നിലന്പൂർ: രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർഥികളും മുതിർന്നവരും കൂട്ടായി പ്രവർത്തിക്കണമെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. പിഎംജെവികെ (പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം) പദ്ധതിയിലൂടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിലന്പൂർ അമൽ ജ്യോതി കോളജിന് അനുവദിച്ച നൈപുണ്യവികസന കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കും സ്ത്രീ ശാക്തീകരണ പദ്ധതികൾക്കും സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്.
എല്ലാ രീതിയിലുള്ള വികസനത്തിനു വേണ്ടി പിഎംജെവികെ ഫണ്ട് വിനിയോഗിക്കണം. രാജ്യം വികസനത്തിന്റെ പാതയിലാണ്. 2047 ൽ ഇന്ത്യ വികസിത രാജ്യമാകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണം യുവാക്കൾക്ക് വേണ്ടിയുള്ളതാണ്-അദ്ദേഹം പറഞ്ഞു. കുറഞ്ഞ വികസനമുള്ള മേഖലകളിൽ ഗുണമേൻമയുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ച് വിദ്യാഭ്യാസവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുകയും, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിൽ സമഗ്രവികസനം ഉറപ്പാക്കുകയുമാണ് പിഎംജെവികെ പദ്ധതി ലക്ഷ്യമിടുന്നത്.
60ശതമാനം കേന്ദ്ര ഫണ്ടും 40ശതമാനം സംസ്ഥാന സർക്കാർ ഫണ്ടു ഉപയോഗിച്ചാണ് പദ്ധതിയുടെ കീഴിൽ പ്രവർത്തനങ്ങൾ ചെയ്യുന്നത്. 7.92 കോടി രൂപ ചെലവിലാണ് നൈപുണ്യ വികസന കേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. സെമിനാർ ഹാൾ, ഇലക്ട്രോണിക്സ് ലാബ്, സർവേ ആൻഡ് ജിപിഎസ് ലാബ്, ഐടി ലാബ്, കൗണ്സിലിംഗ് റൂം, സ്റ്റോർ റൂമുകൾ, വനിതകൾക്കായി വിശ്രമമുറി,
ഭിന്നശേഷി സൗഹൃദ ശൗചാലയം, ജനറേറ്റർ റൂം, പൊതുവായ ശൗചാലയങ്ങൾ, യൂറിനലുകൾ, വാഷ് ഏരിയകൾ, പ്രൊജക്ട്-ഇന്നൊവേറ്റീവ് സെന്ററുകൾ, ലോജിസ്റ്റിക്സ് ലാബ്, ഇലക്ട്രിക്കൽ ലാബ്, പരിശീലന കേന്ദ്രങ്ങൾ അധ്യാപകരുടെയും മേധാവികളുടെയും മുറികൾ, യോഗ സെന്റർ, പ്ലംബിംഗ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് സ്കിൽ സെന്ററിലുള്ളത്.
പി.കെ. ബഷീർ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ പി.വി. അബ്ദുൾ വഹാബ് എംപി, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കോളജ് പ്രിൻസിപ്പൽ ഡോ.കെ.പി. മുഹമ്മദ് ബഷീർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സന്തോഷ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം, ജില്ലാ പഞ്ചായത്ത് മെംബർ ഷെറോണ റോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.