മാനന്തവാടി: വയനാട്ടിൽ പുതിയ അണക്കെട്ടുകൾ നിർമിക്കരുതെന്ന് ആം ആദ്മി പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എടവക തൊണ്ടാർ, പുൽപ്പള്ളി കടമാൻതോട് ജലസേചന പദ്ധതികൾക്ക് ഡിപിആർ തയാറാക്കാൻ ഭരണാനുമതി നൽകിയത് സർക്കാർ പുനഃപരിശോധിക്കണം. ജില്ലയിൽ കാരാപ്പുഴയിലും പടിഞ്ഞാറത്തറയിലും നിലവിലുള്ള വൻകിട അണക്കെട്ടുകൾ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും മഴക്കാലങ്ങളിൽ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വയനാടിന് ഏറെ അകലെയല്ല കർണാടകയിലെ ബീച്ചനഹള്ളി ഡാം.
വലിയ അണക്കെട്ടുകൾ പുതുതായി നിർമിച്ച ജലം കെട്ടിനിർത്തുന്നത് പ്രകൃതിദുരന്തങ്ങൾ വിളിച്ചുവരുത്തുമെന്ന് യോഗം അഭിപ്രായപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് പി.ടി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ബാബു തച്ചറോത്ത്, മനു മത്തായി, ജോണ്സണ് ജോർജ്, പി.എ. ജയിംസ് എന്നിവർ പ്രസംഗിച്ചു.
’കമാൻതോട്, തൊണ്ടാർ പദ്ധതികൾ വെല്ലുവിളി’
കൽപ്പറ്റ: പുൽപ്പള്ളി കടമാൻ തോട്, എടവക തൊണ്ടാർ ജലസേചന പദ്ധതികളുടെ ഡിപിആർ തയാറാക്കുന്നതിനു ഭരണാനുമതി നൽകിയ സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പദ്ധതികൾ ഉപേക്ഷിക്കണമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻറ് എൻ. ഹംസ ആവശ്യപ്പെട്ടു. ജില്ലയിൽ കാരാപ്പുഴ, ബാണാസുരസാഗർ അണകൾ കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുമെന്ന വാഗ്ദാനം നൽകി നിർമിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പദ്ധതികൾ പൂർത്തിയാക്കാനും കൃഷി ആവശ്യത്തിന് ജലം ലഭ്യമാക്കാനും കഴിഞ്ഞിട്ടില്ല.
കടമാൻതോട് പദ്ധതിയുടെ ഭൂപ്രകൃതി, ലിഡാർ സർവേകൾ 2023ൽ പൂർത്തിയായതാണ്. പദ്ധതിയുടെ വ്യാപ്തി, കുടിയൊഴിപ്പിക്കേണ്ട ജനങ്ങൾ, ജലമെത്തിക്കാൻ കഴിയുന്ന പ്രദേശങ്ങൾ, ഉപേക്ഷിക്കേണ്ടിവരുന്ന സർക്കാർ-സർക്കാരിത സ്ഥാപനങ്ങൾ, വീടുകൾ, ആരാധനലയങ്ങൾ തുടങ്ങിയ വിശദവിവരങ്ങൾ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ആദ്യഘട്ട സർവേകൾ പൂർത്തിയാക്കിയശേഷം പദ്ധതിയുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്കു മുന്പിൽ അവതരിപ്പിക്കുമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉറപ്പുനൽകിയെങ്കിലും പാലിക്കാതെ ഡിപിആറിന് ഭരണാനുമതി നൽകിയതിൽ ദുരൂഹതയുണ്ട്.
താരതമ്യേന ചെറിയ ജില്ലയായ വയനാടിന് ഇനിയും വൻകിട ജലസംഭരണികൾ താങ്ങാൻ സാധിക്കുമോ എന്നത് വിശദ പഠനത്തിനു വിധേയമാക്കണം. വന്യജീവി ശല്യം, മെഡിക്കൽ കോളജ്, ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം, വിദ്യാർഥികളുടെ തുടർപഠന പ്രതിസന്ധി തുടങ്ങി ജില്ലയിലെ പ്രധാന പ്രശ്നങ്ങൾക്കുനേരേ കണ്ണടയ്ക്കുന്ന സർക്കാർ വൻകിട ഡാം പദ്ധതികളുമായി മുന്നിട്ടിറങ്ങുന്നതിൽ വൈരുദ്ധ്യമുണ്ട്. കബനി ജലത്തിൽ കേരളത്തിന് അർഹമായ വിഹിതം ചെറുകിട പദ്ധതികളിലൂടെ ഉപയോഗപ്പെടുത്തണമെന്നും ഹംസ പറഞ്ഞു.
കടമാൻതോട് പദ്ധതി: സർക്കാർ പിൻമാറണമെന്ന്
പുൽപ്പള്ളി: കടമാൻതോട് പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പുൽപ്പള്ളി ദീപം സ്വശ്രയ സംഘം യോഗം ആവശ്യപ്പെട്ടു. പുൽപ്പള്ളി പഞ്ചായത്തിന്റെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പദ്ധതി ആരംഭിക്കാനുള്ള നീക്കമുണ്ടായാൽ നൂറുകണക്കിന് കുടുംബങ്ങൾ കുടിയിറങ്ങേണ്ടിവരും. സർക്കാർ അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
കടമാൻതോട് പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ജലസേചനമന്ത്രി ഉറപ്പ് നൽകിയിട്ടും അതെല്ലാം മറികടന്ന് ഇപ്പോൾ ഡിപിആർ തയാറാക്കാൻ ഭരണാനുമതി നൽകിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.
കുടിയേറ്റ മേഖലയിലെ ജനജീവിതം ഏറെ ദോഷകരമാകുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും ജില്ലയിൽ കാരാപ്പുഴ, ബാണാസുര സാഗർ ഡാമുകൾ മൂലമുണ്ടായ ദുരിതങ്ങൾ ഇപ്പോഴും ജനങ്ങൾ അനുഭവിക്കുകയാണെന്നും ഇനി ജില്ലയിൽ മറ്റൊരു ഡാം കൂടി അനുവദിക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻമാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുവാനും യോഗം തീരുമാനിച്ചു.
ഡാമിന് പകരം പ്രദേശത്ത് ജലസേചന സൗകര്യമെത്തിക്കുന്നതിന് ചെറുകിട ജലസേചന പദ്ധതികളാണ് മേഖലയിൽ ആവശ്യമെന്നും യോഗം നിർദേശിച്ചു. ബിജുമോൻ അധ്യക്ഷത വഹിച്ചു. ബാബുരാജ്, ടി.കെ. ശശി, ബിജു മാത്യു, പി.കെ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.