നമുക്കെപ്പോഴും ഉണ്ടാകട്ടെ.

 


 
    
 
To send your comments, please click here
 
 
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.