കണ്ണൂർ: ജില്ലാതല ആര്‍സെറ്റി ഉപദേശക സമിതിയുടെ ത്രൈമാസ അവലോകന യോഗം കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ യുവസംരംഭകരെ വളര്‍ത്തിയെടുക്കുന്നതിലും ഗ്രാമീണ മേഖലയില്‍ യുവാക്കളെ തൊഴില്‍ ദാതാക്കളായി ഉയര്‍ത്തുന്നതിലും സ്ഥാപനത്തിന് നിര്‍ണായക പങ്കുണ്ടെന്ന് അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.
റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള ഡോക്യുമെന്ററി അസിസ്റ്റന്റ് കളക്ടര്‍ പ്രകാശനം ചെയ്തു. യുവസംരംഭകരായ സാന്ദ്രാ മരിയ ജോസഫ്, ഡിറ്റോ സക്കറിയാസ് എന്നിവര്‍ അവരുടെ സംരംഭക അനുഭവങ്ങള്‍ പങ്കുവച്ചു. റൂഡ്സെറ്റില്‍ പഠിച്ചവര്‍ക്ക് പുതുസംരംഭം ആരംഭിക്കാനായി 31ന് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുമായി സഹകരിച്ച് റൂഡ്സെറ്റ് കണ്ണൂരില്‍ "കൈതാങ്ങ്' എന്ന സംരംഭക സെമിനാര്‍ നടത്തും.
യോഗത്തില്‍ കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ഗംഗാധരയ്യ, ലീഡ് ബാങ്ക് സീനിയര്‍ മാനേജര്‍ എ. ശശികല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എന്‍. ജ്യോതി കുമാരി, എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.വി. ഷര്‍മിള, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സീമ സഹദേവന്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി. ബിജു, ബി.കെ. ബിജോയ്, രഞ്ജു മണി, ഡോ. എ.വി. മീരാ മഞ്ജുഷ, കെ.പി. രവീന്ദ്രന്, വി. നിഖില്‍, എൻ.ഐ. സന്ധ്യ, എ.വി. നിത്യ, സി.വി. ജയചന്ദ്രന്, അഭിലാഷ് നാരായണന് എന്നിവര്‍ പ്രസംഗിച്ചു.